Image

യാത്ര (കവിത: മുരളി മുണ്ടേക്കാട്)

Published on 20 June, 2026
യാത്ര (കവിത: മുരളി മുണ്ടേക്കാട്)

യാത്ര പോയിടാം.. യാത്ര പോയിടാം
യാത്രയൊക്കെയും സൗഖ്യദായകം ! 
എന്നിരിക്കിലും...പേടിയാണഹോ
ചിന്തയിൽവരും, അന്ത്യയാത്രയെ !

പ്രായമങ്ങിനേ...  കൂടി വന്നിടും 
വർഷമങ്ങിനേ... തെന്നി നീങ്ങവേ
ഉള്ളിലങ്ങിനെ, ദുഃഖമേറിടും...
കൂടെയുള്ളവർ, മാഞ്ഞുപോകവേ..

പിന്നെയോർത്തിടും,എന്തിനീ ദുഃഖം?
ഞാനുമിങ്ങനെ, യാത്രയായിടും !
ബാക്കിയാകുമെൻ, കാമനകളെ ജന്മ യാത്രകൾ,  സഫലമാക്കിടും!

എത്ര യാത്രകൾ,. ചെയ്തു കൂട്ടണം
അത്രയുണ്ട് ഈ... മോഹസഞ്ചയം!
ഒന്നു തീർക്കുകിൽ, പിന്നെയും വരും
ആഴിയിൽ തിര! , പിന്നെയും തിര !

മോക്ഷ ചിന്തയും, തത്വ ദീക്ഷയും
സത്യമാകിലും ഏറെ ദുഷ്ക്കരം! 
എത്രയാത്രകൾ ചെയ്തുതീർക്കണം
അനുഭവങ്ങളാൽ പാകമാകുവാൻ.!

ഇന്ന് യാത്രയിൽ, കൂടെയുള്ളവർ
മിത്രമായവർ ! ശത്രുവായവർ !
യാത്രയെപ്പോഴോ,നിർത്തിപ്പോയവർ
ഇടയിലെപ്പൊഴോ, വന്നുചേർന്നവർ !

ജന്മ യാത്രകൾ ,നൽകിടും സുഖം
ജന്മ യാത്രകൾ ,നൽകും ദുഖവും
എന്നിരിക്കിലും ഇഷ്ടമാണെടോ
പുനരുദിക്കുമീ ജീവ യാത്രകൾ!

അന്ന് വീണ്ടുമെൻ, കൂട്ടരായ് വരും
ഇന്ന് പോയൊരെൻ,  നല്ല കൂട്ടുകാർ!
പിന്നെ എന്തിനീ...  ദുഖ ചിന്തകൾ
ആസ്വദിക്കെടോ, ജന്മ യാത്രകൾ... !

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക