
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 22 മുതല്‍ 25 വരെ ന്യൂജേഴ്‌സിയില്‍ വെച്ച് നടത്തപ്പെടുന്ന 37-ാമത് യൂത്ത്-ഫാമിലി കോണ്‍ഫറന്‍സില്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ നിദാന്ത. വന്ദ്യ. ദിവ്യശ്രീ. മഹിമ. ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. മലങ്കര സഭയുടെ പ്രാദേശിക തലവനായി ഉയര്‍ത്തപ്പെട്ട ശേഷം ഇദംപ്രഥമമായി അമേരിക്കന്‍ ഐക്യനാടുകളില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തുന്ന ബാവാ തിരുമനസ്സിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ പോള്‍ തോട്ടക്കാട്(ഡാളസ്), ഭദ്രാസന ട്രഷറര്‍ ശ്രീ.സിമി ജോസഫ്(ഹൂസ്റ്റണ്‍), ജോയിന്റ് സെക്രട്ടറി റവ.ഫാദര്‍. ബെല്‍സണ്‍ കുറിയാക്കോസ്(ന്യൂയോര്‍ക്ക്), ഭദ്രാസന ജോയിന്റ് ട്രഷറര്‍. ശ്രീ.ബോബി കുറിയാക്കോസ് കറുകയില്‍(ന്യൂജേഴ്‌സി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ട്രൈസ്‌റ്രേറ്റ് ഏരിയയില്‍ ഏറെ പ്രശസ്തമായ സഫേണിലുള്ള DMZT യില്‍ വെച്ച് ജൂലൈ 22-ാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രേഷ്ഠ ബാവ തിരുമനസ്സിന്റെ ബഹുമാനാര്‍ത്ഥം നടത്തപ്പെടുന്ന ഉജ്ജ്വല ബാങ്ക്വറ്റോടെ കോണ്‍ഫറന്‍സിന് തുടക്കം കുറിക്കും. ശ്രേഷ്ഠ ബാവ തിരുമനസ്സിനൊപ്പം സിറിയക്ക് ഓര്‍ത്തഡോക്‌സ് ഈസ്‌റ്റേണ്‍ യു.എസ്.എ. ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ കവാക്ക് ഡയനീഷ്യസ് മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ആയൂബ് മോര്‍ സില്‍വാനോസ്, അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത, ഇതര സഭാദ്ധ്യക്ഷന്‍മാര്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍, ഭദ്രാസന കൗണ്‍സിലംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ പങ്കെടുക്കുന്നതാണ്.

വേദശാസ്ത്രരംഗത്തെ പ്രമുഖനും, എഴുത്തുകാരനും, ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലുള്ള തിയോളജിക്കല്‍ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസറുമായ റവ.ഡോ.ജേക്കബ് ജോസഫ് ആണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രഭാഷകന്‍. 'യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍; അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍'(ഏശായാ:55:6) എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം. റവ.ഫാ.ജോസഫ് ഷമ്മാസ്(ഈസ്റ്റേന്‍ ആര്‍ച്ച് ഡയോസിസ്) യുവജന സമ്മേളനങ്ങള്‍ക്ക് മുഖ്യസന്ദേശം നല്‍കും.
നാലുദിനരാത്രങ്ങളിലായി നടത്തപ്പെടുന്ന കുടുംബ സംഗമത്തില്‍ മുഖ്യചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ സെഷനുകള്‍, പാനല്‍ ചര്‍ച്ചാസമ്മേളനങ്ങള്‍, യാമപ്രാര്‍ത്ഥനകളും ആരാധനാ ശുശ്രൂഷകളും, കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പ്രത്യേക സിംബോസിയങ്ങള്‍, വര്‍ണ്ണവൈവിധ്യവും കലാമേന്‍മയുള്ളതുമായ ആകര്‍ഷങ്ങളായ പരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ഏറെ പ്രത്യേകതകളുള്ളതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാലുദിനങ്ങളിലും പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഏകദിന പ്രവേശന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെയും ഭദ്രാസന കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇതര കൗണ്‍സില്‍ അംഗങ്ങളായ വെരി.റവ.ജോസഫ് സി. ജോസഫ് കോറെപ്പിസ്‌ക്കോപ്പ, റവ.ഫാ.കുറിയാക്കോസ് പുതുപ്പാടി, റവ.ഫാ.എബി മാത്യു, ശ്രീ.അലക്‌സ് ജോര്‍ജ്, ഷെവലിയന്‍ ജയമോന്‍ സ്‌ക്കറിയ, ശ്രീ.എല്‍ദോസ് യോയാക്കി, ശ്രീ.ജിനു മഠത്തില്‍, ശ്രീ.റോയി മാത്യു, ശ്രീ.സാബു സ്‌ക്കറിയ, ശ്രീ.ജോയി ഇട്ടന്‍, ശ്രീ.ഷൈന്‍ മത്തായി, വൈദീക സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, ഭക്തസംഘടനകളുടെ ചുമതലുള്ള റവ.ഫാ.അബിലാഷ് ഏലിയാസ്(വനിതാ സമാജം), റവ.ഫാ. തോമസ് കുരുവിള പൂതികോട്ട്(സെന്റ് പോള്‍സ് ഫെല്ലോഷിപ്പ്), റവ.ഫാ. തോമസ് കോര(സണ്ടേ സ്‌ക്കൂള്‍) തുടങ്ങിയവരും ജനറല്‍ സെക്രട്ടറിമാരും കോണ്‍ഫറന്‍സിന്റെ കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ ഭദ്രാസന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ് www.malankara.com
വാര്‍ത്ത : ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്