Image

പ്രവാസി നിക്ഷേപങ്ങളിലേക്കും ക്ഷേമപദ്ധതികളിലേക്കും വിരല്‍ ചൂണ്ടി കേരള ബജറ്റ്; ഇനി വെറും പണമയക്കല്‍ മാത്രമല്ല ലക്ഷ്യം (എ.എസ് ശ്രീകുമാര്‍)

Published on 19 June, 2026
പ്രവാസി നിക്ഷേപങ്ങളിലേക്കും ക്ഷേമപദ്ധതികളിലേക്കും വിരല്‍ ചൂണ്ടി കേരള ബജറ്റ്; ഇനി വെറും പണമയക്കല്‍ മാത്രമല്ല ലക്ഷ്യം (എ.എസ് ശ്രീകുമാര്‍)

വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളും ആഗോളതലത്തില്‍ പണമയക്കുന്നതിലുള്ള അനിശ്ചിതാവസ്ഥകളും കേരളം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പരമ്പരാഗതമായ പ്രവാസി സംഭാവനകള്‍ക്കപ്പുറം സാമ്പത്തിക വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ന് നിയമസഭയില്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച നകാര്യ ചുമതലയുള്ള കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, പ്രവാസി കേരളീയരുടെ  ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ സമ്പദ് വ്യസ്ഥയെ ദീര്‍ഘകാലമായി താങ്ങിനിര്‍ത്തുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് അവരുടെ സംഭാവനകളെ സ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പ്രവാസികള്‍ പണമയക്കുന്നതിനെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് നിക്ഷേപ അധിഷ്ഠിത സാമ്പത്തിക മാതൃകയിലേക്ക് മാറേണ്ടത് ഭാവിക്ക് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''നമ്മുടെ സംസ്ഥാനത്തെ ഒരു നിക്ഷേപ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ഞങ്ങള്‍ ഇപ്പോള്‍ അവരുടെ പിന്തുണ തേടുകയാണ്...'' എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സുസ്ഥിരതയും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കിക്കൊണ്ട് ഒരു 'നവകേരളം' കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വി.ഡി സതീശന്‍ 2026-27 വര്‍ഷത്തെ പുതുക്കിയ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി, ഒളിഞ്ഞിരിക്കുന്ന ബാധ്യതകള്‍, കുറഞ്ഞുവരുന്ന പ്രവാസി പണമൊഴുക്ക്, വിലക്കയറ്റം എന്നിവയാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്. ഇതിനെ മറികടക്കാന്‍, തുറമുഖാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സംസ്ഥാനത്തെ ഒരു ആഗോള സമുദ്ര-സാമ്പത്തിക ഹബ്ബായി  ഉയര്‍ത്തുന്നതിനുമായി 'മിഷന്‍ സമുദ്ര' പ്രഖ്യാപിച്ചു.

വിപുലമായ വികസന തന്ത്രങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും, വിവിധ മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും, പൊതുഖജനാവിലേക്ക് സാമ്പത്തിക സ്രോതസ്സുകള്‍ സമാഹരിക്കാനും, അതോടൊപ്പം സമ്പത്തിന്റെ തുല്യമായ വിതരണം ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പണമയക്കലിലെ അപകടസാധ്യതകള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ പ്രവാസി പണമൊഴുക്കിനെ ബാധിക്കുമെന്നും അത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. പ്രവാസി പങ്കാളിത്തം നിക്ഷേപങ്ങളിലൂടെ വൈവിധ്യവത്കരിക്കുന്നത് ഈ ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കും.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി 'ഗ്ലോബല്‍ പ്രവാസി പുനരധിവാസ പദ്ധതി'യാണ് മറ്റൊരു ഹൈലൈറ്റ്. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ പിന്തുണയ്ക്കുന്നതിനായി ആധുനിക രീതിയിലുള്ള സമഗ്രമായ പുനരധിവാസ പദ്ധതി ആരംഭിക്കും. സുസ്ഥിരമായ ജീവനോപാധികള്‍ കണ്ടെത്തുക, മുന്‍ഗണനാടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുക, പുനര്‍-നൈപുണ്യ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയിലൂടെ ഇവരെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രവാസി ഡിവിഡന്റ് പദ്ധതി പരിഷ്‌കരിക്കുമെന്ന് ബജറ്റ് പറയുന്നു. പ്രവാസി നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകവും സുരക്ഷിതവുമായ ദീര്‍ഘകാല ലാഭം ഉറപ്പാക്കുന്നതിനായി നിലവിലുള്ള പ്രവാസി ഡിവിഡന്റ് പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും.

വിദേശത്ത് തൊഴില്‍പരമായ തര്‍ക്കങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്ക് അടിയന്തര സഹായവും നിയമസഹായവും നല്‍കുന്നതിനായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും നടപടികള്‍ സ്വീകരിക്കും. പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ കേരളത്തിലെ വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് തിരിച്ചുവിടുന്നതിനായി ഒരു പ്രത്യേക 'പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി' രൂപീകരിക്കും. നിക്ഷേപകര്‍ക്ക് സുരക്ഷിതമായ ലാഭം ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് മുന്‍ഗണന നല്‍കും.

കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് ആവശ്യമായ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുമതികളും ബിസിനസ് പിന്തുണയും നല്‍കുന്നതിനായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനെ 'സിംഗിള്‍ വിന്‍ഡോ' സംവിധാനമായി മാറ്റും. ഇത് ബിസിനസ്സ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പദ്ധതി ലോകമെമ്പാടുമുള്ള പുതിയ പ്രവാസി വിപണികളിലേക്ക് വ്യാപിപ്പിക്കും. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന സമ്പാദ്യം പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കും. അസാപ് കേരളയുടെയും നോര്‍ക്കയുടെയും സഹകരണത്തോടെ പുതിയ സാങ്കേതികവിദ്യകള്‍, വിദേശ ഭാഷകള്‍, പ്രത്യേക പരിചരണ കഴിവുകള്‍ എന്നിവയില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ വിപുലമായ അന്താരാഷ്ട്ര  നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും ഒരു 'ഗ്ലോബല്‍ പ്ലേസ്‌മെന്റ് സെല്‍' രൂപീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, കൃഷി അധിഷ്ഠിത മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ കൂട്ടായ പ്രവാസി നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിന് 'പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്' രൂപീകരിക്കും. വെറും സാമ്പത്തിക സംഭാവനകള്‍ക്കപ്പുറം, ആഗോള വൈദഗ്ധ്യവും നവീകരണങ്ങളും മികച്ച മാതൃകകളും കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന 'നോളഡ്ജ് പാര്‍ട്ണര്‍മാര്‍' ആയി പ്രവാസികളെ ബജറ്റ് വിഭാവനം ചെയ്യുന്നു.

പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച സേവനങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനായി പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനായി സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ വിദേശത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കും. പ്രവാസികള്‍ക്ക് അവരുടെ ജന്മനാടുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഓണ്‍ലൈനായി ഗ്രാമസഭാ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കും. ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രവാസികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാനും പ്രാദേശിക വികസന ചര്‍ച്ചകളില്‍ പങ്കാളികളാകാനും ഇത് വഴി സാധിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക