
ഞാന്‍ പോകുവാടീ! നീ പറഞ്ഞ പോലെ എല്ലാം ഈശ്വരനിശ്ചയമാ. ഞാനുമിപ്പോള്‍ എല്ലാം ദൈവത്തിനങ്ങു വിട്ടുകൊടുത്തിരിക്കുവാ.!
പോകാന്‍ തുടങ്ങിയ സീത കുറേനേരം കൂടി സര്‍വ്വതും മറന്നമട്ടില്‍ അവിടെത്തന്നെ ഇരുന്നു. ഞൊടിയിടകൊണ്ടവളോര്‍ത്തു.. ഏതു കുലത്തില്‍ പിറന്നാലും പെണ്ണെന്നും പെണ്ണുതന്നെ. പാവം ദേവു, അവളും തന്നെപ്പോലെത്തന്നെ നിര്‍ഭാഗ്യവതിയാണ്. ഒട്ടും വകതിരിവും ലോകപരിചയവും ഇല്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവര്‍ ഭാഗ്യദോഷികള്‍ തന്നെ. സംശയമില്ല. അവരുടെ ഭാവി ഇരുളടഞ്ഞു പോകുകയേയുള്ളു. ധനശേഷി കൂടി ഇല്ലാത്തവരാണെങ്കില്‍ പറയുകയും വേണ്ട. ജീവിതത്തിന്‍റെ ഒരു തുറകളിലും ആ മക്കള്‍ക്ക് നേട്ടം വിധിച്ചിട്ടില്ല. ദേവു അവളുടെ മുറച്ചെറുക്കനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് തനിക്കറിയാം. വീട്ടില്‍ ധനസ്ഥിതി ഇല്ലാത്ത അവന്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തനാവുമ്പോഴേയ്ക്കും അവള്‍ വേറാരുടെയെങ്കിലും കിടപ്പറയില്‍ ബന്ധനത്തിലാവും യാഥാര്‍ത്ഥ്യമാവാത്ത സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കാനാണ് എന്നും തന്‍റെയും അവളുടെയും വിധി.. ഭാവിപ്രതീക്ഷകളെ നിസ്സംഗതയോടെ കണ്ട് ജീവിതമാകുന്ന നദിയിലെ ഒഴുക്കിനൊപ്പം മലര്‍ന്നു കിടക്കുക. ദിക്കറിയാതെ ഒഴുകുക. ഏതെങ്കിലും തുരുത്തില്‍ ചെന്നടിഞ്ഞോളും. അല്ലെങ്കില്‍പ്പിന്നെ എത്തുന്നിടത്ത് എത്തട്ടെ എന്ന് വയ്ക്കുക. അത്രതന്നെ.
***
വിഷുക്കാലമാണ്. ശൗരിയുടെ വരവ് സീത പ്രതീക്ഷിച്ചതുമാണ്. ശൗരി പക്ഷേ തീരെ പ്രതീക്ഷിക്കാതെയാണ് സീതയെ കണ്ടത്. പുലര്‍ക്കാല ദീപ്തിയില്‍ ജലാശയത്തില്‍ വിടര്‍ന്ന ചെന്താമര പോലെ കുളത്തില്‍ നില്‍ക്കുന്ന സീതയെ ശൗരി ഇമയനക്കാതെ നോക്കി. മേനി നിറയെ പളുങ്കുമുത്തുകള്‍ പോലെ സൂര്യരശ്മിയേറ്റു തിളങ്ങുന്ന ജലബിന്ദുക്കള്‍. അവളില്‍ ഇന്നോളം കാണാത്തൊരു പുതുമയവന്‍ ഇത്തവണ കണ്ടെത്തിയിരിക്കുന്നു. അതെന്താണെന്നും അവനറിയാം. കഴിഞ്ഞവരവിലെ ആദ്യസമാഗമം കല്‍ക്കണ്ടത്തുണ്ടുപോലെ മനസ്സില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതിന്‍റെ തേനൂറുന്ന മാധുര്യം ഇപ്പോഴും നാവില്‍ കിനിയുന്നു. ഒരിക്കല്‍ പകര്‍ന്നു കിട്ടിയ മധുരാനുഭൂതി അയവിറക്കിക്കൊണ്ട് നില്‍ക്കുമ്പോഴായിരുന്നു, കുളക്കരയിലെ കണിക്കൊന്ന പൂത്തുവെന്ന് മേടക്കാറ്റ് ശൗരിയുടെ കാതില്‍ വന്നു പറഞ്ഞത്. ആകെ നനഞ്ഞ് ഈറനൊട്ടി നില്‍ക്കുന്ന സീതയെ കണ്ടതും അവന്‍റെയുള്ളില്‍ ആസക്തിയുടെ അടിയൊഴുക്ക് തീവ്രതയാര്‍ന്നു. സിരകളില്‍ രക്തം ചൂടുപിടിക്കുന്നതായും ശരീരം ഇംഗിതം നിറവേറ്റാനായി കുതികുത്തിപ്പായുന്നതായും നേര്‍ത്തൊരുള്‍ത്തരിപ്പോടെ അറിഞ്ഞു. ഉടലെരിഞ്ഞപ്പോള്‍ ഉള്‍ച്ചൂടുരുക്കികളയാനവന്‍ കുളത്തിലേയ്ക്ക് ഇറങ്ങി. ശൗരിയുടെ ചുഴിഞ്ഞിറങ്ങുന്ന നോട്ടവും കണ്ണുകളിലെ വശ്യതയും നേരിടാനാവാതെ സീത വേഗം കരയ്ക്കുകയറി. ഊര്‍ന്നുവീഴാന്‍ ഭാവിക്കുന്ന മുലക്കച്ചയും വാരിപ്പിടിച്ചു നില്‍ക്കുന്ന പെണ്‍കൊടിയെക്കണ്ടു ബാലാര്‍ക്കന്‍ പോലും നാണിച്ചു വെണ്‍മേഘനിരകള്‍ക്കപ്പുറം മറഞ്ഞു നിന്നെത്തിനോക്കി.
ഉണ്യേട്ടന്‍ എപ്പോ വന്നു? സീതയുടെ ചോദ്യം ശൗരി കേട്ടില്ല. അവനവളെ കൊതിതീരെ നോക്കിക്കാണുകയായിരുന്നു.
സീതേ! സത്യത്തില്‍ നിന്നെ കാണാതിരിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഞാനിപ്പോള്‍ ഓടിപ്പിടച്ച് വന്നത്. ഉള്ളിലുള്ള മുഴുവന്‍ പ്രണയവും ആവാഹിച്ചെടുത്ത ഏറെ ആകര്‍ഷകമായ ആ കണ്ണുകളിലേയ്ക്കവള്‍ കൗതുകത്തോടെ നോക്കി. അവിടെ കിനിഞ്ഞിറങ്ങുന്ന സ്നേഹാര്‍ദ്രതയും പരല്‍ മീനുകള്‍ നീന്തിത്തുടിക്കുന്ന നീലത്തടാകംപോലെ ആഴമുള്ള കണ്ണുകളില്‍നിന്നും ഉറവെടുക്കുന്ന ആത്മാര്‍ഥതയും കണ്ടു..
എന്‍റെ ഉണ്ണ്യേട്ടന്‍.... എന്‍റെ മാത്രം ഉണ്ണ്യേട്ടന്‍. അവളുടെ മനസ്സ് മന്ത്രിച്ചു.
കുളിച്ചു കയറി കുളക്കരയില്‍ നിന്നും മടങ്ങുമ്പോള്‍ “വരണേ” എന്നുമാതമേ ശൗരി പറഞ്ഞുള്ളൂ. എവിടെയെന്നും എപ്പോഴെന്നും എന്തിനെന്നും സീതയ്ക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. അവള്‍ തലകുലുക്കി.
സന്ധ്യയായി. പടിഞ്ഞാറ് ചെമ്പട്ടുചേല ഞൊറിഞ്ഞുടുത്ത സന്ധ്യാംബരം പതിവിലധികം മനോഹരിയായിരുന്നു.. വേനലിലും പുഷ്ക്കലമാവുന്ന കാണിക്കൊന്നപോലെ അങ്ങിങ്ങായി അവള്‍ സുവര്‍ണ്ണ രാജി വിടര്‍ത്തുന്നു. സീതയുടെ ആത്മാവിന്‍റെ ഓരോ അണുവിലും ശൗരി നിറഞ്ഞു നില്‍ക്കുകയാണ്. നോക്കുന്നിടത്തൊക്കെ അവന്‍റെ മുഖമാണ്. അവനെ ഓര്‍ക്കുമ്പോഴൊക്കെ അവളുടെ രോമകൂപങ്ങള്‍ ഉണരുകയും ഉടല്‍ കോരിത്തരിക്കുകയുമാണ്.. അണ്ഡകടാഹങ്ങള്‍ പൊട്ടിത്തെറിച്ചാലും ആകാശം ഇടിഞ്ഞുവീണാലും തനിക്കിന്ന് രാത്രി ഉണ്ണ്യേട്ടനെ കണ്ടേ മതിയാവൂ എന്നവള്‍ സന്ധ്യക്കേ തീരുമാനിച്ചു.
അമാവാസി രാവാണ്. രാത്രി അതിന്‍റെ മദ്ധ്യയാമത്തോടടുക്കുന്നു.
അമ്മയുറങ്ങാന്‍ കാത്തുകാത്തിരുന്ന സീതയ്ക്ക് ഒടുവില്‍ ക്ഷമയറ്റു. അമ്മ ഉറക്കംപിടിച്ചെന്നു കണ്ടതും ഒച്ചയുണ്ടാക്കാതെയവള്‍ പുറത്തിറങ്ങി... ഇരുട്ടിന് സാന്ദ്രത കൂടിയിരിക്കുന്നു.. അവള്‍ ആകാശത്തേയ്ക്ക് നോക്കി. ചന്ദ്രന്‍ തേങ്ങാപ്പൂള് പോലെ പാതി മറഞ്ഞിരിക്കുന്നു. മൗനമുദ്രിതയായ പ്രകൃതിയെ അന്ധകാരരാക്ഷസന്‍ വിഴുങ്ങിയിരിക്കുന്നു. നിശാചരന്മാര്‍ ഉറക്കമായിരിക്കുന്നു.
എവിടെനിന്നോ മുഖത്തേയ്ക്ക് തെറിച്ച ഒരുതുള്ളി വെള്ളം വിരല്‍ കൊണ്ടവള്‍ തൊട്ടുനോക്കി. മഴ ചാറുന്നുണ്ട്. ഇടവപ്പാതി ഇത്തവണ നേരത്തെ എത്തിയോ എന്ന് സന്ദേഹിച്ചു. ഏയ് ! അങ്ങനെയല്ല, മേടത്തിലും ഒന്നോ രണ്ടോ മഴയ്ക്ക് വകയുണ്ട്. അതാവും.
വീണ്ടുവിചാരമില്ലാതെ തെറ്റിലേയ്ക്ക് നടന്നടുക്കാന്‍ മുന്നോട്ടു ചുവടുവച്ച തന്‍റെ ബുദ്ധിശൂന്യതയോര്‍ത്ത് പ്രകൃതി കരയുകയാണോ?..ചില വിഡ്ഢിത്തങ്ങള്‍ മനുഷ്യര്‍ക്ക് ചില നേരങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നവളപ്പോള്‍ മറിച്ചു ചിന്തിച്ചു. അനിവാര്യമായത് നടന്നല്ലേ പറ്റൂ.
ഉള്ളില്‍ നേരിയൊരു ഭയം ഇല്ലാതില്ല. മുന്നോട്ടു കാല്‍ വയ്ക്കുന്തോറും പതിയെപ്പതിയെ ആ ഭയം സീതയുടെ ഉടലാസകലം പടരുകയാണ്.. അത് കാര്യമാക്കാതെയവള്‍ ഇടവഴി താണ്ടി വേഗം നടന്നു.. പ്രിയപ്പെട്ടവനെ കാണാനുള്ള മനസ്സിന്‍റെ അടങ്ങാത്ത തൃഷ്ണ ആ നിമിഷം അവളെ ഏതു സാഹസത്തിനും മുതിരാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. പതിവു സ്ഥലത്തുതന്നെ ശൗരി കാത്തു നില്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നു സീതയ്ക്ക് തോന്നി. അവന്‍ സാധാരണ വന്നു നില്‍ക്കാറുള്ള സ്ഥലത്ത് ഇരുളില്‍ നേര്‍ത്തൊരു വെള്ളായം കണ്ട ധൈര്യത്തില്‍ നിത്യേന നടന്നു പരിചയിച്ച വഴിയിലൂടെ സ്വയമറിയാതെ കാലുകള്‍ ചലിച്ചു. വഴിയരികില്‍ ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന ചൊറിയണവും തൊട്ടാവാടിയും പോലുമറിയണ്ട വസ്ത്രമല്‍പ്പമുയര്‍ത്തിപ്പിടിച്ചവള്‍ ശ്രദ്ധയോടെ അപ്പുറം കടന്നു. കാല്‍ക്കീഴില്‍ കരിയില ഞെരിയുന്ന ശബ്ദം പോലും നേര്‍ത്ത അലോസരമായി തോന്നി..
സീതേ വാ ! അടുത്തേയ്ക്ക് വന്ന സീതയെ ശൗരി തന്‍റെ കരങ്ങള്‍ക്കുള്ളിലാക്കി. ഒറ്റയുടലായിരുന്നു അവര്‍ക്കപ്പോള്‍. രണ്ടു ശുദ്ധാത്മാക്കള്‍ ഉപാധികളില്ലാത്ത തങ്ങളുടെ സ്നേഹം കലവറയില്ലാതെ പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് പ്രകൃതിപോലും അറിഞ്ഞുകാണും. ശൗരിയുടെ നെഞ്ചിലും വീണു, ഒന്നുരണ്ടു മാരിപ്പളുങ്കുകള്‍. സീത ചിന്തിച്ചതുപോലെയല്ല, ശൗരി ചിന്തിച്ചത്.
“നോക്ക് സീതേ! പ്രകൃതിപോലും പനിനീര്‍ തളിച്ചു നമ്മെ അനുഗ്രഹിച്ചു.” അവന്‍ ശബ്ദമടക്കി പറഞ്ഞു
വരൂ.! അവളെ ചേര്‍ത്തു പിടിച്ചു ശൗരി മുന്നോട്ടു നടന്നു. നിനക്ക് പേടി തോന്നുന്നുണ്ടോ സീതേ? മുറിയിലെത്തിയയുടന്‍ ശൗരിയവളോട് ചോദിച്ചു.
എന്തിന്? ഉണ്ണ്യേട്ടന്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം?
ഞാന്‍ കൂടെയുള്ളതിന്‍റെ പേടി. ശൗരി ഊറിച്ചിരിച്ചു.
ഒരിക്കല്‍ ധൈര്യപൂര്‍വ്വം കൂടെ വന്നില്ലേ ഞാന്‍? ഇത് രണ്ടാമൂഴമല്ലേ? ഇനിയെന്തു പേടിക്കാന്‍? സീത പറഞ്ഞതില്‍ സത്യമുണ്ടെന്നു ശൗരിയ്ക്ക് തോന്നി. ഏതുകാര്യവും തുടങ്ങിവയ്ക്കാനുള്ള ചളിപ്പേ ഉള്ളു മനുഷ്യന്. അതുകഴിഞ്ഞാല്‍ അതിനോടുള്ള സമീപനം മറ്റൊരു രീതിയിലായിരിക്കും. മൊത്തത്തിലൊരു നിസ്സാരത കൈവരും. ആകെ മുങ്ങിയാല്‍ കുളിരറിയില്ല എന്ന് പറയുമ്പോലെ തെറ്റാണ് ചെയ്യുന്നതെങ്കിലും ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ അതിന് മടുപ്പുണ്ടാവില്ല, ഒട്ടുംതന്നെ കുറ്റബോധവും തോന്നില്ല...
ഏറെ നേരമവര്‍ മുഖാമുഖം നോക്കിനിന്നു. പിന്നെ രണ്ടാളും ചിരിച്ചു.
ജീവനും ജീവിതവും വച്ചാണ് പെണ്ണേ, നമ്മുടെ ഈ കളി. അവനവളുടെ കാതോരം, ചരാചരങ്ങള്‍ പോലും ബധിരരല്ല എന്ന് തോന്നുമാറടക്കത്തില്‍ മൊഴിഞ്ഞു.
തുടരും.....
Read More: https://www.emalayalee.com/writer/318