Image

പാണ്ടിക്കലം : കുമാരി എൻ കൊട്ടാരം

Published on 18 June, 2026
പാണ്ടിക്കലം  :  കുമാരി എൻ കൊട്ടാരം

വിവാഹ സമ്മാനങ്ങളിൽ അവൾ ഉപയോഗിക്കാനെടുത്ത ഒരേ ഒരു സാധനം ആ തെർമൽകുക്കറായിരുന്നു. രണ്ടു പേർക്കും ജോലിക്ക് പോകേണ്ടതുകൊണ്ട് എല്ലാം നേരത്തെ തയ്യാറാക്കേണ്ടതുണ്ട്. ഭർത്താവിൻ്റെ വീട്ടിലേക്ക് വരും മുമ്പ് തന്നെ അവൾ എല്ലാം പ്ലാൻ ചെയ്തിരുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് അരി തിളപ്പിച്ച് കുക്കറിൽ വയ്ക്കണം .കറിയ്ക്കുള്ള പച്ചക്കറികൾ ഒരുക്കി. ഫ്രിഡ്ജിൽ വയ്ക്കണം'

അഥവാ ഉണരാൻ വൈകിയാലും പെട്ടെന്ന് ജോലികൾ തീരണം.

ഭർത്താവിൻ്റെ വീട്ടിൽ അമ്മ മാത്രമേയുള്ളു. മൂത്ത മകനും കുടുംബവും വിദേശത്താണ്.

ഇളയമകന് വിദേശത്ത് ജോലി കിട്ടിയിട്ടും അമ്മ വിടാതിരുന്നതാണ്.

ഇളയ മകൻ കൂടെ വേണമത്രെ.

ഈ ആലോചന വന്നപ്പോൾ ആദ്യമവൾ എതിർത്തതാണ്.

"പട്ടണ ശീലങ്ങളും നാട്ടിൻ പുറശീലങ്ങളും തമ്മിൽ അടിവയ്ക്കും." അവൾ പറഞ്ഞു.

"ഒക്കെ നിൻ്റെ തോന്നലാ. നോക്ക് എല്ലാം കൊണ്ടും നല്ല ബന്ധമാണ്. അമ്മ മാത്രല്ലേയുള്ളു. പോരെടുക്കാൻ നാത്തൂനില്ല .ഏഷണി കൂട്ടാൻ ഏട്ടത്തിയില്ല. അവരങ്ങ് വിദേശത്തല്ലേ.

വല്ലപ്പോഴും വന്നാലായി.

അവനെ കണ്ടാലറിയാം ഒരു പാവത്താനാണെന്ന്. പിന്നെ നമ്മളേപ്പോലെ അഞ്ചു സെൻ്റും അത് നിറയെ ഒരു വീടുമല്ല അവർക്ക്. വലിയ പുരയിടമാ. പഴയതറവാടാ.

ഒന്നുമില്ലേലും വിഷമില്ലാത്ത അരീം പച്ചക്കറീം മാത്രമോർത്താൽ മതി .പിന്നെ മത്സ്യം വളർത്തലുണ്ട്, കോഴി വളർത്തലുണ്ട്. പശുക്കളുണ്ട് പാലും തൈരും മോരുമൊക്കെ ശുദ്ധമായത് .നിൻ്റെ പിറക്കാൻ പോകുന്ന മക്കളുടെ ഭാഗ്യമാമോളേ " അമ്മയിങ്ങനെ ഓരോന്നോരോന്നായി പറഞ്ഞപ്പോൾ അവൾക്കും തോന്നി വല്യ കുഴപ്പമില്ലെന്ന് .നിശ്ചയം കഴിഞ്ഞ് നാലു മാസം കഴിഞ്ഞായിരുന്നു വിവാഹം.

ആ നാലു മാസം കൊണ്ട് അവർ തമ്മിൽ പറയാത്തതായി ഒന്നുമില്ല.

ഇനി ആ ദിവസം വന്നാൽ മാത്രം മതി. അങ്ങനെ കൗണ്ട് ഡൗൺ പൂജ്യത്തിലെത്തി.

പുതിയ ഒരു വീട്ടിലേക്ക് വരുന്നു എന്ന പരിഭ്രമമൊന്നും അവൾക്കുണ്ടായില്ല. ആ വീടിൻ്റെ മുക്കും മൂലയും വരെ അയാളുടെ വാക്കുകളിലൂടെ അവൾക്ക് സുപരിചിതമായിരുന്നു. അധികം ലീവൊന്നും രണ്ടു പേരും എടുത്തില്ല. ഒരുമിച്ച് ജോലിക്ക് പോവുകയും വരുകയും ചെയ്യാം. അവളുടെ സ്ക്കൂളും അയാളുടെ ഓഫീസും അടുത്തടുത്താണ്.

വിവാഹ ശേഷമുള്ള കുറച്ചു ദിവസങ്ങളിൽ യാത്ര തന്നെയായിരന്നു.

ഓഫീസിൽ പോകേണ്ടതിൻ്റെ തലേ ദിവസം രാത്രി കിടപ്പുമുറിയിലെത്തിയ അവൾ:

"നിങ്ങളേയും നിങ്ങളുടെ വീട്ടിലേയും എല്ലാ കാര്യങ്ങളും അറിയാമെന്ന് അഹങ്കരിച്ചു ഞാൻ. എന്നിട്ട് നാലുമാസം നാലു മാസം ഉണ്ടായിരുന്നിട്ടും വീട്ടിലെ പട്ടിയേക്കുറിച്ചും പൂച്ചയേക്കുറിച്ചും, എലി, പാറ്റ ,പഴുതാര എന്നു വേണ്ട കട്ടുറുമ്പ് കടിച്ച കാര്യം വരെ പറഞ്ഞില്ലേ നിങ്ങൾ .? എന്നിട്ട് ആ ഒരൊറ്റ ക്കാര്യം എന്തിനു മറച്ചുവച്ചു?"

"ഏതു കാര്യം?

"ഏതു കാര്യമാണെന്ന് അറിയില്ല അല്ലേ?

" പറയാതെ എങ്ങനെ അറിയും?.

" പാണ്ടിക്കലത്തിൻ്റെ കാര്യം?"

"പാണ്ടിക്കലമോ?!"

"ഓ - ഇനിപ്പോ അങ്ങനെയൊന്ന് കേട്ടിട്ടേയില്ലാരിക്കും"

"എന്താന്നു വച്ചാ തെളിച്ചു പറ"

' നാളെ നമുക്ക് ജോലിക്ക് പോകേണ്ടതല്ലേ.ഞാൻ ചോറ് തിളപ്പിച്ച് തെർമൽ കുക്കറിൽ വയ്ക്കാമെന്നു കരുതി "

" എന്നിട്ട്?"

"എന്നിട്ടെന്താ അമ്മ സമ്മതിച്ചില്ല."

"അതെന്താ ?"

" കുന്തം ! പാണ്ടിക്കലത്തിലേ ചോറു വയ്ക്കാവൂന്ന്. അതും വിറകടുപ്പിൽ.. രാവിലെ ആദ്യം അരി അടൂപ്പത്തിട്ടു കഴിഞ്ഞേ മറ്റെന്തും ചെയ്യാവൂന്ന്. അതും കുളിച്ചിട്ട്.. സ്ക്കൂളിൽ പോകുന്ന കാലം തൊട്ടേ ഞാൻ രാവിലെ മേല് കഴുകാറേയുള്ളു. തല കുളിക്കാറില്ല."

"അത് സാരമില്ല ശീലമായിക്കോളും."

"അങ്ങനെ എൻ്റെ ശീലം മാറ്റാൻ നോക്കേണ്ട. പിന്ന... ഇപ്പോ ആരാ പാണ്ടിക്കലത്തിലൊക്കെ ചോറു വയ്ക്കുന്നേ.

എല്ലാ പാണ്ടിക്കലങ്ങളേം പരിചയപ്പെടുത്തിത്തന്നു അമ്മ.ആ പത്തായപ്പുരയിൽ പലവലിപ്പത്തിലുള്ള എത്ര പാണ്ടിക്കലങ്ങളാ. ഞാനാദ്യമായിട്ടാ ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുന്നത്, എല്ലാത്തിനും ഓരോ കഥയുണ്ടത്രെ !,

അമ്മയെ ഇവിടെ കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ അച്ഛൻ ആദ്യമായി വാങ്ങിക്കൊടുത്തത്

പാ- ണ്ടി - ക്കലേ എന്ന് വിളിച്ചു കൂകി വന്ന ഒരു പാണ്ടിക്കാരനോട് ലക്ഷണമൊത്ത ഒരു പാണ്ടിക്കലാത്രെ!"

"ഇതൊന്നും എനിക്കറിയില്ല"

"ഇതു മാത്രമൊന്നുമല്ല.തലവേദനയെടുക്കുന്നു എന്ന് പറഞ്ഞ് ഞാൻ രക്ഷപെട്ടു പോന്നതാ..."

"തല്ക്കാലം വന്നുകിടക്ക്. നേരം ഒരു പാടായി "

"പാണ്ടിക്കലത്തിൻ്റെ കാര്യം അറിയില്ല എന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കില്ല.

ഇതിനൊരു തീരുമാനം പറ എന്നിട്ട് കിടക്കാം "

"ഏതിന് ?"

"പാണ്ടിക്കലത്തിന് "

"അച്ഛനേപ്പോലെ ഞാനും വാങ്ങിച്ചു തരട്ടെ?"

"എന്ത് ?"

"ഒരു പാണ്ടിക്കലം"

"ദേ എനിക്ക് ദ്യേഷ്യം വരുന്നുണ്ട് കേട്ടോ.

എൻ്റമ്മയോട് ഞാനന്നേ പറഞ്ഞതാ എനിക്കീ നാട്ടുമ്പുറക്കല്യാണം വേണ്ടെന്ന് "

"താനൊന്നുവല്ലേലും ഒരു ടീച്ചറല്ലേടോ. പാണ്ടിക്കലത്തിൽ ചോറു വയ്ക്കുന്നതിൻ്റെ പേരിൽ ഇത്ര പരാതിയും പരിഭവവുമെന്തിന്?"

"നിങ്ങൾക്കതു പറയാം. കഷ്ടപ്പെടുന്നതു ഞാനല്ലേ .ആരാണോ ഈ പാണ്ടിക്കലം കണ്ടു പിടിച്ചത്."

"എടോ നാട്ടിൽ പുറം നന്മകളാൽ സമൃദ്ധം എന്ന് കേട്ടിട്ടില്ലേ? ഇവിടെയും ആ നന്മയുണ്ടെടോ' .അമ്മ എന്നും അതിരാവിലെ എണീക്കും. ചോറൊക്കെ വിറകടുപ്പിൽ അമ്മ വച്ചോളും.താൻ മറ്റു കാര്യങ്ങളൊക്കെ ചെയ്താൽ മതി. പക്ഷേ ഒരു നാൾ അമ്മയ്ക്കു വയ്യാതായാൽ

അമ്മചെയ്യുന്ന ജോലിയൊക്കെ താൻ ചെയ്യണം.

പാണ്ടിക്കലത്തിൽ ചോറു വയ്ക്കുന്നതുൾപ്പെടെ .

അത് കൊണ്ട് അമ്മയുടെ ആരോഗ്യത്തിനായി നന്നായി പ്രാർത്ഥിച്ചിട്ട് വന്നുകിടന്നോളൂ."

"ഈശ്വരാ

ദാമ്പത്യത്തിൽ പാണ്ടിക്കലത്തിന് ഇത്രേം സ്ഥാനമുണ്ടെന്ന് ആരറിഞ്ഞു. "

(ഇനിയിപ്പോൾ മറ്റേക്കാര്യം പറഞ്ഞില്ലെങ്കിൽ അതും കുഴപ്പമായാലോ പറഞ്ഞേക്കാം.)

" അതേ പറയാത്തതായി ഇനിയുമുണ്ട് കാര്യങ്ങൾ "

"ഓഹോ ഇനിയുമുണ്ടോ?

കേൾക്കട്ടെ"

"പിന്നേയ്... തന്നെ തൻ്റെ വീട്ടിൽ നിന്നോ കൂട്ടുകാരോ വല്ലോം വിളിച്ചാലോ താനങ്ങോട്ടു വിളിച്ചാലോ അമ്മയ്ക്ക് മനസ്സിലാവില്ലല്ലോ എന്ന് കരുതി ചാണകത്തിൻ്റേം കോഴിക്കാഷ്ടത്തിൻ്റേം പാണ്ടിക്കലത്തിൻ്റേയുമൊക്കെ കാര്യം ഇംഗ്ലീഷിൽ വച്ചു കാച്ചിയേക്കരുത്"

" അതെന്താ?

" അമ്മയ്ക്ക് തന്നേക്കാൾ പഠിപ്പുണ്ട് "

"ങേ!!!! "

" ഇത്രേം ഞെട്ടേണ്ട കാര്യമില്ല "

" അപ്പോ അച്ഛനോ?

" അച്ഛൻ 7-ാം ക്ലാസ്സ് "

"ങേ!! അതെങ്ങനെ?"

"അതോ .പ്രീഡിഗ്രി കഴിഞ്ഞ് തുടർന്ന് പഠിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട് പഠിപ്പു നിർത്തിയതാണമ്മ .

അച്ഛൻ്റെ ആലോചന വീട്ടുകാർക്ക് അനുഗ്രഹമായിട്ടാ തോന്നിയത്.

ഇത്രയും വലിയ തറവാട്ടിലേക്ക് മകളെ അയയ്ക്കുന്നതിൽ സന്തോഷമായിരുന്നു അവർക്ക് ."

"അമ്മയ്ക്കോ?"

"മറ്റെന്തു നിവൃത്തി. കല്യാണം കഴിഞ്ഞപ്പോൾ അമ്മയുടെ ആഗ്രഹം പറഞ്ഞു.സംഗീതം പഠിക്കണം.

അച്ഛൻ്റെ അച്ഛൻ സമ്മതിച്ചില്ല.

പക്ഷേ അച്ഛനും

അച്ഛമ്മയും സന്തോഷിക്കുകയാണ് ചെയ്തത് "

"അതെന്താ?

"അച്ഛന് വിക്കുണ്ടായിരുന്നു. അത് കാരണം കല്യാണം നടക്കാതിരിക്കയായിരന്നു. അച്ഛൻ പഠിത്തം നിർത്താൻ കാരണവും വിക്ക് എന്ന വില്ലനാണ്..വിക്കുള്ള മകൻ്റെ ഭാര്യ സംഗീതജ്ഞയാകുന്നതിൽ അമ്മ അഭിമാനിച്ചു.

അവർ അമ്മയെ പഠിപ്പിച്ചു.

മ്യൂസിക് എം.എ ആണ് അമ്മ. കച്ചേരിയൊക്കെ നടത്തുമായിരുന്നു. സംഗീത ക്ലാസ്സ് നടത്തിയിരുന്നു. അച്ഛൻ്റെ മരണശേഷം പാട്ട് ഉപേക്ഷിച്ചു അമ്മ. ഉപേക്ഷിച്ചു എന്ന് പറയാനും പറ്റില്ല .അച്ഛൻ്റെ ഫോട്ടോയ്ക്കു മുന്നിൽ നിന്ന് അച്ഛനിഷ്ടപ്പെട്ട കീർത്തനം പാടി കേൾപ്പിക്കാറുണ്ട് . ചിലപ്പോഴൊക്കെ ഞാൻ ഒളിച്ചു നിന്നു കേൾക്കും. "

"താൻ എന്താ കണ്ണു നിറച്ചിരിക്കുന്നെ?"

"ഞാൻ തന്നെ രാവിലെ എണീറ്റ് കുളിച്ച് പാണ്ടിക്കലത്തിൽ ചോറു വച്ചോളാം. ഇത്രേം കാലം അമ്മ ചെയ്തത് ഇനി ഞാൻ ചെയ്തോളാം.

എൻ്റെ കൂടെ ഒന്നു വരുമോ എനിക്ക് അമ്മയോട് സോറി പറയണം".

"എന്തിന്?

" അതേ ഞാനേ വീട്ടിന്ന് വിളിച്ചപ്പഴേ... ഇഗ്ലീഷിൽ .. --- "

"സോറി ഒന്നും പറയേണ്ട അമ്മയോട് . നിൻ്റെ ഇംഗ്ലീഷ് അത്ര പോരാന്ന് മലയാളത്തിൽ ചിരിച്ചോണ്ട് ഇംഗ്ലീഷിൽ പറഞ്ഞാരുന്നു അമ്മ. പാണ്ടിക്കലത്തിനു നീ എന്താ ഇംഗ്ലീഷിൽ പറഞ്ഞത് ?ചാണകത്തിൻ്റെ ഇംഗ്ലീഷ് കറക്ടായറിയാം.

അത് പിന്നെ തലയിലുള്ളതാണല്ലോ "

"ഒരബന്ധമൊക്കെ ആർക്കും പറ്റും "

"തീർച്ചയായും.

"പിന്നേ ആ പാണ്ടിക്കലത്തിന് ഞാൻ പറഞ്ഞ ഇംഗ്ലീഷ് ആരോടും പറയല്ലേ."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക