
ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. ഓം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2026 ഒക്ടോബര്‍ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
ഓം -ചാപ്റ്റര്‍ വണ്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍ 'ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ്. പക്കാ മാസ്സ് ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ല്‍ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ സായ് അഭ്യങ്കര്‍ ആണ് D55 നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. മലയാളി താരം ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.കാര്‍ത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവന്‍ നല്‍കുന്നത് എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുക.