Image

അജിത്തിന് ഇപ്പോള്‍ സിനിമയൊന്നും ഇല്ലാത്തതെന്ത്? യാഥാര്‍ത്ഥ്യം ഞെട്ടിക്കുന്നതെന്ന് വിതരണക്കാരന്‍

Published on 19 June, 2026
 അജിത്തിന് ഇപ്പോള്‍ സിനിമയൊന്നും ഇല്ലാത്തതെന്ത്? യാഥാര്‍ത്ഥ്യം ഞെട്ടിക്കുന്നതെന്ന് വിതരണക്കാരന്‍

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കാര്‍ റേസിങ്ങിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കാത്തത് എന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ പുരോഗമിക്കുമ്പോള്‍ തമിഴിലെ പ്രമുഖ ഫിനാന്‍സിയറും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ ഒരു പരാമര്‍ശം ശ്രദ്ധ നേടുകയാണ്. കാറോട്ട മത്സരങ്ങളിലുള്ള താരത്തിന്റെ അമിത താല്‍പ്പര്യമാണ് സിനിമകള്‍ വൈകാന്‍ കാരണമെന്ന് പലരും കരുതുമ്പോഴും യാഥാര്‍ത്ഥ്യം അതിലും വലുതാണെന്ന് അദ്ദേഹം പറയുന്നു.

തമിഴ് സിനിമാ വ്യവസായത്തിന് നിലവില്‍ നല്‍കാന്‍ കഴിയുന്നതിലും ഉയര്‍ന്ന പ്രതിഫലമാണ് അജിത് കുമാര്‍ ആവശ്യപ്പെടുന്നതെന്നാണ് തിരുപ്പൂര്‍ സുബ്രഹ്മണ്യം ഒരു തമിഴ് യുട്യൂബ്  ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അജിത്തിന് അദ്ദേഹം ആവശ്യപ്പെടുന്ന പ്രതിഫലം വേണം. പക്ഷേ അത് നല്‍കാന്‍ നിലവില്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ ആരുമില്ല. നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിലവില്‍, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ്, സണ്‍ പിക്‌ചേഴ്‌സ്, വെല്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പക്ഷേ അവര്‍ക്ക് അത്തരം വലിയ റിസ്‌കുകള്‍ എടുക്കാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ ലാഭവിഹിതം പങ്കുവെക്കുന്ന രീതിയാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

110 മുതല്‍ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം. നിര്‍മാണ കമ്പനികളുമായി ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സഹകരിക്കാന്‍ അജിത്തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ തമിഴ് സിനിമയ്ക്ക് താരത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു. അജിത്ഇപ്പോള്‍ തന്നെ സാമ്പത്തികമായി സുരക്ഷിതനാണെന്നും പരസ്യങ്ങളിലൂടെയും മറ്റും മികച്ച വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിശ്ചിത പ്രതിഫലം എന്ന നിലപാടില്‍ അജിത്ത് ഉറച്ചുനില്‍ക്കുന്നത് സിനിമകളുടെ തുടര്‍ച്ചയെ ബാധിക്കുന്നുണ്ട്. തമിഴ് സിനിമാ വ്യവസായത്തെ സഹായിക്കുന്ന രീതിയിലുള്ള സമീപനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക