Image

നിറം പിടിപ്പിച്ച നുണകൾ (മിനി വിശ്വനാഥൻ)

Published on 20 June, 2026
നിറം പിടിപ്പിച്ച നുണകൾ (മിനി വിശ്വനാഥൻ)

കൗമാര കാലങ്ങളിലെവിടെയോ മനസ്സ് മറന്നു വെച്ച, വായനയുടെ കൗതുകങ്ങൾ അവസാനിക്കാത്ത, ഒരാളായിരുന്നു എന്റെ മമ്മി. 
ഡാഡിയുടെ നഷ്ടം വരുത്തി വെച്ച ജീവിതത്തിലെ സങ്കടകാലത്തെ അതിജീവിക്കാൻ ശ്രമിച്ചത് വായനയിൽ തിരിച്ച് വന്നു കൊണ്ടാണ്. രണ്ടാം ഘട്ട വായന ആരംഭിച്ചത് ബഷീറിൻ്റെ സമ്പൂർണ്ണകൃതികളിലൂടെയാണ്. അനുശോചനക്കാരുടെ അനൗചിത്യ വർത്തമാനങ്ങളിലെ മുള്ളും മുനയും കൊണ്ട് മനസ്സ് മുറിയാതിരുന്നതും ബഷീറിനെ വായിച്ചത് കൊണ്ടാണെന്ന് മമ്മി പറയുമായിരുന്നു.

രണ്ടാംഘട്ട വായനയിൽ പുതിയ പുസ്തകങ്ങൾ കൈയിൽ കിട്ടിയാൽ എഴുത്തുകാരെക്കുറിച്ചുള്ള ചെറുവിവരണം വേണം. അത് എൻ്റെ പണിയാണ്. പുതിയ എഴുത്തുകാരെ പരിചയപ്പെട്ടപ്പോൾ വായനയുടെ വ്യാപ്തി കൂടി. ജിസ ജോസിൻ്റെ
മുദ്രിതയിലൂടെയാണ് വായനയുടെ പുതുയാത്ര തുടങ്ങിയത്.

പുസ്തകങ്ങൾ വായിച്ച് കൊണ്ടിരിക്കുമ്പോൾ മമ്മി കഥകൾ പറയും. ഡാഡിക്ക് മൈസൂർ ഡിപ്പോവിൽ ജോലിയുള്ള കാലത്ത് വായിക്കാൻ മലയാള പുസ്തകങ്ങൾ കിട്ടാതെ ഇംഗ്ലീഷ് നോവലുകൾ വായിച്ച് തുടങ്ങിയ കഥ അതിലൊന്നാണ്. സിദ്ധൻ എന്ന ഓഫീസ് ക്ലർക്ക് റെയിഞ്ചർ അമ്മാവ്ക്ക് വായിക്കാനായി ലൈബ്രററിയിൽ നിന്ന് ഇംഗ്ലീഷ് നോവലുകൾ കൊണ്ട് കൊടുക്കുമായിരുന്നു. ഭാഷ വഴങ്ങാൻ അല്പം പ്രയാസപ്പെട്ടെങ്കിലും സമയം കളയാനായി കഷ്ടപ്പെട്ട് അവ വായിച്ച് തുടങ്ങിയതും ജെയിംസ് ഹാർഡ്ലി ചേസിൻ്റെ ഫാൻ ആയതും അക്കാലത്തായിരുന്നു.

മമ്മി നല്ല വായനക്കാരിയാവാൻ കാരണം വീട്ടിലെ അനുകൂല സാഹചര്യങ്ങൾ തന്നെയാണ്. വിദ്യാഭ്യാസത്തിന് പ്രധാന്യം കൊടുത്തിരുന്ന തറവാട്ടിൽ അച്ഛമ്മയുടെ ഹോബി കവിതകൾ പകർത്തെഴുതലായിരുന്നത്രെ! കീർത്തനങ്ങളും കവിതകളും നിറഞ്ഞ ഒരു കൈയെഴുത്തു പുസ്തകം അച്ഛമ്മയുടെ ഉടുപ്പ് പെട്ടിയിൽ നിന്ന് എനിക്ക് കിട്ടിയിരുന്നു. ചങ്ങമ്പുഴയുടെ രമണൻ വായിച്ച് കരയാത്തവർ ആ മുത്തശ്ശിക്കൂട്ടത്തിൽ ആരും ഉണ്ടായിരുന്നില്ലത്രെ !
വീട്ടിൽ വല്യച്ഛനും, അച്ഛനും, ഇളയച്ഛൻമാരും നല്ല വായനക്കാരാണ്. ബാബു ഇളയച്ഛനും മമ്മിയും എഴുത്തുകാരും !

എം .ടി , എസ്. കെ പൊറ്റക്കാട്, കാരൂർ, തകഴി, വി.കെ.ൻ , ടി. പത്മനാഭൻ, മുകുന്ദൻ, കാക്കനാടൻ, ഒ.വി വിജയൻ, വത്സല എന്നിവരെയായിരുന്നു ഏറ്റവും പ്രിയം. അക്കാലത്തെ ബംഗാളി വിവർത്തനങ്ങൾ മമ്മി വായിക്കാത്തതായി ഇല്ല. ഇംഗ്ലീഷ് ക്ലാസിക് ട്രാൻസിലേഷനുകൾ ഞാനും മമ്മിയും ഒന്നിച്ചാണ് വായിച്ച് തീർത്തത്. ചുണ്ടങ്ങാപ്പെയിൽ സ്കൂൾ ലൈബ്രററിയിൽ നിന്ന് അവകാശികൾ നാല് ഭാഗവും ഞാനാണ് കൊണ്ട് കൊടുത്തത്. (അത് വായിക്കാൻ എനിക്ക് പറ്റിയിട്ടില്ല)

എന്നാലും അക്കാലത്ത് വായന എളുപ്പമായിരുന്നില്ല. ലൈബ്രററികളിൽ പോയി പുസ്തകം എടുക്കാൻ ആൺകുട്ടികളുടെ കാല് പിടിക്കണം. കല്യാണം കഴിഞ്ഞ് ഡാഡിയുടെ വീട്ടിലെത്തിയപ്പോൾ കാര്യങ്ങൾ എളുപ്പമായി. അവിടെ എല്ലാവരും നന്നായി വായിക്കും. ഇളയച്ഛൻമാർ മടിയില്ലാതെ പുസ്തകങ്ങൾ കൊണ്ട് കൊടുക്കുകയും ചെയ്യും.

കല്യാണം കഴിഞ്ഞ് ഡാഡിയോടൊപ്പം വയനാട്ടിലേക്ക് പോയപ്പോഴാണ് വായന ഒരു വലിയ പ്രശ്നമായത്. മിക്കവാറും കാട്ട്പ്രദേശങ്ങൾ ആവും. ലൈബ്രററികൾ എന്ന സങ്കല്പം പോലുമില്ല. ഇക്കാലത്തെപ്പോലെ പുസ്തകം സ്വന്തമായി വാങ്ങി വായിക്കുന്നവർ ഇല്ല തന്നെ. ആഴ്ചപ്പതിപ്പുകൾ തന്നെ കിട്ടാൻ ഒന്ന് രണ്ടാഴ്പ കഴിയും.

സമയം പോവാൻ കാര്യമായ വീട്ടുപണികളുമില്ല. തീർത്തും വിരസമായ തോൽപ്പെട്ടി കാലം. അപ്പോഴാണ് എന്തോ വീട്ടു സാധനം പൊതിഞ്ഞ് കൊണ്ട് വന്ന ഒരു ആഴ്ചപ്പതിപ്പിൻ്റെ ഒരു പേജിലെ ചിത്രം കണ്ണിൽപ്പെട്ടത്. ചിത്രത്തിനൊപ്പമുള്ള ആർട്ടിക്കിൾ ഒരു വിവർത്തന നോവലാണ് എന്ന് മനസ്സിലായി. ആഴ്ചപ്പതിപ്പ് ഏതാണെന്നോ നോവലിൻ്റെ പേര് എന്താണെന്നോ യാതൊരു സൂചനയും അതിൽ ഇല്ല.

മമ്മി ആലോചിച്ച് തുടങ്ങി. ഇതിൻ്റെ ബാക്കി വായിച്ചേ പറ്റൂ. അത്രയും ഇഷ്‌ടമായിരുന്നു ആ നോവൽ ! പല പല വഴികൾ ആലോചിച്ചു. ഡാഡിയാണെങ്കിൽ ന്യൂസ് പേപ്പർ മാത്രമെ വായിക്കൂ. മറ്റ് വായനകളോ സാഹിത്യത്തോട് ഇഷ്‌ടമോ ഇല്ല. എന്നാൽ നാട്ടിലെ സ്കൂൾ അദ്ധ്യാപകനായ ഡാഡിയുടെ അനിയൻ മണി ഇളയച്ഛൻ നന്നായി വായിക്കും. മാത്രമല്ല മമ്മിയുടെ 'പാർട്ട്ണർ ഇൻ ക്രൈം ' കൂടിയാണ്. അച്ഛപ്പൻ അറിയാതെ വികൃതികൾ ഒപ്പിക്കാൻ ഇവർ രണ്ടു പേരുമായിരുന്നു കൂട്ട്.

അക്കാലത്ത് കത്തിടപാട് ബസിലൂടെയാണ്. ശ്രീരാമ , എം.ആർ.സ് എന്നീ രണ്ട് ബസുകളിലാണ് നാട്ടിൽ നിന്നുള്ള എഴുത്തും പാർസലുകളും കൊണ്ട് വരുന്നത്. അതിലെ ഡ്രൈവർമാരും കണ്ടക്ടർമാരും സ്വന്തക്കാരെപ്പോലെയാണെന്ന് പറയും മമ്മി. 
ബസ് വീട്ടിനു മുന്നിൽ നിന്ന് ഹോണടിച്ചാൽ നാട്ടിൽ നിന്ന് എഴുത്ത് ഉണ്ടെന്നാണ് അർത്ഥം. അങ്ങോട്ടേക്ക് സാധനങ്ങൾ കൊടുത്തയക്കാനും ഇതു തന്നെ വഴി. നാട്ടിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കാനും ആളെ ഏർപ്പാടാക്കും. (പോസ്റ്റൽ ആയി അയച്ചാൽ അക്കാലത്ത് എഴുത്ത് കിട്ടാൻ ദിവസങ്ങൾ പിടിക്കുമായിരുന്നു.)

കഠിനമായ ആലോചനകൾക്ക് ശേഷം മമ്മിയുടെ മുന്നിൽ ഒരു വഴി തെളിഞ്ഞു. ഈ നോവലിൻ്റെ ഇതിന് മുൻപും ശേഷവുമുള്ള അദ്ധ്യായങ്ങൾ എങ്ങിനെയെങ്കിലും  എത്തിച്ച് തരണം എന്ന ആവശ്യത്തോടെ, ആഴ്ചപ്പതിപ്പിൻ്റെ ഈ പേജ് ഒരു കവറിലാക്കി നാട്ടിൽ മണി ഇളയച്ഛന് അയച്ച് കൊടുത്തു. ഇളയച്ഛൻ അടുത്ത ദിവസം തന്നെ ഇത് ജനയുഗം വാരികയിൽ പ്രസിദ്ധീകരിക്കുന്ന "കള്ളമായ സത്യം" ( നിറം പിടിപ്പിച്ച നുണകൾ) എന്ന ബംഗാളി നോവൽ ആണെന്ന് തിരിച്ചറിഞ്ഞു. എങ്ങിനെയൊക്കെയോ അതിൻ്റെ മുൻ ലക്കങ്ങൾ സംഘടിപ്പിച്ച് അയച്ചു കൊടുത്തു. കെ.പി ശശിധരൻ എന്ന ആളായിരുന്നു ആദ്യകാല തർജ്ജിമ എന്നും 
മമ്മി ഓർത്തെടുത്തു. 1960 കളാണ് കാലമെന്നോർക്കണം. ഈ കഥകൾ കേട്ടപ്പോൾ " നിനക്ക് പിരാന്ത് ആണോ" എന്നായിരുന്നത്രെ ഡാഡിയുടെ ചോദ്യം. ഇത്തരം കാര്യങ്ങൾ അതിലെ സൂക്ഷ്മമായ വിശദാംശങ്ങൾ അടക്കം ഓർത്ത് പറയാൻ മമ്മിക്ക് വലിയ ഇഷ്ടമാണ്.

ലഹരിയായിരുന്നു വായന എന്നാണ് മമ്മി പറഞ്ഞത്. ആകാലത്ത് വായിച്ച് തീർക്കാത്ത നോവലുകൾ ഇല്ല. എല്ലാ ലൈബ്രററികളിലും മെമ്പർഷിപ്പ് ഉണ്ടായിരുന്നു. പിന്നീട് എനിക്ക് കിട്ടുന്ന പുസ്തകങ്ങളുടെ ആദ്യ വായനക്കാരിയായി . ജിസ ജോസ്, ഷീലാ ടോമി, ഹരിത ഇവാൻ, സോണിയ ചെറിയാൻ ,എച്ചുമുക്കുട്ടി എന്നീ എഴുത്തുകാരുടെ  ഫാൻ ആയിരുന്നു മമ്മി.

ജിസയുടെ കൈ പിടിച്ച പോലെ സോണിയയുടെ കൈ പിടിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത്രക്കിഷ്ടമായുന്നു സ്‌നോ ലോട്ടസും ഇന്ത്യൻ റെയിൻബോവും. ഒരുപാടൊക്കെ പ്ലാനിട്ടിട്ടും നടക്കാതെ പോയ ഒരാശ ! ഇതിനിടയിൽ ആസ്വദിച്ച് വായിച്ച മറ്റൊരു പുസ്തകം അഭിലാഷ് ടോമിയുടെ പായ്ക്കപ്പൽ യാത്രാനുഭവമാണ്. ഒന്നിലേറെ മമ്മി തവണ അത് വായിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ പുതുതലമുറയിൽ മമ്മി വായിച്ച് തുടങ്ങിയത് ജിസയുടെ മുദ്രിതയാണ്. വായിച്ചവസാനിപ്പിക്കാൻ ആവാത്തത് ജിസയുടെ തന്നെ റൂത്തിൻ്റെ പുസ്തകമാണെന്നത് മറ്റൊരു നിയോഗം ആവാം !

വായനാ ദിനം സമൃദ്ധമാവാൻ ഈ  ഓർമ്മകൾ ധാരാളം.

Read More: https://www.emalayalee.com/writer/171

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക