
ബുദ്ധരൂപം മനസ്സിൽ
കണ്ണടയ്ക്കാതെ ഒറ്റക്കാലിൽ
ശാന്തരൗദ്രധ്യാനം
മിന്നിപ്പായുന്ന പോത്രാൻകണ്ണിയെ
കണ്ടതും കൊക്കിലാകെ
ആസക്തിയുടെ വെള്ളം!
വെള്ളം തോട്ടിലെ മാലിന്യവുമായി
തർക്കിച്ചു സമയം കളഞ്ഞില്ല
റൂട്ട് മാപ്പിന്റെ സഹായമില്ലാതെ തന്നെ
അത് നിർദ്ദിഷ്ട നേരത്ത്
പുഴയിലെത്തി!
എത്തിപ്പിടിക്കാൻ
നക്ഷത്രങ്ങൾ നൂറായിരം
എങ്കിലും പുൽപ്പടർപ്പുകൾക്കിടയിൽ
വേരും പടർത്തി മരം
ഏകാകിതയുടെ അസ്ഥിരമായ
ഉറപ്പിൽ ഉറച്ചു നിന്നു
മഴക്കാലരാവുകളിൽ
അതിഥികളായെത്തിയ
മിന്നാമിനുങ്ങുകൾ
ദൈവത്തിന്റെ വിളക്കുകൾ മിന്നിച്ച്
കറുത്ത ചില്ലകളിൽ
കൂടാരം കെട്ടി!
കെട്ടിടം ഒരു വീടായി മാറുക
അതിൽ നിറച്ചിരിക്കുന്ന
സ്ഥാവര ജംഗമങ്ങടെ
ബലത്താലാണൊ
കെട്ട് പൊട്ടി വിട്ടിറങ്ങുന്നവരും
കൊതിച്ചു പോകും
ഒരിക്കൽ തിരിച്ചു വരാൻ
സ്വന്തം സ്വന്തം വീടണയാൻ
ഒരു വീടിനെ കെട്ടിടമാക്കി മാറ്റുക
പരസ്പര സ്നേഹമില്ലാത്ത കല്ലും
മരവും ഉരുക്കും ചില്ലുമല്ലേ
കെട്ടിടത്തിൽ നിന്ന് യഥാർത്ഥ
വീടിലേക്കുള്ള ദൂരം ആർക്കാണ്
തിട്ടപ്പെടുത്താൻ കഴിയുക!
കഴിഞ്ഞിടത്തോളം കഴിഞ്ഞു
പൊഴിഞ്ഞിടത്തോളം പൊഴിഞ്ഞു
നേരത്തെ വരാനൊ
വൈകിയിട്ട് വരാനൊ
മരണം ഒരു തീവണ്ടിയല്ല
അതിനു ആരോടും ഒരു കടപ്പാടുമില്ല
ചിലപ്പോൾ സമയത്തിനു പോലും
അതെത്താറില്ല
കാത്തിരിപ്പിന്റെ മടുപ്പം
വിരസതയും അസഹ്യമാവുമ്പോൾ
ചിലർ മരണത്തിന്റെ പാളങ്ങളിൽ
സ്വയം തല വെക്കാനോടുന്നു
അവരറിയുന്നില്ല പരിഹാരമെല്ലാം
ജീവിതത്തിന്റെ നാൽ-
ച്ചുവരിനകത്താണെന്ന സംഗതി!
ഗതി സദ്ഗതിയാവട്ടെ
ഓടാതെ, മരണത്തെ പിന്തുടരാതെ
അനവരതം ചലിച്ചു കൊണ്ടിരിക്കുന്ന
ഒരു ഊർജ്ജപ്രവാഹത്തിന്റെ
പ്രതിദ്ധ്വനിയായി ഇവിടെയിങ്ങനെ
അൽപ്പനേരം വെറുതെ തങ്ങാം
ചലനങ്ങളുടെ ക്ലിപ്തമായ സൗന്ദര്യത്തിൽ നിശ്ചലത കൈ വരിക്കാം
മരണാനന്തര ലോകത്തേക്ക്
മുഷിയാത്ത ജീവനോടെ പ്രവേശിക്കാം!