Image

മെക്‌സിക്കോ അടുത്ത റൗണ്ടില്‍, കാനഡയ്ക്ക് ആദ്യ വിജയം (സനില്‍ പി തോമസ്)

Published on 19 June, 2026
മെക്‌സിക്കോ അടുത്ത റൗണ്ടില്‍, കാനഡയ്ക്ക് ആദ്യ വിജയം (സനില്‍ പി തോമസ്)

ലോകകപ്പില്‍ 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 48 ടീമുകളും ഓരോ മത്സരം പിന്നിട്ടു. 12 ഗ്രൂപ്പുകളിലും കാര്യമായ അട്ടിമറിയുണ്ടായില്ല. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. സ്‌പെയിന്‍-കെയ്പ് വെര്‍ദെ മത്സരം മാത്രം ഗോള്‍
രഹിതമായിരുന്നു. ജര്‍മനി കുറസാവോയെ തകര്‍ത്തതും(7-1) സ്വീഡന്‍ ടൂണീഷ്യയെ തുരത്തിയതും(5-1) ആയിരുന്നു വന്‍ വിജയങ്ങള്‍. ക്രൊയേഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ വിജയവും(4-2) ശ്രദ്ധിക്കപ്പെട്ടു. യു.എസ്. പാരഗ്വായ്‌ക്കെതിരെ 4-1 വിജയം നേടി വരവ് അറിയിച്ചു.

രണ്ടാം മത്സരങ്ങളിലേക്കു കടന്നപ്പോള്‍ റൗണ്ട് ഓഫ് 32 ല്‍ എത്തിയ ആദ്യ ടീമായി ആതിഥേയരില്‍ ഒന്നായ മെക്‌സിക്കോ. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച(2-0) മെക്‌സിക്കോ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ കീഴടക്കി(1-0). ഗ്രൂപ്പ് 'എ' യില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മെക്‌സിക്കോയ്ക്ക് ആറു പോയിന്റായി. ആതിഥേയര്‍ തന്നെയായ കാനഡ ലോകകപ്പ് ഫൈനലിലെ തങ്ങളുടെ ആദ്യ വിജയം നേടി റൗണ്ട് ഓഫ് 32 സാധ്യതകള്‍ നിലനിര്‍ത്തി ആദ്യ മത്സരത്തില്‍ ബോസ്‌നിയയോട് സമനില വഴങ്ങിയ കാനഡ (1-1) രണ്ടാം മത്സരത്തില്‍ ഖത്തറിനെ തകര്‍ത്തു(6-0) ജൊനാഥൻ ഡേവിഡിന്റെ ഹാട്രിക് , വിജയത്തിന്റെ തിളക്കംകൂട്ടി. പക്ഷേ, മിഡ് ഫീല്‍ഡര്‍ ഇസ്മയില്‍ കോനെയ്ക്ക് സാരമായി പരുക്കേറ്റത് കാനഡയ്ക്ക് തിരിച്ചടിയായി. രണ്ടു ഖത്തര്‍ താരങ്ങള്‍ ആണ് റെഡ് കാര്‍ഡ് കണ്ടത്.

യു.എസിന്റെ രണ്ടാം മത്സരം ഇന്നു രാത്രി(ഇന്ത്യന്‍ സമയം) 12.30ന് ഓസ്‌ട്രേയിലയ്‌ക്കെതിരെ സിയാറ്റിലിലാണ്. മെക്‌സിക്കോയ്ക്കു പിന്നാലെ മറ്റ് രണ്ട് ആതിഥേയ രാജ്യങ്ങളും റൗണ്ട് ഓഫ് 32 ല്‍ കടക്കുമെന്നാണു പ്രതീക്ഷ. ആദ്യ മത്സരങ്ങളില്‍ ബ്രസീലും നെതര്‍ലന്‍ഡ്‌സും സ്‌പെയിനും സമനില വഴങ്ങിയെങ്കിലും നിരാശപ്പെടുത്തിയ സമനില പോര്‍ച്ചുഗലിന്റേതായിരുന്നു. കോംഗോയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ടീമിനെ സമനിലയില്‍ തളച്ചത്.

സൂപ്പര്‍ താരങ്ങളില്‍ നിരാശപ്പെടുത്തിയതും റൊണാള്‍ഡോ തന്നെ. മെസിക്കൊപ്പം ആറാം ലോകകപ്പിന് ഇറങ്ങിയ ക്രിസ്റ്റ്യാനോയ്ക്ക് ആദ്യ മത്സരത്തില്‍ കാര്യമായൊന്നും ചെയ്യുവാനായില്ല. നാല്‍പത്തൊന്നുകാരനായ റൊണാള്‍ഡോ ഈ ലോകകപ്പില്‍ ഒരു ഗോള്‍ നേടിയാല്‍ കളിച്ച ആറു ലോകകപ്പിലും ഗോള്‍ നേടിയ താരമെന്ന ചരിത്ര നേട്ടം സ്വന്തമാകും. പക്ഷേ പലപ്പോഴും റൊണാൾഡോ യ്ക്ക് പന്ത് കിട്ടാത്ത സ്ഥിതിയാണ് ആദ്യ മത്സരത്തില്‍ കണ്ടത്. നായകന്‍ അവഗണിക്കപ്പെടുകയാണോ എന്ന സംശയം തോന്നും.

മറിച്ച്, മെസി ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക് നേടി. ഇംഗ്ലീഷ് ടീമിന്റെ ഹാരി കെയ്ന്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഇരട്ട ഗോള്‍ നേടി. ബ്രസീലിന്റെ നെയ്മര്‍ കളത്തിലിറങ്ങിയിട്ടില്ല. വിനീഷ്യസ് ജൂനിയര്‍ ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ അടിച്ച് തിളങ്ങി നില്‍ക്കുന്നു. ഫ്രാൻസിൻ്റെ എംബാപ്പെ യും ഇരട്ട ഗോൾ നേടി.

എല്ലാ ടീമുകളും രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. സ്‌പെയിനിന്റെ കൗമാരതാരം ലാമിന്‍ യമാല്‍ ആദ്യ മത്സരത്തില്‍ 20 മിനിറ്റ് മാത്രമാണ് കളിച്ചത്. ആദ്യ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഫ്രിക്കന്‍ ടീമുകളുടെ കടുത്ത പ്രതിരോധം പലപ്പോഴും ദൃശ്യമായി കെയ്പ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസിഞ്ഞ സൂപ്പര്‍ താരമായി. വൊസിഞ്ഞയ്ക്ക് 41 വയസായി. പക്ഷേ, യുവതാരങ്ങളെ വെല്ലുന്ന മെയ് വഴക്കമാണ് പ്രകടമാക്കിയത്. ഇത്തരം അപ്രതീക്ഷിത താരത്തിളക്കങ്ങള്‍ക്കായി കാത്തിരിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക