
മനുഷ്യമുഖം ഒരു കാൻവാസാണ്. അതിൽ കാലം വരച്ചിടുന്ന ഭാവങ്ങൾക്കപ്പുറം, അപരന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുന്ന അപൂർവ്വ മാന്ത്രികതയാണ് ചമയം. വെറുമൊരു ബാഹ്യസൗന്ദര്യവർദ്ധനവിനപ്പുറം, ഒരു വ്യക്തി മറ്റൊരാളിലേക്ക് നടത്തുന്ന വേഷപ്പകർച്ചയുടെ (Transformation) മനഃശാസ്ത്രവും ആത്മീയതയും അന്വേഷിക്കുകയാണ് ചലച്ചിത്ര മേക്കപ്പ് ലോകത്തെ കുലപതിയായ പട്ടണം റഷീദ്.
വർഷങ്ങൾക്ക് മുൻപ് സംസ്ഥാന പുരസ്കാരം നേടിയ തന്റെ കൃതിയെ, എട്ടു വർഷത്തെ കഠിനമായ ഗവേഷണത്തിലൂടെ ആഗോള വായനക്കാർക്കായി ഇംഗ്ലീഷിൽ പുനഃസൃഷ്ടിക്കുമ്പോൾ അദ്ദേഹം കേവലമൊരു വിവർത്തനമല്ല നടത്തുന്നത്; മറിച്ച്, ഭാരതീയ കലകളുടെ ആഴമേറിയ ദർശനങ്ങളെ ലോകവേദിയിലേക്ക് പകർത്തിവയ്ക്കുകയാണ്. പൗഡർ രൂപത്തിൽ നിന്ന് ഡിജിറ്റൽ യുഗത്തിന്റെ ഹൈഡെഫനിഷൻ സാങ്കേതികതയിലേക്ക് വിരലുകൾ ചലിക്കുമ്പോഴും, അദ്ദേഹത്തിന്റെ ബോധതലം തൊടുന്നത് ഭാരതീയ നാട്യശാസ്ത്രത്തിലും ശിവസങ്കൽപ്പത്തിലുമൂന്നിയ കലയുടെ ആത്മീയതയിലാണ്. അണിയറയെ ആരാധനാലയമായും, ചമയക്കാരനെ ഗുരുസ്ഥാനീയനായും കാണുന്ന ഈ പാരമ്പര്യം ലോകത്ത് മറ്റെവിടെയാണുള്ളത്?

പൊന്തൻ മാട
ഗ്രീക്ക് തിയേറ്ററുകളിലെ 'മിറർ റൂമുകൾക്ക്' എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ്, അണിയറയിലെ ദർപ്പണത്തിൽ നോക്കി ദൈവമായി മാറുന്ന തെയ്യം കലാകാരന്റെ വേഷപ്പകർച്ചയാണ് പട്ടണം റഷീദിന്റെ ചമയദർശനം. ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് സ്വാംശീകരിച്ച പ്രൊഫഷണൽ അച്ചടക്കം, ദേശീയ-സംസ്ഥാന പുരസ്കാരങ്ങളുടെ തിളക്കം, ഒടുവിൽ പുതിയ തലമുറയ്ക്കായി അറിവ് പകർന്നുനൽകുന്ന 'പട്ടണം ഡിസൈനറി' എന്ന അക്കാദമി... നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒടുങ്ങാത്ത ഈ ആവേശത്തിന്റെ രഹസ്യം നിരന്തരമായ പഠനവും വിനയവുമാണെന്ന് അദ്ദേഹം അടിവരയിടുന്നു.
തന്റെ പുതിയ അന്താരാഷ്ട്ര ഗ്രന്ഥം ലോസ് ഏഞ്ചലസിന്റെ മണ്ണിൽ, ഓസ്കാർ ജേതാക്കളായ ഹോളിവുഡ് പ്രതിഭകളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാനൊരുങ്ങുന്ന ഈ ധന്യമുഹൂർത്തത്തിൽ, കൊച്ചിയുടെ മണ്ണിൽ നിന്ന് ലോകസിനിമയുടെ നെറുകയിലേക്ക് ബ്രഷും ചായക്കൂട്ടുകൂളുമായി യാത്ര ചെയ്ത പട്ടണം റഷീദ് തന്റെ കുടുംബവിശേഷങ്ങളും അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവയ്ക്കുന്നു...

'ചമയം : പട്ടണം റഷീദ്' എന്ന താങ്കളുടെ പുസ്തകം സംസ്ഥാന അവാർഡ് നേടിയ ഒന്നായിരുന്നു. ആ പുസ്തകത്തിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ ഇപ്പോൾ പുറത്തിറക്കാൻ നിശ്ചയിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം എന്താണ്? അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള ആഗോള വായനക്കാരിലേക്ക് ഇത് എത്തുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നത്?
'ചമയം' എന്ന പുസ്തകം ഇറങ്ങിയിട്ട് വർഷങ്ങളായി. അതിൽ മേക്കപ്പിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്തിരുന്നു. മേക്കപ്പ് കലയെക്കുറിച്ചും അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചും ലോകത്ത് ഒട്ടനവധി വലിയ പുസ്തകങ്ങളുണ്ട്. 'മേക്കപ്പിന്റെ ബൈബിൾ' എന്നറിയപ്പെടുന്ന മൂന്ന് വാല്യങ്ങളുള്ള ഗ്രന്ഥം മുതൽ ലക്ഷങ്ങൾ വിലവരുന്ന വിദേശ പുസ്തകങ്ങൾ വരെയുണ്ട്. എന്നാൽ ഭാരതീയ കലകൾക്കുള്ള, പ്രത്യേകിച്ച് കേരളത്തിലെ കലകൾക്കുള്ള ഒരു പ്രത്യേകത ലോകത്ത് മറ്റൊരിടത്തുമില്ലാത്ത അനുഷ്ഠാന പാരമ്പര്യമാണ്.
നമ്മുടെ സങ്കൽപ്പങ്ങൾ ശിവന്റെ നാട്യശാസ്ത്രത്തെ ബേസ് ചെയ്തുള്ളതാണ്. ഗുരുദക്ഷിണ നൽകി നമസ്കരിക്കുക, മേക്കപ്പ് ചെയ്യുന്നയാളെ ഗുരുസ്ഥാനീയനായി കാണുക തുടങ്ങിയ പാരമ്പര്യം മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. വളരെ ശാസ്ത്രീയമായ ഈ ഭാരതീയ അനുഷ്ഠാന പദ്ധതിയെയും വേഷപ്പകർച്ചയുടെ പ്രാധാന്യത്തെയും ലോകത്തിന് മുന്നിൽ എത്തിക്കാനാണ് ഈ പുസ്തകം ഇംഗ്ലീഷ് വിവർത്തനമായി പുറത്തിറക്കുന്നത്.

ആദാമിന്റെ മകൻ അബു
മലയാളത്തിലുള്ള ഒരു ഗ്രന്ഥം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമ്പോൾ സ്വാഭാവികമായും വെല്ലുവിളികൾ ഉണ്ടാകുമല്ലോ. ഈ വിവർത്തന പ്രക്രിയയ്ക്ക് എത്രത്തോളം സമയവും അധ്വാനവും വേണ്ടിവന്നു?
ഒരു ട്രാൻസ്ലേറ്ററുടെ സഹായവും മറ്റ് നിരവധി ആളുകളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ഇതൊറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന ഒന്നല്ല. ഈ പരിഭാഷയും അതിന്റെ അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ഏകദേശം എട്ട് വർഷത്തോളമാണ് എടുത്തത്!
വർഷങ്ങൾക്ക് മുൻപ് അന്തരിച്ച പ്രശസ്ത നടൻ നരേന്ദ്രപ്രസാദ് സാറാണ് എനിക്ക് ഇതിനൊരു പ്രചോദനം നൽകിയത്. പിന്നീട് 2013-14 കാലഘട്ടത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെല്ലോഷിപ്പ് എനിക്ക് ലഭിച്ചു. അതിനായി തയ്യാറാക്കിയ രണ്ടു വർഷത്തെ ഗവേഷണ പ്രബന്ധം ജെ.എൻ.യു (JNU) അംഗീകരിക്കുകയും അലഹബാദിലെ നാഷണൽ സെമിനാറിൽ ഇത് അവതരിപ്പിക്കുകയും ചെയ്തു. ആ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകരൂപം ഉണ്ടായത്.

ഈ പുസ്തകത്തിൽ പറയുന്ന 'വേഷപ്പകർച്ച' എന്ന ആശയത്തിന് ആഗോളതലത്തിൽ എത്രത്തോളം പ്രസക്തിയുണ്ട്? വിദേശികളായ വായനക്കാർക്ക് ഇത് എങ്ങനെ ഉൾക്കൊള്ളാൻ കഴിയും?
തീർച്ചയായും ഉണ്ട്. ഒരു മനുഷ്യൻ ഒരു കഥാപാത്രത്തിലേക്ക് മാറുമ്പോൾ, അയാൾ അതുവരെ ചിന്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങുന്നു. ആ ചിന്ത അയാളിൽ ഉണ്ടാക്കുന്ന രാസമാറ്റങ്ങളെ (Chemistry) കുറിച്ചാണ് ഇതിലെ പഠനം.
പാശ്ചാത്യ നാടകവേദികളിൽ, പ്രത്യേകിച്ച് ഗ്രീക്ക് തിയേറ്ററുകളിൽ 'മിറർ റൂം' (Mirror Room) എന്നൊരു സമ്പ്രദായമുണ്ട്. മേക്കപ്പിന് ശേഷം നടൻ കണ്ണാടിക്ക് മുന്നിലിരുന്ന് ആ കഥാപാത്രമായി സ്വയം പാകപ്പെടുത്തുന്ന രീതിയാണിത്. എന്നാൽ അയ്യായിരം വർഷങ്ങൾക്ക് മുൻപ് നമ്മുടെ കേരളത്തിൽ തെയ്യം കലാകാരന്മാർ ഇത് അനുഷ്ഠിച്ചിരുന്നു.
സമൂഹത്തിലെ വളരെ സാധാരണക്കാരനായ ഒരാൾ, തെയ്യക്കോലമണിഞ്ഞ്, മുഖത്തെഴുത്ത് കഴിഞ്ഞ്, ഒടുവിൽ ആ കണ്ണാടിയിൽ സ്വന്തം മുഖം നോക്കുന്ന ഒരു നിമിഷമുണ്ട്. ആ നിമിഷം അയാൾ അതുവരെയുള്ള മനുഷ്യനല്ലാതായി മാറി, താൻ ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഒരു സാധാരണക്കാരൻ ദൈവത്തിലേക്ക് നടത്തുന്ന ആ പരിണാമം വലിയൊരു ട്രാൻസ്ഫോർമേഷനാണ്. ദൈവസമാനമായി അരുൾ ചെയ്യുന്ന തലത്തിലേക്ക് ഒരുവനെ എത്തിക്കുന്നതിന് പിന്നിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഠിനാധ്വാനമുണ്ട്. ഇത് ലോകത്തുള്ള എല്ലാവരും മനസ്സിലാക്കേണ്ട ഒന്നാണ്. ഇതുസംബന്ധിച്ച് ആശയതർക്കങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചചെയ്യപ്പെടണം.

ഈ പുസ്തകത്തിനുവേണ്ടി വലിയൊരു അന്വേഷണയാത്ര തന്നെ നടത്തിയിട്ടുണ്ടല്ലോ. ആ വിവരങ്ങൾ കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
അതെ, ഇതൊരു ഇൻവെസ്റ്റിഗേഷൻ ( അന്വേഷണം) പോലെയായിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ വളരെ കുറവാണെന്ന ബോധ്യത്തോടെയാണ് ഞാൻ വിവരങ്ങൾ ശേഖരിച്ചത്. തമിഴ്നാട്ടിലെ നാടക കുലപതിയായ കൂത്തുപ്പട്ടരെപ്പോലുള്ള വ്യക്തികളെയും, തിയേറ്റർ വിദഗ്ദ്ധരെയും ഒക്കെ നേരിട്ട് കണ്ടു. വിവരങ്ങൾക്ക് കൂടുതൽ ആധികാരികത ഉറപ്പാക്കാൻ വേണ്ടി ഇന്ത്യയിലുടനീളമുള്ള മുന്നൂറോളം കലാകാരന്മാരുമായും വിദഗ്ദ്ധരുമായും ചർച്ചകൾ നടത്തിയാണ് ഈ പുസ്തകം പരിഷ്കരിച്ചതും ഇംഗ്ലീഷ് രൂപത്തിലേക്ക് എത്തിച്ചതും.
ഈ ഇംഗ്ലീഷ് പതിപ്പ് ഭാവി തലമുറയ്ക്ക് എങ്ങനെയുള്ള സംഭാവനയായിരിക്കും നൽകുക എന്നാണ് താങ്കൾ പ്രതീക്ഷിക്കുന്നത്?
ഈ ഗ്രന്ഥത്തിന് അവാർഡ് ലഭിച്ചപ്പോൾ ജൂറി ഇതിനെ വിലയിരുത്തിയത് ഒരു 'റെഫറൻസ് ഗ്രന്ഥം' (Reference Book) എന്നാണ്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നതോടെ ആഗോളതലത്തിൽ കലയെയും മേക്കപ്പിനെയും കുറിച്ച് പഠിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊരു വലിയ ആയുധമായിരിക്കും. കളർ എങ്ങനെ മുഖത്ത് തേക്കുന്നു, മീശ എങ്ങനെ ഒട്ടിക്കുന്നു... എന്നിങ്ങനെ ഓരോ കാലഘട്ടത്തിലെയും മേക്കപ്പിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പറയാം. ചരിത്രത്തിൽ മുൻപ് പുസ്തകങ്ങൾ എഴുതിയവരെല്ലാം അടുത്ത തലമുറയെ മുന്നിൽ കണ്ടാണ് അത് ചെയ്തിട്ടുള്ളത്. ഞാനും എന്റെ പിന്നാലെ വരുന്നവർക്കായി എന്റെ അറിവുകൾ സമർപ്പിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ ഈ ആഴം ലോകം മുഴുവൻ ചർച്ച ചെയ്യട്ടെ.

തലൈവി
ഇത്രയേറെ അനുഭവസമ്പത്തും അംഗീകാരങ്ങളും ഉണ്ടായിട്ടും ഇപ്പോഴും പുതിയ പരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമായി സമയം കണ്ടെത്തുന്നുണ്ടല്ലോ. മേക്കപ്പ് കലയിൽ എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് കരുതി മാറിനിൽക്കാത്ത ഈ ഒരു നിരന്തര യാത്രയെ എങ്ങനെയാണ് കാണുന്നത്?
അതെ, ആ ഒരു പരീക്ഷണവും അന്വേഷണവും ഇപ്പോഴും എന്നിലുണ്ട്. എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് കരുതി മാറി ഇരിക്കുകയല്ല ഒരു കലാകാരൻ ചെയ്യേണ്ടത്. ഓരോരുത്തരും എപ്പോഴും പുതിയ പരീക്ഷണങ്ങളിലൂടെ കടന്നുപോകണം. എന്റെ ഈ യാത്രയിൽ പുതിയ കാര്യങ്ങൾ തേടാനും അതിനുവേണ്ടി സമയം കണ്ടെത്താനും തന്നെയാണ് ഞാൻ ഇപ്പോഴും ശ്രമിക്കുന്നത്. ഇനി അടുത്തത് എന്താണ് എന്നുള്ളതല്ല പ്രധാനം, നമുക്ക് എന്തും ചെയ്യാൻ കഴിയുന്ന ഒരു ഘട്ടത്തിലേക്ക് നമ്മളെത്തുക എന്നതാണ്.
വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളെക്കുറിച്ച് പറയാമോ? പുതിയ സിനിമകളിൽ നിന്ന് എന്തൊക്കെ പരീക്ഷണങ്ങളാണ് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാവുന്നത്?
അരവിന്ദ് സ്വാമിയുടെ പുതിയ സിനിമയാണ് അടുത്തതായി ചെയ്യാൻ പോകുന്നത്. അതിനകത്ത് പ്രായോഗികമായി ചില പുതിയ കാര്യങ്ങൾ ചെയ്യാനുണ്ട്. തികച്ചും പുതിയൊരു ശൈലിയിലായിരിക്കും അത്. മറ്റൊരു പുതിയ സംവിധായകന്റെ സിനിമയുണ്ട്, അതിലും വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് സംവിധായകൻ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തലൈവി
അരവിന്ദ് സ്വാമി
ഇപ്പോൾ റിലീസ് ചെയ്ത ചിത്രങ്ങളായാലും, ഇനി ഇറങ്ങാൻ പോകുന്ന 'നാഗബന്ധം' പോലുള്ള സിനിമകളായാലും അവയൊക്കെ വളരെ സ്പെഷ്യലൈസ്ഡ് ആയ സിനിമകളാണ്. നമ്മൾ സാധാരണ കണ്ടുവരുന്നതോ, കേട്ടുപോന്നതോ ആയ രീതിയിലുള്ള മേക്കപ്പ് വർക്കുകളല്ല അതിലൊന്നും ഉള്ളത്. വളരെ പ്രത്യേകതകളുള്ള സിനിമകളാണവ.
ഇത്തരം വലിയ പരീക്ഷണങ്ങൾക്കും സ്പെഷ്യലൈസ്ഡ് വർക്കുകൾക്കും പിന്നിലെ യഥാർത്ഥ പ്രേരകശക്തി എന്താണ്? ഇതിന് വലിയ അത്ഭുത വിദ്യകൾ ആവശ്യമുണ്ടോ?
ഇതിൽ മഹാത്ഭുതങ്ങൾ ഒന്നുമില്ല. നമുക്ക് കൃത്യമായൊരു പ്ലാറ്റ്ഫോം കിട്ടണം, അതാണ് പ്രധാനം. അനുയോജ്യമായ ഒരു അവസരം ലഭിച്ചാൽ, മറ്റ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റിവെച്ചുകൊണ്ട് നമ്മൾ അതിനുവേണ്ടി പരമാവധി സമയം കണ്ടെത്തണം. അങ്ങനെ ആ അവസരത്തെ പൂർണ്ണമായി വിനിയോഗിക്കുമ്പോഴാണ് മികച്ച സൃഷ്ടികൾ ഉണ്ടാകുന്നത്.

കൊച്ചിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മേക്കപ്പ് ആർട്ടിസ്റ്റായി വളർന്നത്. താങ്കളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ഇതിലേക്ക് വഴിതുറന്ന സാഹചര്യങ്ങളെക്കുറിച്ചും പറയാമോ?
ജനിച്ചതൊക്കെ കൊച്ചിയിലാണെങ്കിലും എന്റെ ജീവിതത്തിന്റെ ഏറെ ഭാഗവും കഴിഞ്ഞത് ഏലൂരാണ്. വാപ്പ ഹുസൈന് ഏലൂർ ഉദ്യോഗമണ്ഡലിലായിരുന്നു ജോലി. അടിസ്ഥാനപരമായി വാപ്പ കൊച്ചിയിലെ അറിയപ്പെടുന്ന ഒരു വലിയ കലാകാരനായിരുന്നു. കൊച്ചിയിലെ ആദ്യ മ്യൂസിക് ക്ലബ്ബായ 'ആസാദ് മ്യൂസിക് ക്ലബ്ബ്' തുടങ്ങിയത് വാപ്പയാണ്. അദ്ദേഹം ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ ഓർക്കസ്ട്രയിൽ 26 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ആ സ്നേഹബന്ധം ഇന്നുമുണ്ട്; എന്റെ അക്കാദമി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത് ദാസേട്ടനാണ്. ഇപ്പോൾ അമേരിക്കയിൽ വന്നപ്പോഴും ഞാൻ ദാസേട്ടനെ വിളിച്ച് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
എന്റെ ഉമ്മ ജമീല ഹുസൈൻ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷമാകാൻ പോകുന്നു. വാപ്പയുടെയും ഉമ്മയുടെയും ആ കലാപരമായ കാഴ്ചപ്പാടുകളും കഴിവുകളുമാണ് മക്കളായ ഞങ്ങൾക്ക് കിട്ടിയ വരദാനം. ഞങ്ങൾ സ്വന്തമായി ഒന്നും ഉണ്ടാക്കിയിട്ടില്ല, സമ്പാദിച്ചിട്ടുമില്ല. കലാരംഗത്ത് അവർ തന്നുപോയ കാര്യങ്ങൾ മാത്രമാണ് ഞങ്ങളുടെ കൈമുതൽ. കുടുംബം മുഴുവൻ കലയോട് ചേർന്ന് ജീവിച്ചതുകൊണ്ടാണ് എനിക്ക് ഈ രംഗത്തേക്ക് വരാനുള്ള വാതിൽ തുറന്നുകിട്ടിയത്.
എന്റെ ഭാര്യ നജ്മ റഷീദ് കൊച്ചിക്കാരിയാണ്. തലശ്ശേരിയാണ് തറവാടെങ്കിലും വളർന്നത് കൊച്ചിയിലാണ്. വിവാഹത്തിന് മുൻപ് അവർക്ക് കലയുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു. പക്ഷേ എന്നോടൊപ്പം ജീവിച്ചു തുടങ്ങിയപ്പോൾ അവരിലേക്കും കലയോടുള്ള താല്പര്യം കടന്നുവന്നു.

പരദേശി
താങ്കളുടെ മക്കളും ഈ കലാപാരമ്പര്യം പിന്തുടരുന്നുണ്ടോ? അവരൊക്കെ ഇപ്പോൾ എന്ത് ചെയ്യുന്നു?
തീർച്ചയായും, വാപ്പയുടെ ആ കല തന്നെയാണ് എനിക്കും എന്റെ മക്കൾക്കും കിട്ടിയിരിക്കുന്നത്. എനിക്ക് മൂന്ന് മക്കളാണ്; മൂത്തയാൾ ആൺകുട്ടി, രണ്ടാമത് പെൺകുട്ടി, ഏറ്റവും ഇളയത് ആൺകുട്ടി.മൂത്ത മകൻ അൽത്താഫ് ഹുസൈൻ സിനിമാട്ടോഗ്രാഫി പഠിച്ച ആളാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് അവൻ പുറത്തിറങ്ങിയത്. നവോദയ ജിജോ സാറിന്റെ കൂടെ 'ബറോസ്' എന്ന ചിത്രത്തിൽ അസിസ്റ്റ് ചെയ്തിരുന്നു. കൂടാതെ പല സിനിമകളിലും വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ അവൻ പൂനെയിൽ ഒപ്പം പഠിച്ച സുഹൃത്തുക്കളുമായി ചേർന്ന് സ്വന്തമായി ഒരു പ്രഡക്ഷൻ കമ്പനി നടത്തുന്നുണ്ട്. പരസ്യങ്ങളും ഡോക്യുമെന്ററികളുമൊക്കെ ചെയ്യുന്നു. ഓൺ-ഡിമാൻഡ് വർക്കുകളുമായി മറ്റൊരു പ്രൊഡക്ഷൻ കമ്പനിയും അവൻ തുടങ്ങിയിട്ടുണ്ട്. ഇതൊന്നും എന്റെ ലേബലിൽ അല്ല, മോന്റെ സ്വന്തം അധ്വാനത്തിലാണ്. വാപ്പ മരിച്ചതിന്റെ പിറ്റേദിവസമാണ് ഭാര്യ അവനെ പ്രസവിച്ചത്. അതുകൊണ്ടാണ് 'ഹുസൈൻ' എന്നുള്ള വാപ്പയുടെ പേര് അവനിട്ടത്.
മകൾ അൽഫിയ റഷീദ് ഐടി ഉദ്യോഗസ്ഥയായിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന പോർട്ട് ജീവനക്കാരനും കലാകാരനുമായിരുന്ന ഇസ്ക്രാമിയുടെ മകൻ സാഫ്ത്തർ ആണ് മകളുടെ ഭർത്താവ്. മോളും മരുമകനും ഒരേ ഐടി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മോൾക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്, മൂന്നാമത് ഗർഭിണിയാണ്. എനിക്ക് എന്റെ ഓഫീസ് കാര്യങ്ങളും മേക്കപ്പ് അക്കാദമിയും മറ്റ് സ്ഥാപനങ്ങളുമൊക്കെ നോക്കാൻ സമയം കിട്ടാറില്ല. അതുകൊണ്ട് മോൾ ഐടി ജോലി റിസൈൻ ചെയ്ത് ഇപ്പോൾ എന്റെ ഓഫീസ് സംബന്ധമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. അവളുള്ളത് കൊണ്ടാണ് നമുക്ക് ദൂരയാത്രകളിലൊന്നും ഒരു ടെൻഷനുമില്ലാതെ പോകാൻ പറ്റുന്നത്.
ഇളയ മകൻ അൽറിംഷിദ് കാനഡയിലാണ്. അവൻ അവിടെ ഗ്രാജുവേഷൻ കഴിഞ്ഞ് ഈ വരുന്ന 23-ാം തീയതി സർട്ടിഫിക്കറ്റ് വാങ്ങുകയാണ്. ആ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ കാനഡയിൽ വന്നിരിക്കുന്നത്. അവൻ പഠിത്തം കഴിഞ്ഞ് രണ്ട് വർഷം കൂടി അവിടെ തുടരും, അതിനുശേഷമുള്ള കാര്യങ്ങൾ പിന്നീട് സ്വയം തീരുമാനിക്കട്ടെ.
കുട്ടിക്കാലത്ത് മറ്റുള്ളവർ മേക്കപ്പ് ചെയ്യുന്നത് കണ്ടിട്ടാണോ ഈ രംഗത്തേക്ക് തിരിഞ്ഞത്? സിനിമയിൽ ആദ്യമായി ആരുടെ മുഖത്താണ് ചായം തേച്ചത്?
അല്ല, ഞാൻ മേക്കപ്പിലല്ല കല തുടങ്ങുന്നത്. ഞങ്ങൾ ആദ്യം സംഗീതവും കൊട്ടും നാടകവുമൊക്കെയാണ് പഠിച്ചുതുടങ്ങിയത്. അതിലൂടെ വാപ്പയുടെ സുഹൃത്തുക്കളായ വലിയ കലാകാരന്മാരുമായി ബന്ധപ്പെടാൻ പറ്റി. അതിൽ എടുത്തുപറയാവുന്ന ഒരാളാണ് ഏലൂർ സുഖ്ദേവ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ്.
സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ ആദ്യമായി ഒരാളെ മേക്കപ്പ് ചെയ്യുന്നത്. ചെറിയ ചെറിയ കലാപരിപാടികളും അമച്വർ നാടകങ്ങളും സജീവമായിരുന്നു. ആ പ്രവർത്തനങ്ങളിലൂടെയാണ് ഞാൻ മേക്കപ്പിലേക്ക് കൂടുതൽ അടുത്തത്. സിനിമയിൽ ആദ്യമായി ഞാൻ ചായം തേച്ചത് നടൻ സത്താറിന്റെ മുഖത്തായിരുന്നു.

പോൾ കോക്സ്
ഈ യാത്രയിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന, അല്ലെങ്കിൽ ഗുരുക്കന്മാരായി കാണുന്ന വ്യക്തികൾ ആരൊക്കെയാണ്?
എന്റെ സഹോദരനും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുമായ പട്ടണം ഷാ തന്നെയാണ് എന്റെ പ്രധാന ഗുരുനാഥൻ. നേരത്തെ ഞാൻ പറഞ്ഞതുപോലെ നടൻ നരേന്ദ്രപ്രസാദ് സാർ എന്റെ വലിയൊരു വഴികാട്ടിയായിരുന്നു. കൂടാതെ ജയമോഹൻ എന്ന മേക്കപ്പ് ആർട്ടിസ്റ്റ്, പി.വി. ശങ്കർ, പി.എൻ. മണി... അങ്ങനെ കുറച്ചുപേരുണ്ട്.
സിനിമയിൽ സ്വതന്ത്രമായി സജീവമാകുന്നത് എപ്പോഴാണ്? ആദ്യമായി റിലീസ് ചെയ്ത സിനിമ ഏതായിരുന്നു?
'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്റായി വർക്ക് ചെയ്യുമ്പോഴാണ് നവോദയയിൽ നിന്ന് എന്റെ ആദ്യ സ്വതന്ത്ര സിനിമയായ 'ഒന്നു മുതൽ പൂജ്യം വരെ'യിലേക്ക് ക്ഷണിച്ചുകൊണ്ട് ടെലിഗ്രാം വരുന്നത്. അതിനൊപ്പം തന്നെ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത 'മൂന്ന് മാസങ്ങൾക്ക് മുൻപ്' എന്ന സിനിമയിലേക്കും അവസരം ലഭിച്ചു. വെറും ഒരു മാസം കൊണ്ട് ചെയ്ത പടമാണത്. കൗതുകകരമായ കാര്യം എന്താണെന്ന് വെച്ചാൽ, എന്റെ ഈ രണ്ട് സിനിമകളും ഒരേ ദിവസം, രണ്ട് തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്! സിനിമയുടെ തുടക്കത്തിൽ തന്നെ അങ്ങനെയൊരു അപൂർവ്വ ഭാഗ്യം എനിക്കുണ്ടായി.
മലയാള സിനിമയിൽ താങ്കൾക്ക് വലിയൊരു ബ്രേക്ക് നൽകിയതും മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തതുമായ ചിത്രമാണല്ലോ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത 'പൊന്തൻമാട'. അത്രയും സുന്ദരനായ ഒരു നടനെ 'മാട' എന്ന ആ അടിയാള കഥാപാത്രത്തിന്റെ വേഷത്തിലേക്ക് മാറ്റിയപ്പോൾ, മേക്കപ്പ് കഴിഞ്ഞ് അദ്ദേഹം കണ്ണാടിയിൽ നോക്കിയ ആ നിമിഷം ഓർക്കുന്നുണ്ടോ?
'പൊന്തൻമാട' ചെയ്യുന്ന കാലഘട്ടത്തിൽ ഇന്നത്തെപ്പോലെ മേക്കപ്പ് സാങ്കേതികവിദ്യയൊന്നും അത്ര ഡെവലപ്പ് ആയിട്ടില്ല. ഈ സിനിമ ചെയ്യാൻ എന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ സംവിധായകനോട് ആദ്യം പറഞ്ഞത്, "എന്നെക്കാൾ ബെറ്ററായ ആളുകൾ ബോംബെയിലുണ്ട്, അവരെക്കൊണ്ട് ചെയ്യിക്കൂ" എന്നാണ്. കാരണം മമ്മൂക്കയുടെ മുഖം ഇന്ന് കാണുന്നതിനേക്കാൾ സൗന്ദര്യമുള്ള ചെറുപ്പകാലമാണ്. അത്രയും ഗ്ലാമറുള്ള ഒരു മെഗാസ്റ്റാർ ഇത്രയും വലിയൊരു പരീക്ഷണത്തിന് ഇരുന്നു തരിക എന്നത് ചെറിയ കാര്യമല്ല.

കാവ്യതലൈവൻ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി കൊടുത്തസിനിമ
ഏകദേശം രണ്ട് മണിക്കൂറോളം വലിയൊരു സാഹസികത പോലെയായിരുന്നു ആ മേക്കപ്പ്. ഒരു കളർ മാറ്റും, വേറെ കളർ എടുക്കും... അങ്ങനെ പലതും ഞാൻ ചെയ്തുനോക്കി. പക്ഷേ ആ രണ്ട് മണിക്കൂറും അത്രയും ക്ഷമയോടെ ഒരക്ഷരം മിണ്ടാതെ മമ്മൂക്ക ഇരുന്നുതന്നു. മേക്കപ്പ് ഒക്കെ കഴിഞ്ഞ് അദ്ദേഹം കണ്ണാടിയിൽ നോക്കിയിട്ട് അത്ഭുതത്തോടെ എന്നോട് ചോദിച്ചു: "നീ ഇതൊക്കെ എവിടെ നിന്നാണ് പഠിച്ചത്?" എന്ന്. "മമ്മൂക്കയുടെ മുഖത്തുനിന്നാണ് ഇത് പഠിക്കുന്നത്" എന്ന മറുപടി കേട്ട് അദ്ദേഹം ചിരിച്ചു. പല മേക്കപ്പ് സാധനങ്ങളും അദ്ദേഹം എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഞാൻ എത്ര സിനിമകൾ ചെയ്താലും ആളുകൾ ഇപ്പോഴും കാണുന്നതും എന്നെ അറിയുന്നതും ആ ഒരു 'കൾട്ട്' കഥാപാത്രത്തിന്റെ ചമയത്തിലൂടെയാണ്. വലിയൊരു ആത്മബന്ധം മമ്മൂക്കയുമായുണ്ട്.
താങ്കളുടെ മേക്കപ്പിനെ പലരും 'മിഡാസ് ടച്ച്' (Midas Touch) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പട്ടണം റഷീദ് മേക്കപ്പ് ചെയ്താൽ ആ അഭിനേതാവിന് അവാർഡ് കിട്ടും എന്നൊരു ഖ്യാതി പോലുമുണ്ട്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഞാൻ മേക്കപ്പ് ചെയ്ത ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ, സലീംകുമാർ, സൂരജ് വെഞ്ഞാറമ്മൂട്, പ്രകാശ് രാജ്, മീരാ ജാസ്മിൻ ഉൾപ്പെടെയുള്ള നടന്മാർ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അംഗീകരിക്കപ്പെട്ടു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. പക്ഷേ, അത് എന്റെ മാത്രം കഴിവുകൊണ്ട് കിട്ടിയതാണെന്ന് ഞാൻ ഒട്ടും അവകാശപ്പെടില്ല. അത് അവർ അഭിനയിച്ച ആ ഒരു ഭാഗ്യനിമിഷമാണ്; ദൈവം അവർക്കായി തുറന്നുകൊടുത്ത ഒരു വാതിലാണത്. നമ്മൾ അവരിലേക്ക് അവാർഡ് എത്തിക്കുകയല്ല ചെയ്യുന്നത്. ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി നമ്മൾ നമ്മുടെ ഭാഗത്തുനിന്ന് അക്ഷീണമായ കഠിനശ്രമം നടത്തിയിട്ടുണ്ടാകും. ആ പരിശ്രമത്തിന്റെ ഫലം കൂടിയാണത്.

യുഗപുരുഷൻ
തലൈവാസൽ വിജയ്
'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലേക്ക് സലീം കുമാറിനെ കാസ്റ്റ് ചെയ്യുന്ന സമയത്ത്, "എന്റെ ഡേറ്റ് അല്ല, ആദ്യം പട്ടണം റഷീദിന്റെ ഡേറ്റ് വാങ്ങൂ" എന്ന് സലീംകുമാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അത് വലിയൊരു അംഗീകാരമല്ലേ?
അതെ. സലീംകുമാറും സംവിധായകനും എന്റെ വീട്ടിൽ വന്ന് കഥ പറഞ്ഞപ്പോൾ എനിക്ക് വലിയ താല്പര്യം തോന്നി. മുൻപ് ലാൽ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്ടിൽ' സലീംകുമാർ അഭിനയിച്ചപ്പോൾ ഞാനായിരുന്നു ഫസ്റ്റ് ലുക്ക് ചെയ്തത്. അതിന്റെ മേക്കപ്പ് ചെയ്തത് എന്റെ സഹോദരൻ പട്ടണം ഷാ ആയിരുന്നു.
നമ്മൾ ഒരു നടന്റെ മുഖത്ത് കൈവെക്കുമ്പോൾ—അയാൾ ചെറിയ ആളോ വലിയ ആളോ പുതിയ ആളോ ആയിക്കോട്ടെ—നമ്മൾ ഹൃദയത്തിൽ നിന്നാണ് അയാളുടെ മുഖത്തേക്ക് നമ്മുടെ ബോധതലം വഴി സ്പർശിക്കുന്നത്. മനുഷ്യന്റെ 'മൂന്നാം കണ്ണ്' അഥവാ തൃക്കണ്ണ് ഇരിക്കുന്ന ആ നെറ്റിത്തടത്തിലേക്ക് നമ്മൾ പൊട്ടുതൊടുവിക്കുമ്പോഴോ അല്ലെങ്കിൽ മേക്കപ്പ് ചെയ്യുമ്പോഴോ ഒരു പ്രത്യേക വൈബ്രേഷൻ (തരംഗം) അനുഭവപ്പെടും. അത് ആ നടനും മേക്കപ്പ് ആർട്ടിസ്റ്റിനും ഇടയിൽ മാത്രം നടക്കുന്ന ഒരു ആത്മീയ പ്രക്രിയയാണ്. ആ വൈബ്രേഷൻ വഴി ഈ നടന്റെ മൈലേജ് എന്തായിരിക്കുമെന്നും, അയാൾ ഈ കഥാപാത്രത്തിലൂടെ എവിടെ ചെന്നുനിൽക്കുമെന്നും നമുക്ക് മനസ്സിലാക്കാൻ പറ്റും. ഇത് കേൾക്കുമ്പോൾ ഒരുപക്ഷേ പ്രവചനം പോലെ തോന്നാം. 'ആദാമിന്റെ മകൻ അബു'വിന് വേണ്ടി ആദ്യമായി ഞാൻ സലീമിന്റെ നെറ്റിയിൽ കൈവെച്ചപ്പോൾ തന്നെ ആ വേഷത്തിന് നാഷണൽ അവാർഡ് (ദേശീയ പുരസ്കാരം) ലഭിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. മീര ജാസ്മിന് 'പാഠം ഒന്ന് ഒരു വിലാപത്തിന്' മേക്കപ്പ് ചെയ്തപ്പോഴും ഇത്തരത്തിൽ ഞാൻ പ്രവചിച്ചിരുന്നു.

ഹോളിവുഡ് സിനിമകളിലും അന്താരാഷ്ട്ര പ്രോജക്ടുകളിലും സഹകരിച്ചിട്ടുണ്ടല്ലോ. ഹോളിവുഡ് പ്രവർത്തകരുമായി ഒന്നിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ എങ്ങനെയുള്ളതായിരുന്നു?
ഹോളിവുഡിൽ ഞാൻ ആദ്യം ചെയ്യുന്നത് ഇസ്മായിൽ മർച്ചന്റിന്റെ സിനിമയാണ്. പിന്നീട് 'ഡാം 999', രാജീവ് അഞ്ചലിന്റെ 'ഗുരു'വിലും ഹോളിവുഡ് ബന്ധമുണ്ടായിരുന്നു. കനേഡിയൻ സംവിധായകന്റെ 'ഇന്നസെൻസ്', 'പോസ്റ്റ്കാർഡ്' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് മേക്കപ്പ് ആർട്ടിസ്റ്റായി ഞാൻ സഹകരിച്ചിട്ടുണ്ട്.
ആ സിനിമകളിൽ പ്രവർത്തിച്ചതുകൊണ്ട് എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം 'മേക്കപ്പിലെ അച്ചടക്കം' (Discipline) എന്താണെന്ന് പഠിക്കാൻ കഴിഞ്ഞു എന്നതാണ്. ഒരു കഥാപാത്രത്തിന്റെ തുടർച്ച (Continuity) എങ്ങനെ കൃത്യമായി നിലനിർത്തണം, കൃത്യനിഷ്ഠ, സമയപാലനം, പ്രൊഫഷണലിസം, ആളുകളോട് പെരുമാറുന്ന രീതി, മേക്കപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന വിധം... അങ്ങനെയുള്ള നിരവധി കാര്യങ്ങൾ ഹോളിവുഡ് സിനിമകളിൽ നിന്ന് ഞാൻ കണ്ടറിഞ്ഞ് പഠിച്ചതാണ്. വലിയ അച്ചടക്കമാണ് അവിടെയുള്ളത്.
ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമായ കമൽഹാസനെപ്പോലെയുള്ള പ്രഗത്ഭരെ മേക്കപ്പ് ചെയ്തതിനെക്കുറിച്ച്?
കമൽഹാസനെ ഞാൻ പരിചയപ്പെടുന്നത് 'ചാണക്യൻ' എന്ന സിനിമയിലൂടെയാണ്. ആ സിനിമ തീരുന്നതുവരെ ഞാനായിരുന്നു അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. ആ പരിചയത്തിന് ശേഷം അദ്ദേഹം എന്നെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ സ്വപ്ന പ്രോജക്റ്റായ 'മരുതനായകം' സിനിമയ്ക്കായി കൊണ്ടുപോയി. പിന്നീട് നിരവധി സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ 'ഇന്ത്യൻ 2' എന്ന സിനിമയിലൊക്കെ പ്രോസ്തെറ്റിക് മേക്കപ്പിന്റെ (Prosthetics) പുതിയ മുഖങ്ങൾ കാണാൻ കഴിഞ്ഞത് ഹോളിവുഡുമായുള്ള ആ ബന്ധം കൊണ്ടുകൂടിയാണ്.
പക്ഷേ, ഇതൊന്നും ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല, ദൈവം തന്ന അനുഗ്രഹങ്ങൾ മാത്രമാണ്. നിരന്തരമായ അധ്വാനം മാത്രമാണ് എന്നെ ഇന്നത്തെ 'ഞാൻ' ആക്കി മാറ്റിയത്.
ഓസ്കാർ പോലുള്ള വലിയ പുരസ്കാരങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഓസ്കാർ അവാർഡ് ഒരു മനുഷ്യൻ തന്നെയല്ലേ വാങ്ങുന്നത്? അത് ലോകത്തുള്ള ഏത് മനുഷ്യനും നേടിയെടുക്കാൻ പറ്റുന്ന ഒന്നാണ്. പക്ഷേ, അത് നേടുന്നയാൾക്ക് ആ കലയോട് വലിയൊരുកവിശ്വാസവും പ്രതിബദ്ധതയുമുണ്ടാകും. ആ പ്രതിബദ്ധത മറ്റുള്ളവർക്ക് കൈവരിക്കാൻ കഴിഞ്ഞാൽ അവരും ആ നിലവാരത്തിലേക്ക് എത്തും.
താങ്കളുടെ നിരവധി ശിഷ്യന്മാർ ഇന്ന് ചലച്ചിത്ര രംഗത്തുണ്ട്. 'ആടുജീവിതം' പോലുള്ള സിനിമകൾ ചെയ്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ രഞ്ജിത് അമ്പാടിയെപ്പോലെയുള്ളവർ ശിഷ്യന്മാരാണല്ലോ. ഗുരു എന്ന നിലയിൽ അവരുടെ വളർച്ച കാണുമ്പോൾ എന്താണ് തോന്നുന്നത്? അവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ നൽകാറുണ്ടോ?
ഞാൻ എന്റെ ശിഷ്യന്മാരോട് എപ്പോഴും പറയുന്നത് ഒന്നുമാത്രമാണ്: "നിങ്ങൾ എന്റെ വ്യക്തിപരമായ ജീവിതമല്ല പഠിക്കേണ്ടത്, എന്റെ ജോലിയാണ്. ഞാൻ എന്റെ ജോലിയെ നോക്കിക്കാണുന്ന ഒരു രീതിയുണ്ട്, ആ വിലയും അർപ്പണബോധവുമാണ് നിങ്ങൾ പഠിക്കേണ്ടത്. എന്റെ സ്വഭാവം നിങ്ങൾ പഠിക്കാൻ നിൽക്കേണ്ട."
എന്റെ ശിഷ്യന്മാരിൽ എനിക്ക് ഏറ്റവും വിശ്വാസവും പ്രിയങ്കരനുമായിരുന്ന ഒരു ശിഷ്യൻ ഉണ്ടായിരുന്നു—അജി ശ്രീകാര്യം. നിർഭാഗ്യവശാൽ അവൻ വളരെ ചെറുപ്പത്തിൽ അസുഖബാധിതനായി മരിച്ചുപോയി. അവനെപ്പോലെ നല്ലൊരു ശിഷ്യൻ അതിനുമുൻപോ ശേഷമോ ഉണ്ടായിട്ടില്ല. ഇപ്പോൾ വരുന്ന പുതിയ തലമുറയിലെ പല ശിഷ്യന്മാരും വ്യക്തിപരമായ കാര്യങ്ങളിൽ ചിലപ്പോൾ ഒരു മര്യാദ കാണിച്ചെന്ന് വരാം, പക്ഷേ പഴയ ആ ആത്മബന്ധം പലപ്പോഴും ഉണ്ടാകാറില്ല.
നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകർ വേണ്ടത്ര തിരിച്ചറിയാതെ പോയതോ, അല്ലെങ്കിൽ അർഹമായ അംഗീകാരം നഷ്ടപ്പെട്ടുപോയതോ ആയ ഏതെങ്കിലും ഒരു സിനിമയുണ്ടോ?
2006 വരെ ഇന്ത്യയിൽ മേക്കപ്പിനും കോസ്റ്റ്യൂമിനും ഒന്നിച്ചാണ് നാഷണൽ അവാർഡ് നൽകിയിരുന്നത്. മേക്കപ്പിനായി പ്രത്യേകം ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന്റെ ആദ്യ ജേതാവായതിൽ വലിയ അഭിമാനമുണ്ട്. 'പരദേശി' എന്ന ചിത്രത്തിലൂടെ 2007-ലാണ് അത് ലഭിച്ചത്. 'കാവ്യതലൈവൻ' എന്ന സിനിമയ്ക്ക് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഒട്ടനവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും, കിട്ടാതെ പോയ ഒരു പുരസ്കാരത്തിനാണ് ഞാൻ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത്. അത് കമൽ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' (Celluloid) എന്ന സിനിമയ്ക്കുള്ള അവാർഡ് ആണ്. ആ സിനിമയ്ക്ക് സംസ്ഥാന തലത്തിൽ പത്തോളം അവാർഡുകൾ ലഭിച്ചിരുന്നു.
എന്നാൽ ഒരു സിനിമയ്ക്ക് ഇത്രയധികം അവാർഡുകൾ ഒന്നിച്ച് കൊടുക്കാൻ പറ്റില്ലെന്ന വിചിത്രമായ വാദമുയർത്തി അന്നത്തെ ജൂറി എന്നെ അവാർഡിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണുണ്ടായത്. ചലച്ചിത്ര രംഗത്തെ ചില പ്രമുഖർ തന്നെയായിരുന്നു അതിന് പിന്നിൽ. ഒരാൾക്ക് എത്ര അവാർഡ് കിട്ടുന്നു എന്നുള്ളതോ ഒരു ചിത്രത്തിന് എത്ര അവാർഡ് കിട്ടുന്നു എന്നുള്ളതോ അല്ല കാര്യം, സിനിമയിൽ ചെയ്തുവച്ചിരിക്കുന്ന ജോലിക്ക് അർഹതയുണ്ടെങ്കിൽ അത് നൽകുക എന്നതാണ് നീതി. അതിനുമുമ്പ് അവാർഡ് വാങ്ങിയിട്ടുണ്ട് എന്നത് ഒരു മാനദണ്ഡമാകരുത്. ആ അംഗീകാരം നഷ്ടപ്പെട്ടതിൽ എനിക്ക് വിഷമമുണ്ട്.
നാല് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും മേക്കപ്പ് ബ്രഷ് കയ്യിലെടുക്കുമ്പോൾ ആദ്യത്തെ അതേ ആവേശം ഉണ്ടോ? അതോ ആവേശം കൂടിയിരിക്കുകയാണോ?
തീർച്ചയായും ആവേശം കൂടിക്കൂടിയേ വരുന്നുള്ളൂ. നമ്മളെ മുന്നോട്ട് നയിക്കുന്ന പ്രധാന ശക്തിയും അതുതന്നെയാണ്. അതിനൊരു കാരണമുണ്ട്. ഞാൻ ഇന്ന് ഒട്ടനവധി സർവ്വകലാശാലകളിൽ (Universities) ക്ലാസുകൾ എടുക്കാറുണ്ട്. നമ്മുടെ അറിവുകൾ പുതിയ തലമുറയുമായി പങ്കുവെക്കുമ്പോൾ, നമ്മുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ അറിവ് പരിമിതമാണെന്ന് വരും. ആ പരിമിത വട്ടത്തിൽ നിന്ന് പുറത്തുകടക്കാനും കൂടുതൽ അറിയാനും വേണ്ടി നമ്മൾ വീണ്ടും വീണ്ടും പഠിക്കാൻ നിർബന്ധിതനാകും. ആ പഠനമാണ് ആവേശം കൂട്ടുന്നത്.
പട്ടണം ഡിസൈനറി എന്ന മേക്കപ്പ് അക്കാദമി തുടങ്ങാനുണ്ടായ സാഹചര്യം എന്താണ്?
പഴയതുപോലെ വെറുതെ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ കീഴിൽ അസിസ്റ്റന്റായി നിന്ന് പഠിച്ചതുകൊണ്ട് മാത്രം ഇന്നത്തെ കാലത്ത് ഒരാൾക്ക് ഈ രംഗത്ത് വിജയിക്കാൻ കഴിയില്ല. സിനിമ സാങ്കേതികമായി അത്രയേറെ വളർന്നുകഴിഞ്ഞു. അതുകൊണ്ട് പുതിയ തലമുറയ്ക്ക് ഒരു അക്കാദമിക് നിലവാരത്തിലുള്ള (Academic Standard) പഠനം ആവശ്യമാണ്. ആ ചിന്തയിൽ നിന്നാണ് അക്കാദമി ആരംഭിച്ചത്.
ഒരു കഥാപാത്രത്തിന്റെ മേക്കപ്പ് വിജയകരമായി എന്ന് സാർ എങ്ങനെയാണ് വിലയിരുത്തുന്നത്? പൂർണ്ണമായ ഔട്ട്പുട്ട് മനസ്സിൽ വരുന്നത് എങ്ങനെയാണ്?
മേക്കപ്പിന്റെ ഫസ്റ്റ് ലുക്കിൽ തന്നെ അറിയാൻ പറ്റും അത് എത്രത്തോളം നന്നായിട്ടുണ്ടെന്നോ മോശമായിട്ടുണ്ടെന്നോ. നമ്മുടെ മനസ്സിൽ ആ കഥാപാത്രത്തിന്റെ പൂർണ്ണമായ ഒരു ചിത്രമുണ്ടാകും. ആ ചിത്രത്തിന്റെ പകുതിയെങ്കിലും ആദ്യ നോട്ടത്തിൽ ശരിയായില്ലെങ്കിൽ പിന്നീട് അത് നന്നാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഫൈനൽ ഔട്ട്പുട്ട് എപ്പോഴും ആദ്യമേ മനസ്സിൽ ഉണ്ടാകണം.
പണ്ട് ഭാരതത്തിലെ പ്രശസ്തരായ എട്ടോ ഒമ്പതോ സംവിധായകർ കഥാപാത്രങ്ങളെ മുൻകൂട്ടി വരച്ചെടുക്കുമായിരുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഫോട്ടോഷോപ്പ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നമ്മൾ റെഫറൻസുകൾ എടുത്ത് സ്കെച്ച് ചെയ്ത് സംവിധായകന്റെ അപ്രൂവൽ വാങ്ങിയാണ് മേക്കപ്പ് ചെയ്യുന്നത്. ഡിജിറ്റൽ വന്നതുകൊണ്ട് പണി കുറഞ്ഞു എന്ന് പറയാൻ പറ്റില്ല, കാരണം വിട്ടുവീഴ്ചകൾ (Compromise) സാധ്യമല്ല. മനസ്സിൽ കണ്ടത് അതേപടി സ്ക്രീനിൽ എത്തിക്കേണ്ടതുണ്ട്.
അടുത്തിടെ ഇറങ്ങിയ 'തലൈവി' എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിക്ക് എം.ജി.ആറിന്റെ (MGR) ലുക്ക് നൽകിയത് വലിയ തരംഗമായിരുന്നു. ആ അനുഭവം എങ്ങനെയായിരുന്നു? ബയോപിക്കുകളോ (Biopic) ചരിത്ര സിനിമകളോ (Historical Movies) ചെയ്യുന്നതാണോ കൂടുതൽ താല്പര്യം?
അരവിന്ദ് സ്വാമിക്ക് എം.ജി.ആറിന്റെ ലുക്ക് നൽകിയ പരീക്ഷണം വലിയ വിജയമായിരുന്നു. ആ മേക്കപ്പ് അത്രത്തോളം സക്സസ് ആയതുകൊണ്ട് സിനിമയ്ക്കും അത് വലിയ ഗുണം ചെയ്തു.
ഞാൻ ഒരുപാട് ചരിത്ര സിനിമകളും ബയോപിക്കുകളും ചെയ്തിട്ടുണ്ട്. എനിക്ക് അതിൽ പ്രത്യേക മുൻഗണനകളൊന്നുമില്ല. എനിക്ക് എപ്പോഴും 'റിയലിസം' (Realism) അഥവാ യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന മേക്കപ്പ് ചെയ്യാനാണ് കൂടുതൽ താല്പര്യം.
ഇനി അവശേഷിക്കുന്ന വലിയ സ്വപ്നങ്ങളൊന്നുമില്ല. ഞാൻ കാത്തിരുന്നതിനും സ്വപ്നം കണ്ടതിനും അപ്പുറമുള്ള വലിയ അവസരങ്ങൾ എനിക്ക് ലഭിച്ചുകഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, കന്നഡയിലെ ശിവരാജ് കുമാർ, തെലുങ്കിൽ ചിരഞ്ജീവി, രാംചരൻ, പ്രഭാസ്, തമിഴിൽ രജനികാന്ത്, കമൽഹാസൻ എന്നിവരുടെ വലിയ പ്രോജക്റ്റുകളിലുമെല്ലാം പ്രവർത്തിക്കാൻ കഴിഞ്ഞു. സ്വപ്നങ്ങൾക്ക് അപ്പുറമുള്ളത് ദൈവം തന്നതുകൊണ്ട് കിട്ടുന്ന അവസരങ്ങളെല്ലാം മികച്ചതാക്കാൻ കഴിയണമെന്നേ പ്രാർത്ഥിക്കുന്നുള്ളു.
അമേരിക്കൻ മലയാളികളോട് പ്രത്യേകമായി എന്താണ് പറയാനുള്ളത്? ഈ പുതിയ പുസ്തകം ലോസ് ഏഞ്ചലസിൽ വെച്ച് പ്രകാശിപ്പിക്കാൻ കാരണം എന്താണ്?
സിനിമയിലെയും മേക്കപ്പിലെയും പുതിയ സാങ്കേതികവിദ്യകളെല്ലാം രൂപപ്പെടുന്നത് അമേരിക്ക പോലുള്ള വലിയ ഭൂപ്രദേശങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ ഇംഗ്ലീഷ് ഗ്രന്ഥം ലോസ് ഏഞ്ചലസിൽ വെച്ച് പ്രകാശനം ചെയ്യുന്നത് ഏറെ അനുയോജ്യമാണെന്ന് കരുതി. ലോസ് ഏഞ്ചലസിലെ പ്രകാശന ചടങ്ങിൽ കഴിഞ്ഞ വർഷങ്ങളിൽ ഓസ്കാർ അവാർഡ് നേടിയ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റുകൾ അടക്കമുള്ള പ്രമുഖരെയാണ് നമ്മൾ അതിഥികളായി പ്രതീക്ഷിക്കുന്നത്. ഈ പുസ്തകം ആഗോളതലത്തിലുള്ള മലയാളി സമൂഹവും ചലച്ചിത്ര പ്രേമികളും ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.