
ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഘടനയുടെ മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിലൂടെയാണ് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും, വെറും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയുമെന്നും ഓർമ്മിപ്പിച്ചു.
കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ ജനസമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളാണ് താൻ ഉന്നയിക്കുന്നതെന്ന് വെള്ളാപ്പള്ളി കുറിച്ചു. ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെ താലോലിക്കുകയാണ്. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും, യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് തെറ്റെങ്കിൽ ആ തെറ്റ് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ടെന്നും എഡിറ്റോറിയലിൽ ആരോപിക്കുന്നു. താൻ ഒരിക്കലും മുസ്ലിം മതസമൂഹത്തെയല്ല, മറിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണ് എതിർക്കുന്നത്. ഭരണത്തിൽ പങ്കാളികളായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്നതിന് വ്യക്തമായ തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫും. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്ന മറ്റ് പ്രമുഖ കക്ഷികൾക്ക് പോലും ഇതൊക്കെ പൊതുവേദിയിൽ തുറന്നുകാട്ടാൻ കടുത്ത ഭയമാണെന്നും, എന്നാൽ ആ ഭയം തനിക്കില്ലെന്നും വ്യക്തമാക്കിയാണ് വെള്ളാപ്പള്ളി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.