Image

മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവിന് മേൽ കുറ്റം ചുമത്തി

Published on 20 June, 2026
മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവിന് മേൽ കുറ്റം ചുമത്തി

ടെക്സസ് :   ഇന്ത്യൻ വംശജനായ 19-കാരൻ സ്വന്തം മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവച്ച് കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റം ചുമത്തി. ടെക്സസിലെ ആൾട്ടൺ സ്വദേശിയായ ഗൗരവ് ചോപ്രയ്‌ക്കെതിരെയാണ് ക്യാപിറ്റൽ മർഡർ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. 

ജൂൺ 16-ന് ടസ്‌കനി വില്ലേജ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ കുടുംബവീട്ടിലാണ് സംഭവം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഗൗരവിന്റെ 21-കാരനായ സഹോദരനും ആക്രമണത്തിന് ഇരയാകാനിടയായെങ്കിലും രക്ഷപ്പെട്ട് 911-ൽ വിളിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസിന്റെ റിപ്പോർട്ട് പ്രകാരം, വീട്ടിനുള്ളിൽ ഗൗരവുമായി മുഖാമുഖം വന്ന സഹോദരന് നേരെ ഇയാൾ തോക്ക് ചൂണ്ടി വെടിയുതിർത്തെങ്കിലും വെടിയുണ്ട ലക്ഷ്യം തെറ്റി. തുടർന്ന് സഹോദരൻ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അധികൃതരെ വിവരം അറിയിച്ചു.

സംഭവത്തിന് പിന്നാലെ ഗൗരവ് സഞ്ചരിച്ചിരുന്നുവെന്ന് കരുതുന്ന വെള്ള നിറത്തിലുള്ള ലെക്സസ് കാർ പോലീസ് കണ്ടെത്തുകയും വാഹനം നിർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് പിന്തുടർന്നു. ഒടുവിൽ വാഹനം അപകടത്തിൽപ്പെട്ടതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ഉപയോഗിച്ചതായി കരുതുന്ന തോക്കും വാഹനത്തിൽ നിന്ന് കണ്ടെത്തി.

വീട്ടിനുള്ളിൽ ഗൗരവിന്റെ അമ്മ കമലേഷ് റാണി (46), മുത്തശ്ശി മിന്ദർ കൗർ (73) എന്നിവർ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി വെടിയേറ്റ പിതാവ് സ്വീറ്റ റാം (56) ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. മൂവരുടെയും മരണകാരണം തലയ്ക്ക് വെടിയേറ്റ പരിക്കുകളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

കേസിന്റെ പ്രേരണ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഹിഡാൽഗോ കൗണ്ടി ഷെരീഫ് ജെ.ഇ. എഡ്ഡി ഗുവേര വാർത്താസമ്മേളനത്തിൽ അറിയിച്ചു.  മുമ്പ് യാതൊരു കേസുകളും ഉണ്ടാക്കിയിട്ടില്ലാത്ത ഗൗരവ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് റിയോ ഗ്രാൻഡ് വാലിയിലെ വിദ്യാർത്ഥിയാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർവകലാശാല നിയമപാലകരുമായി സഹകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

മരിച്ച സ്വീറ്റ റാം പ്രദേശത്തെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. സമീപ നഗരമായ പാം വ്യൂവിൽ  ഒരു മോട്ടലും ഇവന്റ് സെന്ററും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. സമൂഹത്തിൽ ഏറെ ജനപ്രീതിയുള്ള വ്യക്തിയായിരുന്നു സ്വീറ്റ റാം എന്ന് ഷെരീഫ് ഗുവേര അനുസ്മരിച്ചു.

ഹിഡാൽഗോ കൗണ്ടി ഷെരീഫിന്റെ ഓഫീസ്, ആൾട്ടൺ പോലീസ് വകുപ്പ്, ടെക്സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി എന്നിവ സംയുക്തമായി കേസ് അന്വേഷിച്ചുവരികയാണ്. കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതുവരെ ഗൗരവ് ചോപ്ര കുറ്റാരോപിതൻ മാത്രമാണെന്ന് അധികൃതർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക