
"മേ ..മേ"
മുനീറേ ഇജ്ജ് ആട്ടുംകൂട് അടച്ചില്ലേ ? എന്താണ്ടാ മുറ്റത്ത് ഒരാടിന്റെ ശബ്ദം.?
ബാപ്പാ, അത് ഞമ്മടെ ആടല്ല, അതു അമേരിക്കയിൽ നിന്നാണു.
അമേരിക്കയിൽ ആടുണ്ടോ?
അമേരിക്കയിൽ ആടുണ്ടു, ബാപ്പാ.. കൊളംബസ് അമേരിക്കയിലേക്ക് ആടിനെ കൊണ്ടുവന്നു. പിന്നെ ആടിനെ അങ്ങോട്ട് കയറ്റുമതി ചെയ്തിരുന്നു. അങ്ങനെ അവിടെ ആടുകൾ നിറഞ്ഞു.
ഞമ്മ ബിചാരിച്ച് ഓൻ തിരിച്ചുപോയപ്പം ആടിനേം കൊണ്ടു പോയിന്നു.
ബാപ്പാ, അതൊക്കെ എത്ര കൊല്ലം മുമ്പത്തെ കാര്യം. ഇതു ആ ആടിന്റെ പേരക്കുട്ടികൾ. ഈ നേരത്ത് ഞമ്മടെ വീട്ടുമുറ്റത്ത് എന്തിനാണ്ട അമേരിക്കന്റെ ആട് കരേണത്?
ബാപ്പാ ഈ ആട് ഇമ്മടെ അറബിനാട്ടിൽ നിന്നും പോയതാണ്. അതിനു അറബി മാത്രല്ലേ തിരിയുള്ളു. ഇംഗളീഷ് കേട്ട് കരണതാവും . പിന്നെ ഇമ്മടെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ സാറിന്റെ മലയാളവും കുറേശ്ശേ ആടിനറിയാം.
എന്നാലും ഇത്ര ഒച്ചേല് ഈ ആട് എന്തിനു കരേണു. ഇങ്ങനെ കിടന്നു ഒച്ച വെയ്ക്കാതെ അറിയാവുന്ന മലയാളത്തിൽ വച്ച് കാച്ചണം. അവിടെ പെരുത്ത് മലയാളികൾ കാണുമല്ലോ?
ഈ ആട് ചില്ലറക്കാരനല്ല. അറബീന്റെ കൂട്ടത്തിൽനിന്നും ഒരു മലയാളി പയ്യന്റെ കൂടെ ലോകം മുഴുവൻ ഓടി നടന്നു ഒത്തിരി ബഹുമതികൾ ഒക്കെ നേടിയ ആടാണ്.
അമേരിക്കയിൽ ചെന്നപ്പോൾ ആടിന് വല്ലാത്ത സംഭ്രമം.
അതെന്താണ്ടാ മുനീറേ .. അതിനു അവിടെ തിന്നാൻ ഒന്നും കിട്ടിയില്ലേ?
അതല്ല ബാപ്പാ അവിടെയുള്ള മലയാളികൾ ആടിന്റെ പുറകെ ഓടുകയാണ്. (ഇമ്മടെ നടൻ ശ്രീനിവാസൻ അമേരിക്ക സന്ദര്ശിച്ചച്ചപ്പോൾ അവരെ കോമാളികൾ എന്ന് വിളിച്ചത് ബാപ്പായ്ക്ക് ഓർമ്മയുണ്ടോ?)
അതല്ല ബാപ്പാ, അമേരിക്കൻ മലയാളികൾക്ക് നാട്ടിൽ പേരും പെരുമായുമുള്ളവരെ കണ്ടാൽ അത് മനുഷ്യനായാലും മൃഗമായാലും (ഇപ്പോൾ പട്ടികളാണ് ഹീറോകൾ) പിന്നെ ഹാലിളകും. സ്വന്തം തട്ടകത്തിൽ അതിനേക്കാൾ കേമമായത് ഉണ്ടെങ്കിലും കാണില്ല. പാമ്പായാലും നാട്ടിലെ മതിയെന്നാണ് അവരുടെ ചിന്ത.
അവരെ സ്വീകരിക്കലാണ് മുഖ്യപരിപാടി. അതിനായി ഉടുക്ക്, മദ്ദളം, ഇലത്താളം, ഇടക്ക, ചെണ്ടമേളം, താലപ്പൊലി, വെൺചാമരം, മുത്തുക്കുട, പിന്നെ ഇമ്മടെ പണ്ടത്തെ കർക്കിടക പേമാരിപോലെ ഭാഷണങ്ങൾ ഒക്കെ നടത്തും.
ഈ ബഹളവുമായി അവരു ആടിനെ പുറകെ പോയോ..
പോയീന്ന് മാത്രമല്ല അവർക്ക് ഒരു അക്കിടി പറ്റുകയും ചെയ്തു.
അമേരിക്കൻ മലയാളികൾ എല്ലാവരും എഴുത്തുകാരാണെന്ന് ബാപ്പായ്ക്കറിയോ. അവർക്ക് സംഘടനകളും കൂട്ടായ്മകളുമുണ്ടെങ്കിലും പരസ്പര സ്‌നേഹമില്ല. ആരും ആരെയും അംഗീകരിക്കില്ല.അതുകൊണ്ട് അവരൊക്കെ പരിഹാസപാത്രങ്ങളാകുന്നു സ്വന്തം കുടുംബത്തിലുള്ളവർ തന്നെ അവരെപ്പറ്റി കുറ്റം പറഞ്ഞു നടന്നാൽ നാട്ടാര് അവരെ ബഹുമാനിക്കയില്ലല്ലോ?
മുനീറേ, നീ അമേരിക്കയിൽ നടക്കുന്ന കാര്യമൊക്കെ എങ്ങനെയറിയുന്നു.?
അതിനല്ലേ, ഇന്റർനെറ്റ്, ബാപ്പ കേട്ട ആടിന്റെ കരച്ചിലൊക്കെ നമ്മുടെ കമ്പ്യൂട്ടർ വഴിയാണ്.
ഇപ്പോൾ, ഇമ്മടെ ആടിന് എന്തുപറ്റി? ഇപ്പൊ അതിന്റെ ശബ്ദം കേൾക്കുന്നില്ലല്ലോ?
പാവം ആട്. അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ രചനകൾ ആടു തിന്നുകൊണ്ടിരിക്കയാണ്.
ആടിന് ബുദ്ധിയുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനയിൽ നിന്നു ഒരു ചെന്നായ ചാടിവീണാൽ ആടിന്റെ പണി തീരില്ലേ? അതൊന്നുമറിയാതേ പാവം ആട് അവരുടെ രചനകൾ ഒക്കെ തിന്നു.
ചെന്നായയുടെ കാര്യം വിടുക. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളിലും നല്ല നല്ല ആടുകൾ ഉണ്ടായിരുന്നു. എന്ത് ചെയ്യാം. എഴുത്തുകാർ തന്നെ കവലകളിൽ നിന്നു പരദൂഷണം പറഞ്ഞു അതിനെ പട്ടിയാക്കി. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലേൽ അവിടെ ആട് കയറിയിരിക്കും. ഇവിടെ ആട് കയറിയിരുന്നതല്ല. കേറ്റിയിരുത്തിയതാണ്.
അതിനൊക്കെ സ്വീകരണം കൊടുത്ത് സ്വന്തം വീട്ടിൽ കയറ്റിയിരുത്തിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും.
"മേ ...മേ ...മേ .. ഏ ഏ ഏ ഏ ഏ ഏ ഏ ഏ ഏ ഏ"
മുനീറേ ആട് വീണ്ടും കരേണുണ്ടു ..
അത് ആടല്ല ബാപ്പ അമേരിക്കൻ മലയാളി എഴുത്തുകാരാണ്. അവരുടെ കൃതികൾ ആടു തിന്നതിൽ ദുഃഖിച്ച് ആടിനെപ്പോലെ കരയ്യാണ്.
ഈ ആടിന്റേം പട്ടീടേം പുറകെ പോകാതെ അവർക്ക് അവിടെ അന്തസ്സായി കഴിഞ്ഞുകൂടെ. അവരുടെ രചനകൾ ഉയർത്തിപ്പിടിച്ച് നടന്നുകൂടെ. എന്തിനു ലോത്തിന്റെ ഭാര്യയെപോലെ തിരിഞ്ഞുനോക്കി ഉപ്പുതൂണുകളാകുന്നു.
ശുഭം