Image

ആ കുടുംബത്തിന്റെ വേദന മനസ്സിലാക്കണം'; പാപ്പരാസികളോട് പൊട്ടിത്തെറിച്ചതില്‍ പ്രതികരിച്ച് ബോബി ഡിയോള്‍

Published on 20 June, 2026
ആ കുടുംബത്തിന്റെ വേദന മനസ്സിലാക്കണം'; പാപ്പരാസികളോട് പൊട്ടിത്തെറിച്ചതില്‍ പ്രതികരിച്ച് ബോബി ഡിയോള്‍


നടന്‍ ധര്‍മേന്ദ്രയുടെ മരണം ബാക്കിവെച്ച ശൂന്യതയേക്കുറിച്ച് നിരന്തരം പങ്കുവെക്കാറുണ്ട് മക്കളും നടന്മാരുമായ ബോബി ഡിയോളും സണ്ണി ഡിയോളും. ഇപ്പോഴിതാ അച്ഛന്റെ വിയോഗത്തേക്കുറിച്ചും ചികിത്സയിലിരിക്കവേ അച്ഛനെ കാണാനെത്തിയ പാപ്പരാസികളോട് സണ്ണി ഡിയോള്‍ പൊട്ടിത്തെറിച്ചതിനേക്കുറിച്ചും പങ്കുവെക്കുകയാണ് ബോബി ഡിയോള്‍.

ആശുപത്രിവാസം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന ധര്‍മേന്ദ്രയെ കാണാനെത്തിയ പാപ്പരാസികളോടാണ് സണ്ണി ഡിയോള്‍ കയര്‍ത്തത്. പിന്നാലെ നടന്ന് ശല്യം ചെയ്യാന്‍  നാണമില്ലേയെന്നും വീട്ടില്‍ മാതാപിതാക്കളും കുട്ടികളുമില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു. വിടാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തുന്നതില്‍ നാണം തോന്നുന്നില്ലേയെന്നും സണ്ണി ഡിയോള്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ച് സെലിബ്രിറ്റികളാണ് എന്നതുകൊണ്ടുമാത്രം തങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പങ്കുവെക്കുന്ന പാപ്പരാസികളുടെ രീതി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പറയുകയാണ് ബോബി ഡിയോള്‍.

തങ്ങളുടെ കുടുംബത്തിനു മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരുപാടുപേര്‍ ഇത്തരത്തില്‍ നേരിടുന്നുണ്ട്. പക്ഷേ തങ്ങളുടെ കുടുംബം പ്രശസ്തരായതുകൊണ്ടുമാത്രം  ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കും. ഏത് സാധാരണ നഗരത്തിലുമായിക്കോട്ടെ, എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോള്‍ ആളുകള്‍ വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ 
പങ്കുവെക്കും. ആ വ്യക്തിയും കുടുംബവും കടന്നുപോകുന്ന വേദനയേക്കുറിച്ച് അവര്‍ ചിന്തിക്കില്ല. ആളുകള്‍ അത് തിരിച്ചറിയണം. തിരിച്ചറിഞ്ഞുതുടങ്ങിയാല്‍ അവര്‍ ഇത്തരം റീലുകള്‍ പങ്കുവെക്കുന്നത് നിര്‍ത്തുമെന്ന് തോന്നുന്നു- ബോബി പറഞ്ഞു.

അച്ഛന്റെ വിയോഗവുമായി ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ലെന്നും ബോബി പറയുന്നു. മാതാപിതാക്കളെ നഷ്ടമാകുക എന്നത് ഏതൊരാളെ സംബന്ധിച്ചും കഷ്ടമാണ്. അതിനെ നേരിടാന്‍ കൃത്യമായൊരു വഴിയില്ല, നിങ്ങളുടേതായ വഴി സ്വീകരിക്കുക എന്നുമാത്രം. അച്ഛന്‍ ചുറ്റുമുണ്ടെന്നാണ് തനിക്ക് തോന്നാറുള്ളത്. ഇപ്പോള്‍പ്പോലും ഇവിടെയുണ്ടെന്നും തന്നെ കാണുന്നുണ്ടെന്നും അഭിമാനിക്കുന്നുണ്ടെന്നും തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ എനര്‍ജിയാണ് തന്നെ നന്നായി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും ബോബി പറഞ്ഞു.


നവംബര്‍ 24-ന് 89-ാം വയസ്സിലാണ് ധര്‍മേന്ദ്ര അന്തരിച്ചത്. കുറച്ചുകാലമായി നടന്‍ അസുഖബാധിതനായിരുന്നു. നവംബര്‍ 10-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കെയാണ് അന്ത്യം. നവംബര്‍ 25-ന് മുംബൈയില്‍വെച്ചായിരുന്നു ധര്‍മേന്ദ്രയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക