
കരാമ 244- 245 Flat NO I എന്ന സീരീസ് ജീവിതം അടിച്ചേല്പിച്ച ചില പരീക്ഷണങ്ങളാൽ നിന്നു പോയിരുന്നു ! പാതി തോറ്റും പാതി ജയിച്ചും ഞാൻ ആ കഠിന കാലം കഴിച്ചു കൂട്ടി. ഡാഡിയോടൊപ്പം മമ്മിയും സ്വർഗത്തിലേക്ക് യാത്രയായപ്പോൾ പിടിച്ച് നിൽക്കാൻ വീണ്ടും എഴുതിത്തുടങ്ങലേ രക്ഷയുള്ളൂ എന്ന് മനസ്സിലായി. സങ്കടം നിറഞ്ഞ മനസ്സോടെ തിരിച്ച് ദുബായിൽ എത്തിയപ്പോഴാണ് കരാമയിലെ പഴയ ഞങ്ങളുടെ ഫ്ലാറ്റിൻ്റെ സ്ഥാനത്ത് പുതിയ ഒരു കെട്ടിടം വന്ന വിവരം അറിഞ്ഞത്. പകുതിയായ ആ സീരീസ് വീണ്ടും ഇവിടെ തുടങ്ങുന്നു.
കരാമയിലെ 244 - Flat NO 1 ന് പകരം അവിടെ ഉയർന്ന പുതിയ ഫ്ലാറ്റിൻ്റെ ചിത്രം വാട്സാപ്പിൽ അയച്ച് തന്നത് ബദറുക്കയാണ്. കാർബോഡ് പെട്ടി പോലുള്ള പുതിയ ആ കെട്ടിടം കണ്ടപ്പോൾ മനസ്സിൽ സങ്കടവും ഓർമ്മകളും ഊറി വന്നു.
കരാമയിലെ 244ാം ഫ്ളാറ്റിലെ ഒന്നാം നമ്പർ വീട് എനിക്കെൻ്റെ ആത്മാവ് തന്നെയായിരുന്നു എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടാണ് അവിടെ വരുന്ന ഓരോ മാറ്റങ്ങളും അദ്ദേഹം അപ്പപ്പോൾ എന്നെ അറിയിക്കുന്നത്.
ഒന്നുമറിയാത്ത, ലോകം കാണാത്ത ഒരു നാടൻ പെൺകുട്ടിയെ എല്ലാമറിയാമെന്ന് ഭാവിക്കുന്ന ഒരു ദുബായിക്കാരിയാക്കിയത് ഈ ഫ്ലാറ്റ് ആയിരുന്നല്ലോ !
എൻ്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്നത് കരാമയിലെ 244 -245 ഫ്ലാറ്റ് നമ്പർ ഒന്നിനും അതിൻ്റെ പരിസരങ്ങളിലുമാണ്. കാരണം ജീവിതമെന്തെന്ന് മനസ്സിലാക്കിയതും യഥാർത്ഥത്തിൽ ജീവിച്ച് തുടങ്ങിയതും അവിടെ വെച്ചാണ്.

ഇരുപത്തിഅഞ്ച് നീണ്ട വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമെന്ന് ഉറപ്പിച്ച് താത്കാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴുള്ള വലിയ സങ്കടം അടിച്ച് തുടച്ച് മിനുക്കി വെക്കാൻ ഞാനില്ലാത്ത ഈ വീടിൻ്റെ ഭാവിയെക്കുറിച്ച് കൂടെയായിരുന്നു. അപ്പോഴേക്കും ചുറ്റുപാടുമുള്ള വീടുകൾക്ക് മുകളിൽ ഡിമോളിഷിങ്ങ് നോട്ടീസുകൾ പതിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. "നമുക്കും ഇവിടന്ന് മാറാം" എന്ന് ഭർത്താവ് പറയുമ്പോഴൊക്കെ ഞാൻ ഓരോ തൊടുന്യായങ്ങൾ പറഞ്ഞൊഴിയും.
എന്നാലും അതിവിദൂരമല്ലാത്ത ഭാവിയിൽ നമ്മളും ഇതിനെ ഉപേക്ഷിക്കേണ്ടി വരുമെന്ന് വിശ്വേട്ടൻ ഓർമ്മിപ്പിക്കും.
ആ വീടിന് വയസായിരിക്കുന്നു എന്ന യാഥാർത്ഥ്യം എന്നെ വേദനിപ്പിച്ചു !
ആയിരത്തി മുന്നൂറ് സ്ക്വയർഫീറ്റിലുള്ള ആ ചതുര ഫ്ലാറ്റ് എനിക്കെൻ്റെ തറവാട് തന്നെ ആയിരുന്നു. കറിവേപ്പിലയും കറ്റാർവാഴയും മുല്ലവള്ളിയും പടർന്ന് കിടക്കുന്ന അവിടത്തെ ബാൽക്കണിയെ ഞാൻ തേവാരത്തിലെ വടക്കേപ്പുറമെന്നും, ഇടനാഴിക്കപ്പുറമുള്ള ഭാഗങ്ങളെ
പടിഞ്ഞിറ്റ
മുറിയെന്നും പകുക്കുകയും ചെയ്തു. തെക്ക്പുറത്തെ പുളിമരത്തിൽ നിന്ന് വരുന്ന കാറ്റിൻ്റെ സുഗന്ധം ഞാനാ ഫ്ലാറ്റിലിരുന്ന് ആസ്വദിച്ചറിഞ്ഞു.
കിഴക്കേ ഇറയമെന്ന് ഞാൻ വിളിക്കുന്ന ഹാളിലെ പച്ചനിറമുള്ള സോഫയിൽ ചാരി കിടന്ന് ഞാൻ എൻ്റെ ഗൃഹാതുരത്ത്വം അലിയിച്ച് കളഞ്ഞു. എൻ്റെ കുട്ടികൾ പിച്ചവെച്ച് വലുതായ ആ വീടിൻ്റെ ഓരോ മുക്കും മൂലയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

കരാമയിലെ വഴികൾ ഒക്കെ ഞാൻ എൻ്റെ നാടായ കതിരൂരിലെ ഇടവഴികളോട് ചേർത്തു വെച്ചു. ചുറ്റുപാടുമുള്ള ചേച്ചീ എന്നും ദീദീ എന്നും മിനിയമ്മ എന്നുമുള്ള വിളികളിലും സ്‌നേഹാന്വേഷണങ്ങളിലും ഞാൻ സന്തോഷിച്ചു. നിറയെ പരിചയക്കാരും സ്‌നേഹിതരും സന്തോഷവും നിറഞ്ഞ അവിടം എനിക്കെൻ്റെ നാട് പോലെ പ്രിയപ്പെട്ടതായി . മീൻകടക്കാരും ഗ്രോസറിക്കാരും എനിക്കായി ഏറ്റവും നല്ലതും ഫ്രഷ് ആയതുമായ സാധനങ്ങൾ മാത്രം കരുതിവെച്ചു. ഗോൾഡൻ ഹാങ്ങർ ലോൺഡ്രിയിലെ ചെറുപ്പക്കാരൻ ശനിയാഴ്ച രാത്രികളിൽ തിടുക്കപ്പെട്ട് കുട്ടികളുടെ യൂണിഫോമുകൾ ഹാങ്ങറിലാക്കി വീട്ടിൽ എത്തിച്ചു. നേരത്തെ കൊടുക്കാത്തതിലുള്ള ചമ്മൽച്ചിരിയെ " സാരമില്ല ഏച്ചീ " എന്ന് പറഞ്ഞ് തട്ടിയെറിഞ്ഞു. വീടിന് മുന്നിൽ നിറുത്തി എല്ലാ സ്കൂൾ ബസുകാരും എന്നിൽ കരുണ ചൊരിഞ്ഞു. എല്ലാ വിധത്തിലും എന്നെ ചേർത്ത് നിറുത്തിയ ആ വീട്
മാറുകയാണെന്നും ഗിസൈസിൽ മെട്രോയ്ക്കടുത്ത് തന്നെ നല്ല ഒരു ഫ്ലാറ്റ് കിട്ടിയിട്ടുണ്ടെന്നും വിശ്വേട്ടൻ പറഞ്ഞത് ഞാൻ നാട്ടിലായിരിക്കുമ്പോഴാണ്. ഡാഡി പോയ സങ്കടത്തിനിടയിലായിരുന്നു ഈ മാറ്റം !
എന്തോ ഒരു ഉൾവിളി പോലെയായിരുന്നു വീടു മാറൽ . ഞങ്ങൾ ഷിഫ്റ്റ് ചെയ്ത അടുത്ത ആഴ്ച തന്നെ അതിൻ്റെ ചുമരിൽ
ഡിമോളിഷിങ്ങ് നോട്ടീസ് പതിഞ്ഞതും ബദറുക്ക പറഞ്ഞ് തന്നെയാണറിഞ്ഞത്.
ഞാനില്ലാതെ , എനിക്ക് യാത്ര പറയാനാവാതെ അവിടന്ന് ഇറങ്ങേണ്ടി വന്നതിൻ്റെ സങ്കടം ശക്തമായത് ബാൽക്കണിയിൽ തണൽ വിരിച്ച് നിന്ന മുല്ലവള്ളിയെയും കൂട്ടത്തിൽ ഞാൻ ഒളിച്ച് സൂക്ഷിച്ച് വെച്ച വിലമതിക്കാനാത്ത കുഞ്ഞുടുപ്പുകളും കുട്ടികളുടെ ആദ്യ കാലയൂണിഫോമുകളും കളിപ്പാട്ടങ്ങളും വക്ക് ചളുങ്ങിയ എന്നാൽ എനിക്ക് പ്രിയപ്പെട്ട പാത്രങ്ങളും അവിടെ ഉപേക്ഷിക്കേണ്ടി വന്നു എന്നറിഞ്ഞപ്പോഴാണ് !
ആ കെട്ടിടവും പൊളിച്ച് കളയുകയാണെന്ന വിവരമറിഞ്ഞ ദിവസം ഞാൻ ഉറങ്ങിയില്ല. എൻ്റെ സന്തോഷങ്ങൾ മുഴുവൻ അവിടെയായിരുന്നു. സമാധാനവും സമാശ്വാസവും അവിടെയായിരുന്നു. ഒരുപാട് മനുഷ്യൻമാരുടെ സങ്കടമാറ്റിയ, വിശപ്പകറ്റിയ അടുക്കളയായിരുന്നു ആ വീടിൻ്റേത് !
പിന്നീട് വിസ പുതുക്കലുകൾക്കായി ദുബായിലെത്തിയാൽ അടുത്ത ദിവസം തന്നെ ഞാനവിടെ ഓടിച്ചെല്ലും. ആർത്തിയോടെ വീടുണ്ടായിരുന്നിടത്തിന് ചുറ്റും നോക്കും. അവിടെ പൊന്തിവരുന്ന പുതിയ ഫ്ലാറ്റുകളിലെ നിർജ്ജീവമായ നിശബ്ദത സഹിക്കാനാവാതെ ഞാൻ തിടുക്കത്തിൽ നടന്ന് നീങ്ങും.
പഴയ സന്തോഷം നിറഞ്ഞ കാലങ്ങൾ ഓർമ്മകളിൽ നിറയും. ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും ചിലവഴിക്കേണ്ടത് ഇവിടെ വെച്ചാണെന്നറിയാതെ ആദ്യമായി ആ വീട്ടിൽ കാല് കുത്തിയ നിമിഷത്തിലേക്ക് തിരിച്ച് പോവും. കണ്ണ് നിറയ്ക്കും.
കല്യാണം കഴിഞ്ഞ് ലീവ് തീർന്ന് തിരിച്ച് പോവുന്നതിന് മുന്നേ "പറ്റിയ നല്ല ഒരു ഫ്ലാറ്റ് കിട്ടിയാൽ ഉടനെ ടിക്കറ്റ് അയച്ച് തരാമെന്നും നിനക്ക് ഒറ്റക്ക് അങ്ങോട്ട് വരാൻ പേടിയൊന്നുമില്ലല്ലോ" എന്നും ദുബായിക്കാരൻ ഭർത്താവ് ചോദിച്ചപ്പോൾ ഞാൻ വെറുതെ തലകുലുക്കി. ഒറ്റക്ക് വിമാനത്തിൽക്കയറി, ജീവിതത്തിൻ ആദ്യമായി കാണുന്ന, അത്രയൊന്നും പരിചയമില്ലാത്ത ഒരാളെ വിശ്വസിച്ച് ദുബായി പോലെ ഒരു മായിക നഗരത്തിൽ പോവുക എന്നത് ശരിക്കും എന്നെ പേടിപ്പിച്ചിരുന്നു.
എന്നാൽ പോവാതിരിക്കാനുമാവില്ല! അതാണല്ലോ നാട്ട് നടപ്പ് !
ഇന്നത്തെപ്പോലെ അന്നും സൗകര്യമുള്ള വാടക വീടുകൾ കിട്ടുന്നത് വലിയ പ്രശ്നമായിരുന്നു. പ്രത്യേകിച്ചും ദുബായി വളർന്നു കൊണ്ടേയിരിക്കുന്ന കാലമായത് കൊണ്ട് ജീവിതച്ചെലവും വിട്ടുവാടകയും ഓടിപ്പായുകയും ചെയ്യുന്ന കാലമാണത് .
എന്നാലും ആത്മവിശ്വാസത്തിന് ഒരു കുറവും ഇല്ലാതെ വിശ്വേട്ടൻ ബഡ്ജറ്റിനൊത്ത, മിനിമം സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റുകൾ നോക്കിക്കൊണ്ടേയിരുന്നു. കല്യാണം കഴിഞ്ഞ് ഒരു മാസമായിട്ടും സങ്കല്പത്തിലുള്ള വീടുകൾ ഒന്നും കൈവരാത്ത നിരാശയിൽ ബർദുബായിൽ സ്റ്റുഡിയോ ഫ്ലാറ്റുകൾ നോക്കാൻ തുടങ്ങുമ്പോഴായിരുന്നു "വിശ്വനും മിനിക്കും ഈ വീട്ടിൽ എനിക്കൊപ്പം താമസിച്ചാൽ പോരെ, എന്തിനാണ് പുതിയ വീട് നോക്കുന്നത്, ഫാമിലി നാട്ടിലായ സ്ഥിതിക്ക് എനിക്ക് ഈ രണ്ട് ബെഡ് റൂം വീടിൻ്റെ ആവശ്യമില്ല" എന്ന് അജിത് ഭായി വിശ്വേട്ടനോട് പറഞ്ഞത്.
കേട്ടത് സത്യമാണോ എന്ന് ഒന്നും കൂടി ശ്രദ്ധിക്കുമ്പോഴാണ് വിശ്വനും, ഇപ്പോൾ മിനിയും എൻ്റെയും മല്ലികയുടെയും സ്വന്തം അനിയനും അനിയത്തിയുമാണെന്ന് അദ്ദേഹം വീണ്ടും പറയുന്നത്. മല്ലികേച്ചിയും അമ്മുവും ജിച്ചുവും നിങ്ങൾ ഈ വീട്ടിൽ താമസിക്കുന്നതറിഞ്ഞാൽ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു എന്നാണ് വിശ്വേട്ടൻ പറഞ്ഞത്. ആ കാലത്ത് കരമയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ബെഡ് റൂം ഫ്ലാറ്റ് എന്നത് ശരിക്കുമാരു ലോട്ടറിയായിരുന്നു ! (അന്ന് ആ വീടിനൊപ്പം കിട്ടിയ ചീനച്ചട്ടിയും മറ്റു ചില പാത്രങ്ങളും ഇന്നും എൻ്റെ നിത്യോപയോഗ പാത്രങ്ങളുടെ കൂട്ടത്തിലുണ്ട്.)
ദുബായി എന്തെന്നോ, അവിടത്തെ ജീവിതം എങ്ങിനെയാണെന്നോ യാതൊരു ഐഡിയയുമില്ലാത്ത ഞാൻ കുറെ അച്ചാറ് കുപ്പികളും ഒരു ഹാക്കിൻസ് പ്രെഷർ കുക്കറും കുറച്ച് കിണ്ണത്തപ്പവും ഡാഡി വാങ്ങിത്തന്ന പുതിയ ചുരീദാറുകളുമായി ഫ്ലൈറ്റ് കയറി.
(കല്യാണ വീഡിയോ ആവർത്തിച്ച് കണ്ട് ഭർത്താവിൻ്റെ മുഖം ഹൃദിസ്ഥമാക്കിയത് അക്കാലത്ത് ഞാൻ മാത്രമാവില്ല! ലീവ് മുഴുവൻ ഓടി നടന്ന് അവസാന ദിവസങ്ങളിൽ കല്യാണം കഴിച്ച് നാടുവിടുന്ന പലരും തിരിച്ച് വരുന്നത് ഒരു വർഷം കഴിഞ്ഞിട്ടാവും! ചിലർക്കെങ്കിലും അപ്പോഴേക്ക് ഒക്കത്ത് ഒരു കുട്ടിയുമായിട്ടുണ്ടാവും!)
ചുവന്ന കാർപ്പറ്റ് വിരിച്ച വൃത്തിയുള്ള ആ വീട് എന്നെ സ്വീകരിച്ചിത് ഞാനതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സുഗന്ധത്തോടെയാണ്. വിവരമില്ലായ്മ സമ്മാനിച്ച ആത്മവിശ്വാസത്തോടെ ഞാനാ വീട്ടിനുള്ളിൽ കടന്നു . ഒക്ടോബറിലെ തണുത്ത കാറ്റ് എന്നെ സ്‌നേഹത്തോടെ തലോടി ! ഞാനിതുവരെ കാണാത്ത ഉപകരണങ്ങൾ നിറഞ്ഞ അടുക്കള എന്നെ സംഭ്രമിപ്പിച്ചു. ഒരു മാസം ജീവിക്കാനുള്ള അച്ചാറുകളും പപ്പടവും ബാഗിലുണ്ടെന്ന ഓർമ്മ എന്നെ സമാധാനിപ്പിച്ചു.
ശരിക്കും ഗെയിം ആരംഭിച്ചത് അവിടെ നിന്നായിരുന്നു. അതിന് മുന്നിലത്തേത് മുഴുവൻ ട്രെയിലർ ആയിരുന്നു എന്ന് ശരിക്കും ഞാൻ തിരിച്ചറിഞ്ഞത് മമ്മി വയ്യാതെ കിടക്കുമ്പോഴാണ്. ദൈവം പ്രോഗ്രാം ചെയ്ത് വെച്ച ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ എന്ന് മനസ്സിലായതും അപ്പോഴാണ്. കരാമയിലെ ആ വീട്ടിൽ നിന്നാണ് ഗൃഹസ്ഥ എന്ന റോളിലുള്ള എൻ്റെ കളികൾ ആരംഭിച്ചത് . ഉത്തരവാദിത്തത്തിൻ്റെ ഭാരം തലയിൽ വന്ന് വീണത്. കാര്യപ്രാപ്തി എന്ന തലവേദന ആരംഭിച്ചത്. മമ്മി കിടപ്പിലായപ്പോഴാണ് ഞാൻ എൻ്റെ ജീവിതം റിവേഴ്സ് ഗിയറിലിട്ട് ഓടിച്ച് നോക്കിയത് ! ദൈവമേ ! എന്തൊക്കെ കളികളാണ് ഞാൻ കളിച്ച് തീർത്തെന്ന് ആശ്ചര്യപ്പെട്ടത് !
രണ്ട് കുടുംബങ്ങൾക്കിടയിൽ ജീവിതം പരക്കുമ്പോഴുണ്ടാവുന്ന, പരാതികൾ, പരിഭവങ്ങൾ, പരാധീനതകൾ, എല്ലാം അറിയുകയായിരുന്നു. ഇനി മുതൽ കുട്ടിയല്ലെന്നും ഡാഡിക്കും മമ്മിക്കും നിയന്ത്രിക്കാനും നിർദ്ദേശിക്കാനും പരിമിതികൾ ഉണ്ടെന്നും, സ്വന്തമായി തീരുമാനങ്ങൾ എടുക്കണവെന്നും അത് തെറ്റായിപ്പോവരുതെന്നും തിരിച്ചറിഞ്ഞത് ആ വീട്ടിൽ വെച്ചാണ്.
മുപ്പത് വർഷങ്ങളായി ഞാൻ ദുബായി ജീവിതം തുടങ്ങിയിട്ടെന്ന് കാലം ഓർമ്മിപ്പിക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല.
തിരിഞ്ഞു നോക്കുമ്പോൾ പാകപ്പിഴകൾ ഉണ്ടായിട്ടുണ്ട് ... തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട്. തെറ്റുകൾ ശരിയാക്കിയതും മനുഷ്യരെ മനസ്സിലാക്കിയതും ആ വീട്ടിൽ വെച്ചായിരുന്നു !
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായിരുന്നു അവിടെ !
ഓർമ്മൾ ഒടുങ്ങുന്നില്ല....
എഴുത്ത് തുടരാം...
Read More: https://www.emalayalee.com/writer/171