
ലെബനോൻ: ആകമാന സിറിയൻ ഓർത്തഡോൿസ് സഭ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, 2026 ജൂൺ 18 വ്യാഴാഴ്ച ബിക്‌ഫയയിലെ കാതോലിക്കോസേറ്റ് ആസ്ഥാനത്ത് എത്തിച്ചേർന്ന് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലീഷ്യയിലെ ഗ്രേറ്റ് അർമീനിയൻ കാതോലിക്കോസ് പരിശുദ്ധ മോറാൻ മോർ ആരാം പ്രഥമൻ (Aram I) ബാവയെ സന്ദർശിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവയോടൊപ്പം അഭിവന്ദ്യ മോർ ജസ്റ്റിനോസ് ബൗലോസ് സഫർ മെത്രാപ്പോലീത്ത, മോർ ക്ലീമിസ് ദാനിയേൽ കുര്യേ മെത്രാപ്പോലീത്ത, മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു.

കൂടിക്കാഴ്ചയിൽ മധ്യപൂർവദേശത്ത് നിലനിൽക്കുന്ന അതീവ ഗൗരവമേറിയ സാഹചര്യങ്ങളെക്കുറിച്ച് ഇരു സഭാധ്യക്ഷന്മാരും ചർച്ച നടത്തി. അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് സഭയും, അർമേനിയൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ദൃഢമായ സഹോദരബന്ധവും ലോകമെമ്പാടുമുള്ള വിശ്വാസികളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പരസ്പര പിന്തുണയും തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പാത്രിയർക്കീസ് ബാവ ഊന്നിപ്പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിന്റെ ഐക്യം, വിവിധ സഭകളുമായുള്ള ദൈവശാസ്ത്ര സംവാദങ്ങൾ (Theological Dialogues), സഭകൾ തമ്മിലുള്ള പരസ്പര സഹകരണം എന്നിവയുമായി ബന്ധപ്പെട്ട എക്യുമെനിക്കൽ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

മധ്യപൂർവ രാജ്യങ്ങളിലെ ക്രൈസ്തവർ നേരിടുന്ന വലിയ പ്രതിസന്ധി ഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നടത്തപ്പെട്ട ഈ കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെ ആണ്
ലോക ക്രൈസ്തവ സമൂഹം വീക്ഷിക്കുന്നത്.
വാർത്ത : ബിജു ചെറിയാൻ,. ന്യൂയോർക്