Image

കവിതയുടെ മാന്ത്രികത (സാഹിത്യം : പി എസ് ജോസഫ്‌ )

Published on 17 June, 2026
കവിതയുടെ മാന്ത്രികത (സാഹിത്യം : പി എസ് ജോസഫ്‌ )

എന്ത് കൊണ്ടാണ് നിങ്ങള്‍ കവിത എഴുതുന്നത്‌ ?വളരെ ചുരുക്കം പേര്‍ മാത്രം വായിക്കുന്ന ,അപൂര്‍വ്വം  പേര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു സാഹിത്യ രൂപമാണ് കവിത .അതാകട്ടെ ഗാന ശാഖയില്‍ നിന്ന് വ്യത്യസ്തമായി പലപ്പോഴും ദുര്‍ഗ്രഹവും ഏറെ ചിന്തിപ്പിക്കുന്നതും ചിലപ്പോള്‍ ആയിരം ചിത്രങ്ങളെക്കാള്‍ ഭാവ സമ്പന്നവുമാണ് .അടുത്തയിടെ ന്യൂ യോര്‍ക്കില്‍ നടന്ന ഒരു കവിത ചര്‍ച്ചയില്‍ ഇതേ ചോദ്യം ഉയര്‍ന്നു .സദസ്സില്‍ ആറു ശതമാനം പേര്‍ മാത്രമേ കവിത വായിക്കുന്നവരായി ഉണ്ടായിരുന്നുള്ളൂ .എങ്കിലും സാഹിത്യത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ കവിത പ്രധാന അംശമാകുന്നു .ഇനി കവിതയില്ല എന്ന് ഓഷ്വിട്സിന്‍റെ ഭീകരത അഭിമുഖീകരിച്ച കവി എഴുതിയെങ്കിലും ജീവിതത്തിന്‍റെ തീഷ്ണമായ അവസ്ഥകളെ കുറിച്ചു എഴുതാന്‍ ഇന്നും കവിതക്ക് കഴിയുന്നപോലെ മറ്റൊരു സാഹിത്യ ശാഖക്കും കഴിയുന്നില്ല .എന്തിനു കവിത എകാധിപത്യ  ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നു .മതാധിപത്യ സദാചാര സമൂഹങ്ങള്‍  അവയ്ക്ക് കൂച്ചു വിലങ്ങിടുന്നു .കവിതയാണ് പലപ്പോഴും നിരോധിക്കപ്പെടുന്നത് .എന്ത് കൊണ്ടാണ് സമൂഹം കവിതയെ ഭയപ്പെടുന്നത് ?

യാഥാര്‍ത്ഥ്യവും  ആല്‍മാവും തമ്മിലുള്ള സംവാദമാണ് കവിത .ഒരു പക്ഷേ ജിവിതത്തിന്റെ യഥാര്‍ത്ഥ സത്ത കാണാന്‍ സഹായിക്കുന്ന അല്ഗോരിതം  ആകാം അത് .കല്പിത കഥകളില്‍ നിന്ന് വ്യത്യസ്തമായി അത് വിശദമായ ഒരു നിലപാട് സ്വീകരിക്കുന്നു .അത് ഹൃദയത്തില്‍ തൊട്ടെഴുതുന്നതാണ് .അവയില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടായാലും സത്യാത്തിന്‍റെ ധവളവെളിച്ചത്തില്‍ കുളിച്ചതാണ് അത് .നല്ല കവിത ആര്‍ക്കും പടച്ചുണ്ടാക്കാനാവില്ല.സത്യത്തിന്‍റെ മുഖാവരണം ധരിച്ചു നിങ്ങളെ സ്വാധിനിക്കാന്‍ കപട പ്രവാചകര്‍ എത്തിയെന്ന് വരാം .പക്ഷേ ശ്രദ്ധിച്ചാല്‍  ചെമ്പ് പുറത്തു വരും .മുഖം മൂടി വലിച്ചെറിയപ്പെടും .അതായതു ഒരു വലിയ കള്ളം കവിതയില്‍ ഒളിപ്പിക്കാനാവില്ല .

അന്ന അഖ്മഖ്തോവ

എന്ത് കൊണ്ടാണ് അന്ന അഖ്മഖ്തോവയുടെ കവിതകള്‍ക്ക് ജനങ്ങള്‍ കാതോര്‍ത്തതെന്നു വെല്‍ഷ് കവി സൈമസ് ഹെയിനി  സൂചിപ്പിക്കുന്നുണ്ട് .റഷ്യയിലെ സാധാരണ ജനതയുടെ വികാര വിചാരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കവിതക്കാല്ലാതെ മറ്റൊന്നിനും കഴിയില്ല എന്ന ബോധത്തില്‍ നിന്നാണ് അത് .രാഷ്ട്രീയമായി ശരി പാലിക്കാനും അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കൊപ്പം കഴിയാനും ശ്രമിക്കുന്നവരെ കാലം എങ്ങനെ അവഗണിക്കുമെന്ന് മയോക്കൊവ്സ്കിയുടെ ദുരന്ത കഥ വഴി സെസ്ലോ മിലോസ് ഉദാഹരിക്കുന്നുണ്ട് .ചെറിയ കാര്യങ്ങള്‍ പറഞ്ഞ വലിയ കവിയായിരുന്നു വിസ്ലാവ് സിമ്പോഴ്സ്ക .നിങ്ങളെങ്ങനെ  നിങ്ങളായി എന്ന് ചോദിച്ച കവി ആദിവാസികള്‍ക്ക് ദ്രോഹകരമായ നിയമത്തിനു  അനുകൂലമായി കൈ ഉയര്‍ത്തുമ്പോള്‍;കവിതയും സത്യവും തമ്മില്‍ വലിയ സംഘര്‍ഷം രൂപം കൊള്ളുന്നു .

ചരിത്രത്തില്‍ നിന്ന് മാറി കവിതയെ വിലയിരുത്താനാവില്ല .കാലമാണ് കവിതയ്ക്ക് ജീവന്‍ നല്‍കുന്ന ഊര്‍ജം .ശ്രീരാമനെ വിലയിരുത്തുന്ന വാല്മീകി ആയാലും ഹെക്ടറിനെ അവതരിപ്പിക്കുന്ന ഹോമര്‍ ആയാലും 1916 നെ കുറിച്ചു എഴുതുന്ന യേറ്റ്സ് ആയാലും കാലമാണ് അവരുടെ രചനയെ സ്വാധീനിക്കുന്നത് .മനുഷ്യന് എതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യര്‍ക്കൊപ്പം നിലകൊള്ളണം .അത് എളുപ്പമല്ല .പുഞ്ചിരി കുലീനമാം സത്യത്തെ ഞാന്‍ കാട്ടാം എന്ന് കവി പറയുമ്പോള്‍ എന്ത് കൊണ്ടാണ് അത് ഏറ്റവും വലിയ സാമൂഹിക വിമര്‍ശനമായി മാറുന്നതെന്ന് നാം ആലോചിക്കണം .

വിസ്ലാവ് സിമ്പോഴ്സ്ക 

കവിതയുടെ രൂപമാണ് അതിനു ശക്തി നല്‍കുന്ന മറ്റൊരു ഘടകം .ആന്തരികസംഗീതം സൃഷ്ടിക്കുന്ന ലയ താളനിബദ്ധമായ ആല്‍മഭാഷണമാണ് അത് ഏതു ഭാഷയില്‍ എഴുതിയാലും എത്ര പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാലും ആന്തരികമായ സംഗീതമാണ് അതിനു ആല്മാവ്‌ നല്‍കുന്നത് .അതൊരിക്കലും സുഗമമായി മനസ്സിലാക്കാവുന്ന ഗാനമല്ല ,അതിനെ മറികടക്കുന്ന അവാച്യമായ ഒരു സംഗീത അനുഭവമാണ് .ആല്മാവിന്റെ സംഗീതമാണ്‌ അത് ,

അത് കൊണ്ടു തന്നെയാണ് ആ വരികള്‍ ഏകാധിപതികളെ പരിഭ്രാന്തരാക്കുന്നത് .ഒരു വയലിന്‍ നാദം പോലെ അവരുടെ മസ്തിഷ്കത്തെ വിറകൊള്ളിക്കുന്നത്‌ .അര്‍ത്ഥരഹിതമായ ഉല്‍ബോധനം എന്ന് പറഞ്ഞു പ്ലേറ്റോ കവികളെ തള്ളിക്കളഞ്ഞു .പക്ഷെ സ്പാര്‍ട്ടന്‍ ലോകത്തിലും കവിതയുടെ വര്‍ണരാജി വിലാസം നടത്തുന്നു .

ഫറോ ഫാറൂഖ്സാദിന്‍റെ (1934-1967 )കവിതകളുടെ പ്രസക്തി ഇവിടെയാണ് .സമൂഹത്തിന്‍റെ വിലങ്ങുകളെ വലിച്ചെറിഞ്ഞ കവയത്രി പേര്‍ഷ്യന്‍ കവിതയിലെ ഉജ്ജ്വലമായ  സാന്നിധ്യമാണ് . അവരുടെ കവിതകള്‍ ഏറെക്കാലം നിരോധിക്കപ്പെട്ടു  എങ്കിലും ഇന്നും,അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും , അവര്‍ അതിരുകള്‍ക്കപ്പുറം തിളങ്ങുന്ന  പ്രതിഭാസമായി നിലകൊള്ളുന്നു .സ്നേഹത്തിന്റെയും  പ്രേമത്തിന്റെയും മാന്ത്രികസ്വരമായി .

ഒരു പക്ഷെ ഈ മാന്ത്രികത ആകാം നമ്മുടെ മോചനത്തിന്റെ താക്കോല്‍ മനുഷ്യരാശിയുടെ അവസാനത്തെ ആശ്രയം .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക