Image

ഐക്യവും ആനന്ദവും കമ്യൂണിറ്റി ഓജസും ഉയർത്തി അയാന നഴ്സസ് ഡേ ആഘോഷിച്ചു

പോൾ ഡി. പനക്കൽ Published on 19 June, 2026
ഐക്യവും ആനന്ദവും കമ്യൂണിറ്റി ഓജസും ഉയർത്തി  അയാന നഴ്സസ് ഡേ ആഘോഷിച്ചു

 ന്യൂ യോർക്ക് തലസ്ഥാനനഗരി ആൾബനി ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൾബനി (അയാന) വൂർഹിസ്വിൽ സെയ്ന്റ് മാത്യൂസ് പള്ളിയിൽ വെച്ചു ഊർജസ്വലവും ഹൃദയംഗമവുമായി ആഘോഷിച്ച ഇന്റർനാഷണൽ നഴ്സസ് ഡേ നഴ്‌സുമാരുടെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മയുടെ ഐക്യവേദിയായി മാറി. നഴ്സിംഗ് സമൂഹത്തിന്റെ ശക്തിയും അതിലെ അംഗങ്ങളെ ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള സമ്പർക്കവും ഈ പരിപാടി എടുത്തുകാണിച്ചു. 

ജൂൺ പതിമൂന്നിന് നടന്ന നഴ്സസ് ഡേ ആഘോഷ ചടങ്ങ് അതിഥികൾ എത്തിയ നിമിഷം മുതൽ അന്തരീക്ഷം ഊഷ്മളതയുടെയും പരസ്പര പങ്കാളിത്തത്തിന്റെയും പ്രതീതി പരത്തി. സ്വാഗതം ആശംസിച്ച സെക്രെട്ടറി ലിജി ജിസൺ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ മുൻ പ്രെസിഡന്റും സി ജി എഫ് എൻ എസ് ഇന്റർനാഷണൽ എന്ന് അറിയപ്പെട്ടിരുന്ന ട്രൂമെറിറ്റ് അലയൻസ് അഡ്വൈസറി ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗവും ട്രുമെറിറ്റിന്റെ ബോർഡ് ഓഫ് ട്രസ്സ്റ്റിസ് അംഗവുമായ സുജ തോമസിന്റെ സാന്നിധ്യത്തെ വളരെ അഭിമാനത്തോടെയാണ് സംസാരിച്ചത്. അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് സെയ്ന്റ് മാത്യൂസ് ചർച്ചിൽ നിന്നെത്തിയ ഫാ. റിക്ക് ലെസ്സറിനും വി എ മെഡിക്കൽ സെന്ററിൽ നിന്ന് ഫാ. കോഫി ട്സിഫുൾ അമിസ്സയ്ക്കും ബ്യൂളാ സ്വാഗതം നൽകി. സംഘടനയുടെ ഭാരവാഹികളുടെയും മറ്റു സഹായികളുടെയും നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നഴ്സസ് ഡേ ആഘോഷമെന്ന് അവർ ചാരിതാർഥ്യത്തോടെ സ്മരിച്ചു.

 നഴ്‌സുമാരുടെയും അവരുടെ സേവനത്തെ കുറിച്ചറിയുന്നവരുടെയും ആഴത്തിലുള്ള വൈകാരികതയെ സ്പര്ശിക്കുന്നതായിരുന്നു ഫാ.  റിക്കും ഫാ. കോഫിയും ചേർന്ന് ചെയ്ത 'ബ്ലസിങ് ഓഫ് നഴ്സസ് ഹാൻഡ്‌സ്' എന്ന പവിത്രമായ ചടങ്ങ്. നഴ്സിംഗ് എന്ന ജോലിയെ നിർവചിക്കുന്ന കരുണാർദ്രതയേയും ത്യാഗത്തെയും സേവനത്തെയും ഊന്നിപ്പറഞ്ഞു വൈദികർ ചടങ്ങിൽ പ്രാർഥിച്ചപ്പോൾ നഴ്സിംഗ് എന്നത് ജോലിയെന്നതിലുപരി ഒരു വിളിയാണെന്ന ഓർമ്മപ്പെടുത്തൽ ആയിരുന്നു ധ്വനിച്ചത്. സദസ്സിന് ശക്തമായ പ്രതിധ്വനിയും പ്രചോദനവും നൽകുന്നതായിരുന്നു ഈ ചടങ്ങ്. 

പ്രവർത്തങ്ങളെ അഭിമാനപൂർവ്വം വിശദീകരിച്ച അയാന പ്രസിഡന്റ് ബ്യൂളാ ഷിബു, നഴ്സുമാർ തങ്ങളുടെ ജോലിയിലെ നിസ്വാർത്ഥ സേവനങ്ങൾക്കു പുറമേ അയാനയെന്ന സംഘടനയിലൂടെ പ്രാദേശിക സമൂഹത്തിനു നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി. നാഷണൽ അസോസിയേഷന്റെ ചാപ്റ്റർ എന്ന നിലയ്ക്ക് ദേശീയമായ പ്രവർത്തന ലക്ഷ്യപ്രാപ്തിക്കായി സംഭാവന ചെയ്യുന്നുണ്ട് അയാന. കൂടുതൽ കൂടുതൽ നഴ്സുമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുക വഴി നഴ്‌സുമാരിൽ ശാക്തീകരണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്യൂളാ പറഞ്ഞു. നഴ്സിംഗ് ജോലിയുടെ മൂല്യത്തെയും ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിനെയും പ്രകീർത്തിച്ചുകൊണ്ടുള്ള സുജ തോമസിന്റെ മുഖ്യ പ്രഭാഷണം നഴ്‌സുമാരിൽ അഭിമാനവും പ്രതിജ്ഞാബദ്ധതയും പുതുക്കിയുറപ്പിച്ചു. 

ഇന്ത്യൻ നഴ്സുമാർ ആരോഗ്യരംഗത്ത് നൽകുന്ന ഉന്നത നിലവാരമുള്ള സംഭാവനകളെ സാഭിമാനം ചൂണ്ടിക്കാണിക്കുന്നതായിരുന്നു അയാനയുടെ മുൻ സാരഥികളായിരുന്ന ഡോ. അമ്പിളി നായർ, ഡോ. കസ്തൂരി ശിവൻ, ഡോണി മാത്യു എന്നിവരുടെ ആശംസാപ്രസംഗങ്ങളിൽ. ഒരു പ്രൊഫെഷണൽ സംഘടനയുടെ ഔപചാരികമായ ചടങ്ങുകളിൽ വർണ്ണവും ആനന്ദവും ലാഘവവും പകർന്നുകൊണ്ട് കുട്ടികളും യുവാക്കളും മുതിർന്നവരും അവതരിപ്പിച്ച നൃത്തങ്ങളും ഗാ നങ്ങളും ഉപകരണ സംഗീതവും അമേരിക്കൻ സംസ്കാര തനിമയിൽ ഇന്ത്യൻ കലാ സാംസ്കാരികതയുടെ നല്ല വശങ്ങളെ സൂക്ഷിക്കുന്നതിന്റെ ഉദാഹരങ്ങളായി. 

പൈതൃകത്വവും ക്രിയാത്‌മകതയും  അന്തർത്തലമുറകളുടെ അഭിമാനവും വേദിയിൽ അവതരിപ്പിക്കപ്പെട്ട കലാപ്രകടനങ്ങളിൽ നിറഞ്ഞുനിന്നു. നഴ്സിംഗ് തൊഴിൽ സമൂഹം ആഗോളതലത്തിൽ തന്നെ നേരിടുന്ന ശാരീരികവും മാനസികവുമായ തളർച്ച, ആരോഗ്യ പരിപാലനത്തിന് വിട്ടുവീഴ്ചയുണ്ടാകാത്ത വിധം പര്യാപ്തമായ സ്റ്റാഫിങ് ഉറപ്പുവരുത്തുക, മേഖലയിൽ നഴ്സുമാർ വഹിക്കുന്ന ബഹുമുഖമായ റോളുകളെ കുറിച്ചുള്ള അവബോധം ഉയർത്തി

 ശാസ്ത്രീയമായ മുന്നേറ്റങ്ങളിൽ അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക, നിയമനിർമ്മാതാക്കളുടെ ഗൗരവതരമായ ശ്രദ്ധയിൽ നഴ്സിംഗ് അനുബന്ധമായ പ്രശ്നങ്ങൾ കൊണ്ടുവരുക, നഴ്സിംഗ് വിദ്യാഭ്യാസത്തിൽ - പ്രത്യേകിച്ച് പ്രതിസന്ധികളിലും പ്രകൃതിവിപത്തുകളിലും വ്യാപകമായ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥകളിൽ - വർധിച്ച നിക്ഷേപം നടത്തുക, തുടങ്ങിയവയെ ലാക്കാക്കിയാണ് ഇന്റർനാഷണൽ നഴ്സസ് ഡേ ആചരിക്കപ്പെടുന്നത്. ആ ദിനത്തെ ഐക്യത്തിന്റെയും സാംസ്കാരിക ധന്യതയുടെയും സാമുദായികതേജസ്സിന്റെയും വർണ്ണ രുചികൾ പകർന്ന് കുറച്ചുകൂടി ആസ്വാദ്യകരമാക്കുകയും പരസ്പരം വിലമതിക്കപ്പെടുകയും ചെയ്യത്തക്കവിധം അയാനയുടെ നേതൃത്വം രൂപപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക