
കറുത്ത രാത്രിതന്‍ യാമങ്ങളില്‍
കണ്ണീരൊഴുക്കി പ്രാര്‍ത്ഥനയോടെ
കാത്തിരുന്നു മര്‍ദ്ദിതര്‍ ഒരൊറ്റ മനസ്സാ
സ്വാതന്ത്ര്യ രാവ് തന്‍ ധന്യനിമിഷത്തില്‍
അടിച്ചമര്‍ത്തപ്പെട്ടോര്‍ ഒത്തുചേര്‍ന്നു
ആദ്യത്തെ 'വാച്ച് നൈറ്റ്' സേവനങ്ങളില്‍
പ്രതീക്ഷതന്‍ തിരിനാളം നെഞ്ചിലേറ്റി
വിമോചന വിളംബരം കാത്തുനിന്നു...
അമേരിക്കയിലെ അടിമത്തത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രശസ്തമായ ആഘോഷമായി ജൂണും നയന്റീന്‍ന്തും ചേര്‍ന്ന 'ജൂണ്‍ടീന്ത്' മാറിയിരിക്കുന്നു. ചിലര്‍ ഇതിനെ അമേരിക്കയുടെ രണ്ടാമത്തെ സ്വാതന്ത്ര്യദിനമായിപ്പോലും വീക്ഷിക്കുന്നു. 1863 ജനുവരി 1-ന്റെ തലേന്ന്, അഥവാ 'ഫ്രീഡംസ് ഈവി'ലാണ് ആദ്യത്തെ വാച്ച് നൈറ്റ് ചടങ്ങുകള്‍ നടന്നത്. അന്ന് രാത്രി, അടിമകളാക്കപ്പെട്ടവരും സ്വതന്ത്രരുമായ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ രാജ്യത്തുടനീളമുള്ള പള്ളികളിലും വീടുകളിലും ഒത്തുകൂടി, വിമോചന പ്രഖ്യാപനം നിലവില്‍ വരുന്ന വാര്‍ത്തയ്ക്കായി കാത്തിരുന്നു. അര്‍ദ്ധരാത്രിയിലെ മണിമുഴക്കത്തോടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം ലഭിച്ചു, കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളിലെ എല്ലാ അടിമകളും നിയമപരമായി സ്വതന്ത്രരാക്കപ്പെട്ടു.
കറുത്തവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള യൂണിയന്‍ സൈനികര്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും തോട്ടങ്ങളിലേക്കും മാര്‍ച്ച് ചെയ്യുകയും വിമോചന പ്രഖ്യാപനത്തിന്റെ ലഘുലേഖകള്‍ വായിച്ചുകൊണ്ട് സ്വാതന്ത്ര്യവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍, പതിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമാണ് അമേരിക്കയിലുടനീളം അടിമത്തം പൂര്‍ണ്ണമായി അവസാനിച്ചത്. കോണ്‍ഫെഡറേറ്റ് പ്രദേശങ്ങളിലെല്ലാവര്‍ക്കും ഉടനടി സ്വാതന്ത്ര്യം ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1863-ല്‍ വിമോചന പ്രഖ്യാപനം നിലവില്‍ വന്നുവെങ്കിലും, കോണ്‍ഫെഡറേറ്റ് ഭരണത്തിന്‍ കീഴിലായിരുന്ന സ്ഥലങ്ങളില്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. തല്‍ഫലമായി, കോണ്‍ഫെഡറേഷന്റെ ഏറ്റവും പടിഞ്ഞാറുള്ള സംസ്ഥാനമായ ടെക്‌സസിലെ അടിമകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ വളരെ വൈകി.
ഒടുവില്‍ 1865 ജൂണ്‍ 19-ന് രണ്ടായിരത്തോളം വരുന്ന യൂണിയന്‍ സൈനികര്‍ ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയില്‍ എത്തിയതോടെ ആ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമായി. സംസ്ഥാനത്തെ 250,000-ലധികം വരുന്ന കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ ഭരണകൂടത്തിന്റെ ഉത്തരവിലൂടെ സ്വതന്ത്രരായതായി സൈന്യം പ്രഖ്യാപിച്ചു. ടെക്‌സസിലെ പുതുതായി സ്വാതന്ത്ര്യം ലഭിച്ച ജനങ്ങള്‍ ഈ ദിവസത്തെ 'ജൂണ്‍ടീന്ത്' എന്ന് വിളിച്ചു.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് അമേരിക്കയിലെ ആദ്യകാല കോളനികള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള 'സ്വാതന്ത്ര്യ പ്രഖ്യാപന' ഒപ്പുവെക്കലിന്റെ വാര്‍ഷികമായി അമേരിക്കക്കാര്‍ പരമ്പരാഗതമായി ജൂലൈ 4 ആഘോഷിക്കാറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, 1776-ലെ ആ ദിവസം യു.എസില്‍ ജീവിച്ചിരുന്ന എല്ലാവരും സ്വതന്ത്രരോ അവിടുത്തെ പൗരന്മാരോ ആയിരുന്നില്ല. അടിമകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിലേക്കുള്ള വഴി വീണ്ടും 89 വര്‍ഷത്തോളം നീണ്ടതും കഠിനവുമായിരുന്നു. ഈ കാലയളവിനിടയില്‍, 1863 ജനുവരി 1-ന് 'വിമോചന പ്രഖ്യാപനം' ഒപ്പുവെക്കപ്പെട്ടു. യൂണിയനെതിരെ കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ അടിമകളാക്കപ്പെട്ട എല്ലാ മനുഷ്യരും ''അന്നുമുതലും ഇനി അങ്ങോട്ടും എന്നെന്നേക്കുമായി സ്വതന്ത്രരായിരിക്കും...'' എന്ന് അത് പ്രഖ്യാപിച്ചു. എന്നാല്‍, ഈ വാര്‍ത്ത ഗാല്‍വെസ്റ്റണില്‍ എത്താന്‍ പിന്നെയും രണ്ടര വര്‍ഷത്തോളം സമയമെടുത്തുവെന്നതാണ് യാഥാര്‍ത്ഥ്യം.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അടിമത്തത്തിന്റെ അന്ത്യം കുറിക്കുന്ന, രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്ന ഏറ്റവും പഴക്കമേറിയ അനുസ്മരണമാണ് ജൂണ്‍ടീന്ത്. അമേരിക്കന്‍ ചരിത്രം ആഘോഷിക്കേണ്ടത് പ്രധാനമാണ്. കാരണം ഈ രാജ്യത്തുടനീളമുള്ള ആളുകള്‍, കമ്മ്യൂണിറ്റികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അയല്‍ക്കാര്‍ എന്നിവരെന്ന നിലയില്‍ പഠിക്കാനും വളരാനും പരസ്പര ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും നടത്തുന്ന നിരന്തരമായ യാത്രയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. നമുക്ക് മുമ്പ് കടന്നുപോയവരുടെ ത്യാഗങ്ങളുടെയും അതിജീവനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായാണ് നമ്മള്‍ ഇന്ന് ഇവിടെയായിരിക്കുന്നത്. കൂടാതെ നമുക്കും ഭാവി തലമുറകള്‍ക്കും അര്‍ത്ഥവത്തായതും സംതൃപ്തവുമായ ജീവിതം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത കൊണ്ടുകൂടിയാണിത്.
ജൂണ്‍ടീന്ത് എന്നത് അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് നമ്മുടെ ഈ കുടിയേറ്റ ഭൂമികയുടെ ചരിത്രത്തിലെ പഠനാര്‍ഹമായ ഒരു അധ്യായവും സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണ്. വിമോചനത്തിന്റെ സന്ദേശം അതുവരെ നിഷേധിക്കപ്പെട്ടവരിലേക്ക് ഒടുവില്‍ എത്തിച്ചേര്‍ന്ന നിമിഷത്തെ അത് അനുസ്മരിക്കുന്നു. സ്വാതന്ത്ര്യം എന്നത് എല്ലാ അമേരിക്കക്കാര്‍ക്കും അവകാശപ്പെട്ട ഒരു മൂല്യമാണെന്ന് അത് ഉറപ്പിച്ചു പറയുന്നു. സമ്പല്‍ സമൃദ്ധവും ഭാസുരവുമായ ഒരു ഭാവിയിലേക്കുള്ള അമേരിക്കയുടെ പ്രയാണത്തെ ജൂണ്‍ടീന്ത് ആഘോഷങ്ങള്‍ സുഗമമാക്കുന്നു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലത്തും പ്രത്യാശ ഒരിക്കലും കൈവിടരുത് എന്ന മുദ്രാവാക്യമാണ് ജൂണ്‍ടീന്തിന്റെ ചരിത്രപരമായ പാരമ്പര്യം പഠിപ്പിക്കുന്നത്.