
മുംബൈ: കഴിഞ്ഞ വർഷം അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ ആത്മഹത്യാശ്രമമാണെന്ന പ്രചാരണങ്ങളെയും ഔദ്യോഗിക നിഗമനങ്ങളെയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി)ശക്തമായി തള്ളി. 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI-171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്ന് 260 പേർ മരിച്ച സംഭവത്തിലാണ് പൈലറ്റ് സംഘടന പുതിയ സിമുലേറ്റർ തെളിവുകളുമായി രംഗത്തെത്തിയത്. അപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവോ ആത്മഹത്യ ചെയ്യാനുള്ള തീരുമാനമോ അല്ലെന്നും, വിമാനത്തിനുണ്ടായ ഗുരുതരമായ വൈദ്യുത-സാങ്കേതിക തകരാറാണെന്നും എഫ്‌ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സി.എസ്. രൺധാവ മുംബൈയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) തയ്യാറാക്കിയ ഇടക്കാല വിവരങ്ങളിൽ വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം പൈലറ്റുമാർ ബോധപൂർവ്വം നിർത്തിവെച്ചതാണ് അപകടകാരണമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് സാങ്കേതികമായി അസാധ്യമാണെന്ന് തെളിയിക്കുന്ന സിമുലേറ്റർ പരിശോധനാ ഫലങ്ങൾ പൈലറ്റ് സംഘടന പുറത്തുവിട്ടു. ഇന്ധന വിതരണം മാനുവലായി നിർത്തിയാൽ ബാക്കപ്പ് പവർ സിസ്റ്റമായ റാം എയർ ടർബൈൻ (RAT) സജീവമാകാൻ കുറഞ്ഞത് 18 സെക്കൻഡ് എടുക്കും. എന്നാൽ അപകടസമയത്ത് വെറും 4 സെക്കൻഡിനുള്ളിൽ ഇത് സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് വൻതോതിലുള്ള സിസ്റ്റം പരാജയം മൂലമാണ് എൻജിനുകൾ പെട്ടെന്ന് ഓഫായതെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് സംഘടന വ്യക്തമാക്കുന്നു.
എഫ്‌ഐപിയുടെ പ്രധാന വാദം: വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാർ സ്വയം ഓഫാക്കിയതല്ല, മറിച്ച് കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ വലിയൊരു ഇലക്ട്രിക്കൽ തകരാർ കാരണം തനിയെ മാറിയതാകാനാണ് സാധ്യത. മൺമറഞ്ഞുപോയ പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി യഥാർത്ഥ മെക്കാനിക്കൽ തകരാറുകൾ മറച്ചുവെക്കാനാണ് ചിലർ ശ്രമിക്കുന്നത്.
അപകടത്തിന് തൊട്ടുമുമ്പ് ക്യാബിനിലെ ലൈറ്റുകൾ മിന്നിമറഞ്ഞതായും വലിയ ശബ്ദം കേട്ടതായും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഏക യാത്രികൻ നൽകിയ മൊഴിയും ഈ ഇലക്ട്രിക്കൽ തകരാർ എന്ന വാദത്തെ ബലപ്പെടുത്തുന്നുണ്ട്. കൂടാതെ അപകടത്തിൽപ്പെട്ട വിമാനത്തിന് നേരത്തെ തന്നെ നിരവധി സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായും പൈലറ്റുമാരുടെ സംഘടന ആരോപിച്ചു. ഈ സാഹചര്യത്തിൽ നിലവിലെ അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നും, സുതാര്യമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എഫ്‌ഐപി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിമാനത്തിന്റെ യഥാർത്ഥ നിർമ്മാണ തകരാറുകൾ പരിശോധിക്കാതെ പൈലറ്റുമാരെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന നടപടി അംഗീകരിക്കില്ലെന്നാണ് പൈലറ്റ് യൂണിയന്റെ നിലപാട്.