Image

കഥയല്ലിത് ജീവിതം (ചെറുകഥ: ജമാൽ റാഷി)

Published on 17 June, 2026
കഥയല്ലിത് ജീവിതം (ചെറുകഥ: ജമാൽ റാഷി)

"കഥയല്ലിത് ജീവിതം"എന്ന് പേരിട്ട ആ കുറിപ്പ് അല്ലെങ്കിൽ കഥ ഇങ്ങനെ തുടങ്ങുന്നു ."ഞാന്‍   മടങ്ങുകയാണ്.
എന്നെ ആരെങ്കിലും തിരികെ വിളിച്ചിട്ടോ മുന്നോട്ടുള്ള വഴി മറ്റാരെങ്കിലും തടസ്സപ്പെടുത്തിയിട്ടോ
അല്ല. എനിക്ക് ജീവിച്ച് മതിയായിട്ടാണ്.. ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പലരും ജീവിച്ചുവന്ന പാതയിൽ നിന്നും മാറി സഞ്ചരിക്കാനാണ്.
ശ്രമിക്കുക .അല്ലെങ്കില്‍  കുട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ചുറ്റുവട്ടങ്ങൾ എല്ലാം ഒരു വശത്താക്കി മാറ്റി
അതുമല്ലെങ്കിൽ അത്തരം സമൂഹത്തിന്‍റെ നാനാതുറകളിൽ ചിതറിക്കിടക്കുന്നവരെ മനപൂർവ്വം
താനറിയാതെ തന്‍റെ വഴിക്ക് വന്നവർ എന്ന് ചിന്തിച്ച് സംഘം ചേർത്ത് അവർക്ക് നടുവിലിരുന്ന്
നടുക്കണ്ടം തിന്ന് അങ്ങനെ..അങ്ങനെ...
ഞാൻ അത്തരത്തിൽ ഒരു വിടവാങ്ങൽ അല്ല ഉദ്ദേശിക്കുന്നത്. ഈ ശരീരത്തിൽ ജീവിച്ചു
ദുരിതമനുഭവിച്ച ആത്മാവിനെ എന്നെന്നേക്കുമായി സ്വതന്ത്രമാക്കാൻ പോകുന്നു.
ഏതൊരാളെയും പോലെ പഠിച്ചു വളർന്നു. വിവാഹം കഴിച്ചു കുട്ടികളുമായി നാൽപ്പത് വയസ്
കടന്നപ്പോഴേ ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നാൻ ...?
പരീക്ഷണങ്ങൾക്ക് വിധേയമാകാത്ത ജീവിതം അർത്ഥശൂന്യമാണെന്ന ജോർജ് ബർണാഡ്
ഷായുടെ വാക്കുകൾ അനുസരിച്ച് ചെയ്തത് ഒന്നും ഫലം കാണാതെ പരീക്ഷണങ്ങൾ
മാത്രമായി അവശേഷിച്ചു.
താൻ പ്രാവീണ്യം നേടിയ മേഖലയിൽ നിന്നും മാറി മറ്റെന്തെങ്കിലും കുടി സ്വായത്തമാക്കാന്‍ 
ശ്രമിക്കുന്നില്ലെങ്കിൽ സ്വന്തം വളർച്ച മുരടിക്കും എന്ന എമേഴ്സന്‍റെ വാക്കുകൾ കേട്ടിട്ട് ഒന്നിലും
പ്രാഗൽഭ്യം തെളിയാതെ പോയി.

വര:മറിയം ജാസ്മിന്‍

അങ്ങനെ പലർക്കൊപ്പവും പലതിനൊപ്പവും ഓടിക്കിതച്ച് എങ്ങുമെത്താതെ തിരിഞ്ഞു
നോക്കിയപ്പോഴാണ് കടന്നുപോയ ജീവിതം എനിക്കോ മറ്റാർക്കെങ്കിലുമോ ഒരു ഗുണവും
ചെയ്തില്ലെന്ന് മാത്രമല്ല ഏവർക്കും നഷ്ടം മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ എന്ന്
ബോധ്യമായത്. അത് കൂടുതൽ ദോഷകരമായി ബാധിക്കും എന്ന എന്‍റെ തിരിച്ചറിവിൽ
നിന്നുമാണ് എല്ലാ കെട്ടുപാടുകളിൽ നിന്നും എന്നെന്നേക്കുമായി ഒരു വിടുതൽ വേണമെന്ന
തീരുമാനത്തിലെത്തുന്നത്.
എങ്ങനെയാണ് ഇതൊന്ന് അവസാനിപ്പിക്കേണ്ടത്? പല വഴികളാലോചിച്ചു. ഒന്നിലുറച്ചു.
എന്‍റെ വിടവു മൂലം അങ്ങനെ ഒന്നുണ്ടെങ്കിൽ അത് എങ്ങനെയാണ് എന്‍റെ അഭാവത്തിൽ
നികത്തപ്പെടുന്നത്? ആ ചിന്ത എത്തി നിന്നത് ഒരു ഡെത്ത് പോളിസി എടുക്കുക എന്നിടത്താണ്.
എന്നാൽ, ഒരു വർഷം മാത്രം കാലാവധിയുള്ള അത് ആക്സിഡന്‍റ് ഡെത്തിനു മാത്രമേ
അവകാശിക്ക് ഗുണം ചെയ്യുകയുള്ളു എന്നത് പോളിസി ബോണ്ട് കിട്ടി അതോടൊപ്പമുള്ള
നിബന്ധനകൾ വായിച്ചപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായത്.
നോമിനി, കഴിഞ്ഞ പതിനഞ്ച് വർഷമായി എന്നെ സഹിക്കുകയും എന്‍റെ മൂന്ന് മക്കൾക്ക് ജന്മം
നൽകുകയും ചെയ്തുവള്‍, പറഞ്ഞ് പറഞ്ഞ് അർഥം തേഞ്ഞില്ലാതായ "എല്ലാം ശരിയാകും
എല്ലാം ശരിയാകും"എന്ന ആശ്വാസ വാക്കുകൾ നിരന്തരം ഒരു ജപമാല മന്ത്രം പോലെ
ഉരുവിട്ടുകൊണ്ടിരിക്കുന്നവൾ...
എന്തൊക്കെ കടുംകൈ ഞാൻ പ്രവർത്തിച്ചാലും അവളിൽ നിന്നും ജീവനുംകൊണ്ട്
പാഞ്ഞുകളയും എന്ന ഒരു ചിന്ത ഒരിക്കലും അവൾക്ക് ഉണ്ടാകത്തക്കതായി ഒരു വാക്ക്
പോലും എന്നിൽ നിന്നും ഒരിക്കൽ പോലും പുറത്തുവരാത്തതും അനുകൂല ഘടകമാണ്.
അതുകൊണ്ടാണ് ശരി എന്ന് കരുതി ഞാൻ നടത്തിയിട്ടുള്ള പല തീരുമാനങ്ങളും
ശരിയാകാത്തതാണെന്ന് നല്ല ബോധ്യം ഉണ്ടായാൽ പോലും തുടക്കത്തിൽ തടയാൻ ഒരു
വിഫലശ്രമം നടത്തി പിൻവാങ്ങികൊണ്ടിരുന്നുത്.
ഇങ്ങനെ ഒരു ചിന്ത വന്നതുമുതൽ ആർക്കും ഒരു സംശയത്തിനും ഇട നൽകാത്ത വിധം എല്ലാ
ഇടപെടലും നടത്താൻ ഞാൻ ശ്രമിച്ചിരുന്നു. വർഷങ്ങളായി തുടരുന്ന ഡയറി എഴുത്തിൽ
അറിയാതെ പോലും ഒരു വാക്ക് മരണവുമായി ബന്ധപ്പെട്ട് കയറി പറ്റാതിരിക്കാൻ ശ്രമിച്ചു
വിജയിക്കുകയും ചെയ്തു."എറണാകുളത്തിന് പോകണം" എന്ന് തലേരാത്രിയിൽ തന്നെ
പറഞ്ഞിരുന്നു. പഴയ ഒരു സുഹൃത്ത് ഗൾഫിൽ നിന്നും പാസ്പോർട്ടിന്‍റെ എന്തോ കാര്യത്തിന്
നഗരത്തിൽ വരുന്നു. അവനെ കണ്ട് ചിലത് സംസാരിക്കണമെന്ന് എന്‍റെ നുണവാക്കുകൾ
പലപ്പോഴും എന്ന പോലെ അവൾ വിശ്വസിച്ചു.

വര:മറിയം ജാസ്മിന്‍

രാവിലെ ഇൻഷുറൻസ് നിബന്ധനകൾ ഒന്നുകൂടി ശ്രദ്ധിച്ചു. കൊടുക്കുന്നതിനേക്കാൾ
അതെങ്ങനെ തടയാം എന്നതാകുമല്ലോ കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുക ഡിനെ അല്ലെങ്കിൽ
ഡിലെയെങ്കിലും, അതുകൊണ്ട് എന്‍റെ അശ്രദ്ധ കൊണ്ട് ഒരബദ്ധവും വരരുത്
മൊബൈൽ ഫോൺ മനപൂർവ്വം മറന്നു വച്ചു. ലക്ഷ്യം നിറവേറും മുമ്പ് അവളുടെ ഒരു വിളി
വന്നാൽ അതുമതി എല്ലാം ഉപേക്ഷിച്ച് പിൻവാങ്ങാന്‍.
“ഞാൻ എറങ്ങ്വാട്ടോ..."എന്ന പതിവ് യാത്ര പറച്ചിൽ ഒഴിവാക്കി കാരണം തിരിച്ചു വീട്ടിൽ
എത്തുന്നതുവരെ ഒരു ശക്തിയായി എന്നെ പിടിച്ചു നിർത്താറുള്ള " മധുരമായ 
ശബ്ദത്തോടെയുള്ള ആ സുന്ദരമുഖം എന്നെ എന്‍റെ ഉദ്യമത്തിൽ നിന്നും പിന്നോട്ട് വലിച്ചാലൊ.

ടൗണിലെത്തി കച്ചേരിത്താഴത്ത് മെട്രോനഗരത്തിലേക്കുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ
നിൽക്കുമ്പോഴും എങ്ങനെ അവസാനിപ്പിക്കണം എന്ന് ഒരു തീരുമാനമെടുത്തിരുന്നില്ല.
നഗരത്തിലേക്കാണല്ലോ പോണത്
അവിടെയാണല്ലോ എല്ലാത്തിനും പരിഹാരമുള്ളത്. ജീവിതം അവസാനിപ്പിക്കാനുള്ള
നൂതനമായ ആശയങ്ങളും അവിടെ ഉണ്ടാകാതെ വരില്ല.
രാവിലെ സമയമായതുകൊണ്ട് നഗരത്തിലേക്ക് പത്ത് മിനിറ്റ് ഇടവിട്ട് ബസ്സുണ്ട്. പലതും വന്നു
പോയി. മറ്റു പലയിടങ്ങളിലേക്കും നിരവധി വണ്ടികൾ വന്നു പോയി . എന്നെ എന്തോ
പിന്നിലേക്ക് വലിക്കുന്ന പോലെ ഞാൻ പലരെയും വെറുതെ നിരീക്ഷിച്ചു. പല പല ലക്ഷ്യങ്ങളും
പ്രതീക്ഷ കളും വെച്ച് യാത്ര തുടങ്ങുന്നവർ, തിളക്കുന്ന കടലായിരിക്കും പലരുടെയും ഉള്ളം.
റോഡിന് എതിർവശത്തുള്ള കടലവണ്ടിയിൽ ചെറുപലഹാരങ്ങൾ പൊരിച്ചു വിൽക്കുന്ന
യൂസഫിനെ ശ്രദ്ധിച്ചു. തന്‍റെ ജോലിക്കിടയിലും പലയിടങ്ങളിലേക്കുള്ള ബസ്സുകൾ
വന്നുപോയിട്ടും അതിൽ ഒന്നിലും കയറാതെ നിൽക്കുന്ന എന്നെ ഒരു പരിചയക്കാരനായ
അയൾ സംശയത്തോടെ വട്ടം നോക്കിയോ ?
"സാര്‍"
എന്ന ഒരു ഇടർച്ചയുള്ള വിളിയാണ് എന്നെ വീണ്ടും എന്‍റെ പരിസരങ്ങളിലേക്ക് തിരികെ
കൊണ്ടുവന്നത്. അപ്പോൾ ഞാൻ കാണുന്നത് എന്‍റെ മുന്നിൽ ഇരുകൈപ്പത്തികളുമില്ലാതെ
കൈ(?) കുപ്പി നിൽക്കുന്ന ഒരുയാചകനെയാണ്. ഷർട്ട് ഇട്ടിട്ടില്ല. പാകമാകാത്ത ഒരു ജീൻസ് പാന്‍റ്
ആരൊ കയറു കൊണ്ട് അരയിൽ കെട്ടിവച്ചിരിക്കുന്നു.ഉയരം കുറഞ്ഞ് ശോഷിച്ച ശരീരം
വെയിലേറ്റു വാടിയിരിക്കുന്നു. ഞാൻ അഞ്ചിന്‍റെ ഒരു തുട്ടെടുത്ത് എന്തുചെയ്യണമെന്നറിയാതെ
ശങ്കിച്ചു നിന്നു അന്നേരം അയാൾ തന്‍റെ ശരീരം ഒരു വശത്തേക്ക് ചരിച്ച് ജീൻസിന്‍റെ പോക്കറ്റ്
കാണിച്ചു ഞാൻ അനുസരിച്ചു. അയാൾ അടുത്ത ആളിലേക്ക് പോയി
എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.
ആത്മഹത്യ ചെയ്യാൻ പോകുന്നു? എനിക്കെന്ത് കുറവുണ്ടായിട്ടാണ്. സ്വന്തമായി ശൗചം
ചെയ്യാൻപോലും കഴിവില്ലാത്തവൻ പ്രതീക്ഷകൾ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്നു.

ഞാൻ പെട്ടെന്ന് വഴി മുറിച്ചുകടന്ന് യൂസഫിനടുത്തെത്തി അമ്പതിന്‍റെ ഒരു നോട്ടുനീട്ടി
നിരത്തിവച്ചിരിക്കുന്ന പലഹാര പാത്രങ്ങൾക്ക് മുകളിലൂടെ കൈ കറക്കി എല്ലാം കൂടി
എന്നുമാത്രം പറഞ്ഞു. അയാൾക്ക് എന്നോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. എന്നാൽ,
ഒന്നും മിണ്ടിയില്ല. എന്നെ ഒരോ തവണ കാണുമ്പോഴും ഒരുപാട് വിശേഷങ്ങൾ ചോദിക്കാറുള്ള
ആളാണ് എന്നാൽ തന്‍റെ സ്വതസിദ്ധമായ ചിരിയോടെ പൊതികെട്ടി തന്നിട്ട്
അരിപ്പകൈലെടുത്ത് വറചട്ടിയിൽ തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലെ പരിപ്പുവട ഇളക്കിയിട്ടു.
ഞാൻ ആ പൊതി വാങ്ങി വീണ്ടും തിരക്കേറിയ റോഡ് ശ്രദ്ധയോടെ മുറിച്ചുകടന്ന് തിരികെ
അതേ സ്റ്റോപ്പിൽ എത്തിയതേ എനിക്കുള്ള വണ്ടി വീട്ടിലേക്കുള്ള വണ്ടി വന്നു. ഞാൻ കയറി.
തിരക്കൊഴിഞ്ഞ ബസ്സിൽ കണ്ടക്ടർ അടുത്ത് വന്നപ്പോൾ എനിക്ക് ഇറങ്ങേണ്ട സ്ഥലം
പറഞ്ഞു.
"പേഴയ്ക്കാപ്പിള്ളി"
അങ്ങനെ ആ സംഭവങ്ങളെല്ലാം മറന്ന് അയാൾ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് മടങ്ങി.
പലപ്പോഴും എന്ന പോലെ അന്നും അയാൾ ഫോൺ മറന്നു വച്ചിരുന്നു. നഗരത്തിലെ
ആശുപത്രിയിൽ ഓപ്പറേഷന് വിധേയനായ ആൾക്ക് രക്തം കൊടുക്കാൻ പോയതാണ്.
അയാളുടെ കഥ പ്രസിദ്ധീകരിക്കുന്ന വിവരമറിയിച്ചുള്ള കോൾ അറ്റന്‍റ് ചെയ്തത് ഭാര്യയാണ്.

എന്നാൽ അത് സന്തോഷത്തോടെ ഭർത്താവുമായി പങ്കുവയ്ക്കാൻ കാത്തുനിന്ന അവളെ
തേടിയെത്തിയത് ബൈക്കിൽ മടങ്ങിവരുമ്പോൾ കണ്ടെയ്നർ റോഡിൽ സിഗ്നൽ തെറ്റിച്ച് വന്ന
ഒരു ലോറി അയാളെയും കൊണ്ടുപോയി എന്ന വിവരമാണ്.
ആ സംഭവത്തിന് പത്താം ദിവസം. അതൊരു ഞായറാഴ്ച ആയിരുന്നു. അയാളുടെ
ബാധ്യതകൾ, കൊടുക്കൽ വാങ്ങലുകൾ ഭാര്യയുടെയും മക്കളുടെയും ഭാവി എല്ലാം
ചർച്ചചെയ്യാൻ കൂടിയവരുടെ മുന്നിൽ അയാൾ എടുത്തിരുന്ന ഇൻഷുറൻസ് കാര്യവും ചർച്ചക്ക്
വന്നു. ഏജന്‍റിനെ വരുത്തി സംസാരിച്ചു. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു .
അപ്പോള്‍ അയാളുടെ  കഥ പ്രസിദ്ധീകരിച്ച സപ്ലിമെന്‍റ് മടക്കു പോലും നിവരാതെ പുറത്തെ
വരാന്തയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.ഇനിയെന്താകും അയാളുടെ കഥ ?ആ കഥയില്‍ അവരുടെ സന്തോഷം അലിഞ്ഞു പോകുമോ ?
കഥ കഥയാകുമോ ,ജീവിതം ജീവിതവും .കഥയല്ലല്ലോ ജീവിതം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക