Image

പിതൃദിനം: ആരും കാണാതെ ഒളിപ്പിച്ച നിശബ്ദ സ്‌നേഹത്തിന്റെ, കരുതലിന്റെ, സഹനത്തിന്റെ ആഘോഷം ! (ദീപ)

Published on 18 June, 2026
പിതൃദിനം: ആരും കാണാതെ ഒളിപ്പിച്ച നിശബ്ദ സ്‌നേഹത്തിന്റെ, കരുതലിന്റെ, സഹനത്തിന്റെ ആഘോഷം ! (ദീപ)

ജൂൺ 21 - ലോകമെമ്പാടും പിതൃദിനം ആയി ആഘോഷിക്കുന്ന ദിവസം. ഒരു പ്രത്യേക ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടവർ ആണോ യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആയ നമ്മുടെ അച്ഛന്മാർ!! അവരുടെ അതിജീവന ചരിത്രം, അവർ കടന്നുവന്ന കനൽ വഴികൾ, അവരുടെ ത്യാഗങ്ങൾ എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കേണ്ടതല്ലേ? മക്കളെ വലിയ നിലയിൽ എത്തിക്കാൻ അവർ പലപ്പോഴും നടത്തിയ ഒറ്റയാൾ യുദ്ധങ്ങൾ മറക്കാൻ കഴിയുമോ?

ഒരു കുഞ്ഞിന് ജന്മം നൽകാൻ  അമ്മ നേരിടേണ്ടിവരുന്ന വേദനകളും സഹനങ്ങളും എല്ലാവരും നന്നായി മനസ്സിലാക്കാറുണ്ട്. അമ്മയുടെ സ്നേഹവും സഹനവും തീർച്ചയായും സമാനതകളില്ലാത്തത് തന്നെയാണ്. എന്നാൽ ഒരു അച്ഛൻറെ സ്നേഹം ആരും കാണാതെ ഒളിപ്പിച്ചു വച്ച വലിയൊരു നിധിയാണ്. തന്റെ ഭാര്യ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ തൻറെ ഹൃദയത്തിൽ ഗർഭം ധരിച്ച് ആ കുഞ്ഞിനുവേണ്ടി അവൻ അനുഭവിക്കുന്ന നിശബ്ദമായ സഹനങ്ങളും നൊമ്പരങ്ങളും ആരെങ്കിലും കാണാൻ ശ്രമിക്കാറുണ്ടോ?  ഗർഭകാലത്ത് തന്റെ ഭാര്യ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പുരുഷൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുന്നു. ഭാര്യയുടെ ആരോഗ്യത്തെയും കുഞ്ഞിൻറെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആകുലതകൾ ഭാവിയിലെ ഉത്തരവാദിത്വങ്ങൾ എല്ലാം പലപ്പോഴും അവൻറെ ഉറക്കം കെടുത്താറുണ്ട്. ജീവിത പ്രാരാബ്ദങ്ങളിൽ തളരുമ്പോഴും, പതറിപ്പോകുമ്പോഴും അവൻ തന്റെ വേദന ആരെയും അറിയിക്കാതെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി നമ്മുടെ മുമ്പിൽ ജീവിക്കുന്നു . കാരണം പുരുഷൻ തളരാൻ പാടില്ലല്ലോ.

ഈ പിതൃദിനത്തിൽ എൻറെ ജീവിതത്തിൽ ഞാൻ കണ്ടു മനസ്സിലാക്കിയ എൻറെ ഹീറോസിനെ കുറിച്ച് പറയട്ടെ. ആദ്യത്തെ ഹീറോ എനിക്ക്  ഏറ്റവും പ്രിയപ്പെട്ട എൻറെ അപ്പച്ച തന്നെയാണ്. എല്ലാ കാര്യങ്ങളിലും എന്റെ റോൾ മോഡൽ. ഒരു മകൻ, ഭർത്താവ്, അപ്പൻ എങ്ങനെ ആയിരിക്കണം എന്ന് തന്റെ ജീവിതം കൊണ്ട് ഞങ്ങൾക്ക് കാണിച്ചുതന്ന എൻറെ അപ്പച്ചയുടെ ജീവിതം എനിക്ക് എന്നും ഒരു അത്ഭുതമാണ്. കോട്ടയം ജില്ലയിലെ പൊൻകുന്നത്ത്  ഏറെ സൗകര്യങ്ങളുള്ള തന്റെ വീടും സാഹചര്യങ്ങളും വിട്ട് തന്റെ 18 -ാം വയസ്സിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയെന്ന ഗ്രാമത്തിലേക്ക് കുടിയേറി പ്രകൃതിയോടും വന്യജീവികളോടും പടവെട്ടി, അനേകം വെല്ലുവിളികളെ നേരിട്ട് തന്റെ ജീവിതം കരുപിടിപ്പിക്കുവാൻ അപ്പച്ച കാണിച്ച അസാമാന്യമായ ധൈര്യം എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്.

തൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും സുഖസൗകര്യങ്ങളും എല്ലാം വിട്ട് ഏറെ ദൂരെയുള്ള ഒരു കാട്ടുപ്രദേശത്തെത്തി, കഠിനാധ്വാനം ചെയ്ത് അവിടെ പൊന്നു വിളയിച്ച, തന്റെ കുടുംബത്തിനായി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും പലതും ഉപേക്ഷിച്ച് ചോര നീരാക്കി അധ്വാനിച്ച അപ്പച്ച ശരിക്കും അറിയപ്പെടാതെ പോയ ഒരു ഹീറോ അല്ലേ?

അടുക്കള സ്ത്രീയുടെ കുത്തവകാശമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ,  പുരുഷൻ അടുക്കളയുടെ ഏഴയലത്തുപോലും    അടുക്കുകയില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ,  ആ  യാഥാസ്ഥിതിക ചിന്താഗതികളയേയും   കാറ്റിൽ പറത്തി അടുക്കളയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിച്ചിരുന്ന അപ്പച്ച എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃകയാണ്.  ഞങ്ങൾക്കാർക്കെങ്കിലും അസുഖം വന്നാൽ രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ കൂട്ടിരുന്ന് ശുശ്രൂഷിക്കുന്ന അപ്പച്ചയുടെ സ്നേഹം എന്നും മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ എന്നും പശ്ചാത്തപിച്ചിരുന്ന അപ്പച്ച തനിക്ക് നേടാൻ കഴിയാതെ പോയത് തൻറെ മക്കളിലൂടെ നേടണമെന്ന വാശിയിൽ ഏറ്റവും മികച്ച കോളേജിൽ തന്നെ  പഠിക്കാനുള്ള സാഹചര്യം   ഞങ്ങൾക്ക് ഒരുക്കി തന്നു.   സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ആ സമയത്തും ഞങ്ങളുടെ മികച്ച വിദ്യാഭ്യാസത്തിനായി അപ്പച്ചയുടെ പല ആവശ്യങ്ങളും മാറ്റിവെച്ചു.  ഞങ്ങളുടെ എല്ലാ വിജയങ്ങളിലും ഏറെ സന്തോഷിച്ചിരുന്ന അപ്പച്ച വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രാർത്ഥനയോടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. ഒരു പെൺകുട്ടിയായിരുന്നിട്ടും എന്നെ എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന്  വളർത്തിയ , എൻറെ ഒരു ആഗ്രഹങ്ങൾക്കും എതിരു നിൽക്കാത്ത, ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത് എൻറെ കൂടെ നിന്ന അപ്പച്ച എനിക്ക് എന്നും ഒരു മാതൃകാ പുരുഷനാണ്.

അടുത്ത ഹീറോ എൻറെ പപ്പയാണ്. ഫാദർ -ഇൻ - ലോ എന്ന ലേബൽ പപ്പയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തെറ്റായ പ്രയോഗമാണെന്നാണ്  എൻറെ അഭിപ്രായം. കാരണം നിയമത്തിലൂടെയല്ല    പപ്പ എൻറെ പപ്പ ആയത്  സ്നേഹത്തിലൂടെയാണ് . ഏകദേശം 400 -  കിലോമീറ്റർ ദൂരെയുള്ള ഒരു മലയോര ഗ്രാമത്തിൽ തന്റെ മകനുമൊത്ത്  എന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചയാളാണ് പപ്പ.  വീട്ടിലെ ആദ്യത്തെ   മരുമകളായി വലതുകാൽ വെച്ച്   കയറി അന്നുമുതൽ ഒരു മകളായി കരുതി എന്നെ സ്നേഹിക്കുന്ന പപ്പ സ്വന്തം മക്കളോട് കാണിക്കുന്ന അതേ സ്നേഹവും കരുതലും പരിഗണനയും എനിക്ക് തരുന്നു എന്നത് ഏറെ സ്നേഹത്തോടെ ഓർക്കുന്നു.  ഒരു ഹോമിയോ ഡോക്ടർ ആയിരുന്നിട്ടും അനേകം വെല്ലുവിളികളെ നേരിട്ട് തനിയെ വഴിവെട്ടി വന്നവനാണ് പപ്പ.  തന്റെ കുടുംബത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പപ്പയും എല്ലാവർക്കും ഒരു മാതൃകയാണ്.  മക്കളെ ഏറെ സ്നേഹിക്കുന്ന പപ്പയുടെ ജീവിതം അവരുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്. മക്കൾക്കറിയാത്ത ഒരു രഹസ്യവും ആ ജീവിതത്തിൽ ഇല്ല. പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമോദാഹരണമായ ജീവിതം.

ഇനി പറയാനുള്ളത് എൻറെ സ്വന്തം ജീവിതപങ്കാളിയെ കുറിച്ചാണ്. കഴിഞ്ഞ 26 വർഷങ്ങളായി സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നോട് ചേർന്ന് നിൽക്കുന്ന മാതൃകാ ഭർത്താവ്.  യാഥാസ്ഥിതിക ഭർത്താവ് ആശയങ്ങളെ കാറ്റിൽ പറത്തി കൊണ്ട് എല്ലാ കാര്യങ്ങളിലും തോളോട് തോൾ ചേർന്ന് എൻറെ കൂടെയുള്ള എൻറെ ഹീറോ . എൻ്റെ എല്ലാ കഴിവുകളെയും കുറവുകളെയും  ഒരുപോലെ അംഗീകരിച്ച് എന്നെ ഞാനായി ജീവിക്കാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന എൻറെ നല്ല പാതി. മക്കളുടെ ഏറ്റവും വലിയ റോൾമോഡൽ അവരുടെ  അപ്പ തന്നെയാണ്. അവരുടെ ബെസ്റ്റ്.  ഫ്രണ്ട് അവരുടെ കൂടെ കളിക്കാനും സിനിമ കാണാനും ,യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന   അപ്പ  അവരുടെ എല്ലാ ചലഞ്ചസിലും അവരുടെ കൂടെയുണ്ട്. സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും സങ്കടപ്പെടുമ്പോൾ കൂടെ സങ്കടപ്പെടുകയും ചെയ്യുന്ന പച്ചയായ മനുഷ്യൻ. എന്റെ മകൾ എപ്പോഴും പറയും അവൾക്ക് അപ്പയെപ്പോലെയൊരു ഹസ്ബന്റിനെ കിട്ടാനാണ്   അവൾ പ്രാർത്ഥിക്കുന്നതെന്ന്. അതുതന്നെയല്ലേ ഒരു അപ്പന് കിട്ടാവുന്ന ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.

പലപ്പോഴും പുറത്തു കാണിക്കാതെ ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി നമ്മെ സ്നേഹിക്കുന്ന,  സ്വന്തം വിയർപ്പ് കൊണ്ട് മക്കൾക്ക് തണലാകുന്ന, മക്കളുടെ വാശികൾ നേടി കൊടുക്കുവാൻ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്ന നമ്മുടെ അച്ഛനെ കുറെക്കൂടി മനസ്സിലാക്കാൻ സ്നേഹിക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മൾ വീഴാതെ താങ്ങുന്ന വലിയ തണൽ മരമായ അപ്പൻറെ നെറ്റിയിലെ ഓരോ ചുളിവിലും നമ്മുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുണ്ട് , ആ കൈകളിലെ തഴമ്പുകളിൽ നമുക്കായി പടുത്തുയർത്തിയ സ്വപ്നങ്ങൾ ഉണ്ട് . ആ സ്നേഹത്തിൻറെ തണലിൽ വിശ്രമിക്കാൻ നമുക്ക് കഴിയട്ടെ . ആ തണൽ നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്ക് പുറത്തെ വെയിലിന്റെ ചൂടറിയാൻ കഴിയുകയുള്ളൂ.

ഈ പിതൃദിനത്തിൽ ലോകമെമ്പാടുമുള്ള സ്നേഹനിധികളായ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹവും, ആദരവും, ആശംസകളും നേരുന്നു.

ദീപ 

കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ  ഫ്ലോറിഡയിൽ   നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ  പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു.   നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ   രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക