
വി ഡി സർക്കാർ അധികാരമേറിയിട്ട് ഒരു മാസ്സത്തോളമായി. ഇതിനോടകം തന്നെ രണ്ട് സുപ്രധാന നടപടികൾ എടുത്തുകഴിഞ്ഞു. മയക്കുമരുന്ന് വ്യാപനം തടയാൻ വേണ്ടി രൂപീകരിച്ച തുഫാൻ എന്ന പദ്ധതിയാണ് അതിൽ ഒന്നാമത്തേത്. രണ്ടാമത്തേത് സർക്കാർ ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതാണ്. തുഫാൻ എന്ന വാക്കിന്റെ അർത്ഥം കൊടുംകാറ്റ് എന്നതാണ്. ആ വാക്കിന് അന്വർത്ഥമാക്കുന്നതാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കിയ തുഫാൻ. ശക്തമായ രീതിയിൽ തുഫാൻ നടപ്പാക്കി കഴിഞ്ഞപ്പോൾ കേരളത്തിന്റെ അങ്ങോളമിങ്ങോളം അത് കൊടുംകാറ്റായി വീശിക്കൊണ്ടിരിക്കുകയാണ്. കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ ഇത്രയധികം അമർന്നിരിക്കുകയായിരുന്നു എന്ന സത്യം തുഫാൻ വന്നപ്പോഴാണ് ജനം മനസ്സിലാക്കുന്നത്.
പിണറായി ഓമന പേരിട്ട് വിളിച്ച അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പെരുമ്പാവൂരിൽ മയക്കുമരുന്ന് യഥേഷ്ടമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കേരളത്തിൽ ഇത് ഒരു കുടിൽ വ്യവസായമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ ഈ കുടിൽ വ്യവസായം തഴച്ചു വളരുകയായിരുന്നു എന്നതാണ് യാഥാർഥ്യം. കേരളത്തിൽ വ്യവസായം കൊണ്ടുവരാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ലെങ്കിലും മയക്കുമരുന്ന് കുടിൽ വ്യവസായം വളർത്താൻ കഴിഞ്ഞു എന്നത് അംഗീകരിക്കണം.
നാർക്കോട്ടിക് സെല്ലിന്റെ ഒറ്റപ്പെട്ട ചില മയക്കുമരുന്ന് റെയ്‌ഡുകൾ ചില ഭാഗങ്ങളിൽ നന്നതൊഴിച്ചാൽ കഴിഞ്ഞ പത്ത് വർഷം മയക്കുമരുന്ന് മാഫിയക്ക് എതിരെ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലയെന്ന് തുറന്നു തന്നെ പറയാം. പെരുമ്പാവൂരിൽ പരസ്യമായി പകൽ സമയത്ത് പോലും മയക്കുമരുന്ന് വിൽക്കുന്നത് ഈ കാലയളവിൽ നിത്യ സംഭവങ്ങളായിരുന്നു. നാർക്കോട്ടിക് സെല്ലോ ക്രൈം ബ്രാഞ്ചോ എന്തിന് ലോക്കൽ പൊലീസോ പോലും അവിടേക്ക് തിരിഞ് നോക്കാറില്ലായിരുന്നു. പരാതികൾ പറഞ്ഞാൽ പറയുന്നവനെ ഇല്ലാതാക്കുന്നതായിരുന്നു സത്യം. അടിപിടി കത്തികുത്ത് തുടങ്ങി എല്ലാ ആക്രമണങ്ങളും കേരളത്തിലങ്ങോളമിങ്ങോളം എന്നും അരങ്ങേറിയിരുന്നു. പെരുമ്പാവൂരിലെ തൊഴിലാളി ക്യാമ്പിൽ അക്രമാസത്തരായ അന്യ സംസ്ഥാന തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടപ്പോൾ അതന്വേഷിക്കാൻ ചെന്ന പൊലീസിന് ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്തത് അധിക കാലമായില്ല. അതിൽ പ്രതികളായവർ ഇന്നും നിരപരാധികളായി നാട്ടിലുണ്ട്. കഴിഞ്ഞ പത്ത് കൊല്ലം മയക്കുമരുന്ന് മാഫിയക്ക് ഏറ്റവും നല്ല വളക്കൂറുള്ള മണ്ണായി മാറി കേരം തിങ്ങും കേരള നാട്. ഒരു അഞ്ച് വര്ഷം കൂടി പിണറായി ഭരിച്ചിരുന്നെങ്കിൽ മയക്കുമരുന്ന് വിൽക്കുന്ന പെട്ടിക്കടകൾ പോലും ഉണ്ടായേനേം. ആ അവസ്ഥയുണ്ടായിരുന്നെങ്കിൽ കഞ്ചാവ് തിങ്ങും കേരള നാട് എന്ന് മാറ്റിപറയേണ്ടി വന്നേനേം.
കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് മിഡിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ മുതൽ തൊണ്ണൂറായവർ വരെ മയക്കു മരുന്നിന്റെ ഉപഭോക്താക്കളായി കേരളത്തിൽ മാറി. അടിപൊടിയും കത്തിക്കുത്തും പൊതു സ്ഥലത്തെ നിത്യ സംഭവങ്ങളായി മാറി. പോലീസ് വെറും നോക്കുകുത്തികളായി മാറി. ചുരുക്കത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ചില രാജ്യങ്ങളിൽ നടക്കുന്നതിനെ ഓർമ്മിപ്പിക്കുന്ന രീതിയിലായി കേരളം മാറി അല്ലെങ്കിൽ മാറ്റിയെന്ന് പറയാം. അതിനെല്ലാം മാറ്റം വരുത്താൻ തുഫാൻ കൊണ്ടുവന്നതിൽ കൂടി വി ഡി സതീശൻ സർക്കാരിന് കഴിഞ്ഞു. അതിന് നേതൃത്വം നൽകിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുക തന്നെ വേണം. അദ്ദേഹത്തിന്റെ ശക്തമായ നിർദേശവും പോലീസ് സേനക്ക് നൽകിയ സ്വാതന്ത്ര നിലപാട് എടുക്കാനുള്ള അനുമതിയും തുഫാൻ വൻ വിജയത്തിലെത്താൻ കാരണമായി. പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ മോചിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടൽ ഇപ്പോൾ ഇല്ലാത്തതും പ്രതികൾ രക്ഷപെടാതിരിക്കാൻ കാരണമായി. തുഫാൻ ഈ രീതിയിൽ തുടർന്നാൽ കേരളം മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് രക്ഷപെടുകയും യുവ തലമുറ ചിന്ത ശീലമുള്ളവരാകും. രമേശ് ചെന്നിത്തലയുടെ ഭരണ മികവ് വ്യക്തമാക്കുന്നതാണ് തുഫാൻ നടപ്പാക്കിയതുവഴി ഉണ്ടായത്.
രണ്ടാമതായി സർക്കാർ ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന തീരുമാനമെന്ന് അതിനെ വിശേഷിപ്പിക്കാം. ഈ പദ്ധതിക്ക് ഗുണവും ദോഷവും പറയുന്നവരുണ്ടെങ്കിലും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അതൊരാശ്വാസം തന്നെയാണ്. അടിക്കടിയുള്ള ടിക്കറ്റ് വർധന മൂലവും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവർക്കും ഈ പദ്ധതി താങ്ങാനെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത് എത്രമാത്രം സർക്കാരിന് ബാധ്യതയാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാലും സർക്കാരിന്റെ ഈ തീരുമാനം പുതിയ ചുവടുവെപ്പാണ്. തിരഞ്ഞെടുപ്പ് പ്രകട പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. അത് നടപ്പാക്കിയെതിൽ യൂ ഡി എഫ് സർക്കാരിന് എന്നും അഭിമാനിക്കാം. ഇങ്ങനെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നായി നടപ്പാക്കിയാൽ കേരളത്തിന്റെ മുഖഛായ തന്നെ മാറുമെന്നതിൽ സംശയമില്ല.