
സിലിഗുരിയിൽ നിന്ന് ഗാങ്ടോക്കിലേക്കുള്ള വഴികളും സിക്കിമിൽ പൊതുവെ സഞ്ചരിക്കുന്ന എല്ലാ വഴികളും ഏതുസമയത്തും മണ്ണിടിച്ചിൽ വരാവുന്നവ തന്നെയാണെന്ന് അവിടെയെത്തുമ്പോൾ മനസ്സിലാകും. എന്നാൽ സിക്കിമിന്റെ വടക്കൻ പ്രദേശം സ്ഥിരമായ യാത്രാപ്രശ്നങ്ങൾ ഉണ്ടാവുന്ന പ്രദേശമാണ്. ഞാൻ ഗാങ്ടോക്കിൽ താമസിക്കുമ്പോൾ നോർത്ത് സിക്കിം യാത്ര ഒഴിവാക്കണമെന്നാണ് മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ ഉണ്ടായിരുന്ന പലരും അഭിപ്രായപ്പെട്ടത്. ഇന്റലിജൻസ് ബ്യുറോയിൽ നിന്നുള്ള ഒരാളും അതുതന്നെ പറഞ്ഞു.
നോർത്ത് സിക്കിം പോകാതെ എന്തു സിക്കിം? എന്ന ചിന്തയിൽ അപായഭീതിയെ നേരിടാൻ മനസ്സു പാകപ്പെടുത്തി. സിക്കിമിൽ ഞാൻ ഒറ്റയ്ക്കാണ് പോയിരുന്നത്. അതുകൊണ്ട് ഒരു കൈനോക്കാം എന്നു വിചാരിച്ചു. നോർത്ത് സിക്കിമും നാഥുലാ പാസും പോലെയുള്ള ദുർഘടമായ ഉയരപ്പാതകളിലേയ്ക്ക് കാറുകൾക്ക് അനുവാദമില്ല. അതിനാൽ വലിയ വണ്ടിയുമായി ദീപൻ എന്നൊരു പുതിയ ഡ്രൈവറാണ് വന്നത്. അയാളും ചെറുപ്പക്കാരനായിരുന്നു. നമുക്കു നോക്കാം ഇല്ലെങ്കിൽ തിരിച്ചുവരാം എന്ന് അയാൾ പറഞ്ഞു. അങ്ങനെ അതിരാവിലെ പുറപ്പെട്ടു.

ഗാങ്ടോക്കിൽ നിന്ന് വനമേഖലയിലൂടെ സഞ്ചരിച്ച് ആദ്യം ഒരു ചെറു പട്ടണത്തിലെത്തി. ചായ കുടിച്ച് വീണ്ടും യാത്രതുടങ്ങി. അധികം വൈകാതെ 'റേറ്റ് ചു' എന്ന ചെറിയ അരുവിയുടെ കുറുകെയുള്ള പാലം കടന്ന് കബി എന്ന സ്ഥലത്തെത്തി. കബിയ്ക്കടുത്താണ് ബാക്ക്ചാ പാലം. വടക്കൻ സിക്കിമിലേക്കുള്ള ഹൈവേ 10 ലെ ഒരു പാലമാണിത്. പാലത്തിനു സമീപമുള്ള പ്രകൃതിഭംഗിയാണ് ഈ പാലത്തെ സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഡിക് ചു എന്ന നദിയാണ് കാതിന് ഇമ്പമേകിക്കൊണ്ട് താഴെ ഒഴുകുന്നത്. കിഴക്കുപടിഞ്ഞാറായാണ് ഇതൊഴുകുന്നത്. അതുകൊണ്ട് ഗാങ്ടോക്കിൽ നിന്ന് നോർത്ത് സിക്കിമിലേക്കുള്ള പ്രധാന പാലമായി ഇതിനെ കണക്കാക്കുന്നു. ഡിക് ചു കുറേ ദൂരം ചെല്ലുമ്പോൾ നമ്മൾ നേരത്തെകണ്ട റേറ്റ് ചു അതിലേക്ക് വന്നു ചേരുന്നുണ്ട്. അതുപോലെ മറു വശത്തുനിന്നും സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടവും ഡിക് ചുവിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഒടുവിൽ ഈ നീരൊഴുക്ക് ചെന്നെത്തുന്നത് ടീസ്റ്റാ നദിയിലേക്കാണ്.
ദേശീയ പാതയ്ക്ക് പകരം ഗാങ്ടോക്ക്-ചുങ്താങ് റോഡിലൂടെയാണ് യാത്രയെങ്കിൽ നമുക്ക് ടീസ്റ്റാ നദിയുടെ തൊട്ടു സമാന്തരമായി യാത്രചെയ്യാം. മാത്രവുമല്ല ഡിക് ചു ടീസ്റ്റയിലെത്തിച്ചേരുന്ന സംഗമസ്ഥാനത്തിന്റെ ഭാഗത്ത് പാലത്തിലൂടെ സഞ്ചരിക്കാം. എന്നാൽ ആ വഴി പലപ്പോഴും അടച്ചിടുന്ന പതിവുണ്ട്. എനിക്കു പോകേണ്ട ദിവസവും ആ വഴി അടയ്ക്കുന്നതായി അറിയിപ്പു വന്നിരുന്നു.

അധികസമയം ബാക്ക്ചാ പാലത്തിൽ ചെലവഴിച്ചില്ല. അതൊരു നഷ്ടമായിപ്പോയി എന്ന് പിന്നീട് തോന്നി. എന്നാൽ ലാചുങ് എത്തുക എന്നതാണ് തൽക്കാലം സുപ്രധാനമെന്നതുകൊണ്ട് അപ്പോൾ ആ തീരുമാനമേ എടുക്കാനാവുമായിരുന്നുള്ളൂ. അവിടുന്ന് അങ്ങോട്ടുള്ള വഴിയിൽ മണ്ണിടിച്ചിൽ മൂലം മൂന്നു മണിക്കൂർ കിടന്നുപോയപ്പോൾ തീരുമാനത്തിൽ തെറ്റില്ല എന്ന് തോന്നി. ടൂങ് എന്ന സ്ഥലത്തെ ചെക്ക് പോസ്റ്റിലാണ് ഞങ്ങളെ തടഞ്ഞത്. അതിനടുത്ത് ചെറിയൊരു ചായക്കടയുണ്ടായിരുന്നതുകൊണ്ട് മാഗ്ഗി കഴിച്ച് വിശപ്പടക്കാൻ കഴിഞ്ഞു.
മണ്ണിടിച്ചിൽ ഭാഗത്ത് ചെറിയതോതിൽ മണ്ണുമാറ്റിയപ്പോൾ തന്നെ ചെറുവാഹനങ്ങൾ പൊയ്ക്കൊള്ളാൻ പട്ടാളത്തിന്റെ അനുമതി വന്നു. ലാചുങ് പട്ടാള സാന്നിധ്യമുള്ള പ്രദേശമായതുകൊണ്ട് അവരുടെ അനുമതിയില്ലാതെ സഞ്ചരിക്കാൻ കഴിയില്ല. ഞങ്ങൾ മംഗൻ എന്ന സ്ഥലം കടന്ന് ചുങ്താങ് എത്തി. മംഗൻ കഴിഞ്ഞ് കുറച്ചുദൂരം കഴിയുമ്പോൾ മുതൽ ലാചുങ് നദിയുടെ ഒഴുക്കിന് എതിരെ ഹൈവേയിലൂടെയാണ് നമ്മുടെ സഞ്ചാരം. ഇടയ്ക്ക് നമ്മൾ നദി കടക്കുമെന്ന് മാത്രം. ലാചുങ്ങിൽ നിന്നു വരുന്ന നദി അവിടെ നിന്നു വരുമ്പോൾ മംഗൻ എത്തുന്നതിനു മുൻപ് ടീസ്റ്റയിൽ ചെന്നു ചേരും. ചുങ്താങ് എന്നു പറയുന്നത് ഒരു കവലയാണ്. വടക്കൻ സിക്കിമിലെ രണ്ടു പ്രധാന സ്ഥലങ്ങളായ ലാചുങ്, ലാചെൻ എന്നീ സ്ഥലങ്ങളിലേക്ക് തിരിയുന്ന സ്ഥലം. ഞാൻ പോയ സമയത്ത് ലാചെൻ പൂർണ്ണമായും അടച്ചിട്ട അവസ്ഥയിലായിരുന്നു. റോഡ് ഗതാഗതം നിർത്തിവെച്ചിട്ട് ആഴ്ചകളോ മാസങ്ങളോ ആയിരുന്നു.

വൈകി ലാചുങ്ങിൽ എത്തി ഹോട്ടലിൽ ചെക്കിൻ ചെയ്‌തു. മുൻപെപ്പോഴോ മണ്ണിടിച്ചിൽ ഉണ്ടായ ഒരു ഭാഗത്ത് ലാചുങ് നദിയ്ക്കു കുറുകെ കെട്ടിയ ചെറുപാലം കടന്നായിരുന്നു ഹോട്ടലിലേക്കെത്തിയത്. പാലം കടന്ന ഉടനെത്തന്നെ ഒരു ചെറിയ പ്രാർത്ഥനാ മന്ദിരം കണ്ടിരുന്നു. അതിന്റെ ഭിത്തിയിൽ ഷാർചോക്കിലേക്കു സ്വാഗതം എഴുതിയിരുന്നു. നേരം വൈകിയതുകൊണ്ട് പുറത്തേക്കിറങ്ങിയില്ല. തെക്കേയിന്ത്യയിൽ ചെറിയൊരുകാലം ജോലിചെയ്തിരുന്ന ഒരാളാണ് അടുക്കളയുടെ ചുമതലക്കാരൻ. എന്തുവേണമെങ്കിലും പറഞ്ഞാൽ മതിയെന്ന് സന്തോഷത്തോടെ അയാൾ പറഞ്ഞു. കാര്യമൊന്നുമില്ല. ഹിമാലയൻ പ്രദേശങ്ങളിൽ അരിമാവ് പുളിക്കാത്തതുകൊണ്ട് പൊതുവെ ദോശ ഏർപ്പാടൊന്നുമില്ല. പെല്ലിങ്ങിൽ മാത്രമേ തെക്കേയിന്ത്യൻ വിഭവങ്ങൾ ഏതാണ്ട് നാട്ടിലെ സ്വാദോടെ കിട്ടിയുള്ളൂ.

രാവിലെ നേരത്തേയെഴുന്നേറ്റു പുറത്തിറങ്ങി. ഹിമാലയ പ്രദേശങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് നേരം പുലരുന്നത് കാണുന്നത് ആഹ്ലാദകരമായ അനുഭവമാണെന്നതുകൊണ്ട് അതൊഴിവാക്കാറില്ല. പരിചയമില്ലാത്ത വഴികളിലൂടെ നടന്നു നടന്ന് ലാചുങ് നദിയുടെ കുറുകെയുള്ള ഒരു ചെറുപാലത്തിൽ എത്തി. ഏറെനേരം നദിയെ കണ്ടും കേട്ടും ഇരുന്നശേഷം മടങ്ങുമ്പോൾ ഒരമ്മ ചിരിച്ചുകൊണ്ട് വന്ദനം പറഞ്ഞു. അറിയാവുന്ന ഭാഷയിൽ അവരോട് സംസാരിച്ചു. രാവിലെ പശുവിനെ മേയ്ക്കാൻ ഇറങ്ങിയതാണവർ. ഫോട്ടോയെടുക്കണ്ടേ എന്നിങ്ങോട്ട് ചോദിച്ചു. സെൽഫി എടുക്കാനായി തുടങ്ങിയപ്പോൾ അവർ അടുത്തുവന്നു ചേർന്നുനിന്നു. അമ്മയുടെ അടുത്തുനിന്നും അൽപ്പം കൂടി നടന്ന് കുത്തിയൊഴുകുന്ന മറ്റൊരു നീർച്ചോലയുടെ സമീപം നിൽക്കുമ്പോൾ എന്നെ നോക്കി നിന്ന രണ്ടു കുഞ്ഞുങ്ങൾക്ക് മിഠായി നൽകി. അവരെയും ചേർത്തുനിർത്തി ഒരു ചിത്രമെടുത്തു. അങ്ങനെ മനോഹരമായ ഒരനുഭവത്തോടെ വടക്കൻ സിക്കിമിലെ കാഴ്ചകൾക്കു തുടക്കമായി.