Image

മെസി തിളങ്ങി; കേരളത്തില്‍ ഫുട്‌ബോള്‍ ആവേശം ഇരട്ടിച്ചു (സനില്‍ പി. തോമസ്)

Published on 17 June, 2026
മെസി തിളങ്ങി; കേരളത്തില്‍ ഫുട്‌ബോള്‍ ആവേശം ഇരട്ടിച്ചു (സനില്‍ പി. തോമസ്)

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ ടീം അര്‍ജന്റീനയാണ്. ബ്രസീല്‍ ഒട്ടും പിന്നിലല്ല. പോര്‍ച്ചുഗലിനും ആരാധകര്‍ കുറവില്ല. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഹൃദയത്തിലേറ്റിയ താരങ്ങളില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയും തന്നെ ആദ്യ സ്ഥാനങ്ങളില്‍. നെയ്മറിനും ആരാധകര്‍ കുറവല്ല. പക്ഷേ, നെയ്മര്‍ പരുക്കിന്റെ പിടിയിലാണ്. ആദ്യ മത്സരത്തില്‍ കളിച്ചില്ല.
എന്തായാലും കേരളം കാത്തിരുന്ന മത്സരം അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു. അര്‍ജന്റീന അള്‍ജീരിയയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തി. മൂന്നു ഗോളും സകോര്‍ ചെയ്തത് അവരുടെ പ്രിയതാരം മെസിയും. മെസിക്ക് ലോകകപ്പില്‍ ആദ്യ ഹാട്രിക്. കന്‍സാസ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ മെസിയുടെ സര്‍വാധിപത്യമായിരുന്നു. ഇന്നുതന്നെ പോര്‍ച്ചുഗല്‍ ഹൂസ്റ്റനില്‍ കോംഗോയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടി ഫോമിലെത്തിയാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷമാകും.
മെസിയും അര്‍ജന്റീനയും കേരളത്തില്‍ കളിക്കുമെന്ന് രണ്ടു വര്‍ഷത്തോളം കേട്ടെങ്കിലും ഒന്നും നടന്നില്ല. കേരളത്തില്‍ കളിക്കുമെന്നു പ്രചരിപ്പിച്ച സമയങ്ങളില്‍ അര്‍ജന്റീനയേക്ക് ചൈനയിലും അംഗോളോയിലും ഖത്തറിലും സൗഹൃദയ മത്സരങ്ങള്‍ നിശ്ചചയിക്കപ്പെട്ടിരുന്നു. എന്നിട്ടും നേരിയ സാധ്യതയെങ്കിലും മലയാളികള്‍ മനസ്സില്‍ കണ്ടു. ഇഷ്ടതാരത്തെയും ടീമിനെയും അടുത്തുകാണാന്‍ കഴിഞ്ഞില്ലെങ്കിലും ആവേശം കുറഞ്ഞില്ല. ആരാധന കുറഞ്ഞില്ല.
അര്‍ജന്റീന ദേശീയ ടീമിനായി മെസിയുടെ ഇരുനൂറാമത്തെ മത്സരമാണ് ഇന്നു നടന്നത്. കളിയുടെ 17, 60, 76 മിനിറ്റുകളില്‍ മെസി ഗോള്‍ നേടി. രാജ്യത്തിനു വേണ്ടി മെസി 120 ഗോള്‍ തികച്ചു. അള്‍ജീരിയയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ രാജ്യാന്തര മത്സരങ്ങളില്‍ 117 ഗോള്‍ ആയിരുന്നു മെസിയുടെ പേരില്‍ ഉണ്ടായിരുന്നത്.
ആദ്യ  മത്സരത്തിലെ ഹാട്രിക്കോടെ ലോകകപ്പില്‍ മെസിക്ക് 16 ഗോള്‍ ആയി. ജര്‍മ്മനിയുടെ മിലോസ്ലാവ് ക്ലോസിന്റെ റെക്കോര്‍ഡിന് ഒപ്പം. എഴുപത്തൊമ്പതാം മിനിറ്റില്‍ മെസിയെ കോച്ച് ലയണല്‍ സ്‌കലോനി പിന്‍വലിച്ച് പകരം നിക്കോ പാസിനെ ഇറക്കി. 2006 ല്‍ ലോകകപ്പില്‍ അരങ്ങേറിയ മെസിക്ക് ഇത് ആറാം ലോകകപ്പാണ്. 2006 ല്‍ ഒരു ഗോള്‍ അടിച്ച മെസിക്ക് 2010 ല്‍ ഗോള്‍ നേടാനായില്ല. 2014ല്‍ നാലു ഗോളും 2018 ല്‍ ഒരു ഗോളും 2022ല്‍ ഏഴു ഗോളും അടിച്ചു. ആറു തവണ ലോകകപ്പില്‍ കളിക്കുന്ന ആദ്യ താരമായി മെസി. ഇന്ന് റൊണാള്‍ഡോയും ആറാം ലോകകപ്പ് കളിക്കും. കഴിഞ്ഞ അഞ്ചു ലോകകപ്പിലും ഗോള്‍ നേടിയ ചരിത്രം റൊണാള്‍ഡോയ്ക്കുണ്ട്.
മെസി ഈ ലോക കപ്പിലെ തൻ്റെ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ സെനഗലിനെതിരെ രണ്ടു ഗോള്‍ നേടി വരവ് അറിയിച്ചിരുന്നു. എംബാപ്പെയ്ക്ക് ലോകകപ്പ് ഗോളുകള്‍ 14 ആയി. ഗെര്‍ഡ് മുള്ളറാണ് 14 ഗോള്‍ നേടിയ മറ്റൊരു താരം. റൊണാള്‍ഡോയ്ക്ക് 15 ലോകകപ്പ് ഗോളുകള്‍ ഉണ്ട്. 2022ല്‍ കലാശക്കളിയില്‍ അര്‍ജന്റീനയെ വിറപ്പിച്ച ഫ്രാന്‍സിനെ ഇക്കുറി നയിക്കുന്നത് എംബാപ്പെയാണ്. ഖത്തറില്‍ മെസി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയെങ്കില്‍ കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്കായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ മെസി-എംബാപ്പെ മത്സരവും കടുക്കും. അപ്പോഴും കേരളത്തില്‍ കൂടുതലും അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്‌സിക്കാരായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക