
വാശിക്കാരനായ കുട്ടി എപ്പോളും കരച്ചിലാണ് എന്ന പരാതിയുമായി 'അമ്മ ഡോക്ടറെ കാണാൻ ചെന്നു. ഇതൊക്കെ നിസ്സാരമല്ലേ ഞാൻ മാറ്റിത്തരാം എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ ചികിത്സ ആരംഭിച്ചു. ‘ കുട്ടികളെനമ്മൾ നെഞ്ചോട് ചേർത്തു പിടിക്കണം ‘ എന്നൊരു ഉപദേശം അമ്മയ്ക്ക് അഡ്വാൻസായി നൽകിയ ഡോക്ടർവളരെ സ്നേഹപൂർവം അപ്പോളും മോങ്ങിക്കൊണ്ടിരുന്ന കുട്ടിയെ അടുത്തു വിളിച്ച് ആശ്വസിപ്പിച്ചു.
“ അങ്കിളിനോട് പറ കുട്ടൻ എന്തിനാ കരയുന്നത് ? “
“ എനിച്ചു കരിമ്പ് വേണം “ എന്ന് മോങ്ങിക്കൊണ്ട് കുട്ടി തന്റെ ആവശ്യം അറിയിച്ചു..
“ ഓ! അത്രയേയുള്ളോ ? അങ്കിള് തരാട്ടോ ”
എന്നും പറഞ്ഞു കൊണ്ട് ഡോക്ടർ ഒരു കഷ്ണം കരിമ്പ് പുറം തൊണ്ടൊക്കെ കളഞ്ഞ് കടിച്ചു തിന്നാൻപാകത്തിനാക്കി കുട്ടിക്കു കൊടുത്തു. അത് വാങ്ങിയ കുട്ടി അതിലേക്ക് ഒന്ന് നോക്കിയതേയുള്ളു വീണ്ടുംകരച്ചിലാരംഭിച്ചു. “
“ കരിമ്പ് തന്നല്ലോ ? ഇനിയും എന്തിനാ കുട്ടൻ കരയുന്നത് “ എന്ന് ഡോക്ടർ.
“ എനിച്ചിത് രണ്ടാക്കിത്തരണം “ എന്ന് കുട്ടി.
വലിയ കഷണമായതു കൊണ്ട് വായിൽ കൊള്ളാഞ്ഞിട്ടാവും എന്ന് കരുതിയ ഡോക്ടർ സോറി പറയുകയുംകരിമ്പിൻ കഷ്ണം പിളർത്തി രണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
“ഇപ്പോൾ പ്രശ്നം തീർന്നല്ലോ? കഴിച്ചോട്ടോ - കരച്ചിൽ നിർത്തി കഴിച്ചോട്ടോ” ഡോക്ടർ.
വീണ്ടും ശക്തിയായി കരച്ചിൽ തുടർന്ന കുട്ടിയുടെ തലയിൽ തലോടികൊണ്ടു ഡോക്ടർ : “ ഇനിയുംകരയുകയാണോ? എന്തിനാ കരയുന്നത് എന്ന് അങ്കിളിനോട് പറ - അങ്കിൾ സാധിച്ചു താരാമല്ലോ “
“ എനിച്ചിത് നാലാക്കിത്തരണം ” എന്ന് കുട്ടി.
വീണ്ടും സോറി പറഞ്ഞ ഡോക്ടർ കുട്ടിയുടെ വായ കുഞ്ഞാണെന്നു താൻ ചിന്തിച്ചില്ലല്ലോ എന്ന കുറ്റബോധത്തോടെ കരിമ്പ് കഷണങ്ങൾ വീണ്ടും പിളർന്നു നാലാക്കിക്കൊടുത്തു.
നാല് കഷണങ്ങൾ കയ്യിൽ കിട്ടിയതോടെ കുട്ടി കൂടുതൽ ഉച്ചത്തിൽ മോങ്ങുക മാത്രമല്ല ഡോക്ടറെ പിച്ചുവാനുംമാന്തുവാനും തുടങ്ങി.
സമചിത്തത കൈവിടാതെ വീണ്ടും കുട്ടിയെ ആശ്വസിപ്പിക്കാൻ ഡോക്ടർ പരിശ്രമിച്ചു.
“ കരയാതെ… കരയാതെ ! പറ അങ്കിളിനോട് പറ. ഇനിയെന്തിനാ കുട്ടൻ കരയുന്നത് ? “
“ എന്തിനാ എന്റെ കരിമ്പ് ഇങ്ങനെ ചെറുതാക്കീത് ? എനിച്ചെന്റെ കരിമ്പ് ഒന്നാക്കിത്തരണം ” കുട്ടി വലിയവായിലേ തന്റെ കരച്ചിൽ തുടർന്നു.