
ഓറിഗൺ: വ്യാജ വിവരങ്ങളും തെറ്റായ വ്യക്തിത്വവും കാണിച്ച് യുഎസ് പൗരത്വം നേടിയ ഇന്ത്യൻ വംശജനായ ബിസിനസുകാരന്റെ പൗരത്വം റദ്ദാക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പ് നിയമനടപടി ആരംഭിച്ചു. ഓറിഗണിൽ ബിസിനസ് നടത്തുന്ന ഇന്ത്യൻ പൗരനായ ജസ്വീന്ദർ സിംഗ് (54) എന്നയാൾക്കെതിരെയാണ് ഓറിഗൺ ഡിസ്ട്രിക്ട് കോടതിയിൽ യുഎസ് അധികൃതർ പൗരത്വ റദ്ദാക്കൽ (ഡിനാച്ചുറലൈസേഷൻ) ഹർജി ഫയൽ ചെയ്തത്. മുൻകാല ഇമിഗ്രേഷൻ ചരിത്രവും യഥാർത്ഥ പേരും മറച്ചുവെച്ച് നിയമവിരുദ്ധമായ മാർഗ്ഗത്തിലൂടെയാണ് ഇയാൾ പൗരത്വം നേടിയതെന്ന് യുഎസ് അറ്റോർണി ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോടതി രേഖകൾ പ്രകാരം 1990 ഓഗസ്റ്റിൽ 'ബൽവീന്ദർ സിംഗ്' എന്ന പേരിൽ ഇയാൾ അമേരിക്കയിൽ ആദ്യമായി ഇമിഗ്രേഷൻ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ആ വർഷം നവംബറിൽ ഇമിഗ്രേഷൻ ജഡ്ജി ഈ അപേക്ഷ നിരസിക്കുകയും ഇയാളെ അമേരിക്കയിൽ നിന്ന് നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ നൽകിയ അപ്പീൽ പരാജയപ്പെട്ടതിനെ തുടർന്ന് 1993 ജൂലൈയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ ഉത്തരവുണ്ടായിരുന്നെങ്കിലും ഇയാൾ അതിന് തയ്യാറാകാതെ ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് 1994 നവംബറിൽ 'ജസ്വീന്ദർ സിംഗ്' എന്ന പുതിയ പേരും മറ്റൊരു ജനനത്തീയതിയും യുഎസിൽ പ്രവേശിച്ച വ്യാജ തീയതിയും കാണിച്ച് ഇയാൾ രണ്ടാമത് ഇമിഗ്രേഷൻ അപേക്ഷ സമർപ്പിച്ചു. ഈ വ്യാജ അപേക്ഷയിലൂടെ 2003 ഓഗസ്റ്റിൽ സ്ഥിരതാമസത്തിനുള്ള അനുമതിയും (ഗ്രീൻ കാർഡ്) തുടർന്ന് 2013 ജൂൺ 3-ന് യുഎസ് പൗരത്വവും നേടിയെടുക്കുകയായിരുന്നു. പൗരത്വത്തിനായുള്ള അഭിമുഖത്തിലും അപേക്ഷയിലും നൽകിയ വിവരങ്ങൾ പൂർണ്ണമായും സത്യമാണെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിട്ടാണ് ഇയാൾ പൗരത്വം കൈക്കലാക്കിയത്.
തന്റെ യഥാർത്ഥ വ്യക്തിത്വവും പഴയ നാടുകടത്തൽ ഉത്തരവും ബോധപൂർവ്വം മറച്ചുവെച്ചതിലൂടെ ഇയാൾ പൗരത്വ നിയമങ്ങൾ ലംഘിച്ചതായി യുഎസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ കോടതി ഇയാളുടെ പൗരത്വ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും തുടർന്ന് യുഎസിൽ നിന്ന് നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. യുഎസ് നീതിന്യായ വകുപ്പും ഹോംലാൻഡ് സെക്യൂരിറ്റിയും സംയുക്തമായാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. വ്യാജരേഖകളിലൂടെയും വഞ്ചനയിലൂടെയും പൗരത്വം നേടിയവരെ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടം രാജ്യവ്യാപകമായി കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ പുതിയ കേസ് പുറത്തുവന്നിരിക്കുന്നത്.