
ഡോംബിവ്‌ലി കേരളീയ സമാജം (മുംബൈ) ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ പുരസ്കാരം പ്രേമൻ ഇല്ലത്ത് രചിച്ച 'നഗരത്തിന്റെ മാനിഫെസ്റ്റോ' എന്ന നോവലിന് ലഭിച്ചു. 25,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.
പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ചെയർമാനായിട്ടുള്ള ജൂറി സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്. മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാരുടെ നോവലുകളാണ് ഇത്തവണ പുരസ്കാരത്തിനു പരിഗണിച്ചത്. മുംബൈയിലെ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. രാജൻ, ശ്രദ്ധേയനായ വായനാബ്ലോഗ് അവതാരകനും നിരൂപകനുമായ സുജിത് കൊടക്കാടുമാണ് മറ്റ് ജൂറി അംഗങ്ങൾ.
ജൂൺ 21, ഞായറാഴ്ച്ച ഡോംബിവ്‌ലി ഈസ്റ്റിലെ മോഡൽ കോളേജിൽ കേരളീയ സമാജം സംഘടിപ്പിക്കുന്ന തുഞ്ചൻ സാഹിത്യോത്സവം എന്ന മെഗാ സാഹിത്യപരിപാടിയിൽവെച്ച് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഗാനരചയിതാവുമായ കെ. ജയകുമാർ IAS (Rtd) തുഞ്ചൻ പുരസ്കാരം മത്സരവിജയിയായ നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിനു സമ്മനിക്കും.
നഗരം മുഖ്യകഥാപാത്രമാകുന്ന അനുപമമായ വായനാനുഭവവും, ഭാഷാസൗന്ദര്യവുമാണ് 'നഗരത്തിന്റെ മാനിഫെസ്റ്റോ'യെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുക്കാൻ പര്യാപ്തമാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
കേരളീയസമാജം ഭരണസമിതി അംഗങ്ങളും വിവിധ ഉപസമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽവെച്ച് ചെയർമാൻ വർഗീസ് ഡാനിയേലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതംപറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഇ.പി. വാസു, വൈസ് പ്രസിഡണ്ട് എം. ബി സുരേന്ദ്രൻ നായർ, എജ്യുക്കേഷൻ സെക്രട്ടറി ഡോ. ഭാസ്കരൻ, നാരായണൻകുട്ടി. ആർ, സാബു, സുനിൽ കല്ലിക്കട, ഉണ്ണികൃഷ്ണൻ, രാഘവൻ, സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി കെ. കെ സുരേഷ് ബാബു നായർ നന്ദി പറഞ്ഞു.