
വളരെ ആയാസപ്പെട്ട് ഭാരിച്ച പെട്ടിയെടുത്ത് സൈക്കിൾ റിക്ഷയിൽ വെച്ച് തിരിയുമ്പോൾ പിന്നിൽ നിന്നും അവൻ കൈ നീട്ടി.
“മാത്യു, കെമിസ്ട്രി.”
ഞാനും സൗഹാർദ്ദപൂർവ്വം കൈനീട്ടി.
“ശ്രീരാജ്, സുവോളജി.”
അങ്ങനെ ഞങ്ങൾ അവിടെ വച്ച് പരിചയപ്പെട്ടു. നാട്ടിൽ നിന്നും മൂന്ന് ദിവസം ഒരേ ട്രെയിനിൽ യാത്ര ചെയ്തിട്ടും ഞങ്ങൾ പരസ്പരം കാണുന്നത് കാൺപൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. കാരണം ഞങ്ങൾ രണ്ടും രണ്ട് കമ്പാർട്ട്മെന്റിൽ ആയിരുന്നു.
എനിക്ക് പിന്നിൽ വിശാലമായ കാൺപൂർ റെയിൽവേ സ്റ്റേഷൻ. അതിൻറെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും ഫ്ലൈഓവറിൽ പതിനാറ് പ്ലാറ്റ്ഫോം കടന്ന് പുറത്ത് എത്തുമ്പോൾ അരകിലോമീറ്ററോളം നടക്കേണ്ടി വന്നു.
എൻറെ കൈവശം വളരെ ഭാരിച്ച ഒരു പെട്ടിയാണ് ഉണ്ടായിരുന്നു. പി. ജി പഠിക്കാൻ തുടങ്ങുകയാണ്. അതിനാവശ്യമായ ബുക്കുകൾ പിന്നെ ചമ്മന്തിപ്പൊടി മുതൽ അവലേസുപൊടി വരെയുള്ള തീറ്റവിഭവങ്ങൾ വേറെയും. എല്ലാം കുത്തിനിറച്ച ഒരു വലിയ പെട്ടി. വളരെ ആയാസപ്പെട്ട് അതുമായിട്ട് ഞാൻ പുറത്തു വന്നു. പുറത്ത് ആദ്യം കണ്ട സൈക്കിൾ റിക്ഷയിൽ ഭാരിച്ച പെട്ടിയെടുത്തുവച്ചു തിരിയുമ്പോഴാണ് മാത്യുവിനെ പരിചയപ്പെടുത്തുന്നത്. മാത്യുവിനും ചെറുതല്ലാത്ത ഒരു പെട്ടിയുണ്ടായിരുന്നു.

വര:ദിനേഷ് പി ജി
ഞങ്ങൾ രണ്ടുപേരും രണ്ടു വശങ്ങളിലായി റിക്ഷയിൽ കയറിയിരുന്നു. സൈക്കിൾ റിക്ഷ സാവകാശം ആയാസപ്പെട്ട് ബഡാചൗരയിലേക്ക് നീങ്ങി. ബഡാചൗര കാൺപൂർ നഗരത്തിന്റെ ഹൃദയഭാഗമാണ്
മാത്യു ബഡാചൗരയിലെ സിവിൽലൈനിൽ താമസം തുടങ്ങി. നിയമ വിദ്യാർത്ഥികളായ മലയാളികളുടെ കൂടെ. മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് അതായിരുന്നു സൌകര്യം.
ഞാൻ നഗരത്തിൽ നിന്നും പതിനഞ്ചുകിലോമീറ്റർ അകലെ ഐ. ഐ. ടി ക്യാമ്പസിനോട് ചേർന്നുള്ള ഒരു വീട്ടിലും. അവിടെ എൻറെ സീനിയർ ഒരു വീട് എടുത്ത് താമസിച്ചിരുന്നു. ഞാൻ അദ്ദേഹത്തിൻറെ കൂടെക്കൂടി.
ഞങ്ങൾ കോളേജിൽ പോയിത്തുടങ്ങി. ഞാൻ മിക്കവാറും മാത്യുവിനെ കോളേജിൽ വെച്ച് കാണും.
ആദ്യ വർഷം കാര്യമായ സംഭവങ്ങൾ ഇല്ലാതെ കടന്നുപോയി. എന്നാൽ രണ്ടാം വർഷം മാത്യു സജീവമായി രാഷ്ട്രീയത്തിൽ ഇറങ്ങി. കോളേജ് രാഷ്ട്രീയം. അത് പിന്നീട് സംഭവബഹുലമായി.
മാത്യുവിന് നന്നായിട്ട് ഹിന്ദി അറിയാം. മുൻപ് മാത്യു നാഗാലാൻഡിൽ ആർമി ടീച്ചർ ആയിരുന്നു. അതുകൊണ്ട് ഭാഷാപരമായി പിടിപാട് വളരെ നന്നായിട്ടുണ്ട്.
ആദ്യ വർഷത്തിൽ നിന്നും വ്യത്യസ്തമായിരുന്നു രണ്ടാം വർഷം മാത്യു സജീവമായി രാഷ്ട്രീയത്തിൽ ഇറങ്ങി. കാരണം മാത്യുവിന്റെ അയൽവാസിയായ വിവേക് അവസ്തിയായിരുന്നു കോളേജിലെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ഡി. എ. വി. കോളേജിന്റെ ചെയർമാനാണ് മിക്കവാറും കാൺപൂർ സർവ്വകലാശാലയുടെ വിദ്യാർഥി മഹാമന്ത്രി ആവുക. അതൊരു വലിയ പദവിയാണ്. ആ പദവിക്കു വേണ്ടി മത്സരിക്കുന്ന ഒരുപാട് പേർ ഉണ്ട്.
വിദ്യാർഥി മഹാമന്ത്രി പദവി ഒരു വലിയ ചവിട്ടുപടിയാണ്. സാമാജിക രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടി.
കാണ്‍പൂരിലെ വിദ്യാർഥിരാഷ്ട്രീയം വളരെ മോശമാണ്. തനി ഗുണ്ടായിസം. ഗാവുകൾ കേന്ദ്രീകരിച്ചുള്ള ലോക്കൽ ദാദമാരാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്.

വര:ദിനേഷ് പി ജി
ഇവരിൽ ആരും തന്നെ സ്ഥിരമായി കോളേജിൽ വരാറില്ല. കോളേജ് ഇലക്ഷൻ ഒരു ചവിട്ടുപടിയാണ്. പ്രാദേശിക രാഷ്ട്രീയത്തില്‍ ഉയരാനുള്ള ചവിട്ടുപടി. കാരണം അവർ പിന്നീട് നിയമസഭാ സ്ഥാനാർത്ഥിയായും ലോകസഭാ സ്ഥാനാർഥിയായും മാറും.
ആര്യസമാജത്തിന്റെ കീഴിലുള്ളതാണ് ഡി. എ. വി. കോളേജ്. അവിടെ ഇലക്ഷൻ പക്കാ സെക്യൂരിറ്റിയിൽ ആണ് നടക്കുന്നത്. പോലീസ് സന്നാഹത്തോടെ നടക്കുന്ന ഒരു വലിയ മാമാങ്കം ആണ് തെരഞ്ഞെടുപ്പ്. കാരണം ഡി. എ. വി. യിലെ ചെയര്‍മാന്‍ ആണ് കാൺപൂർ യൂണിവേഴ്സിറ്റി ചെയർമാൻ അഥവാ വിദ്യാർത്ഥി മഹാമന്ത്രി ആവുക.
വിദ്യാർത്ഥി മഹാമന്ത്രി സർവ്വകലാശാല ഭരണത്തിൽ ഒരു നിർണായക ശക്തിയാണ്. വിദ്യാർത്ഥി മഹാമന്ത്രിയുടെ അഭിപ്രായം മിക്കവാറും സിൻഡിക്കേറ്റ് എന്ന ഭരണസമിതി അംഗീകരിച്ചു നടപ്പാക്കുകയാണ് പതിവ്. കൂടാതെ ഒരു വിദ്യാർത്ഥി മഹാമന്ത്രിക്ക് ഓഫീസ്, വാഹനം, സെക്യൂരിറ്റി എന്നിവയുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥി മഹാമന്ത്രി പദവി കളർഫുൾ ആണ്.
പൊതുവേ ആരും ഡി. എ. വി. യിൽ ഇലക്ഷന് വോട്ട് ചെയ്യാൻ പോകാറില്ല. ഭയം തന്നെ കാരണം. എപ്പോൾ വേണമെങ്കിലും നാടൻ ബോംബ് പൊട്ടാം.
ഡി. എ. വി. യിൽ പഠിക്കാൻ വരുന്ന മലയാളികൾ തെരഞ്ഞെടുപ്പിന് ഒരു മുതൽക്കൂട്ടാണ്. കാരണം അവർ വോട്ട് ചെയ്യും. ആ സ്ഥാനാർഥി മിക്കവാറും ജയിക്കും.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവേക് അവസ്തിക്കു വേണ്ടി മാത്യു രംഗത്തിറങ്ങി. ഏറെക്കുറെ വിവേകിന്റെ ജയം ഉറപ്പായിരുന്നു. എങ്കിലും സാധാരണപോലെ നോട്ടീസ്, പോസ്റ്റർ എന്നിവയുണ്ടായിരുന്നു. ഇതൊന്നും ആയിരുന്നില്ല പ്രധാന ഐറ്റം. അത് റോഡ് ഷോ ആണ്.
മത്സരാർത്ഥി നടത്തുന്ന റോഡ് ഷോയുടെ ശക്തിയും വലിപ്പവും ആണ് പലപ്പോഴും ജയപരാജയം തീരുമാനിക്കുന്നത്. വിവേക് നിരന്തരം വൈകുന്നേരങ്ങളിൽ റോഡ് ഷോ നടത്തി. അതിൻറെ അമരക്കാരൻ മാത്യു ആയിരുന്നു.
റോഡ് ഷോ എന്ന് പറഞ്ഞാല്‍, മെയിന്‍ റോഡ് നിറഞ്ഞ് രണ്ടു വരിയായി ബൈക്കുകൾ, അതിൽ കൂട്ടമായി ഹൈഡ്രജൻ നിറച്ച ബലൂണുകൾ. ബൈക്കിൽ രണ്ടുപേർ വീതം. അവർ ദേഹം മൊത്തം ചായം തേച്ച് അല്ലെങ്കിൽ കടുത്ത നിറമുള്ള ഡ്രസ്സ് ധരിച്ച് ഹോൺ അടിച്ച് ലൈറ്റ് ഇട്ടുപോകും. അതിനു പിന്നിൽ തുറന്ന ജീപ്പുകൾ. അതിൻറെ ആദ്യ ജീപ്പിൽ മത്സരാർത്ഥി. പിന്നാലെ മറ്റ് ജീപ്പുകൾ. ജീപ്പിൽ ഏറ്റവും ലേറ്റസ്റ്റ് അടിപൊളി ഹിന്ദി ഗാനം കാതടപ്പിക്കുന്ന ശബ്ദത്തിൽ വച്ചിരിക്കും. അതനുസരിച്ച് ജീപ്പിലും അതിനു പുറകിലുമായി ഡാൻസ് കളിക്കാൻ യുവനിര. അങ്ങനെ കുറഞ്ഞത് ഒരു ഡസന്‍ ജീപ്പുകള്‍. ഇതാണ് റോഡ് ഷോ.
ഈ കലാപരിപാടി വൻ സാമ്പത്തിക ചെലവുള്ളതാണ്. അതുകൊണ്ടു തന്നെ നല്ല പണമുള്ളവൻ മാത്രമേ മത്സരാർത്ഥി ആവു.
വിവേക് അവസ്തിയുടെ കൂടെ തുറന്ന ജീപ്പിൽ എപ്പോഴും മാത്യുവുണ്ടാകും. ഒരു ബോഡിഗാർഡ് പോലെ. അങ്ങനെ മാത്യു, അവൻ അറിയാതെ പലർക്കും ശത്രുവായി. ഒരു നോട്ടപ്പുള്ളിയുമായി.
ഇലക്ഷൻ കഴിഞ്ഞു. വിവേക് ജയിച്ചു. അതുകൊണ്ട് ഞങ്ങൾ മല്ലുസിന് ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്നു.
മാസങ്ങൾ കടന്നുപോയി. പരീക്ഷാക്കാലമായി.

വര:ദിനേഷ് പി ജി
കാണ്‍പൂര്‍ സർവ്വകലാശാലയുടെ രീതിയനുസരിച്ച് പി. ജി ഒന്നാംവർഷ പരീക്ഷ എഴുതി ജയിച്ചെങ്കിലേ രണ്ടാം വർഷം ഇരിക്കാൻ പറ്റു. ഒന്നാം വർഷം എന്നപോലെ രണ്ടാം വർഷവും പുതിയതായി അഡ്മിഷൻ എടുക്കണം. ഒന്നിച്ച് ആദ്യം തന്നെ ഫീസ് അടയ്ക്കുകയും വേണം. ഏതെങ്കിലും കാരണവശാൽ ഒന്നാംവർഷം ജയിച്ചില്ലെങ്കിൽ വീണ്ടും ഒന്നാം വർഷപരീക്ഷ വര്‍ഷാവസാനം എഴുതി ജയിക്കണം. എങ്കിലേ രണ്ടാം വർഷം അഡ്മിഷൻ എടുക്കാൻ പറ്റു. ചുരുക്കത്തിൽ ഒന്നാം വർഷം തോറ്റാൽ ഒരു വർഷം പോകും.
ഞാനും മാത്യുവും ആ കടമ്പ കടന്നതാണ്. ഇത് രണ്ടാം വര്‍ഷമാണ്. ഫൈനല്‍ എക്സാം.
കാണ്‍പൂര്‍ സർവ്വകലാശാല പരീക്ഷ വളരെ കാര്യക്ഷമതയോടെയാണ് നടത്തുന്നത്. സർവ്വകലാശാലയിലെ പരീക്ഷാരീതി, പരീക്ഷാദിനങ്ങളിൽ കോളേജിന്റെ പ്രധാന കവാടം മുതൽ പോലീസ് ഇരുവശത്തുമായി നില ഉറപ്പിക്കും. അവരുടെ മുന്നിൽ കൂടി വേണം പരീക്ഷാ ഹാളിലേക്ക് പോകേണ്ടത്. പോകുമ്പോൾ ഓരോ പോലീസുകാരനും ശരീര പരിശോധന നടത്തി കടത്തിവിടും. അതാണ് രീതി. ക്യാമ്പസിന്റെ അകത്ത് പരീക്ഷാ ദിനങ്ങളിൽ ഒരു ചെറിയ പേപ്പർ കഷ്ണം പോലും എവിടെയും കിടപ്പുണ്ടാകില്ല. അത്ര ക്ലീൻ ആയിരിക്കും ക്യാമ്പസ്.
എൻറെ ആദ്യ രണ്ടു പരീക്ഷ കഴിഞ്ഞു. ഒരു ശനിയാഴ്ച രാവിലെ റൂമിൽ വെറുതെ ഇരിക്കുമ്പോൾ മാത്യു പരിഭ്രമത്തോടെ കയറി വന്നു. വന്നത് അമ്പരപ്പിക്കുന്ന ഒരു വാർത്തയുമായാണ്. മാത്യുവിന്റെ സഹമുറിയനെ വെളുപ്പിനെ ആരോ വെട്ടി. അവന്‍ വെളുപ്പിന് മൂത്രമൊഴിക്കാൻ പുറത്തെ കാനയ്ക്ക് അരികിലെത്തി നിൽക്കുമ്പോഴാണ് സംഭവം.
വെട്ടേറ്റവൻ ഒരു പരീക്ഷ എഴുതിയതായിരുന്നു. പിന്നിൽ നിന്നും ആരോ ആഞ്ഞു വെട്ടുകയായിരുന്നു. കഴുത്ത് ലക്ഷ്യമാക്കി. എന്തോ ഒരു നിഴൽ പിന്നിൽ ഉയരുന്നത് കണ്ട് അവൻ കൈയ്യെടുത്ത് തടഞ്ഞപ്പോൾ കൈക്കാണ് വെട്ടേറ്റത്. കൈ നെടുകെ പിളര്‍ന്നു പോയി. എങ്കിലും ജീവന്‍ രക്ഷപ്പെട്ടു. ഉടൻതന്നെ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. കൈക്ക് പതിനേഴു സ്റ്റിച്ച് വേണ്ടിവന്നു. അവനെ ഡ്രസ്സ് ചെയ്ത് റൂമിൽ ആക്കിയിട്ടു വരികയാണ് മാത്യു.
മാത്യു ആകെ പരിഭ്രമിച്ചിട്ടുണ്ട്. കാരണം ആ വെട്ട് മാറിക്കൊണ്ടതാണെന്ന് അവനറിയാം. അത് അവനുള്ള സമ്മാനമായിരുന്നു. പ്രാദേശിക രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ പകപോക്കൽ. വെട്ടുകിട്ടിയത് ആകട്ടെ പഠിത്തം മാത്രം ശ്രദ്ധിക്കുന്ന ഒരു പാവത്താനും.
കാര്യങ്ങൾ അവിടെ നിൽക്കില്ല എന്ന് മാത്യുവിന് നന്നായി അറിയാമായിരുന്നു. കാരണം ലക്‌ഷ്യം മാത്യുവാണ്. വെട്ടിയവന് ആളു മാറിപ്പോയതാണ്.എന്തെങ്കിലും ചെയ്തേ പറ്റൂ. ഒളിച്ചോടാൻ പറ്റില്ല. വേറെ എങ്ങോട്ടും മാറാനും പറ്റില്ല. പരീക്ഷാക്കാലമാണ്. അതിലുപരി അഭിമാനത്തിന്റെ പ്രശ്നമാണ്.
വളരെ കൂടിയാലോചനക്ക് ശേഷം പ്രശ്നം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്‍ പ്രകാരം ഹിന്ദിയിൽ തയ്യാറാക്കിയ ഒരു പരാതിയുമായി ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി.
ഞങ്ങൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ ഇൻസ്പെക്ടർ ഉണ്ടായിരുന്നില്ല. സമയം രാത്രി എട്ടുമണി ആയിട്ടുണ്ട്. സബ്ഇൻസ്പെക്ടർ ഒരു കേസിന്റെ ആവശ്യത്തിന് പുറത്തുപോയിരിക്കുകയാണെന്ന് ഒരു പോലീസുകാരൻ പറഞ്ഞു. പിന്നീട് അദ്ദേഹം ഞങ്ങളുടെ പരാതി വായിച്ചുനോക്കി. പ്രത്യേക ഭാവമാറ്റം ഒന്നുമില്ലാതെ എസ്.ഐ. ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഞങ്ങളെ യാത്രയാക്കി. പുറത്തിറങ്ങുമ്പോൾ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി. ഈ പരാതി കാര്യമായി പരിഗണിക്കപ്പെടുകയില്ല. കാരണം പലപ്പോഴും വർഗീയ കലാപങ്ങളും കൊലപാതകങ്ങളും ആക്സിഡന്റുകളും നടക്കുന്ന, അങ്ങനെ ഒരുപാട് പേർ മരിക്കുന്ന, നഗരമാണ് കാണ്‍പൂര്‍. അവിടുത്തെ പോലീസിന് മരണം, ആക്രമണം ഇതൊന്നും ഒരു പുതുമയല്ല. വധിക്കപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. അതിന്‍റെ ഇടയിൽ കേവലം ഒരു വെട്ടുകേസ്. അതും മദ്രാസികളായ വിദ്യാർത്ഥികൾക്ക് നേരെ. അതിനത്ര പ്രാധാന്യമുള്ളതായി ആരെങ്കിലും കണക്കാക്കുമെന്ന് ഞങ്ങൾ കരുതിയില്ല. പിന്നെ ഔപചാരികമായി ഒരു പരാതി കൊടുക്കാം. അതല്ലാതെ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും?. ഒരു കാര്യം വ്യക്തമാണ്. ഞങ്ങളിൽ ഒരാളുടെ ജീവൻ അപകടത്തിലാണ്.
പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ വരുമ്പോൾ ഞാനും മാത്യുവും കൂടി ഒരു തീരുമാനമെടുത്തു. എന്തുവന്നാലും ഭീരുക്കളെപ്പോലെ മാളത്തിൽ ഒളിക്കരുത്. അത് പ്രതിയോഗികൾക്ക് ഊർജ്ജം പകരും. ഞങ്ങൾ പേടിച്ചിട്ടില്ല എന്ന് കാണിക്കേണ്ടതായിട്ടുണ്ട്.
അതുകൊണ്ട് അന്നുമുതൽ എല്ലാവരും ഉറങ്ങുമ്പോൾ ഞാനും മാത്യുവും വെളുപ്പിനെ മൂന്നുമണി വരെ സിവിൽ ലൈനിലെ പ്രധാന വഴികളിലൂടെയും ഗലികളിലെ ഇടുങ്ങിയ വഴികളിലൂടെയും നടക്കാൻ തീരുമാനിച്ചു.
ആഹാരം കഴിച്ച് പത്തുമണിയോടെ സിവിൽ ലൈനിൽ ഞാനും മാത്യുവും നടക്കാൻ ഇറങ്ങി. ഞങ്ങൾ പരാതി കൊടുത്ത് പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആ പരാതി സബ്ഇൻസ്പെക്ടർ കാണാൻ സാധ്യതയുണ്ടോ എന്ന് തന്നെ സംശയം. അതിനാൽ ഞങ്ങൾ ആ പരാതിയിൽ പ്രതീക്ഷ വെച്ചു പുലർത്തിയില്ല. ഞങ്ങൾ ഞങ്ങളുടെ പ്ലാനുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അതിന്‍ പ്രകാരമാണ് അന്ന് രാത്രി പത്ത് മണിക്ക് ഞങ്ങള്‍ നഗരപ്രദക്ഷിണം തുടങ്ങിയത്.

വര:ദിനേഷ് പി ജി
ആദ്യ റൗണ്ട് നടത്തം കഴിഞ്ഞ് ഞങ്ങൾ റൂമിനടുത്തെത്തി. എല്ലാവരും റൂമിൽ ഉണർന്നിരിക്കുകയാണ്. ഞങ്ങൾ എല്ലാവരോടും കുശലം പറഞ്ഞ് രണ്ടാം റൗണ്ട് നടത്തത്തിനിറങ്ങി. രണ്ടാം നഗരപ്രദക്ഷിണം കഴിഞ്ഞ് റൂമിനടുത്തേക്ക് വരുമ്പോൾ ദൂരെ നിന്നേ കണ്ടു, ഒരു എൻഫീൽഡ് ബൈക്ക് റോഡിൻറെ ഒത്ത നടുക്ക് ക്രോസ് ചെയ്തു വച്ചിരിക്കുന്നു. റോഡ് വളരെ വീതിയുള്ളതാണ്. രാത്രിയിലും വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. രാത്രിയിലും കാൺപൂർ നഗരം ഉറങ്ങാറില്ല. അവിടെയാണ് സിവിൽ ലൈൻ റോഡിൻറെ നടുക്ക് ക്രോസ് ചെയ്തനിലയില്‍ ഒരു ബൈക്ക്. ഞങ്ങളുടെ റൂമിന്റെ മുന്നിൽ. ദൂരെ നിന്നേ ഞങ്ങൾ അത് കണ്ടു.
“ഒരു വില്ലൻ രംഗത്ത് വന്നിട്ടുണ്ട്”. മാത്യു പിറുപിറുത്തു.
സമയം രാത്രി ഒന്നര. ഞങ്ങള്‍ ധൃതിയില്‍ റൂമിലെത്തി. റൂമിനകത്ത് സുമുഖനായ ഒരു സബ് ഇൻസ്പെക്ടർ ഇരിക്കുന്നു. ഞങ്ങൾ റൂമിനകത്ത് കയറി അദ്ദേഹത്തെ വിഷ് ചെയ്തു. അദ്ദേഹം തിരിച്ച് ഞങ്ങളെയും വിഷ് ചെയ്തു. മാത്യുവിനു നന്നായി ഹിന്ദി അറിയാം. വിവരങ്ങൾ എല്ലാം മാത്യു പറഞ്ഞു. ശത്രു ആരെന്നറിയില്ല. ആരെയും സംശയമില്ല. പക്ഷേ ഞങ്ങൾക്ക് ജീവന് ഭീഷണിയുണ്ട്.
മുറിവേറ്റവന്റെ കൈ എസ്. ഐ പിടിച്ചുനോക്കി. എന്നിട്ട് അദ്ദേഹം പറഞ്ഞു.
“ഞാൻ ഇപ്പോഴാണ് സ്റ്റേഷനിൽ എത്തിയത്. ഒരു അന്വേഷണത്തിന് പോയിരിക്കുകയായിരുന്നു. നിങ്ങളുടെ പരാതി കണ്ടു. ഞാൻ വേണ്ടത് ചെയ്യാം. ഞാൻ നാളെയും വരാം.” എന്ന് പറഞ്ഞ് സൗഹാർദ്ദപൂർവ്വം പുറത്തിറങ്ങി എസ്. ഐ. പോയി.
പോകാൻ നേരം ‘നാളെ വരാം’ എന്ന് പറഞ്ഞാണ് എസ്. ഐ പോയത്. നാളെ വരാം എന്ന ആ പറച്ചിലിൽ ഞങ്ങൾ ഒരു താൽപര്യം കണ്ടെത്തി. ഞങ്ങളിൽ നിന്നും ഒരു കൈക്കൂലി എസ്. ഐ പ്രതീക്ഷിക്കുന്നു.
അന്ന് കേവലം രണ്ട് രൂപ വരെ കൈക്കൂലി വാങ്ങുന്ന പോലീസിനെ ഞാൻ കാൺപൂരിൽ കണ്ടിട്ടുണ്ട്. ‘ഒരു അമ്പതു രൂപയെങ്കിലും കൊടുക്കേണ്ടേ’. ഞങ്ങൾ കൂടിയാലോചിച്ചു. ‘വേണ്ടിവരും. പക്ഷേ എങ്ങനെ’. അതായി പിന്നെ ചിന്ത. ഉണ്ടായിരുന്ന തുക മുഴുവൻ കൊടുത്താണ് വെട്ടേറ്റവനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നത്. എസ്. ഐ എന്തായാലും നാളെ വരും. ഉറപ്പ്. കൈക്കൂലിയാണ് ലക്ഷ്യം. കൈക്കൂലിക്ക് യാതൊരു നീതികരണവും കാൺപൂരിൽ ഇല്ല. അത് ഏത് പദവിയിലിരിക്കുന്നവരും നടപ്പാക്കും.
ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു സബ് ഇൻസ്പെക്ടർ ‘നാളെ വരാം’ എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം മനസ്സിലാക്കാൻ പ്രശ്നം വെച്ച് നോക്കേണ്ട കാര്യമില്ല. കാര്യം കൈക്കൂലി തന്നെ. എന്തായാലും പോലീസ് അല്ലേ. പക്ഷേ അമ്പതു രൂപ അതെങ്ങനെ. ഞങ്ങൾ ആകെ കാലിയായി ഇരിക്കുന്ന സമയം. പ്രശ്നത്തിനു ഒരു താല്‍ക്കാലിക പരിഹാരം കണ്ടത് മാത്യു തന്നെ.
“പണം വേണ്ട. തൽക്കാലം ഒരു സോഫ്റ്റ് ഡ്രിങ്കിൽ ഒതുക്കാം. അപ്പോൾ അറിയാം എസ്.ഐ. യുടെ നിലപാട്. പണത്തിന് അദ്ദേഹം ശാഠ്യം പിടിച്ചാൽ അടുത്തദിവസം കൊണ്ടുക്കൊടുക്കാം.”
അവസാനം അങ്ങനെ ഒരു തീരുമാനത്തില്‍ ഞങ്ങളെത്തി.
അടുത്ത ദിവസം വൈകിട്ട് ഞങ്ങൾ ഒരു കോളയുമായി കാത്തിരുന്നു. സമയം പാതിരാത്രി കഴിഞ്ഞപ്പോൾ, പ്രതീക്ഷിച്ചപോലെ എസ്. ഐ. എത്തി. വിവരങ്ങൾ അന്വേഷിച്ചു. ‘ഇനി പേടിക്കേണ്ടതില്ല’ എന്ന് ആശ്വസിപ്പിച്ചു. അദ്ദേഹം സംസാരം നിർത്തിയ ഇടവേളയിൽ മാത്യു കോള എസ്. ഐ. യ്ക്ക് നീട്ടി.
ഒരു നിമിഷം ആ മനുഷ്യൻറെ മുഖത്ത് പുച്ഛം പടർന്നു. അദ്ദേഹം മാത്യുവിനെ രൂക്ഷമായി നോക്കി എന്നിട്ട് ചോദിച്ചു.
“കൈക്കൂലി ആണല്ലേ”.
ഒരു എസ്. ഐക്ക് കൊടുത്ത കൈക്കൂലിയുടെ തുച്ഛതയിൽ ലജ്ജിച്ചു മാത്യു നിശബ്ദനായി. ആരും ഒന്നും മിണ്ടിയില്ല.
“ഞാൻ പി. ജി. ചെയ്തത് മദ്രാസിലാണ്.” എസ്. ഐ സംസാരിച്ചു തുടങ്ങി.
“അന്ന് സാമ്പത്തികമായി വളരെ ഞെരുക്കത്തിൽ ആയിരുന്ന എനിക്ക് പണം തന്നു സഹായിച്ചത് അവിടുത്തെ എന്‍റെ കൂട്ടുകാരാണ്. അത് കടമായിരുന്നില്ല. വാങ്ങിയത് ഒന്നും തിരിച്ചു കൊടുക്കാൻ എനിക്ക് പറ്റിയിട്ടുമില്ല. അവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല.”

വര:ദിനേഷ് പി ജി
ഒരു നിമിഷം ആ മനുഷ്യൻ തലകുനിച്ചിരുന്നു. പിന്നെ മാത്യുവിനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഇതെൻറെ കടമയാണ്. സൗത്ത് ഇന്ത്യയിൽ നിന്ന് വന്ന നിങ്ങളുടെ സംരക്ഷണം എൻറെ കടമയാണ്.”
പിന്നെ അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ കൈക്കൂലി വാങ്ങുന്നവരുടെ കൂട്ടത്തിൽ അല്ല. കൈക്കൂലി വാങ്ങാത്ത പോലീസുകാരുടെ കൂട്ടത്തിൽപ്പെട്ട ഒരാളാണ്.”
മാത്യുവിന്റെ മുഖം വിവര്‍ണ്ണമായി. ഞങ്ങളുടെ നാവ് ചലനമറ്റുപോയി. കുറ്റബോധം, നാണക്കേട്, അങ്ങനെ എന്തെല്ലാമോ ഞങ്ങളെ ഭരിച്ചു.
ഒരു നിമിഷത്തെ ഇടവേളക്കുശേഷം മാത്യുവിന്റെ കയ്യിൽ നിന്നും കോള വാങ്ങി പൊട്ടിച്ച് എസ്. ഐ. മാത്യുവിന് തന്നെ കൊടുത്തു. മാത്യു ഒരു കവിള്‍ കോള കുടിച്ചു അടുത്ത ആളിന് കോള കൈമാറി. അവസാനം എസ്. ഐ.യ്യും ഒരു കവിൾ കോള കുടിച്ചു. പിന്നെ സന്തോഷത്തോടെ ഞങ്ങളുടെ തോളിൽ തട്ടി ‘ഒന്നും പേടിക്കേണ്ട’ എന്ന് പറഞ്ഞു യാത്ര പറഞ്ഞു. പിന്നെ തുടർന്നുള്ള ദിവസങ്ങളിൽ വിശേഷിച്ച് ഒന്നും സംഭവിച്ചില്ല.
എനിക്ക് സമാധാനമായി. പരീക്ഷയാണ്, പിന്നെ എല്ലാം മറന്നു ഞാന്‍ പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. വെട്ടേറ്റവനെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. അവന് പരീക്ഷയെഴുതാൻ പറ്റുമായിരുന്നില്ല.
ഒരു വെട്ടില്‍ എല്ലാം തീര്‍ന്നു കാണും എന്ന് ഞങ്ങള്‍ കരുതി. മറഞ്ഞിരിക്കുന്ന ശത്രു ഞങ്ങളുടെ ദുരിതം കണ്ട് തൃപ്തനായിക്കാണും എന്നും ഞങ്ങള്‍ കരുതി. പക്ഷേ ഞങ്ങൾക്ക് തെറ്റി. കാര്യങ്ങൾ അവിടെ അവസാനിച്ചില്ല.
ഒരു മാസത്തെ കാലയളവില്‍ പരീക്ഷ കഴിഞ്ഞു. മാത്യുവിന്റെ വിഷയം കെമിസ്ട്രി ആയിരുന്നു. മാത്യുവിന്റെ പരീക്ഷയും പ്രാക്ടിക്കലും വേഗം തീര്‍ന്നു. മാത്യു രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകിട്ട് ചായ കുടിക്കാന്‍ ഇറങ്ങിയ മാത്യു ചായക്കടയുടെ മുന്നില്‍ വെച്ച് ചോട്ടുവിനെ കണ്ടു. ചോട്ടു ‘മാലിക്കി’ന്റെ ഇളയ സന്തതിയാണ്.
‘മാലിക്ക്’ സിവിൽലൈൻ റൂമിൽ വച്ച് ഞാൻ ഒരു പ്രത്യേക സാഹചര്യത്തിൽ പരിചയപ്പെട്ട വ്യക്തിയാണ്. ആ മനുഷ്യൻറെ യഥാർത്ഥ പേരെന്തെന്ന് എനിക്കിപ്പോഴും അറിയില്ല. ഞങ്ങൾ അയാളെ ‘മാലിക്’ എന്നാണ് സംബോധനം ചെയ്യുന്നത്. അയാളുടെ ഇളയ സന്തതിയാണ് ചോട്ടു.
അവൻറെ ശരിക്കും ഉള്ള പേര് പവൻകുമാർ ത്രിപാഠി എന്നാണ്. ചോട്ടു എന്ന് എല്ലാവരും വിളിക്കും. ‘മാലിക്കി’ന്റെ യൌവ്വനത്തിന്റെ അവസാന പാദത്തില്‍ ഉണ്ടായ മകന്‍. ഒരേ ഒരു മകന്‍. പിന്നെയുള്ളത് ഒരു മകള്‍ ആണ്.
ചോട്ടുവിനെ എനിക്ക് കാര്യമായി പരിചയമില്ല. ചില അവസരങ്ങളിൽ മാത്യുവിന്റെ മുറിയിൽ വെച്ച് കണ്ടതൊഴിച്ചാൽ. കോളേജിൽ പോകുന്ന മിക്കവാറും എല്ലാ ദിവസവും ഞാൻ എൻറെ സുഹൃത്തുക്കളെ കാണാൻ സിവിൽ ലൈനിൽ പോകുമായിരുന്നു. കോളേജിൽ നിന്നും നട്ടുച്ചയ്ക്ക് ഒരു കിലോമീറ്റർ നടന്ന് സിവിൽ ലൈനിൽ എത്തുന്നത് അത്ര സുഖകരമല്ല. പ്രശ്നം ഒരു കിലോമീറ്റർ ദൂരമല്ല. ചൂടാണ്. ഏപ്രിൽ ആകുമ്പോഴേക്കും ചൂട് നാല്പത്തിയാറു ഡിഗ്രി സെൽഷ്യസ് ആവും. ആ ചൂടിലാണ് കുടയില്ലാതെ സിവിൽ ലൈനിലേക്കുള്ള യാത്ര. അവിടെ അല്പസമയം ചിലവഴിക്കും.
സിവിൽ ലൈനിലെ മുറിയിൽ, നിന്നുതിരിയാൻ ഇടമില്ല. ഒരു കുടുസ്സു മുറി. അവിടെ ആകെ ഉണ്ടായിരുന്നത് ഒരു സിംഗിൾ പ്ലാസ്റ്റിക് കട്ടിലും, ഒരു തടിക്കസേരയും, ഒരു ചെറിയ തടിമേശയുമായിരുന്നു. അവിടെയാണ് അഞ്ചുപേർ ചിലപ്പോൾ ഏഴുപേർ സസുഖം രാജകീയമായി ജീവിച്ചിരുന്നത്. അതിൽ എൻറെ സീനിയേഴ്സും മാത്യുവും പിന്നെ ചില ജൂനിയേഴ്സും പെടും. ആ മുറി ഒരിക്കലും പൂട്ടാറില്ല. തുറന്നിട്ടിരിക്കും.
ഒരിക്കല്‍ ഞാൻ ആ മുറിയിൽ എത്തുമ്പോൾ ആരും ആ മുറിയിൽ ഇല്ല. പതിവുപോലെ മുറി തുറന്നു കിടക്കുന്നു. ഞാൻ മുറിയിൽ കയറിയിരുന്നു. ആരെങ്കിലും വരുന്നതും കാത്ത്. പക്ഷേ ഒരു പ്രായമായ മനുഷ്യനാണ് അപ്പോള്‍ മുറിയിലേക്ക് വന്നത്. ഏതാണ്ട് എഴുപതിനടുത്ത് പ്രായം മതിക്കും. ഒരു മുഷിഞ്ഞ പൈജാമ മാത്രമാണ് വേഷം. അഴുക്കുകൊണ്ട് ഇരുണ്ടു പോയ ഒരു പൈജാമ.
അദ്ദേഹം എന്നെ ആദ്യമായി കാണുകയാണ്. എന്നിട്ടും ചിരപരിചിതനെ കണ്ടതുപോലെ നിറഞ്ഞ ചിരിയുമായി അയാൾ മുറിയിലേക്ക് കയറിവന്നു. അദ്ദേഹം ആടുന്ന പഴയ തടിക്കസേരയിലിരുന്നു. കസേര ഒടിഞ്ഞു വീഴില്ല എന്ന് ഉറപ്പാണ്. കാരണം ആ മാന്യനെ പെട്ടിത്രാസ്സില്‍ വച്ച് തൂക്കി നോക്കിയാൽ കഷ്ടിച്ച് ഇരുപത്തിയെട്ടു കിലോയെ കാണു. ഏറിയാൽ മുപ്പത്. അതിനപ്പുറം ഇല്ല. അത് താങ്ങാനുള്ള കരുത്ത് ആ കസേരയ്ക്ക് ഉണ്ട്. ഞാൻ പ്ലാസ്റ്റിക് കട്ടിലിൽ ഇരിക്കുകയാണ്.
ഞാൻ ആ മനുഷ്യനെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അപ്പോള്‍ ഏറെക്കുറെ പല്ലെല്ലാം പോയ മോണ കാട്ടി അദ്ദേഹം നിറഞ്ഞ ചിരിയോടെ പറഞ്ഞു
“മാലിക്”.
ഞാൻ ഒട്ടും മയമില്ലാതെ പറഞ്ഞു. “ശ്രീരാജ്”.
“ഓ. ടീക്ഹെ ടീക്ഹെ.” അപ്പോഴും അദ്ദേഹത്തിന് നിറഞ്ഞ ചിരി തന്നെ. ആ മനുഷ്യൻ എന്തൊക്കെയോ വളരെ ലോഹ്യത്തിൽ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. കാരണം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത് ഹിന്ദിയിലാണ്. നല്ല ഒന്നാന്തരം പ്രൗഢമായ ഹിന്ദിയില്‍. ഞാൻ ഒട്ടും താഴാൻ പോയില്ല. വലിയ ബുദ്ധിമാനാണ് ഞാൻ എന്ന ഭാവത്തില്‍ അങ്ങനെ ഇരുന്നു.
ഞാന്‍ അപ്പോള്‍ ഡോക്ടര്‍ ഓസ്ലറെ ഓർത്തു. വൈദ്യബിരുദം നേടി ഹിപ്പൊക്രാറ്റെഴ്സ് പ്രതിജ്ഞയുമെടുത്ത് പുറത്തേക്ക് പോകുന്ന കൊച്ചു ഡോക്ടർമാർക്ക് അദ്ദേഹം കൊടുക്കുന്ന അവസാന ഉപദേശം, അറിവില്ലായ്മ പുറത്ത് കാണിക്കരുത് എന്നാണ്. ഒരു രോഗിയെ കാണുമ്പോൾ, രോഗി പറയുന്ന ലക്ഷണങ്ങൾ വെച്ച് രോഗം തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ, അതൊരിക്കലും രോഗിയെയോ കൂടെ നിൽക്കുന്നവരെയോ അറിയിക്കരുത്. ഗൗരവത്തിൽ മൗനം ദീക്ഷിക്കുക. കാരണം രോഗിക്ക് നിങ്ങളിലുള്ള വിശ്വാസം, രക്ഷപ്പെടുമെന്നുള്ള വിശ്വാസം, തകർക്കരുത്. ഇത് വൈദ്യശാസ്ത്രത്തിലെ ഒരു പ്രായോഗിക മാർഗ്ഗം. ഞാനും അതുതന്നെ സ്വീകരിച്ചു.
എനിക്ക് ഹിന്ദി അറിയില്ല എന്നും ‘ധന്യാത്മന്‍ താങ്കൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല’ എന്നും ഞാൻ പറഞ്ഞില്ല. കാരണം അത് പറയാനുള്ള ഹിന്ദി പോലും എൻറെ കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഓസ്ലറിന്റെ ഉപദേശം ഞാൻ നടപ്പിലാക്കി.
വളരെ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞു നിർത്തുന്ന ഗ്യാപ്പിൽ ഞാൻ മൂളും. എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ. അപ്പോഴും ഞാന്‍ പ്രാർത്ഥിക്കുകയായിരുന്നു. ഈശ്വരാ സീനിയേഴ്സ് ആരെങ്കിലും വരണേ. കുറഞ്ഞപക്ഷം മാത്യുവെങ്കിലും. കാരണം മാത്യുവിന് നന്നായി ഹിന്ദി അറിയാം.
ആരും വന്നില്ലെങ്കിൽ ഞാൻ പൊളിയും. കാരണം ആ മനുഷ്യൻ ഇത്രയും നേരം സംസാരിച്ച സ്ഥിതിക്ക്, കൂടുതൽ അടുത്ത സ്ഥിതിക്ക്, എന്നെപ്പറ്റി അറിയാൻ എന്തെങ്കിലും ചോദിച്ചാൽ, ഞാൻ പൊളിയും. ഉറപ്പായും പൊളിയും. പക്ഷേ അത് സംഭവിച്ചില്ല.
പെട്ടെന്ന് ആ മനുഷ്യൻ സഹജമായ ചിരി ഒന്നുകൂടി വിശാലമാക്കി ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ അവിടെയിരുന്നു. അന്ന് ഞാൻ പരിചയപ്പെട്ട ‘മാലിക്’ എന്ന ആ മനുഷ്യനെ ഓർത്തുകൊണ്ട്.
അല്പസമയത്തിനുള്ളിൽ സീനിയേഴ്സിൽ ഒരാൾ എത്തി. പതിവുപോലെ ലോഹ്യം പറഞ്ഞു. പറയുന്ന കൂട്ടത്തിൽ പ്രായം കൂടിയ ‘മാലിക്’ എന്ന പേരുകാരനെ പരിചയപ്പെട്ട കാര്യം ഞാൻ പറഞ്ഞു. പറഞ്ഞുതീരും മുമ്പ് സീനിയർ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
“ശ്രീ, മാലിക് എന്നത് അയാളുടെ പേരല്ല. ‘മാലിക്’ എന്ന് പറഞ്ഞാൽ, ഉടമസ്ഥൻ എന്നാണ്.” സീനിയർ തുടർന്നു.
“പിച്ചക്കാരനെ പോലെ ഇരിക്കുന്ന ആ മനുഷ്യനാണ് ഈ ബിൽഡിങ്ങിന്റെ ഉടമസ്ഥൻ”.
ഇപ്രാവശ്യം ഞാൻ ശരിക്കും ഞെട്ടി. കാരണം സിവിൽ ലൈനിൽ സെന്റിന് കോടികള്‍ വിലപറയുന്ന സ്ഥലത്ത് ഏതാണ്ട് നാലായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള ഒരു വലിയ മൂന്നുനില കെട്ടിടത്തിന്റെ ഉടമയാണ് മുഷിഞ്ഞ പൈജാമ ഇട്ടു അല്പംമുമ്പ് ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയത് എന്ന സത്യം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ആ ബിൽഡിങ്ങിൽ തന്നെയാണ് ആ മനുഷ്യനും കുടുംബവും താമസിക്കുന്നത്. റോഡിന് അഭിമുഖമായിട്ടുള്ള ഭാഗം പൂർണമായും നിരയായ കടകളാണ്. അതിൻറെ എല്ലാം ഉടമസ്ഥൻ അയാളാണ്. മാസം ലക്ഷങ്ങൾ വാടക വാങ്ങുന്ന വ്യക്തി. ഒരു ദിവസം കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും അദ്ദേഹം ആ മുറിയിൽ വരും. ഞങ്ങളുടെ പ്രായക്കാരെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. പിന്നീട് പലപ്പോഴും ആ മനുഷ്യനെ ഞാൻ ആ മുറിയിൽ കണ്ടിട്ടുണ്ട്. നല്ല മനുഷ്യൻ. വാടകക്കാര്യത്തിൽ ഒരു കാലതാമസവും അനുവദിക്കാത്ത നല്ല തങ്കപ്പെട്ട മനുഷ്യൻ.
‘മാലിക്കി’ന്റെ യൌവ്വനത്തിന്റെ അവസാന പാദത്തില്‍ ഉണ്ടായ മകനാണ് ചോട്ടുവെന്ന പവൻകുമാർ ത്രിപാഠി.
ചോട്ടുവിന് ഇരുപത്തിയഞ്ച് വയസ്സു വരും. പക്ഷേ കണ്ടാൽ പതിനെട്ടേ തോന്നിക്കൂ. തികഞ്ഞ സസ്യഭുക്ക്. കൃശഗാത്രൻ. വട്ടമുഖക്കാരൻ. പക്ഷേ കയ്യിലിരിപ്പ് ചന്ദ്രശേഖര ആസാദിന്റേതാണ്. അവന്റെ ആരാധനാവിഗ്രഹവും ചന്ദ്രശേഖര ആസാദാണ്. ചെറുമീശ ഇടം കൈകൊണ്ട് പിരിച്ചു നിൽക്കുന്ന സുമുഖനായ ചന്ദ്രശേഖര ആസാദ്.
ചോട്ടു ഒരു ചൂടൻ ആണ്. പെട്ടെന്ന് കോപിക്കും. പക്ഷെ കേരള്‍വാലകളായ ഞങ്ങളോട് അവനു വലിയ താല്പര്യമായിരുന്നു. പ്രത്യേകിച്ച് മാത്യുവിനോട്. അവന്‍ താമസിക്കുന്ന വലിയ കെട്ടിടത്തിലെ ഒരു ചെറിയ മുറിയിലാണ് മാത്യുവും കൂട്ടരും താമസിച്ചിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം അവന്‍ ആ മുറിയില്‍ വന്നിരിക്കും.
ചോട്ടു പ്രാദേശിക രാഷ്ട്രീയത്തിൽ സജീവം. അവന്‍ ഡി. എ. വി. കോളേജിലെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു. അതുകൊണ്ട് വിവേക് അവസ്തിയ്ക്ക് വേണ്ടി മാത്യുവിനൊപ്പം സജീവമായി അവനും രംഗത്ത് ഉണ്ടായിരുന്നു. കോളേജിന് പുറത്ത് ഗാവുകളിൽ പോയി വോട്ട് ക്യാൻവാസ് ചെയ്തിരുന്നത് മാത്യുവും ചോട്ടുവും നയിച്ചിരുന്ന ഗ്യാങ്ങാണ്. ഗാവുകളിൽ പോയി വോട്ട് ക്യാൻവാസ് ചെയ്യുക എന്നത് ഒരു അപകടം പിടിച്ച പണിയാണ്.
എല്ലാ ഗാവുകൾക്കും ഒരു മാടമ്പി ഉണ്ടായിരിക്കും. ഒരു ദാദ. അയാള്‍ എന്തിനും പോന്ന ഒരു നല്ല ഒന്നാന്തരം ഗുണ്ടയായിരിക്കും. ഉത്തരേന്ത്യന്‍ രാഷ്ട്രീയം ഗാവ് രാഷ്ട്രീയമാണ്. ഒരു ഗാവ് ഒരു വ്യക്തിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ആ വ്യക്തി പറയുന്നിടത്ത് അവിടുത്തെ ആളുകള്‍ വോട്ടു കുത്തും. അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ആ വ്യക്തിയെ സോപ്പിട്ടെടുക്കും. പ്രധാനം പണം തന്നെ. വന്‍ തുക കൊടുക്കും. അത് ഗാവിലെ ജനസംഖ്യ നോക്കിയിട്ടാണ്. അങ്ങനെ ഒരു ധാരണ ഗാവ് ദാദയുമായി ആയാല്‍ പിന്നെ വോട്ടു പിടിക്കാന്‍ അങ്ങോട്ട് പോകണ്ട. എല്ലാം ദാദ നോക്കിക്കോളും. അങ്ങനെയുള്ള സ്ഥലത്ത്, പുറത്ത് നിന്നും ആരെയും അനുവദിക്കില്ല. അഥവാ പുറത്ത് നിന്നാരെങ്കിലും വന്നാല്‍ അവന്‍ വന്നപോലെ തിരിച്ചു പോകില്ല. അതാണ് ഗാവ് രാഷ്ട്രീയം.
അവിടെയാണ് മാത്യുവും ചോട്ടുവും കേറിക്കളിച്ചത്. അവസ്തിക്ക് വേണ്ടി. ചോട്ടുവും മാത്യുവും ലക്ഷ്യമിട്ടിരുന്നതും പ്രവർത്തിച്ചിരുന്നതും സമീപമുള്ള കല്യാൺപൂർ ഗാവിലാണ്. അവിടെ നിന്നും ഒരുപാട് കുട്ടികള്‍ ഡി. എ. വി. യില്‍ പഠിക്കുന്നുണ്ട്.
കല്യാൺപൂർ ഗാവിന്‍റെ ദാദ ലോകേഷ് ആണ്. അവന്‍ എന്‍റെ ക്ലാസ്സ്മേറ്റ് ആയിരുന്നു. എങ്കിലും ഒരു ദിവസം മാത്രമേ ഞാന്‍ അവനെ ക്ലാസ്സില്‍ കണ്ടിട്ടുള്ളു. ലോകേഷ്, വിവേക് അവസ്തിക്കെതിരെ മത്സരിച്ചിരുന്നു.
ഞാന്‍ വോട്ടു ചെയ്യാന്‍ ക്യു നില്‍ക്കുമ്പോള്‍ ലോകേഷ് വന്ന് എന്നെ ക്യുവില്‍ നിന്നും വിളിച്ചുകൊണ്ടുപോയി നേരെ ബൂത്തിലെത്തിച്ചു. എനിക്കൊരു വി. ഐ. പി. പരിഗണന തന്നു. ഞാന്‍ അത് സ്വീകരിച്ചു. ഇലക്ഷനില്‍ ലോകേഷിനെതിരെ മത്സരിച്ച അവസ്തിക്ക് ഞാന്‍ വോട്ടു ചെയ്തു. ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ ലോകേഷ് മാന്യമായി പൊട്ടി. വിവേക് ജയിച്ചു.
പരാജയത്തിൽ ലോകേഷിന് ശക്തമായ അമർഷം മാത്യുവിനെതിരെ ഉണ്ടായിട്ടുണ്ടാവണം. അവനൊരു വരുത്തനാണല്ലോ. ‘മദ്രാസ്സി’.
ലോകേഷിന്റെ രാഷ്ട്രീയഭാവിയാണ് ഇല്ലാതായത്. കൂടാതെ വലിയൊരു സാമ്പത്തികച്ചിലവും.
സ്വാഭാവികമായും വരുത്തനായ മാത്യുവിനോട് ലോകേഷിനും കൂട്ടാളികൾക്കും ശത്രുത ഉണ്ടായിട്ടുണ്ടാവും. അവരത് സൗകര്യപ്രദമായി തീർക്കാനും തയ്യാറെടുത്തിട്ടുണ്ടാവണം. അതിൻറെ ഫലം ഉടൻ ഉണ്ടായി.
അതാണ് മാത്യു ചോട്ടുവിനോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ സംഭവിച്ചത്.
ആ വെള്ളിയാഴ്ച വൈകിട്ട് മാത്യു, ചോട്ടുവിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു വെടി ശബ്ദം കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് മാത്യു നോക്കുമ്പോള്‍ മുന്നില്‍ നിന്ന ചോട്ടു പിന്നിലേക്ക് മറിഞ്ഞു വീണു.
ചോട്ടുവിന് വെടിയേറ്റു. നെറ്റിയുടെ വശത്ത് ചെന്നിയിലാണ് വെടിയേറ്റത്.
ചോട്ടുവിനെ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ചോട്ടു അന്ന് വൈകിട്ട് തന്നെ വിട പറഞ്ഞു.
മരണം, കൊലപാതകം ഇതൊന്നും ആ മഹാനഗരത്തിൽ ഒരു പുതുമ ആയിരുന്നില്ല.
അതും മാത്യുവിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. നാടൻ തോക്കിന്റെ ഗുണനിലവാരം കൊണ്ടോ വെടിവച്ചവന്റെ കഴിവുകേട് കോണ്ടോ ഇപ്രാവശ്യവും മാത്യു രക്ഷപ്പെട്ടു. പകരം പാവം ചോട്ടു പോയി. അന്നും അതിനടുത്ത ദിവസവും മാത്യു ഞങ്ങൾക്കൊപ്പം ഐ.ഐ.ടി.യില്‍ക്കൂടി.
ശത്രു പ്രബലനാണ്. ആരാണെങ്കിലും. മാത്രമല്ല അവർ തീരുമാനിച്ചുറപ്പിച്ച് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഇപ്രാവശ്യം ചോട്ടു ബലിയാടായി എന്നു മാത്രം.
ഇലക്ഷനില്‍ തോറ്റതിന്റെ പ്രതികാര നടപടി ആയിരിക്കണം ചോട്ടുവിനു നേരെ ഉണ്ടായത്. മാത്യുവും ചോട്ടുവും സംസാരിച്ചു കൊണ്ട് നിന്നപ്പോള്‍ നിറയൊഴിച്ചത്. ലക്‌ഷ്യം മാത്യുവായിരിക്കണം. കാരണം വരുത്തനായ മാത്യുവിനോട് തോന്നുന്ന വിരോധം സ്ഥലവാസിയായ ചോട്ടുവിനോട് തോന്നേണ്ട കാര്യമില്ല. പക്ഷെ ഉന്നം തെറ്റി ചോട്ടുവാണ് ഇരയായത്.
ആ സംഭവത്തിനുശേഷം ഞാൻ സിവിൽ ലൈനിലെ മുറിയിലേക്ക് പോയില്ല. കാരണം അവിടെ ആ മനുഷ്യനുണ്ട്. ‘മാലിക്.’ അയാളെ അഭിമുഖീകരിക്കാൻ വയ്യ. ഞാൻ സിവിൽ ലൈൻ വിട്ടു. എന്നെന്നേക്കുമായി.
പരീക്ഷ കഴിഞ്ഞ് മാത്യു നാട്ടിലേക്ക് പോരുമ്പോൾ അവനെ റെയിൽവേ സ്റ്റേഷനിൽ പോയി കണ്ടു യാത്രയാക്കി. അവനൊപ്പം അപ്പോൾ വിവേക് ഉൾപ്പെടെ ഒരു വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ലോകേഷിന്റെ ആളുകൾ മാത്യുവിനെ ആക്രമിക്കാനുള്ള സാധ്യത എല്ലാവരും കണക്കുകൂട്ടിയിരുന്നു. പക്ഷേ ഒന്നുമുണ്ടായില്ല.
എൻറെ ഭയം അവൻ യാത്ര ചെയ്യുന്ന ട്രെയിനിൽ പണി വരുമോ എന്നായിരുന്നു. കാരണം ട്രെയിൻ കാൺപൂരിൽ നിന്നും ഝാൻസി വരെ ഏറെക്കുറെ ഒഴിഞ്ഞ കമ്പാർട്ട്മെന്റുകളുമായാണ് സഞ്ചരിക്കുന്നത്. ഏതാണ്ട് മൂന്ന് മണിക്കൂർ. ഝാൻസി ആവുമ്പോൾ കമ്പാർട്ട്മെന്റുകൾ നിറയും.
ആ മൂന്നു മണിക്കൂർ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയന്നു. ഞാൻ അത് മാത്യുവിനോട് പറഞ്ഞില്ല. അവനു ഭയം ഉണ്ടാക്കേണ്ട എന്ന് കരുതി. പക്ഷേ ഞാൻ ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല.
മാത്യു പോയിക്കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് തിരിച്ചത്. എനിക്ക് പ്രാക്ടിക്കൽ പരീക്ഷ താമസിച്ചാണ് നടന്നത്.
ഞാൻ നാട്ടില്‍ വന്നപാടെ മാത്യുവിനെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. അവൻ സുഖമായി നാട്ടിലെത്തിയിരുന്നു.
പിന്നെ ഒരു മാസം കഴിഞ്ഞ് ഞാൻ മാത്യുവിനെ അവന്റെ വീട്ടിൽപ്പോയിക്കണ്ടു. പത്തു മണിക്കൂർ യാത്ര ചെയ്ത്.
അവനൊപ്പം ഉച്ചഭക്ഷണം കഴിച്ചു. കുറെ സമയം ചിലവഴിച്ചു. പഴയ കാര്യങ്ങൾ പലതും പറഞ്ഞു. പക്ഷേ അപ്പോഴൊക്കെ ഞങ്ങൾ രണ്ടുപേരും ചോട്ടുവിനെ പരാമർശിച്ചില്ല. വൈകിട്ട് തിരിച്ചു പോരുന്നതിനു മുമ്പ് ബസ് സ്റ്റാൻഡിന് അരികിലുള്ള തട്ടുകടയിൽ നിന്ന് ഞങ്ങള്‍ ചായ കഴിച്ചു.
ബസ് വരാൻ ഇനിയും സമയമുണ്ട്. പെട്ടെന്ന് മാത്യു പറഞ്ഞു.
“എന്നെ യാത്രയാക്കാൻ നീ റൂമിൽ വരാഞ്ഞത് നന്നായി.”
ഞാൻ അവനെ നോക്കി. എന്താണ് അവൻ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അവൻ തുടർന്നു.
“മുറിയിൽ നിന്നും പെട്ടിയും എടുത്ത് ഞാന്‍ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അയാൾ വന്നത്”. അവൻ നിർത്തി. പിന്നെപ്പറഞ്ഞു. “നിൻറെ മാലിക്. ചോട്ടുവിന്റെ...”
അവൻ വികാരാധീനനായി.
“താങ്ങാൻ പറ്റിയില്ല. അയാള്‍ എന്‍റെ നെഞ്ചിലേക്ക് ചാരി നിന്ന് മുഖംപൊത്തി വിങ്ങിക്കരഞ്ഞു. താങ്ങാൻ പറ്റിയില്ല.”
ഞാനൊന്നും മിണ്ടിയില്ല. ശൂന്യതയിലേക്ക് നോക്കി നിന്നു. എൻറെ തൊണ്ട അടഞ്ഞു പോയിരുന്നു. ഒരു ചെറിയ നിശബ്ദത. പിന്നെ മുറിഞ്ഞ വാക്കുകളിൽ ചിലമ്പിച്ച ശബ്ദത്തിൽ അവൻ പറഞ്ഞു.
“ചില സമയത്ത് കണ്ണുനീരിന് തണുപ്പല്ല. ചൂടാണ്. ചുട്ടുപൊള്ളുന്ന ചൂട്. എന്റെ നെഞ്ച് നീറിപ്പോയി.”
പകുതി ഒഴിഞ്ഞ ഗ്ളാസ്സിലെ ചായയും പിടിച്ചുകൊണ്ട് ഞാന്‍ നിന്നു. ഞാൻ അവനെ നോക്കിയില്ല. അവൻ എന്നെയും. ഞങ്ങൾ രണ്ടുപേരും ശൂന്യതയിലേക്ക് തന്നെ നോക്കി നിന്നു. ഏറെ നേരം.
എനിക്കുള്ള ബസ് എത്തി.
ബസ്സിൽ കയറുമ്പോൾ ഞാന്‍ സൈഡ്സീറ്റ് നോക്കിയിരുന്നു. പുറത്തേക്ക് നോക്കിയിരിക്കാം. മറ്റുള്ളവർ മുഖം കാണുകയില്ല. ബസ്സ് ഇളകിയപ്പോൾ മാത്യു കൈവീശി യാത്ര പറഞ്ഞു.
അപ്പോൾ, ഞാന്‍ ബസ്സിൽ കയറുന്നതിനു മുമ്പ്, വിദൂരതയിലേക്ക് നോക്കിക്കൊണ്ട് മാത്യു പറഞ്ഞത് എൻറെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
“എനിക്ക് പകരമാണ് ചോട്ടു പോയത്. എനിക്ക് വെച്ചിരുന്നതാണ് അവൻ...... വിധി എന്നല്ലാതെ എന്തു പറയാൻ.”
അതെ. വിധി. അല്ലാതെന്തു പറയാൻ.
ഞാൻ കണ്ണുകൾ പതുക്കെ അടച്ചു.
പിന്നെ മുൻസീറ്റിന്റെ പിന്നിലേക്ക് സാവധാനം ചാരി.