Image

അപ്പൂപ്പന്‍ മഹിമ ( ജോസ് ചെരിപുറം)

ജോസ് ചെരിപുറം) Published on 20 June, 2026
അപ്പൂപ്പന്‍ മഹിമ ( ജോസ് ചെരിപുറം)

ഫാദേഴ്‌സ് ഡേയെപ്പററി എഴുതാന്‍ ആലോചിച്ചപ്പോള്‍ എന്റെ വല്യപ്പന്‍(Grandfather) നെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങള്‍ എന്റെ മനസ്സില്‍ പ്രൗഢഗംഭീരമായ ഓര്‍മ്മകളായി നിലനില്‍ക്കുന്നു. ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ വല്ല്യപ്പച്ചന്‍ കേട്ടറിവില്‍ വളരെ സല്‍ഗുണ സമ്പന്നനായിരുന്നു. അദ്ദേഹത്തിന്റെ ചില ഗുണങ്ങള്‍ ആകാം ഞങ്ങളുടെ ഒക്കെ ഉന്നമനത്തിന് ഹേതു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെരിപുറത്ത് ചെറിയാന്‍ ചേട്ടന്‍ എന്ന് ക്രിസ്ത്യാനികളും, ചെരിപ്പുറത്ത് ചെറിയാന്‍ മാപ്പിള എന്ന് ഹിന്ദുക്കളും സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നു, എല്ലാവര്‍ക്കും സമ്മതനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്കു ശേഷം, ഞങ്ങളുടെ പുരയിടത്തില്‍ റബര്‍വെട്ടി റീ പ്ലാന്റ് ചെയ്യാന്‍ റബ്ബര്‍ ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സബ്‌സിഡി കിട്ടാന്‍ അപേക്ഷഫോറം കോട്ടയത്ത് റബര്‍ ബോര്‍ഡില്‍ കൊടുക്കണം, അത്രയും മിനക്കെട്ട് പോകാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് എന്റെ ചാച്ചന്‍ പറഞ്ഞു എന്നോട് ഈ അപ്ലിക്കേഷന്‍ നീ രാവിലെ ഇത് കൊണ്ടുപോയി റബര്‍ ബോര്‍ഡിലെ ജോലിക്കാരനായ ഭാസ്‌ക്കരന്‍ പിള്ളയെ ഏല്‍പ്പിക്കുക, അഡ്രസും പറഞ്ഞു തന്നു. ഒരഞ്ച് മൈല്‍ ദൂരമുണ്ട്, ഞാന്‍ പറയുന്ന സംഭവം നടക്കുന്നത് അറുപതുകളിലെ കാര്യങ്ങളാണ്, അയാള്‍  ജോലിക്ക് പോകുന്നതിന് മുന്‍പ് എത്തണം. രാവിലെ തന്നെ എഴുന്നേറ്റു യാത്രയായി. നടന്ന് വലഞ്ഞ് ഞാന്‍ ഭാസ്‌കരപിള്ളയുടെ വീട്ടില്‍ എത്തി. വരാന്തയില്‍ പലരും അദ്ദേഹത്തിനെ കാണാന്‍ ഇരിപ്പുണ്ട്. അതില്‍ വെറും ഒരു പയ്യന്‍ ഞാന്‍ മാത്രം.

 അപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി ഈ ഭാസ്‌ക്കരപിള്ള ചില്ലറക്കാരനല്ല ഇരിക്കുന്നവരില്‍ മിക്കവാറും നല്ല ഭൂസ്വത്തുള്ള തോട്ടം ഉടമകളാണ്. എന്റെ കാര്യം പോക്കാണ്. അങ്ങിനെ ഇരിക്കുമ്പോള്‍, ഒരു പ്രായമായ നെറ്റിയില്‍ ഭസ്മക്കുറിയിട്ട ഒരാള്‍ കുളി കഴിഞ്ഞ് വീട്ടിലേയ്ക്ക് കയറി വന്നു, പലരും എഴുന്നേറ്റു നിന്ന് വന്ദിക്കുന്നു. അദ്ദേഹം എല്ലാവരുടേയും മുഖത്ത് നോക്കി പുഞ്ചിരിക്കുന്നു. പിന്നെ പയ്യനായ എന്നെ നോക്കി, 'കുഞ്ഞ് ഏതാ?' 'ഞാന്‍ ചെരിപുറത്തെയാണ്'. ചെരിപുറത്തെ ചെറിയാന്‍ മാപ്ലിളയുടെ ആരാ?' 'കൊച്ചുമകനാണ്'.  അദ്ദേഹം എന്റെ അടുക്കല്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. 'ചെറിയാന്‍ മാപ്ല ഒരു പുണ്യാത്മാവാണ്.' അദ്ദേഹം അകത്തേക്ക് വിളിച്ചിട്ടു പറഞ്ഞു. 'കാര്‍ത്യാനീ ഇതു കണ്ടോ നമ്മുടെ ചെറിയാന്‍ മാപ്ലയുടെ കൊച്ചുമകന്‍ വന്നിരിക്കുന്നു.' പിന്നെ എനിക്ക് രാജകീയമായ സല്‍ക്കാരമായിരുന്നു. സംഭവം ചാച്ചനോട് പറഞ്ഞപ്പോള്‍ ചാച്ചന്‍ പറഞ്ഞത് ഞാന്‍ എന്റെ ചാച്ചനെപ്പ്റ്റി നല്ലതു പറയുന്നതിനേക്കാള്‍ മറ്റൊരാള്‍ പറഞ്ഞു നീ കേള്‍ക്കുന്നതല്ലേ നല്ലത്.

എല്ലാവര്‍ക്കും ഫാദേഴ്‌സ് ഡേ ആശംസകള്‍!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക