Image

പങ്കാളിക്ക് അവിഹിതബന്ധം, വിവാഹത്തിന് മുമ്പും ശേഷവും ഗർഭഛിദ്രത്തിന് വിധേയയായി; വഞ്ചിക്കപ്പെട്ട ഭർത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബക്കോടതി

Published on 17 June, 2026
പങ്കാളിക്ക് അവിഹിതബന്ധം, വിവാഹത്തിന് മുമ്പും ശേഷവും ഗർഭഛിദ്രത്തിന് വിധേയയായി; വഞ്ചിക്കപ്പെട്ട ഭർത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബക്കോടതി

കൊച്ചി: വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്ന് തന്റെ വ്യക്തിജീവിതം തകർത്തുവെന്ന് കാട്ടി ഭർത്താവ് നൽകിയ ഹർജിയിൽ ചരിത്രപരമായ വിധി പ്രസ്താവിച്ച് കുടുംബക്കോടതി. ഭാര്യയും ബന്ധുക്കളും സുഹൃത്തും ചേർന്ന് ഹർജിക്കാരന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് പത്തനംതിട്ട കുടുംബക്കോടതി ഉത്തരവിട്ടത്. എറണാകുളം മരട് സ്വദേശിയായ യുവാവാണ് കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെയും നിയമപരമായി കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട കുടുംബക്കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെ ഈ നിർണ്ണായക നടപടി.

​ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. എന്നാൽ വിവാഹശേഷവും യുവതി മറ്റൊരാളുമായുള്ള ബന്ധം തുടർന്നുവെന്നും, വിവാഹത്തിന് മുന്നേയും ശേഷവും ഗർഭഛിദ്രത്തിന് വിധേയയായെന്നും ഹർജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വഞ്ചന, കടുത്ത മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് കെടുത്തൽ എന്നിവയ്ക്കുള്ള പൊതു നഷ്ടപരിഹാരമായാണ് 15 ലക്ഷം രൂപ കോടതി വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ കണക്കാക്കി 6 ശതമാനം പലിശ സഹിതം ഈ തുക നൽകണം. ഇതിനുപുറമെ, വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണങ്ങളോ അതിന്റെ നിലവിലെ വിപണിമൂല്യമോ 6 ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

​യുവതിക്ക് പുറമെ അവരുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരും ഈ നഷ്ടപരിഹാര തുക നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഹർജിക്കാരന്റെ വിവാഹജീവിതം തകർക്കുന്നതിൽ ഭാര്യയുടെ സുഹൃത്തിന്റെ ഇടപെടലുകൾക്കും അമ്മയുടെയും സഹോദരന്മാരുടെയും സജീവ പങ്കാളിത്തത്തിനും ഗൂഢാലോചനയ്ക്കും വലിയ പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. കുടുംബബന്ധത്തിന്റെ പവിത്രത തകർക്കാൻ കൂട്ടുനിന്നവർക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി പ്രസ്താവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക