Image

പെണ്ണുങ്ങൾ - ചിലരൊക്കെ  ( കവിത : ഷീജ അരീക്കര )

Published on 19 June, 2026
പെണ്ണുങ്ങൾ -  ചിലരൊക്കെ  ( കവിത : ഷീജ അരീക്കര )

ചില പെണ്ണുങ്ങൾ

വീട്ടിനകത്തിരുന്നു

പുറത്തേക്കു നോക്കുന്നു..

അവർ

ഉദയസൂര്യനെയും,

ആയിരം പക്ഷികളേയും,

ഭാരമില്ലാതൊഴുകുന്ന

വെള്ളിമേഘങ്ങളേയും,

മുല്ലവള്ളിയിലിരുന്ന്

ഊഞ്ഞാലാടുന്ന

ചിത്രശലഭങ്ങളേയും,

തുമ്പികളേയും

കാണുന്നു...

അവർ വളർത്തുന്ന

നദികളിൽ

മീനുകൾ 

കബഡി കളിക്കുന്നു..

അവർക്ക്

പെട്ടെന്ന് വയസ്സാവുന്നില്ല..

ചില പെണ്ണുങ്ങൾ

വീട്ടിനകത്തേക്ക് തുറക്കുന്ന

ജനാലകളിലൂടെ

വീടിനെ 

നോക്കിയിരിക്കുന്നു...

വീട്,

അവർക്ക്

പാകമായ

പല തരത്തിലുള്ള

ഉടുപ്പുകൾ

തയ്ക്കുന്നത്

നോക്കിക്കാണുന്നു...

ആ ഉടുപ്പുകളിടാൻ

വേണ്ടി

അവർ മാറ്റി വെച്ച

ആകാശത്തേയും

പക്ഷികളേയും

കാണുന്നു

തേഞ്ഞു തുടങ്ങിയ

സഹനം

അവരെ നോക്കി

കൊഞ്ഞനം കുത്തുന്നത്

കാണുന്നു...

അവർക്കു പെട്ടെന്നു

വയസ്സാവുന്നുണ്ട്...


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക