
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ രണ്ട് തവണ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ല. സതീശന്‍ അഹങ്കാരിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസ് ബജറ്റിനിടെയായിരുന്നു വിമര്‍ശനം. രണ്ടുതവണ അനുമതി തേടിയിട്ടും മുഖ്യമന്ത്രി കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്.
അതേസമയം, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് കെ ബി ഗണേഷ് കുമാറിനെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തി. എല്ലാം ജനാധിപത്യ മര്യാദ അനുസരിച്ചാണെന്നാണ് ഉറപ്പുണ്ടെന്നായിരുന്നു പ്രതികരണം. 'വര്‍ഷങ്ങളായി പദവികള്‍ ഇല്ലാതിരിക്കുന്നവര്‍ക്ക് കൊടുക്കണ്ടേ? ഓരോ താലൂക്കിലെ പ്രവര്‍ത്തനം അനുസരിച്ചാണ് അതൊക്കെ. ചിലപ്പോ രണ്ടുപേരെ മാറ്റും, മൂന്നുപേരെ മാറ്റും. ഇത്തവണ ഒരാളേയുളളൂ', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
കാലാവധി തീര്‍ന്നതിനാലാണ് ഗണേഷിനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുക്കാത്തത്. അല്ലാതെ പുറത്താക്കിയതല്ല. വര്‍ഷങ്ങളായി ബോര്‍ഡില്‍ സ്ഥാനം കിട്ടാത്തവരുണ്ട്. അവര്‍ക്ക് സ്ഥാനം കൊടുക്കണം. പ്രവര്‍ത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കില്‍ ഗണേഷിന് കേസ് കൊടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മരിക്കുന്നതുവരെ ഒരു സ്ഥാനത്തിരിക്കുന്ന ആളല്ല താനെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. അംഗത്വം പുതുക്കാത്തതില്‍ പ്രശ്‌നമില്ല. അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടില്ല. സ്ഥാനത്തിനുവേണ്ടിയല്ല എന്‍എസ്എസില്‍ വന്നത്. ജനറല്‍ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.