Image

ഒരുവട്ടം കൂടി (കഥ: ചിഞ്ചു തോമസ്)

Published on 16 June, 2026
ഒരുവട്ടം കൂടി (കഥ: ചിഞ്ചു തോമസ്)

നാട്ടിൽ ചെല്ലുമ്പോഴൊക്കെ  വല്യമമ്മിയെ കാണണമെന്ന് തോന്നാറുണ്ട്‌. വല്യമമ്മിക്ക് നല്ല വയസ്സായി.മോൾടെ കൂടെയാണ് താമസം.വേറെ എങ്ങോട്ടും പോകാറില്ല.പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ത്രാണിയില്ലാത്തയാളെ ആര് എങ്ങോട്ട് കൊണ്ടുപോകാൻ!വല്യമമ്മിയെ കാണാൻ പോകാമെന്നു പറയുമ്പോൾ മമ്മി പറയും,‘നീ പോകുന്നേ പൊക്കോ.ഞാനൊന്നും വരുന്നില്ല,ഞാനെല്ലേ സൂക്കേടുകാരി,എന്നെക്കാണാൻ കൊച്ചമ്മ ഇങ്ങോട്ടല്ലേ വരേണ്ടത്!‘

വല്യമമ്മിക്ക് എത്ര പ്രായമായി മമ്മി.. മമ്മി ചെറുപ്പക്കാരിയല്ലേ! എന്റെ ഈ തരത്തിലുള്ള വർത്തമാനം കേൾക്കുന്നത്  മമ്മിക്ക് വലിയ സന്തോഷമാ..

വല്യമമ്മിയും എന്റെ മമ്മിയും പണ്ടേ പരസ്പരം ശത്രുക്കളുടെ പട്ടികയിൽ പേര് ചേർത്തവരാണ്. അവർ നാത്തൂന്മാരായിരുന്നു എന്നതായിരുന്നു അതിന്റെ മൂല കാരണം.സ്വന്തക്കാരും  ബന്ധുക്കാരും പൊതുവേ നേരിടുന്ന വലിയ ഒരു പ്രശ്നമുണ്ട്.തമ്മിൽ ബദ്ധശത്രുക്കളായിക്കഴിഞ്ഞാലും ജീവിതകാലം മുഴുവൻ കണ്ടോണ്ടിരിക്കണം, ഇഷ്ടമില്ലെങ്കിൽപ്പോലും സംസാരിക്കണം!ഇതിനോളം ഭയങ്കരമായ ബാധ്യത വേറെ എന്തുണ്ട്!

വല്യമമ്മിക്ക് താൻ പരമപ്രധാനമായി  സ്നേഹിക്കേണ്ടുന്നവരുടെ ഒരു ലിസ്റ്റ്‌തന്നെയുണ്ടായിരുന്നു.ആ ലിസ്റ്റിൽ ഉൾപ്പെട്ടവർ; അവർ, അവരുടെ ഭർത്താവ്‌, അവരുടെ മക്കൾ,അവരുടെ സഹോദരങ്ങൾ,അവസാനമായി സഹോദരങ്ങളുടെ മക്കൾ!ആ ലിസ്റ്റിൽ കെട്ടിക്കേറി വരുന്നവർക്ക് സ്ഥാനമില്ല.എന്റെ മമ്മി സ്വാഭാവികമായും സ്ഥാനമില്ലാത്തവരുടെ പട്ടികയിലുള്ളയാളായിരുന്നു.അതിൽ വല്യമമ്മിയുടെ മരുമക്കളും ഭാവിമരുമക്കളും ഉൾപ്പെട്ടിരുന്നു.

വല്യമമ്മിയുടെ വീട്ടിൽ വിരുന്നിന് പോകേണ്ടിവരുന്ന ഈ രണ്ടാം തരക്കാരുടെ  കാര്യമൊന്ന് ആലോചിച്ചേ!കയറി ചെല്ലുമ്പോൾ മുതൽ പ്രശ്നങ്ങളാണ്..‘ഓഹ് നിനക്ക് പണ്ടത്തെ കളറൊന്നുമില്ല,പിള്ളാർക്ക്കഴിക്കാനൊന്നുംകൊടുക്കാതെ അതുംകൂടി കഴിക്കുവാണോ!’ ഇങ്ങനെ തുടങ്ങും സ്വീകരണം. ചായ രണ്ടു തരത്തിൽ..ഒന്ന് വെള്ളം കുറച്ച്.രണ്ടാമത്തേത് പാല് കുറച്ച്..ഭക്ഷണത്തിനിരിക്കുമ്പോൾ മീൻവാലിന്റെ ചെറിയ ഒരു ഭാഗം പ്രത്യേകമെടുത്തു രണ്ടാം തരക്കാരുടെ പാത്രത്തിൽ വെക്കും.രണ്ടാം തരക്കാർക്കായി പ്രത്യേകം മുറിക്കുന്ന കഷ്ണങ്ങളാ..അൽപ്പം മാംസം ഉണ്ടാകും അതിൽ!നടുക്കഷ്ണം ഒന്നാംതരക്കാർക്ക് കൊടുക്കും. ഇങ്ങനെ തരംതിരിവ് കാണിക്കുന്നയാളെ രണ്ടാം തരക്കാർ എങ്ങനെ സ്നേഹിക്കും?അവർ വെറുക്കും.ആ വെറുപ്പോടെ അവർ ചിരിച്ചുകാണിക്കും.സംസാരിക്കും.അവർ തരുന്ന ചായ കുടിക്കും.ഒന്നാംതരക്കാരെ തീറ്റിക്കുന്നതും സ്നേഹിക്കുന്നതും കണ്ടുകൊണ്ട് നിൽക്കും. 
ഞങ്ങളുടെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതിയോട്, ഭക്ഷണം തരട്ടേ ഭാരതിയെന്ന് വല്യമമ്മി ചോദിച്ചാൽ, വേണ്ട കൊച്ചമ്മേ എനിക്കിന്ന് വൃതമാണെന്ന് പറയും.എപ്പോഴോ വല്യമമ്മി ഭാരതിക്ക് കഴിക്കാൻ കൊടുത്ത പാത്രത്തിൽ ആരോ കഴിച്ച് ബാക്കിവെച്ച മീനും മറ്റും ഉണ്ടായിരുന്നു പോലും! “എനിക്ക് ആരുടേം എച്ചില് കഴിക്കാൻ വയ്യ കുഞ്ഞേ..!” ഭാരതി എന്റെ മമ്മിയോട് സങ്കടം പറഞ്ഞിരുന്നു.
വല്യമമ്മി പുനലൂരെ വീട്ടിൽ വരുമ്പോൾ, ങ്ഹാ.. ഇത് ഞാൻ ജനിച്ചു വളർന്ന എന്റെ സ്ഥലമായെന്ന് നെടുവീർപ്പിട്ട്  പറയും!

വല്യമമ്മിക്ക് നാല് മക്കളുണ്ട്.പണ്ട് ഭർത്താവിന്റെകൂടെ മിലിട്ടറി ക്വാർട്ടേഴ്സിലായിരുന്നു താമസം.അതുകൊണ്ട് ആദ്യത്തെ മൂന്ന് മക്കളെയും പുനലൂരിൽ കൊണ്ട്നിർത്തി.ഡാഡിയെ ഉൾപ്പടെ സ്വന്തം മക്കളെയും വല്യമമ്മിയുടെ മക്കളെയും വളർത്തിയത് ഡാഡിയുടെ മാവിയായിരുന്നു.ഇളയ മകൻ മാത്രം വല്യമമ്മിയുടെ കൂടെയാണ് വളർന്നത്.അതിൽ മൂത്ത മൂന്ന് മക്കൾക്ക്‌ ഇപ്പോഴും അമർഷമുണ്ട്; “മമ്മി ഞങ്ങളെയാരെയും സ്നേഹിച്ചിട്ടില്ല.മമ്മിക്ക് ജോസിനെയാണ് ഇഷ്ട്ടം.ഇപ്പോഴും ഇഷ്ടം ജോസിനെ തന്നെ!പെൻഷൻ കിട്ടുന്ന കാശ് മൊത്തോം അവന് കൊടുക്കുവാ.ഞങ്ങളെ വളർത്തീട്ടുമില്ല.പൈസയും തരുകേല!“ അവർ പറയുന്നതിലും കാര്യമുണ്ട്. അങ്ങനെ മക്കൾക്കുമുണ്ട് പലതരം പട്ടിക!

വല്യമമ്മിക്ക് എന്നോട് എടുത്തുപറയത്തക്ക വാത്സല്യമുണ്ടായിരുന്നു.എന്റെ തലതൊട്ടമ്മയായതിന്റെയാകുമത്.വല്യപപ്പയുടെ റിട്ടയേർമെന്റ്റിന് ശേഷം അവർ താമസിച്ചിരുന്നത് മെഴുവേലിയിൽ ആയിരുന്നു.അവധിക്കാലമായാൽ എന്നെയും എന്റെ സഹോദരങ്ങളെയും അങ്ങോട്ട്‌ കൊണ്ടുപോകാൻ വല്യമമ്മിയും വല്യപപ്പയും വന്നിരുന്നു.ചുമ്മാതെയങ്ങ് കൊണ്ടുപോകയല്ല.സ്പെഷ്യൽ ഡയലോഗ്സോടുകൂടിയാണ് കൊണ്ടുപോകുന്നത്; പിള്ളേരെല്ലാമങ്ങ് ക്ഷീണിച്ചിരിക്കുവാ..സാരമില്ല.ഞാനെ…നല്ല നെയ് ഉണ്ടാക്കിവെച്ചിട്ടുണ്ട്.അത് ചൂടാക്കി ചോറിലൊഴിച്ചു തരാം.വയർ നിറച്ച് കഴിച്ചോണം.നല്ല ഗുണ്ടുമണികളാകും! മമ്മി അമ്മാതിരി ഡയലോഗ്സ് കേൾക്കുമ്പോൾ വിട്ടടിച്ചു എങ്ങോട്ടോ പോയിരിക്കും.അന്നൊന്നും ഈ വക ഡയലോഗ്സിന്റെ ഉള്ളടക്കം മനസിലാകുകയില്ലായിരുന്നു എനിക്ക്.

ആ കാലമൊക്കെ കഴിഞ്ഞുപോയി.

മുന്നേനടന്ന് കാലയവനികക്കുള്ളിൽ മറയാറായവർ,അവരെ കാണാൻ കൊതിക്കുന്ന പിൻതലമുറക്കാർ! അതുപോലെയുള്ള കൊതിയാണ് വല്യമമ്മിയെ കാണാൻ എനിക്കുണ്ടാകുന്നത്.പക്ഷേ വരിക്ക് പുറകിൽ നിന്ന  ചിലർ മുന്നേ ഓടിച്ചെന്ന് ശൂന്യതയിലേക്ക് മറഞ്ഞു.എന്റെ മമ്മിയും അതിലൊരാളായിരുന്നു.വല്യമമ്മി എന്റെ മമ്മിയുള്ളപ്പോൾ പറഞ്ഞിരുന്നതാണ്; ‘ഞാൻ ആദ്യം മരിച്ചാൽ ലീലാമ്മയെയും കൊണ്ടേപോകൂ.’ അങ്ങനെ സംഭവിക്കുമോയെന്ന് മമ്മിക്ക് പേടിയുണ്ടായിരുന്നു. അതുകൊണ്ട്മാത്രം വല്യമമ്മിക്ക് ഒന്നും വരുത്തല്ലേയെന്ന് മമ്മി പ്രാർത്ഥിച്ചിരുന്നു!

സമയം മായ്ച്ചുകളഞ്ഞ നിമിഷങ്ങൾ എന്റെ മുന്നിൽ പുത്തനുടുപ്പണിയുന്നു.

ഇപ്രാവശ്യം ഞാനും ഡാഡിയും എന്റെ മകനും വല്യമമ്മിയെ കാണാൻ ചെന്നു.ഞങ്ങൾ ചെല്ലുമ്പോൾ വല്യമമ്മി ഉറക്കമായിരുന്നു.കട്ടിലിനോട് ഒട്ടിപ്പോകാറായതുപോലെ.മുന്നേ കണ്ടതിലും ആരോഗ്യം കുറഞ്ഞ്‌.ഞങ്ങൾ വന്നതുകൊണ്ട് മകൾ വല്യമമ്മിയെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു. വല്യമമ്മിക്ക് ആരേയും കണ്ടിട്ട് മനസിലാകുന്നില്ല.

ആരാ..ആരാ..

ഞങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞു.

ആരാ.. വല്യമമ്മി ഞങ്ങളെ തുറിച്ചു നോക്കി,പറയുന്നത് ഒന്നും കേൾക്കുന്നില്ലായെന്ന്!എന്റെ ദൈവമേ എനിക്ക് ആരെക്കും മനസിലാകുന്നില്ലല്ലോ;വല്യമമ്മി ഇടറിയ ശബ്ദത്തിൽ വിലപിച്ചു.എന്താ എനിക്ക് ഇങ്ങനെ?നടക്കാൻ വയ്യ,കണ്ണ് കാണുന്നില്ല,കേൾവി ഇല്ല!എന്താ എനിക്കിങ്ങനെ?

നിന്റെ വിരലിൽകിടന്ന മോതിരം എവിടെ?ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് വല്യമമ്മി ഡാഡിയെ നോക്കി ചോദിച്ചു.

ഏത് മോതിരം?

ചുവന്ന കല്ലുവെച്ച സ്വർണ്ണമോതിരം.

കൊച്ചമ്മക്ക് ഞാൻ ആരാന്ന് തീരെ മനസിലായിട്ടില്ല എല്ലിയോ?
അപ്പോൾ ഫും ഫും ശബ്ദത്തിൽ വല്യമമ്മി വയർ കുലുങ്ങിച്ചിരിച്ചു.

ഒരു കണ്ണേ കാണാൻ പറ്റുന്നുള്ളൂ മറ്റേ കണ്ണിന് മൂടലാ..എന്തോ ചെയ്യാനാ എല്ലാംകൊണ്ടും ഗ്രഹപ്പിഴയാ.

ചെവിയുംകേൾക്കില്ല കണ്ണുംകാണില്ലയെന്നൊക്കെപ്പറഞ്ഞു വല്യമമ്മി നമ്പർ ഇറക്കിയിട്ടുള്ള  കാര്യം മമ്മി പറയുന്നത് ഞാൻ ഓർത്തു.എന്റെ മകൻ വല്യമമ്മിയുടെ തൊലി വലിച്ചു നോക്കുന്നുണ്ടായിരുന്നു.ഇത് നല്ല സോഫ്റ്റാണെന്നും കോഴിയുടെ തൊലിപൊലെയുണ്ടെന്നും പറഞ്ഞ്‌ വല്യമമ്മിയെ കെട്ടിപിടിച്ചു.ചിക്കൻകറി ഉണ്ടാക്കുമ്പോൾ കോഴിയുടെ തൊലിക്കുവേണ്ടി അടിപിടികൂടുന്നവനാ.അവൻ തൊലി വലിക്കുന്നത് കണ്ട് എനിക്ക് പന്തികേട് തോന്നി.അങ്ങേയറ്റം ജിജ്ഞാസ  അവന് കൈമുതലായുണ്ട്. കോഴിടെ തൊലി പോലെ വല്യമമ്മിടെ തൊലിയും ഊരി വരുമോ എന്നെങ്ങാണം പരീക്ഷിക്കാൻ തോന്നിയാലോ!അടങ്ങിയിരിക്കെടായെന്ന് ഞാൻ കണ്ണുകൾ കൊണ്ട് ശാസിച്ചു.

ഇത് ചിഞ്ചു എല്ലേ?

ങ്ഹാ ഞാനാ.. വന്നപ്പോൾമുതൽ  ചിഞ്ചുവാണ് വല്യമമ്മീ..ഞാൻ ചിഞ്ചു ആണ്‌ വല്യമമ്മിയെന്ന് പറഞ്ഞുപറഞ്ഞ് ക്ഷീണിച്ച്,എന്റെ വാ ചക്കവഴറ്റിയത്  പോലെ ഒട്ടിപ്പോയിരുന്നു.അതുകൊണ്ട് എനിക്ക് ങ്ഹാ..ഓഹ് ഹോ..ഹയ്യോ..ഹി ഹി..ഞാൻ..വേണ്ട..ചായ..വെള്ളം എന്നൊക്കെ വളരെ ചെറിയ ശബ്ദങ്ങൾ, വാക്കുകൾ ലളിതമായി മാത്രം ചെറുകനെ പറയാം എന്നായി.

നിന്നെ എനിക്ക് മനസിലായില്ല. ചിരി കണ്ടാ ചിഞ്ചു ആണെന്ന് മനസിലാക്കിയെ..

ഹീ ഹീ..ഞാൻ പിന്നേം അതേ ചിരി വലിച്ചു നീട്ടി ചിരിച്ചു..ഒന്നൂടെ നല്ലോണം മനസിലാക്കട്ടെ..ഓരോരോ അഭ്യാസങ്ങൾ..! കണ്ണുകാണില്ല പോലും!

എന്തുവാ നിന്റെ ബാഗില്?തുറന്ന് കാണിക്ക്..വല്യമമ്മി കണ്ണിന് മുകളിലേക്ക് തൂങ്ങികിടക്കുന്ന തൊലി വലിച്ചു തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്റെ മകൻ ബാഗ് തുറക്കാൻ മുതിർന്നു.

എനിക്ക് ഇതുപോലെ ഒരെണ്ണം ദുബായിൽനിന്ന് വാങ്ങിത്തരണേ.. ഇതിനേക്കാൾ ചെറുത്‌.കൈയിൽ പിടിച്ചോണ്ട് നടക്കാൻ.

‘മമ്മി നടക്കുന്നതേ വാക്കർ പിടിച്ചോണ്ടല്ലേ!’ഇത് പറഞ്ഞശേഷം വല്യമമ്മിയുടെ മകൾ എന്നുവെച്ചാൽ എന്റെ കസിൻ, മുഖം താഴ്ത്തി, കണ്ണ് മുന്നോട്ടുതള്ളി , കുത്താൻ നിൽക്കുന്ന പോത്തുപോലെ നിൽക്കുകയാണ്, വല്യമമ്മിയെ നോക്കിക്കൊണ്ട്.

ദുബായ്..അപ്പോൾ ഞാൻ ദുബായിലാണെന്നും ഓർമ്മയുണ്ട്!എന്റെ ചിന്തകൾ ആശ്ചര്യപൂരിതമായി.

കണ്ണിനിന്ന് വല്യ കാഴ്ചയില്ല.ഇത് എന്തോ മാലയാ ഇട്ടേക്കുന്നേ?ഇതാണോ ഇപ്പോഴത്തെ ഫാഷൻ?

വല്യമമ്മി എന്നെ അടിമുടി വീക്ഷിക്കുകയാണ്.ഞാൻ പുറമേ പുഞ്ചിരിതൂകി. പക്ഷേ എന്റെ മനസ്സ് സർവ്വചരാചരങ്ങളുടെയും സൃഷ്ടാവിനെ തുണയ്ക്കായി  കൂട്ട് വിളിച്ചു; ദൈവമേ! 
വല്യമമ്മി കണ്ണുവിട്ടാൽ വലിയ പ്രശ്നമായെന്ന് മമ്മി എന്നോട് പറഞ്ഞിട്ടുള്ളതാ..നല്ല ചിരിച്ചു നിൽക്കുന്ന ചെടിയും പിറ്റേന്ന് കരിഞ്ഞുപോകുമത്രേ! ആ പറഞ്ഞത് ചിലപ്പോൾ വല്യമമ്മിയോട് ഞാൻ അധികം അടുക്കാതിരിക്കാനുമാകാം.

എന്നെ ഇങ്ങനെ നോക്കി വന്നതും, പെട്ടെന്നു കുളിർത്തുകൊണ്ടു വല്യമമ്മി പറഞ്ഞു, എനിക്കങ്ങു തണുക്കുവാ ആ ഫാൻ നിർത്താമോ?

ഫാൻ ഇട്ടിട്ടില്ല കൊച്ചമ്മേ..മഴയുടെ തണുപ്പാ.ഡാഡിയാണ് ഉത്തരം പറഞ്ഞത്.

നീ അങ്ങ് ഇരുണ്ട് പോയല്ലോടാ ബാബുവേ.നിനക്ക് വയ്യേ?

ഡാഡിടെ സൗന്ദര്യത്തിന് കുറവ് വന്നെന്ന് കേട്ടാൽ മുഖം മ്ലാനമാകും.വാടിത്തളരും.തൊട്ടാവാടിപോലെ ഡാഡി വാടിപ്പോയിരുന്നു അപ്പോഴേക്കും.തന്നെയേതോ മാറാരോഗം പിടികൂടിയോയെന്ന്  ഡാഡി വ്യാകുലപ്പെടുന്നതാകും!

മോളേ നീ ഇവർക്കൊക്കെ  ചായ കൊടുത്തോ?

ഇല്ല മമ്മി,എന്റെ കസിൻ കൊച്ചുകുട്ടിയെപ്പോലെ ഉത്തരം പറഞ്ഞുനിന്നു.
എന്റെ കസിൻ ആണെങ്കിലും എന്റെ മമ്മിയുടെ പ്രായമുണ്ട്. ഡാഡിയെക്കാൾ ഒന്നോ രണ്ടോ വയസ്സിന് ഇളപ്പമേയുള്ളൂ വല്യമമ്മിയുടെ മൂത്ത മകന്.

നീ എന്തോ നോക്കി നിക്കുവാ? ഇവരൊക്കെ എത്ര ദൂരേന്ന്  വന്നതാ!ചായ ഇട്!‘എന്നെ പിടിച്ച് തിണ്ണക്ക് കൊണ്ടിരുത്താമോ?’വല്യമമ്മിക്ക് തിണ്ണയിൽ വന്നിരുന്നു ഞങ്ങളോട് കുശലം പറയാനാ ഇഷ്ട്ടമെന്ന് തോന്നി.

എന്റെ കസിനും ഡാഡിയും വല്യമമ്മി നടക്കുമ്പോൾ വീഴുമോയെന്ന് നോക്കി കൂടെയുണ്ട്.വല്യമമ്മി നടക്കുന്നത് വാക്കർ പിടിച്ചുകൊണ്ടാണ്.വളരെ പെതുക്കെ.കുറച്ച് നേരം വല്യമമ്മിക്ക് മോറൽ സപ്പോർട്ട് കൊടുക്കാൻ ഞാനും കൂടെനിന്നു.പിന്നെ ഒന്നും നോക്കാതെ ഞാൻ നേരേ തിണ്ണയിൽചെന്നിരുന്നു.

പുറത്ത് നല്ല മഴ.വീടിന് പുറകിൽ റംബൂട്ടാൻ മരങ്ങൾ.അതിൽ ചുവന്നു കിടക്കുന്ന മുഴുപ്പുള്ള കായ്കൾ.വയറ് പൊളിഞ്ഞ ചുവന്ന തോടുകൾ  നിലത്ത്കാണാം. .അണ്ണാറക്കണ്ണന്മാർ ചില്ലകളിൽക്കൂടി ഓടുകയും അൽപ്പനേരം ഇരിക്കുകയും ചെയ്യുന്നു.അവരും തണുത്ത് നനഞ്ഞിരിക്കുകയാണ്.

വല്യമമ്മി പതിയെ തിണ്ണവരെ എത്തീട്ടുണ്ട്.വേച്ചു നടക്കുകയാണെങ്കിലും  എന്നെ  നോക്കുന്നു.എന്തോ പറയാനുള്ള വെമ്പൽ; ‘നീ എവിടെ പോയിക്കിടക്കുവാ? ഇങ്ങനെ ആണോ എന്നെ പിടിച്ചു നടത്തുന്നെ?
ഞാൻ വല്യമമ്മിയുടെ അടുത്തേക്ക് കസേര ഇട്ട്കൊടുത്തു.എല്ലാ കണ്ണുകളും  വല്യമമ്മിടെ മുഖത്തേക്ക് തന്നെ..
വല്യമമ്മിക്ക് പ്രധാനമായും  പറയാനുള്ളത് സഹോദരങ്ങളുടെ കാര്യങ്ങളാണ്;‘പാപ്പച്ചൻ എല്ലാ ആഴ്ച്ചയിലും വിളിക്കും.അമ്മിണിയും വിളിക്കും.ആർക്കും വയ്യ.പാപ്പച്ചന് തൊന്നൂറായെന്ന്!അപ്പോൾ എനിക്ക് തൊന്നൂറ്റിയാറായി.അമ്മ പറയും എനിക്ക് ഒരു വയസ്സ് കൂടുതലാണെന്ന്.അങ്ങനെയാകുമ്പോൾ എനിക്ക് തൊന്നൂറ്റിയേഴ്.ഞാൻ പാപച്ചനോട് പറഞ്ഞു;പാപ്പച്ചാ നമ്മളൊക്കെ പ്രായമായിക്കൊണ്ടിരിക്കുവാ.‘
വല്യമമ്മി ഞങ്ങളെയൊക്കെ ആകെയൊന്നുനോക്കിയിട്ട് വലിയ ഒരു കാര്യം ചോദിച്ചു; ഇനി ഞാൻ ജീവിക്കുമോ?
ഞങ്ങൾ ഒരുത്തരവും പറഞ്ഞില്ല.ഇനിയും ജീവിക്കുമെന്നോ മരിക്കുമെന്നോ ഒന്നും.

നിങ്ങൾ എല്ലാവരും  ഞാൻ മരിക്കുമ്പോൾ  വരണം.വല്യമമ്മി ഞങ്ങളെയെല്ലാവരെയും അടക്കത്തിന് ക്ഷണിച്ചു.സ്വന്തം അടക്കത്തിന് ക്ഷണിക്കാൻ കഴിയുന്നത് ഇത്രെയും പ്രായംചെന്ന് മരിക്കുമ്പോഴാകും!

ഞങ്ങൾ ഓരോരുത്തരും  പലതും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യർ കടന്നുപോകുന്ന ജീവിതഘട്ടങ്ങളെക്കുറിച്ചാകും എല്ലാവരും  ചിന്തിക്കുന്നുണ്ടാകുക;വല്യമമ്മിയെ കൊഞ്ചിക്കാൻ ഒത്തിരി അമ്മച്ചിമാർ ഉണ്ടായിട്ടുണ്ടാകും.വാശിപിടിച്ചു കരഞ്ഞ സമയങ്ങൾ.വേഗം നടന്ന കാലുകൾ! മധുരസുന്ദരമായ കൗമാരം സമ്മാനിച്ച ചുവന്ന കവിൾത്തടങ്ങൾ.വിവാഹം. പ്രേമംപൂക്കളംതീർത്ത നിശീഥിനികൾ. അമ്മിഞ്ഞപ്പാലിന് വാവിട്ടുകരഞ്ഞ കുട്ടികൾ.അവരെയൊക്കെ നോക്കി പരിചരിച്ച കാലങ്ങൾ.വല്യമമ്മിയെ പൊന്നുപോലെ കൊണ്ടുനടന്ന ഭർത്താവ്.അവർ പോയ വഴികൾ.കണ്ടുമുട്ടിയ ആളുകൾ.എല്ലാമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്നോ!

വല്യമമ്മിയുടെ വീട്ടിൽ വരുമ്പോഴൊക്കെ ഞാൻ എന്തൊക്കെ കട്ടുതിന്നിരിക്കുന്നു! കട്ടുതിന്നകൂട്ടത്തിലെ നേതാവ് ചാമ്പക്ക ജാമായിരുന്നു. ആദ്യമായിട്ടായിരുന്നു  വീട്ടിലുണ്ടാക്കിയ ജാം ഞാൻ നുണഞ്ഞത്.ആ ജാമിന്റെ രുചി ഞാൻ ഒരിക്കലും മറക്കുമെന്ന് തോന്നുന്നുമില്ല.

പതിനഞ്ചുവർഷം മുൻപ് കോളേജിൽ പ്രോജക്റ്റ് ചെയ്തിരുന്ന സമയത്ത് ഞാൻ വല്യമമ്മിയുടെ കൂടെ എറണാകുളത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.അന്ന് വല്യമമ്മിക്ക് എൺപതുവയസ്സിന് മുകളിലാ പ്രായം.ആരും സഹായത്തിനില്ലയെങ്കിലും വല്യമമ്മി ആഹാരം ഉണ്ടാക്കിയിരുന്നു. അന്ന് വല്യപപ്പയുണ്ട്. വല്യമമ്മി വല്യപപ്പക്ക് ഞാൻ കാണാതെ രാവിലെ ബുൾസൈ കൊണ്ടുക്കൊടുക്കും.മൊട്ടക്ക് അന്നൊക്കെ അഞ്ചോ ആരോ രൂപയൊക്കയേകാണൂ.പണത്തിന്റെ അല്ല.വല്യമമ്മിക്ക്‌ അതൊക്കെ ശീലത്തിന്റെ ഭാഗമാണ്.എന്നാൽ എന്നെ വലിയ ഇഷ്ടവുമാ.എനിക്കുമാത്രമായി വല്യപപ്പ കാണാതെ വല്ലതും ഉണ്ടാക്കിത്തന്നിരുന്നോയെന്നും അറിയില്ല.അന്നെനിക്ക് പ്രേമം ഉള്ള സമയമായിരുന്നു.ഞങ്ങൾ യൗവനയുക്തയായ  എറണാകുളത്തെ ബൈക്കിൽ കറങ്ങി കണ്ടുനടന്നു.ഞാൻ വൈകിവരുന്നതിൽ വല്യമമ്മി എന്നെ ശകാരിച്ചു. അമ്മയെപ്പോലെ ഞാൻ വരുന്നതും കാത്ത് വഴിയിൽ നോക്കി നിൽക്കുമായിരുന്നു.

ഓർമ്മകൾ വെള്ളപ്പാച്ചിൽപോലെ ഒഴുകുകയാണ് എന്റെ തലയ്ക്കുള്ളിൽ.ജീവിതത്തിൽ ഞാൻ കൂടുതൽ കൂടുതൽ നിശബ്ദയാകുന്നു.

നിങ്ങൾ ഒന്നും മിണ്ടുന്നില്ലേ ?അതോ എനിക്ക് ചെവി കേൾക്കാത്തതാണോ? വല്യമമ്മിക്ക് സംശയം;നീ എന്നെക്കൂടെ കൊണ്ടുപോകാമോ  ദുബായ്ക്ക്?

പണ്ടേ ഉള്ള ചോദ്യമാണ് എന്നെക്കൂടെ കൊണ്ടുപോകാമോ എന്നുള്ളത്.കുഞ്ഞിലേ കൊഞ്ചി ശീലിച്ചതാകും.ഞാനൂടെ വരട്ടെ..എന്നേക്കൂടെ കൊണ്ടുപോകാമോ എന്നൊക്കെയുള്ളത്!

എന്നെ പണ്ട് മെഴുവേലിക്ക്‌ കൊണ്ടുപോയിരുന്ന സമയത്ത് മെഴുവേലിക്കവലക്കടുത്തുള്ള വലിയ ഒരു ഇഷ്ടിക മാളിക ചൂണ്ടിപ്പറയും, മോള് ഇതുപോലെ വലിയ ഒരു വീട് വെക്കണം.ആര് കണ്ടാലും കൊതിക്കുന്ന വീട്.വല്യമമ്മിയെയും മോൾടെ വീട്ടിലോട്ട് കൊണ്ടുപോകണം. കൊണ്ടുപോകില്ലേ?

അന്ന് ഞാൻ ആവേശത്തോടെ പറഞ്ഞിരുന്നു, കൊണ്ടുപോകും..

നീ എന്നെയും കൊണ്ടുപോകാമോന്ന് ദുബായ്ക്ക്! എന്റെ ചിന്തകളെ വല്യമമ്മിയുടെ ചോദ്യങ്ങൾ പിന്നെയും മുറിച്ചു.ഞാൻ പതറിച്ചിരിച്ചു.

ഇപ്പൊ സ്വർണ്ണത്തിന് എന്താവില?

കൊച്ചമ്മക്ക് ഇപ്പൊ എന്തിനാ സ്വർണ്ണത്തിന്റെ വില അറിഞ്ഞിട്ട്?പൈസ കുറേ ഉണ്ടെങ്കിൽ എനിക്ക് കുറച്ചു താ..ഡാഡി വല്യമമ്മിക്ക്‌ നേരേ കൈ നീട്ടി.

ബാബുവേ നീ എന്നെ പുനലൂർക്ക് കൊണ്ട് പോ..

എന്റെ കസിൻ ചായയും ഏത്തക്കഅപ്പവും കൊണ്ടുവന്ന് മേശയിൽ നിരത്തി.ഞങ്ങൾ എല്ലാവരും ചായ കുടിച്ച് ഏത്തക്കഅപ്പം കഴിച്ച് മിണ്ടാതെ ഇരുന്നു.ഞങ്ങളുടെ ഡ്രൈവറിനെ ചായ കുടിക്കാൻ വിളിച്ചു.അയാൾ വന്നതും,മോനെ നീ പുറത്ത് നിൽക്കുകയായിരുന്നോ? എപ്പൊ വന്നു നാട്ടിൽ? മമ്മിക്ക് സുഖമാണോ എന്നൊക്കെ ചോദിച്ചു വല്യമമ്മി.

വല്യമമ്മിക്ക്‌ അറിയാമോ മനോജ്‌ അച്ചാച്ചനെ?
മനോജോ? നിന്റെ ഭർത്താവിന്റെ പേര് മനോജ്‌ എന്നാണോ? ങേ..

മനോജ്‌ അച്ചാച്ചന്റെ നെറുകയിൽ ചായ കയറി.പുള്ളി വേഗം ചായ കുടിച്ചു.

കൊച്ചമ്മക്ക് ചെല്ലമ്മയെ അറിയാമോ?നമ്മുടെ അപ്പുറത്ത് താമസിച്ചിരുന്ന.. അവരുടെ മോനാ..

ആരുടെ…

ചെല്ലമ്മ..ചെല്ലമ്മ..

ങേ..

ഓഹ്…!

മനോജ്‌ അച്ചാച്ചൻ ഏത്തക്കഅപ്പം വേഗം കഴിച്ചു.

മോളേ ഞാൻ ഫ്ലോറിയെ കാണാൻ പോവാ.അവര് വയ്യാതെ കിടക്കുവല്ലിയോ.മോള് വരുന്നോ?ഡാഡി ഉത്തരവാദിത്തത്തോടെ ചോദിക്കുകയാണ് എന്നോട്.ഡാഡി കുറച്ചു നേരം ആലോചനയിലായിരുന്നു. എന്നോട് പറഞ്ഞ് പോകണോ പറയാതെ പോകണോ എന്നൊക്കെയാകാം ചിന്തിച്ചത്.

പിന്നേ..ഫ്ലോറി! ഞാനൊന്നും വരുന്നില്ല.ഡാഡി തനിച്ചങ്ങ് പോയാൽ മതി.(ഫ്ലോറി ഡാഡിടെ പഴയ കാമുകിയുടെ അമ്മയാണ്).

ഇവിടിരുന്നു ചായ കുടിച്ച പൈയ്യൻ ചെല്ലമ്മയുടെ മകനാണോ?

വല്യമമ്മിയുടെ ചോദ്യം കേട്ട് ഞങ്ങൾ ങ്ഹാ..അതേ..അതുതന്നെയെന്ന് പറഞ്ഞെങ്കിലും എന്തൊരു അഭ്യാസങ്ങളാ കൈയിലെന്നോർത്തു..

എന്റെ മകൻ, ഓഹ് നോ..ഷീ ഈസ്‌ സൂപ്പർ ക്രയ്സി എന്ന്‌ വിധിയെഴുതി.

കസിന്റെ ഭർത്താവ് ജോലിക്കിടയിൽ ഞങ്ങളെക്കാണാൻ വന്നു.കൈയിൽ കുറേ പലഹാരപ്പൊതികൾ.എല്ലാം തുറന്ന് ഞങ്ങൾക്ക് മുന്നിൽ നിരത്തി.
ഇപ്പോൾ ആരുടേം വീട്ടിൽ ചെന്നാൽ വീട്ടിലുണ്ടാക്കിയ പലഹാരങ്ങളില്ല. എല്ലാം പുറത്തൂന്നാ.എനിക്കതൊന്നും കഴിക്കാൻ തോന്നില്ല.

കുറച്ചുനാൾ മുൻപ് ഞങ്ങളുടെ ഒരു കൂട്ടുകാരന്റെ അമ്മ നാട്ടിൽ നിന്ന് വന്നു.അവരുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ ചോദിച്ചു ,ആന്റി  ഉണ്ടാക്കിയ കായ വറുത്തതോ ചക്ക വറുത്തതോ ഉണ്ടോ?കഴിഞ്ഞ പ്രാവശ്യം ആന്റി വന്നപ്പോൾ ഞങ്ങൾക്കതൊക്കെ തന്നിരുന്നു.അതിന്റെ ഓർമ്മക്ക് ചോദിച്ചതായിരുന്നു.ഉണ്ട് മോളേയെന്നും പറഞ്ഞ് കായ വറുത്തത് ഞങ്ങൾക്ക് കഴിക്കാൻ തന്നു.ഞാൻ വായിലിട്ട് ചവച്ചരച്ചു.

ഏയ്,ഇത് ആന്റി ഉണ്ടാക്കിയതല്ല.കടയിൽ നിന്നും വാങ്ങിയതാ.

ആന്റിയുടെ മുഖം വിളറി.അല്ലമോളെ ഞാൻ ഉണ്ടാക്കിയതാ.

അല്ല ആന്റി..

ആന്റിയുടെ മരുമകൾ പമ്മി ചിരിച്ചു.മകൻ വാ തുറന്ന് ഊറി ചിരിച്ചു.ആന്റി താൻ കഷ്ട്ടപ്പെട്ടു  ഉണ്ടാക്കിക്കൊണ്ട് വന്നതാ എന്നൊക്കെ അവരോട് വീമ്പു പറഞ്ഞിട്ടുണ്ടാകണം.മരുമകൾക്ക് അതൊക്കെ പുളുവടിയാണെന്നും മനസിലായിട്ടുണ്ടാകണം.

ആന്റി പിന്നെ എന്നെ നോക്കിയേയില്ല.

ഞാൻ ആലോചിച്ചു,ഞാൻ പറഞ്ഞത് മോശമായോ? എന്തിനാ ആന്റി കള്ളം പറഞ്ഞത്?

ഇപ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന പലഹാരം കഴിക്കണേൽ ഒന്നുകിൽ അമ്മയുണ്ടാക്കിത്തരണം.അല്ലെങ്കിൽ തന്നേ ഉണ്ടാക്കണം.അല്ലാതെ ഒരു വീട്ടിൽ നിന്നും വീട്ടിലെ പലഹാരം കിട്ടില്ല.ഇപ്പോൾ ഡിമാൻഡ് കൂടിയ സാധനങ്ങളാണ് ഇതൊക്കെ.

പലഹാരങ്ങൾ എന്റെ ചിന്തകളെ വട്ടം കറക്കുകയാണ്.കടയിൽ നിന്നും കൊണ്ടുവന്ന പലഹാരങ്ങൾ രുചിയോടെ കഴിക്കുന്ന എന്റെ കസിന്റെ ഭർത്താവിനെ ഞാൻ  നോക്കി. ഇനി നല്ല രുചിയാകുമോ? ഞാൻ ചിന്തിച്ചു!

മോളേ ആ ഫാൻ അങ്ങ് നിർത്ത്;വല്യമമ്മിയുടെ വായിൽക്കിടന്നു ഏത്തക്കഅപ്പം വട്ടം തിരിയുന്നു.

ഫാനോ..ഫാൻ ഓൺ അല്ല വല്യമമ്മി…എനിക്ക് കതകടയ്ക്കാൻ തോന്നിയില്ല..

ഞാൻ വല്യമമ്മിയുടെ മുറിയിൽ കിടന്ന കറുത്തകോട്ട് കൊണ്ടുവന്ന് വല്യമമ്മിയെ ഇടീച്ചു.

ഇഷ്ടത്തോടെ ഇടുകയായിരുന്നു വല്യമമ്മി.ഇട്ട് കഴിഞ്ഞ്, ങേ ഇത് എന്റെ തുണി എല്ലിയോ..എനിക്കിത് ഇഷ്ടമല്ല..ഞാൻ കരുതി നീ ദുബായ്ന്ന് കൊണ്ടുവന്നതാന്ന്..!ഇത് ഊര്..എന്നൊക്കെ പറഞ്ഞു.
ഞാൻ ആ കോട്ട് ഊരിക്കൊടുത്തു.ഫാൻ ഓഫ്‌ ചെയ്തുവെന്ന് കള്ളം പറഞ്ഞു.

ഞങ്ങൾക്ക് കഴിക്കാൻ തന്ന റംബൂട്ടാൻ വല്യമമ്മി വായിലിട്ട് ഉഴപ്പിക്കൊണ്ടിരുന്നു.

വല്യമമ്മി പതിയെ മുറിക്കുള്ളിൽ കയറി. അസിസ്റ്റന്റ് എന്നപോലെ എന്റെ കസിനുമുണ്ട്.മുറിയിൽ ചെന്നിട്ട്  കിടക്കാതെ  കട്ടിലിൽ കുറച്ചുനേരം ഇരുന്നു;‘ഞാൻ കരുതി എല്ലാവരും എന്നെ കാണാൻ വരുമെന്ന്!പക്ഷേ ആരും വന്നില്ല നിന്റെ മമ്മിടെ നാല്പത് കഴിഞ്ഞിട്ട്!’

ആരും വരില്ല വല്യമമ്മി..എല്ലാവരും വന്നിട്ട് പോയി.ആകെ ഞാനെ വരൂ. എപ്പോഴും!

നിന്റെ അനിയത്തി എന്തിയേ?

അവളും പോയി.

അനിയത്തി വയറ്റിലായിരുന്നപ്പോൾ അബോർട്ട് ചെയ്തു കളയാൻ മമ്മിയെ നിർബന്ധിച്ചയാളാ ഇപ്പോൾ നിന്റെ അനിയത്തി എന്തിയേയെന്ന് ചോദിക്കുന്നത്!മൂന്ന് പിള്ളേർ ഉള്ളത് നാണക്കേടാ അത്രേ..വല്യമമ്മിക്ക് നാല് പിള്ളേർ ഉണ്ട്! പക്ഷേ അത് അന്തക്കാലമെല്ലിയോ! കാലം മാറി പോലും! മമ്മി അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

വല്യമമ്മി ഇട്ടിരുന്ന മാക്സി പൊക്കി എന്നെ തുട കാണിച്ചു.വലിയ നീണ്ട പൊള്ളൽ പിങ്ക് നിറത്തിൽ തുടയിൽ..അത് ഉണങ്ങി എന്നാലും..!

ഹൊ ഇത് എന്ത് പറ്റീതാ?

പൊള്ളി.ചൂട് വെള്ളം വീണതാ.എന്റെ കുഴപ്പമാ.അതുകൊണ്ടാ നിന്റെ മമ്മിടെ നാല്പതിന് വരാഞ്ഞേ.ഇവിടുന്ന് ആരും വരാഞ്ഞേ.

ങ്ഹാ..മമ്മിക്ക്‌ ഇഷ്ട്ടമായിരിക്കില്ല.മമ്മി തട്ടിയിട്ടതാകുമോ ചൂട് വെള്ളം,ഞാൻ ചിന്തിച്ചു.

ആ ഫാൻ നിർത്ത്.തണുക്കുവാ..വല്യമമ്മി സ്വന്തം അസ്ഥികുടത്തിൽ ഒളിക്കാൻ ശ്രമിക്കുന്നപോലെ എനിക്ക് തോന്നി.

ഞാൻ അവിടെക്കിടന്ന കമ്പിളിയെടുത്തു വല്യമമ്മിയെ പുതപ്പിക്കാൻ ചെന്നു;വേണ്ട.ഇതെനിക്ക് ചൂടാ.നീയാ ഫാൻ അങ്ങ് നിർത്ത്.

നിർത്തി വല്യമമ്മി, ഞാൻ പറഞ്ഞു.

വല്യമമ്മിയെ ഞാൻ കുറച്ചു നേരം നോക്കിനിന്നു. ഈ പുസ്തകം തീരാതെയിരുന്നെങ്കിൽ..!

വല്യമമ്മിക്ക് എന്തൊക്കെയോ ഇനിയും പറയണമെന്നുണ്ട്.വാ തുറന്ന് മൂളുന്നുണ്ട്.വാക്കുകളെ വായിൽത്തന്നെ ബന്ധിച്ചുകൊണ്ട് നിദ്ര ഭയാനകമാം വിധം അവരെ പാടിയുറക്കുന്നു…

തിരിച്ചുപോകും വഴി ഞാൻ പറഞ്ഞു,വല്യമമ്മിയെ വീട്ടിലേക്ക് ഒരുവട്ടംകൂടെ  കൊണ്ടുപോ ഡാഡി.അവർ ഒരുപ്രാവശ്യംകൂടെ ജനിച്ചുവളർന്ന സ്ഥലം കണ്ടോട്ടെ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക