Image

'ഞാന്‍ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ'; അഭിമന്യു ഷമ്മി തിലകനോട് വിക്രം

Published on 17 June, 2026
 'ഞാന്‍ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ'; അഭിമന്യു ഷമ്മി തിലകനോട് വിക്രം

 


തമിഴ് സൂപ്പര്‍താരം വിക്രമിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്റെ മകനും നടനുമായ അഭിമന്യു ഷമ്മി തിലകന്‍. ചിയാന്‍ 63 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സെറ്റില്‍വെച്ചാണ് ഇരുവരും ഒന്നിച്ചുകണ്ടത്. ചിത്രത്തില്‍ ഷമ്മി തിലകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കണ്ടയുടനെ 'എടാ നിനക്ക് എന്നെ ഓര്‍മയുണ്ടോ', എന്ന് വിക്രം തന്നോട് ചോദിച്ചതായി അഭിമന്യു സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. പിതാവും വിക്രമും ഒന്നിച്ച സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഒടുവില്‍ സൂപ്പര്‍താരം തന്നെ കണ്ടത്. അന്ന് തനിക്ക് കേവലം ആറുമാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. 'ഞാന്‍ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ', എന്ന് വിക്രം പറഞ്ഞപ്പോള്‍ താന്‍ നാണിച്ചുപോയെന്നും അഭിമന്യു കൂട്ടിച്ചേര്‍ത്തു. 

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 30 വര്‍ഷത്തിന് ശേഷമാണ് വിക്രമും ഷമ്മി തിലകനും ഒന്നിക്കുന്നത്. 2016-ല്‍ പുറത്തിറങ്ങിയ ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് ശങ്കര്‍. ഉര്‍വശി, റിയ ഷിബു, സംയുക്ത ഹെഗ്ഡെ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

അനില്‍- ബാബു സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ട്രീറ്റ്. അതിന് മുമ്പ് 1993-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി- ജോഷി ചിത്രം ധ്രുവത്തിലും വിക്രമും ഷമ്മി തിലകനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക