
മനുഷ്യമനസ്സിലാണ് മാറ്റത്തിൻ്റെ വിത്തുകൾ ആദ്യം മുളയ്ക്കുന്നത്. ചില വിത്തുകൾ വിതച്ചവൻ്റെ പ്രതീക്ഷക്കെതിരായി വളർന്ന് വികസിച്ചേക്കാം.
അത്തിക്കാവ് യു. പി സ്കൂൾ. അത്തിക്കാവിലെത്തിയതിൻ്റെ പിറ്റേ വർഷമാണ് ബഷീറിനെ സ്‌കൂളിൽ ചേർക്കുന്നത്. ഉമ്മയെ പിരിഞ്ഞ സങ്കടമെല്ലാം കുറഞ്ഞ് അത്തിക്കാവുമായി പൊരുത്തപ്പെട്ട് തുടങ്ങിയതിന് ശേഷം.
"മോനെത്രേലാ പഠിച്ചേർന്നെ ?" ചേർക്കാൻ കൊണ്ടുവന്ന ദിവസം പാപ്പുമാഷ് ചോദിച്ചു.
"രണ്ടാം ക്ലാസ്സില് “ ആ .കാര്യത്തിൽ ബഷീറിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഏത് സ്‌കൂളിലാ പഠിച്ചേന്നുള്ള ചോദ്യത്തിനും ബഷീറിന് ഉത്തരം ഉണ്ടായിരുന്നു.
"വല്ലോത്ത്ന്ന് കൊറേ നടന്നട്ട് അവ്ടെ പള്ളീൻ്റടുത്തൊള്ള ഉസ്‌കൂളില് . "
ബഷീറിൻ്റെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെ വല്യമ്മ ഈ സ്കൂളിനെ പറ്റി തിരിച്ചും മറിച്ചും ചോദിച്ചിട്ടുള്ളതാണ്. ചില പരിസരവിവരണങ്ങളല്ലാതെ കൃത്യമായൊരു പേര് അപ്പോഴും കണ്ടുകിട്ടിയിരുന്നില്ല.
ജൻമദിനത്തെക്കുറിച്ച് ഓർക്കേണ്ട കാര്യം ബഷീറിന് ഉണ്ടാകാറില്ല. എങ്കിലും ഓർക്കേണ്ട അവസ്ഥയുണ്ടാകാറുള്ള അപൂർവ്വം അവസരങ്ങളിൽ അയാൾ പാപ്പുമാഷെയാണ് ഓർക്കാറ്. ജനനദിവസം ഏപ്രിൽ 12 എന്ന് നിജപ്പെടുത്തിയതും വെറും ബഷീറിന് ബഷീർ. എ എന്ന വാലോടുകൂടിയ പേരുണ്ടാക്കിയതും പാപ്പുമാഷായിരുന്നു.
“കുമാരനാശാൻ്റെ ജൻമദിവസാ. ഇവനൊരു കാവ്യലക്ഷണം കാൺണുണ്ട്. പിന്നെ അത്തിക്കാവാണല്ലോ ഇനി ഇവൻ്റെ തറവാട്. " പാപ്പുമാഷ് ബഷീറിൻ്റെ തോളിൽ തട്ടി പറഞ്ഞു.
ഒന്നാം ക്ലാസ്സിലാണ് ബഷീറിനെ ചേർത്തിയതെങ്കിലും കാക്കൊല്ലപരീക്ഷക്ക് ശേഷം ബഷീറിന് രണ്ടിലേക്ക് കയറ്റം കിട്ടി.കൊല്ലാവസാനം മൂന്നാംക്ലാസിലെ പരീക്ഷയാണ് ബഷീറെഴുതിയത്. പിറ്റേ കൊല്ലം നാലാംക്ലാസ്സിലേക്ക് ജയിച്ചെത്തിയ ബഷീറിനെ പാപ്പാമാഷ് " മിടുക്കൻ “ എന്ന് വിളിച്ച് അഭിനന്ദിച്ചത് മായയ്ക്ക് ഒട്ടും ഇഷ്ടമായില്ല.
"ഓ… ഒരു മിടുക്കൻ “ മാഷ് കാണാതെ അവൾ ബഷീറിനെ കൊഞ്ഞണം കുത്തിക്കാണിച്ചു. കഴിഞ്ഞ വർഷം രണ്ടു പേരെയും ഒന്നിച്ചാണല്ലോ ഒന്നാംക്ലാസിലിരുത്തിയത്. തന്നെ പിന്നിലാക്കി നാലാംക്ലാസിലേക്ക് ചാടിയതോടെ മായയ്ക്ക് ബഷീറിനോടുള്ള ദേഷ്യം ഇരട്ടിയായി. കുഞ്ഞാണെങ്കിലും തരം കിട്ടിയാൽ ബഷീറിനെ താഴ്ത്തിക്കെട്ടുന്നതിൽ മായ വമ്പത്തിയായിരുന്നു.
നാലാം ക്ലാസിലെ മൂന്നാമത്തെ ബഞ്ചിൽ ഒന്നാമതായി ബഷീർ ഇരുന്നു. തൊട്ടപ്പുറത്ത് സന്തോഷ്. അതിനപ്പുറത്ത് ജോസഫ്. അതിനും അപ്പുറത്തായി റാഫിയും ജംബുവും ഇരുന്നു. അറ്റത്തിരിക്കുന്ന ജംബുവാണ് ഏറ്റവും വലുത്. പ്രായത്തിലും വലുപ്പത്തിലും.
"നീയെങ്ങനാണ്ടാ ഒറ്റക്കൊല്ലം കൊണ്ട് നാലിലെത്തീത്. ഞാനീ നാലാംക്ലാസ്സില് മൂന്നാംകൊല്ലാ പഠിക്കണത് . പഠിക്കലാണ് ഏറ്റോം ബുദ്ധിമൊട്ടൊള്ള പണി. ഞാൻ ചക്കരച്ചാക്ക് ചോക്കും. കണ്ടത്തില് പൂട്ടും. മരത്തീ തുഞ്ചം വരെ കേറും. അയ്നൊന്നും ഇത്ര ബുദിമുട്ടില്ലെന്നേ. പക്ഷേ …. നീയാള് മിട്ക്കനാണ്ടാ."
അങ്ങനെ ആദ്യമായി ബഷീർഫാനായ ആളാണ് ജംബു . സന്തോഷും ജോസഫും റാഫിയും ജംബുവിന് പിന്നാലെ ബഷീറിൻ്റെ കൂട്ടുകാരായി.
ജംബുവിന് ക്ലാസ്സിൽ സ്ഥിരം വരവില്ല .പുറത്ത് പല ജോലികളുണ്ട്. എന്നാൽ ഉച്ചക്കഞ്ഞി വിളമ്പാറാവുമ്പോ എത്തും. വിളമ്പാൻ ടീച്ചർമാരെ സഹായിക്കുന്ന ജോലി ജംബുൻ്റേതാണ്. ബഷീറിനും കൂട്ടുകാർക്കും ജംബു കൂടുതൽ കഞ്ഞി വിളമ്പും. ആദ്യത്തെകൊല്ലം ബഷീർ മായയ്ക്കൊപ്പം മറ്റേമ്മയുടെ അടുത്താണ് ഉച്ചഭക്ഷണം കഴിക്കാറ്. രണ്ടാം വർഷവും മായ അത് തുടർന്നു. ബഷീർ ഉച്ചയൂണിന് വീട്ടിലേക്ക് പോകുന്നത് നിർത്തി കൂട്ടുകാർക്കൊപ്പം ചെറുപയർകഞ്ഞി കഴിച്ചു.
"ഉച്ചക്കഞ്ഞി ഉള്ളോടത്തോളം എന്നെവ്ടെ തോപ്പിച്ചിടും. എന്താന്നെച്ചട്ടാ ? കഞ്ഞിക്കലം എറക്കാനും കഞ്ഞിബക്കറ്റ് കൊണ്ട് നടക്കാനും ഞാൻ വേണം. ഞാൻ പഠിക്കാണ്ടാന്നാ നിങ്ങ്ടെ വിചാരം. ജയിക്കാനൊള്ളത്ര ഞാൻ എഴ്തല്ണ്ട്. പക്ഷേ എന്നെ തോപ്പിക്കും. പിന്നെ ജയ്ച്ചട്ടെന്തിനാ? ഇപ്പഴാവുമ്പൊ കഞ്ഞി കിട്ടൂലോ. ബാക്കീണ്ടെങ്കി വീട്ടിക്കും കൊണ്ടോവാം. "
കനാൽമണ്ടേലുള്ള പറയക്കുടിലുകളിലൊന്ന് ജംബുവിൻ്റേതാണ്. അമ്പലവാസികളായ പലരുടെയും ആശ്രിതരാണ് അവിടെയുള്ളവരിൽ മിക്കവരും.
"നിൻക്കെന്താ ജംബൂന്ന് പേര് ? " ഒരു ദിവസം ജോസഫാണ് ചോദിച്ചത്.
"അച്ഛൻ ഇട്ടതാ. പണ്ട് ജയ്‌ലീ കെട്ന്നപ്പഴോ, നാട് വിട്ട് പോയപ്പെപ്പഴോ കിട്ട്യ ഫാഷൻ പേരാന്നാ അമ്മ പറയണെ. ശരിക്കും ഇതല്ലാർന്നു പേര്. അച്ഛനാ അതറിയാർന്നെ. എൻ്റെ ചെർപ്പത്തിലെ അച്ഛൻ മരിച്ചില്ലേ. പിന്നെ അമ്മ വിളിച്ച് വിളിച്ച് പേര് ജംബൂന്നായി. "
" നിൻ്റച്ഛൻ എങ്ങനാ മരിച്ചെ ?” ജോസഫ് വീണ്ടും ചോദിച്ചു. ജംബു അൽപസമയം നിശബ്ദനായി.
"ഒര്വ്സം രാത്രി പനിച്ചു. പിറ്റെന്ന് മരിച്ചു. അമ്മ അങ്ങനാ പറഞ്ഞത് “
ബഷീറിനും ഉമ്മയെ ഓർത്ത് സങ്കടം വന്നു.
അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഒരു ദിവസം ജംബു ചെറിയ പൂവുള്ള ഓറഞ്ച് ചരട് കയ്യിൽ കെട്ടികൊണ്ടുവന്നത്. പാപ്പുമാഷിൻ്റെ മോള് അവൻ്റെ കയ്യിൽ കെട്ടി കൊടുത്തതാണെന്ന് സ്വകാര്യം പറഞ്ഞ് അവൻ ഡമ്പ് കാട്ടി.
"ഇങ്ങ്ളോട് മാത്രേ പറയൊള്ളൊ . വേറാരും ഇത് പറഞ്ഞാ വിശ്വസിക്കൂല . സത്യായിട്ടും ഒള്ളതാ. ആങ്ങളമാർക്ക് ഈ ചരട് കെട്ടിക്കൊടക്കണ ഒരു ദെവസാർന്നു ഇന്നലെ . ഞാനവരടെ വീട്ടില് അവരടെ എറേത്തൊക്കെ കേറി. "
ജോസഫും റാഫിയും ഉറക്കെച്ചിരിച്ചു…
" അപ്പ ആങ്ങള്യാ…. "
"ന്താ… ആങ്ങളായാല് പറ്റില്ല്യേ. നെനക്ക് കിട്ട്യോ? അപ്പപിന്നെ മിണ്ടല്ല്. “
പാപ്പുമാഷിൻ്റെ മകൾ ജാനകി സ്കൂളിലെ സൂപ്പർസ്റ്റാറാണ്. മാഷിൻ്റെ മോളും കൂട്ടത്തിൽ പണക്കാരീം. ആരും ജംബു പറഞ്ഞത് വിശ്വസിച്ചില്ല. എന്നാലതൊരു തുടക്കമായിരുന്നു. അത്തിക്കാവിൻ്റെ മാറ്റത്തിലേക്കുള്ള തുടക്കം.
ബഷീർ പണ്ടത്തെ ഓരോ കാര്യവും ഓർത്തെടുത്തുകൊണ്ടിരുന്നു.
ആദ്യം ജംബു. പിന്നെ സന്തോഷ്, മനോജ്, ഷിബു അങ്ങനെ സമപ്രായക്കാരായ എല്ലാവരും പതുക്കെ ശാഖയിലേക്ക് പോയിത്തുടങ്ങി.
"എടാ അവടെ നല്ല രസാ. പാപ്പുമാഷിൻ്റെ മാത്രല്ല അപ്പറത്തെ വല്ല്യ വീട്ടിലെ വേറേം പിള്ളേര് വരണണ്ട് . നല്ല വെളുത്ത് തുടുത്തോര്."
" ആടാ … ബഷീറേ. അവടാരും ചക്കരജംബൂന്ന് വിളിച്ച് കള്യാക്കില്ല്യ. മൊളയൻന്നും വിളിക്കില്ല. എല്ലാവരും ഒന്നിച്ചാ കളിക്കലും പഠിക്കലും. അടീം ഇടീം പഠിപ്പിക്കൂടാ."
ജംബുവിന് വലിയ സന്തോഷമായിരുന്നു. പാപ്പുമാഷ് പറഞ്ഞാൽ അവന് തിരുവായ്ക്കെതിർവായില്ല എന്ന് പറയും മാതിരിയാണ്. അവന് മാത്രമല്ല അത്തിക്കാവിലെ കുട്ടികൾക്കും മുതിർന്നവർക്കും അത്രയേറെ പ്രിയപ്പെട്ടയാളായിരുന്നു പാപ്പുമാഷ്. ചില മേലാളൻമാർക്കൊഴികെ. ആഢ്യത്വത്തിൻ്റെ ആടയാഭരണങ്ങളും അലങ്കാരങ്ങളുമണിയാത്ത ഒരാൾ എന്നതാവാം അതിന് കാരണം.
അവിടുത്തെ കളികൾ, കളരിയഭ്യാസങ്ങൾ, കൊച്ചുവർത്തമാനങ്ങൾ അതെല്ലാം അവർക്ക് രസിക്കാൻ തുടങ്ങി. പതുക്കെപ്പതുക്കെ അവരത്തരം തിരക്കുകളിലേക്കലിഞ്ഞു. ജാതിയും അയിത്തവും മാറിയ കാലഘട്ടമായിരുന്നെങ്കിലും, മനസ്സുകളിൽ നിന്നത് മാറാത്തതിനാൽ പലപ്പോഴും പലരുടെയും പ്രവൃത്തികളിൽ ഇപ്പോഴും അത് പ്രകടമായിരുന്നു. അങ്ങനെയുള്ള അവസ്ഥയിൽ തങ്ങളുടെ മക്കൾ മേൽജാതിക്കാരുടെ മക്കളോടൊപ്പം കളിക്കുകയും പഠിക്കുകയും ചെയ്യുന്നത് കീഴ്ജാതിക്കാരായ മാതാപിതാക്കളെ സന്തോഷിപ്പിച്ചു.
ബഷീർ കുറേക്കാലത്തിന് ശേഷം ഈ സംശയം സന്തോഷിനോട് ചോദിച്ചിട്ടുണ്ട്. ചില അടിപിടികൾക്കൊപ്പം സംഘത്തിന് നിൽക്കേണ്ടി വരുന്നത് ഒരാളും അതിൻ്റെ പേരിൽ സംഘത്തിൽനിന്ന് കൊഴിഞ്ഞ് പോകാതിരിക്കാൻ വേണ്ടിയാണെന്ന് സ്വയമറിയാതെ സന്തോഷ് പറഞ്ഞുപോയ ഒരവസരത്തിലാണ് ബഷീറത് ചോദിച്ചത്.
"ശരിക്കും ആളെ കൂട്ടുക എന്നതായിരുന്നില്ലേ അവരുടെ ലക്ഷ്യം? ദളിതരുടെ മാനസികാവസ്ഥ മുതലെടുത്ത്. അതിലവർ വിജയിച്ചു. "
" ശരിയായിരിക്കാം. എളുപ്പത്തിലാളെ കൂട്ടാൻ അതൊരു വഴിയായിരുന്നു. ഞങ്ങളനുഭവിച്ച അവസ്ഥകൾ അത് പറഞ്ഞ് മനസ്സിലാക്കാനാവുന്നതല്ല. ഇപ്പോഴും മൊളയൻമാരെന്ന് പറഞ്ഞ് പരിഹസിക്കുന്ന വരേണ്യൻമാരില്ലേ ? വരേണ്യൻമാരായി ജനിച്ചതിലഹങ്കരിക്കുന്നവരില്ലേ ? ഇപ്പോഴും ഇതൊക്കെ പരോക്ഷമായി നിലനിൽക്കുന്നുണ്ട്. "
" എല്ലാം ശരി. കുറച്ച് വമ്പൻമാരെ മാറ്റിനിർത്തിയാൽ ഇടത്തരക്കാരും സാധരണക്കാരുമായ അത്തിക്കാവിലെ ജനങ്ങൾക്കിടയിൽ ഒരു ഐക്യം ഉണ്ടായിരുന്നു. ആ നൻമ ഇപ്പോഴുണ്ടോ? നീ എടുത്തു പറയുന്ന പാപ്പുമാഷാഗ്രഹിച്ച ആ ദേശീയതാബോധമാണോ ശരിക്കും അത്തിക്കാവിനുണ്ടായത് ?”
സന്തോഷുമായുളള ബഷീറിൻ്റെ സംസാരം എപ്പോഴും ഈ ഒരു പോയിൻ്റിലാണ് വന്ന് നിൽക്കാറുള്ളത്. അപ്പോഴൊക്കെ ബഷീർ മാറി നടക്കാനാരംഭിച്ച അത്തിക്കാവുകാരുടെ കാൽപ്പാടുകൾ തേടാനാരംഭിക്കും.
പണ്ടത്തെ പോലീസുകാരേപ്പോലുള്ള കാക്കിട്രൗസറും ഷർട്ടുമായിരുന്നു അന്ന് അവരുടെ യൂണിഫോം. യൂണിഫോമിൻ്റെ ചിട്ടപോലെ അത്തിക്കാവിലെ ഒരു പറ്റം കുട്ടികൾക്കും കൗമാരക്കാർക്കും അടക്കവും ഒതുക്കവും വന്നു. പതുക്കെ ആ ഒരു പറ്റം കുട്ടികളിലൂടെ ശാഖാ പ്രവർത്തനങ്ങളും ആശയങ്ങളും അത്തിക്കാവിലെ ഹൈന്ദവകുടുംബങ്ങളിലേക്കും പടരാനാരംഭിച്ചു.
മനയ്ക്കലെ വലിയനമ്പൂതിരി മരിക്കുകയും പത്മനാഭനെന്ന് പേരുള്ള പാപ്പുമാഷ് അടുത്ത കാരണവരായും ചെയ്തതിന് ശേഷമാണ് ഊരുചുറ്റി നടന്നിരുന്ന .പാപ്പുമാഷിൻ്റെ ഇരട്ട സഹോദരൻ രവിചന്ദ്രൻ അത്തിക്കാവിലെത്തുന്നത്. അയാളാണ് ശാഖാപ്രവർത്തനങ്ങൾക്ക് തുടക്കം വയ്ക്കുന്നത്.
ദേശസ്‌നേഹത്തെ പറ്റി അത്തിക്കാവുകാരെ പ്രത്യേകം പഠിപ്പിക്കണ്ടതില്ല. രവിചന്ദ്രന് പാപ്പുമാഷിലൂടെ അത്തിക്കാവുകാരിലേക്ക് ദേശസ്‌നേഹത്തിൻ്റെ സാർവ്വത്രികത പടർത്താൻ എളുപ്പം സാധിച്ചു. വരേണ്യനെന്ന ചിന്തയില്ലാതെ എല്ലാവരോടും ഇടപെടുന്ന മാഷ് മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ സമ്മതനായിരുന്നു.
"നമ്മടെ കുട്ട്യോൾടെ മനസ്സീന്ന് ഈ ജാതീം മതോം തീർത്തും പോട്ടേന്നേ. പിന്നെ ഇത്തിരി നല്ല കാര്യങ്ങള് പറഞ്ഞ് കൊടുക്ക്വ . അവര് രാജ്യത്തെ സ്‌നേഹിക്കട്ടെ. രാജ്യത്തിൻ്റെ മൂല്യങ്ങള് മനസ്സിലാക്കട്ടെ. കളരി കുട്ട്യോൾക്ക് നല്ലതല്ലേ. കാർന്നോമ്മാരെ അവര് പറഞ്ഞ് മനസ്സിലാക്കട്ടെ. ഈ കുടീം വാറ്റും ഒക്കെ അങ്ങനെ നിന്നോളും.“
പാപ്പുമാഷിൻ്റെ സംസാരം കേട്ട് ജോസഫും മറ്റുചില കൂട്ടുകാരും ശാഖയിലേക്ക് പോകാറുണ്ടായിരുന്നു. പിന്നീടെപ്പോഴോ അവരുടെ വീട്ടുകാരത് തടഞ്ഞു.
ചക്കരച്ചാക്കും ചുമന്ന് നടന്നിരുന്ന ജംബുവിൽ ഉണ്ടായ മാറ്റങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. പ്രായത്തിനേക്കാൾ പക്വതയോടെ, പഠിച്ചേതിനേക്കാൾ അറിവോടെ അവൻ ആദർശങ്ങൾക്കായി സംസാരിച്ചു. നാട്ടിലും തമിഴ്നാട്ടിലും പിന്നെ ഉത്തരേന്ത്യയിലും പോയ വന്ന ശേഷം അവൻ പ്രചാരകസ്ഥാനം ഏറ്റെടുത്തു. സന്തോഷ് മിക്കാറും സമയങ്ങളിൽ നിശബ്‌ദനായി നടക്കുമെങ്കിലും വേദികളിലെ പ്രഭാഷണങ്ങളിൽ അവൻ മറ്റൊരാളായി. ശാന്തനും സൗമ്യനുമായി അവൻ അത്തിക്കാവുക്കാർക്കിടയിൽ പ്രവർത്തിച്ചു.
"ഞാനും രാധ ആവും. അമ്മ പറഞ്ഞണ്ട് . അവന്ക്ക് ക്ക് പറ്റൂല. അവനക്കെങ്ങനാ കൃഷ്ണനാവാൻ പറ്റാ ? അവൻ്റെ പേര് ബഷീർന്നല്ലേ. “ മായ കൂട്ടുകാരികളോടൊപ്പം കളിയാക്കി ചിരിച്ചു. പിന്നെ "അവൻ മുസ്‌ലിമാ …. " എന്ന് അടക്കം പറഞ്ഞു.
പെൺകുട്ടികൾക്കും ശാഖയിൽ കളികളും കളരിയഭ്യാസവും ഉണ്ടായിരുന്നു. മായയും സുമനയുമടക്കം മിക്ക ഹിന്ദുകുട്ടികളും പോകാറുമുണ്ട്. മായ പോകുന്നതിനെ ചൊല്ലി വല്ല്യമ്മയും മായയുടെ അമ്മയും തമ്മിൽ വലിയ വാക്കേറ്റം തന്നെയുണ്ടായി.
ശ്രീകൃഷ്‌ണജയന്തിയാഘോഷങ്ങൾ അത്തിക്കാവുകാർക്ക് പുതുമയുള്ളതാണ്. വീടുകളിൽ അതിനുള്ള ഒരുക്കങ്ങൾ ആഴ്ച്ചകൾക്ക് മുൻപേ തുടങ്ങി. ഘോഷയാത്രയിൽ പലരും കൃഷ്ണൻമാരായി. പലരും രാധമാരായി.
ജാതിമതദേതമന്യേ പാപപരിഹാരത്തിനായി എല്ലാവരും പങ്കെടുക്കുന്ന അത്തിക്കാവമ്മയുടെ അമ്പലക്കുളത്തിന് ചുറ്റും നട്ടുച്ചനേരത്ത് നടത്തുന്ന ഉച്ചവലത്തും, എല്ലാവീട്ടിലും കയറിയിറങ്ങുന്ന പറയും, ബാൻ്റുമേളത്തിനൊപ്പം പ്രായഭേദമന്യേ സകലരും ട് താളം ചവിട്ടുന്ന, പറയൻ്റേതെന്നോ നായരുടേതെന്നോ ഈഴവൻ്റേതെന്നോ നോക്കാതെ സകല വീട്ടിലെയും വ്യാധിയകറ്റി കയറിയിറങ്ങുന്ന സെബസ്ത്യാനോസ് പുണ്യവാളൻ്റെ അമ്പു പെരുന്നാളുമാണ് അത്തികാവുകാർക്ക് പരിചയം. കുരുവും മുഴയും മാറാൻ എല്ലാവരും പള്ളിയിലേക്ക് കുരുമുളക് നേരും. ചെങ്കണ്ണും ബാധയും മാറാൻ അത്തിക്കാവിലമ്മയ്ക്ക് വഴിപാട് നേരും. എല്ലാ ദൈവങ്ങളെയും എല്ലാവരും പങ്കിട്ടെടുത്തു.
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യംഞ്ജങ്ങളിൽ, ശാഖയിൽ പോയ്ക്കൊണ്ടിരിക്കുന്നവരുടെ കുടുംബങ്ങളിലെ സ്‌ത്രീയും കുട്ടികളും രാവിലെ മുതൽ രാത്രിവരെ പ്രഭാഷകർക്ക് ചെവികൊടുത്ത് മുഷിഞ്ഞിരുന്നു. ചിലരെങ്കിലും അവിടുത്തെ സദ്യയും ചിട്ടവട്ടങ്ങളുമാസ്വദിച്ച് കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരുന്നു. അത്തിക്കാവങ്ങനെ പ്രത്യക്ഷമായ കാര്യങ്ങളിലൂടെ പ്രത്യയമല്ലാത്ത മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു.
മായ പോയതിന് ശേഷം അത്തിക്കാവിൽ സ്ഥിരതാമസമില്ലാതിരുന്നതിനാലും പിന്നീടുക്കായ മാനസികാവസ്ഥകൾ അതിജീവിക്കേണ്ടതിനാൽ അത്തിക്കാവുമായുള്ള പരമാവധി ഒഴിവാക്കിയിരുന്നതിനാലും അത്തിക്കാവിൻ്റെ മാറ്റങ്ങൾ ബഷീർ കൃത്യമായും മനസ്സിലാക്കിയിരുന്നില്ല. പാർട്ടി പ്രവർത്തനവും ജനസേവനവും നിർത്തി വല്ല്യമ്മ വീട്ടിലേക്കൊതുങ്ങിയിരുന്നു. തറവാടിന് ചുറ്റും ചായ്പ്പുകളുണ്ടാക്കി വാടകയ്‌ക്ക് കൊടുത്ത് പുതിയ ഉപജീവനമാർഗ്ഗം വല്ല്യമ്മ കണ്ടെത്തി. അവിടെയുള്ള കുട്ടികളെ കളിപ്പിച്ച് മറ്റേമ്മയും വാടകക്കാർക്കുള്ള ചില്ലറ ഉപദേശങ്ങളിലേക്ക് തൻ്റെ ലോകമൊതുക്കി വല്ല്യമ്മയും നാടിൻ്റെ മാറ്റങ്ങൾക്ക് സാക്ഷികളായി നിശബ്ദരായി ജീവിക്കാനാരംഭിച്ചു.
"പള്ളിക്കാര് സൺഡേ ക്യാറ്റിസം വയ്ക്കണതെന്തിനാ ? നമ്മടെ പിള്ളാർക്കും ണ്ടാവട്ടെ ഇത്തിരി മതബോധം. "
"അല്ല വല്ല്യോരും കൊർച്ച് അറിയണെ നല്ലതാ … “
" നമ്മള് ഹിന്ദുക്കള് ഒരു ചിട്ടേം ഒത്തൊരുമേം ഇല്ലാത്തോര്. പള്ളിക്കാരടെ എന്തെങ്കിലും കാര്യണ്ടാവട്ടെ. ചക്കപ്പഴത്തില് ഈച്ചപോലെ എല്ലാം ഒത്തുകൂടും. കണ്ട് പഠിക്ക് “
ചായക്കടകളിലെ പതിവ് ചർച്ചകളിൽ വന്ന വ്യതിയാനങ്ങൾ കേട്ട് ബഷീർ അന്തംവിട്ടു.
ഇടയ്ക്കൊക്കെ തറവാട്ടിലൊന്ന് വന്നുപോകുന്ന പതിവുണ്ട്. വളർത്തിവലുതാക്കിയ രണ്ടുപേർ അവിടെയുണ്ടല്ലോ. വല്യമ്മയുടെ നിശബ്‌ദതയിലേക്ക് ഉമച്ചെറിയമ്മ പയ്യാര പറച്ചിലുമായി കയറിവന്നു. പിന്നാലെ ഉമച്ചെറിയമ്മയുടെ ഭർത്താവ് മോഹനനും. പണ്ടേ ബഷീർ അവർക്കൊരധികപറ്റാണ്. തെളിഞ്ഞും ഒളിഞ്ഞുമുള്ള വാക്കുകൾ മുറിവേൽപ്പിക്കാൻ തുടങ്ങിയപ്പോൾ ബഷീർ വരവിൻ്റെ എണ്ണം കുറച്ചു. വന്നാലും ഒരു ദിവസം തങ്ങുന്ന ഏർപ്പാട് തീരെ നിർത്തി. രാത്രികളിൽ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിലാവും രാത്രിയുറക്കം.
ആ ആഴ്ച്ച പള്ളിപ്പെരുന്നാളായിരുന്നു. അത്തിക്കാവമ്പലത്തിലെ ഉൽസവവും പള്ളിപ്പെരുന്നാളും ബഷീർ ഒരിക്കലും നഷ്‌ടപ്പെടുത്താറില്ല. പതിവുപോലെ ബാൻ്റ്സെറ്റും രാത്രിയിലെ പുണ്യാളൻ്റെ അമ്പ് കേറലും. അത്തിക്കാവിലെ യുവത്വം തിളച്ച് മറിയുകയാണ്. പള്ളിയിലേക്ക് പോകും വഴി പുണ്യാളൻ അത്തിക്കാവിലമ്മയെ കാണുന്ന പതിവുണ്ട്. സാധാരണ തുറന്ന് വെയ്ക്കാറുള്ള അമ്പലനട അടച്ചിട്ടിരിക്കുന്നു.
രണ്ട് ചേരികൾ. രണ്ടഭിപ്രായങ്ങൾ. അത്തിക്കാവുകാരവിടെ ഞങ്ങളും നിങ്ങളുമായി ഏറ്റുമുട്ടുന്നത് പുണ്യാളനും അത്തിക്കാവിലമ്മയ്ക്കുമൊപ്പം ബഷീർ നിസ്സാഹായതയോടെ നോക്കിനിന്നു. എപ്പോഴും വീശുന്ന കാറ്റ് ചലനമറ്റ് നിന്നു. അത്തിക്കാവ് പുഴുകി വിയർത്തു.
പിറ്റേന്നുണ്ടായ അനുരജ്ജന ചർച്ചയിൽ പുതിയ അത്തിക്കാവിനെതിരെ വിമർശനാത്മകമായ പ്രതികരിച്ച ബഷീറിന് നേരെ കൂട്ടുകാരടക്കമുള്ള അത്തിക്കാവുകാർ ഒന്നടങ്കം കൈചൂണ്ടി ?
" അത് പറയാൻ നീയാരാ ?"
തുടർന്നുണ്ടായ സംസാരത്തിലെ വാക്ശരങ്ങളേറ്റ് ബഷീർ. എ യിലെ എ അവിടെയടർന്നു വീണു. പള്ളിക്കാരും അമ്പലക്കാരും തമ്മിലുള്ള ഞങ്ങളും നിങ്ങളും പോർവിളികൾക്കിടയിലൂടെ ബഷീർ അത്തിക്കാവിൽ നിന്നിറങ്ങി നടന്നു.
( തുടരും...)