
ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. ആറു കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ആദ്യ കീമോ കഴിഞ്ഞതിനു പിന്നാലെ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും രേണു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
മൂന്നാഴ്ച കൂടുമ്പോള്‍ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനുശേഷം സര്‍ജറിക്കും പദ്ധതിയിട്ടിട്ടുണ്ട്.
''ഇനി കോട്ടയം മെഡിക്കല്‍ കോളജ് ആണ് എന്റെ തറവാട്. ഇവിടെയാണ് എന്റെ ചികിത്സ. എത്ര വര്‍ഷം മുന്നോട്ടുപോകുമെന്ന് അറിയില്ല. എനിക്കു വേണ്ടി പ്രാര്‍ഥിച്ചില്ലെങ്കിലും റിഥപ്പന്റെ അമ്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കുക. എന്നോട് ശത്രുതയുള്ളവര്‍ ഉണ്ടാകും, ഞാനായിട്ട് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല
കീമോയ്ക്കു ശേഷം എന്നെ പുറത്തുനിര്‍ത്തിയിരുന്നു. ചേച്ചിയോടും ചേട്ടാപ്പിയോടുമാണ് എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡോക്ടര്‍ സംസാരിച്ചത്. അവര്‍ അതൊന്നും എന്നോടു പറഞ്ഞില്ല. ചിലപ്പോള്‍ സീരിയസ് ആയ കാര്യങ്ങളാകും.
ഇവിടെ വീട്ടില്‍ വന്നപ്പോഴും എന്റെ റൂമില്‍ ഇരുത്തി കതകടച്ച് അകത്ത് ഇരുത്തിയിട്ടാണ് വീട്ടുകാരോടും കാര്യങ്ങള്‍ പറഞ്ഞത്. ഞാന്‍ അറിഞ്ഞത് വച്ച് എന്റെ അവസ്ഥ കുറച്ച് സീരിയസ് ആണ്. എല്ലാവരും പ്രാര്‍ഥിക്കണം.
മരുന്നിന് തന്നെ ലക്ഷങ്ങളാകും. അതൊന്നും ഞാന്‍ കരുതിയിട്ടില്ല, കുറച്ച് പരിപാടികള്‍ മുടങ്ങിപ്പോയിരുന്നു. പിരിവിനു വേണ്ടി പറയുന്നതല്ല. ചാനല്‍ പിന്തുണയ്ക്കണം. വിഡിയോയ്ക്ക് നല്ല വ്യൂസ് ഉണ്ടാകണം. എന്നാലേ മരുന്നൊക്കെ മേടിക്കാന്‍ സാധിക്കൂ.
ബിഗ് ബോസിലെ ആളുകളൊക്കെ വിളിക്കുന്നുണ്ട്. ഞാനിങ്ങനെ ഇരിക്കുന്നുവെന്നെ ഒള്ളൂ. എവിടെ നിന്നോ കിട്ടിയ ധൈര്യമാണിത്. പണ്ടേ ഞാന്‍ ഇങ്ങനെയാണ്. മനക്കരുത്ത് ഉണ്ട്, ബാക്കിയുള്ളത് ദൈവത്തിന്റെ കൈയിലാണ്.''രേണുവിന്റെ വാക്കുകള്‍.
കോട്ടയം മെഡിക്കല്‍ കോളജില്‍ പിഐസിസി ലൈന്‍ ചികിത്സയാണ് രേണു തേടുന്നത്. കീമോതെറാപ്പിയുടെ വേദന താങ്ങാന്‍ പറ്റാത്തവര്‍ക്ക് PICC ലൈന്‍ ആശ്വാസമാണ്. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റര്‍ സ്ഥാപിച്ച് മരുന്നുകള്‍ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതാണ് പിഐസിസി ലൈന്‍. ആവര്‍ത്തിച്ചുള്ള സൂചികുത്തലുകള്‍ ഒഴിവാക്കാനും ദീര്‍ഘകാല ചികിത്സ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായി നടത്താനും ഇതിലൂടെ കഴിയും.
രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാന്‍സര്‍ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു നേരത്തെ വിഡിയോയിലൂടെ പറഞ്ഞിരുന്നു.