
ഫിഫ റാങ്കില്‍ സ്‌പെയിന്‍ രണ്ടാമത്. കെയ്പ് വെര്‍ദെയുടെ റാങ്ക് 68. ലോകകപ്പ് ഒരിക്കല്‍ വിജയിച്ച ടീമുമാണ് സ്‌പെയിന്‍(2010 ല്‍). പതിനേഴാം തവണയാണ് സ്‌പെയിന്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത്. കെയ്പ് വെര്‍ദെക്കാകട്ടെ ഇത് ആദ്യലോകകപ്പ്. പക്ഷേ, ഈ കുഞ്ഞന്‍ ആഫ്രിക്കന്‍ രാജ്യം സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. റോഡ്‌റിയുടെ നേതൃത്വത്തില്‍ പെഡ്‌റിയും ലമിന്‍ യമാലും എല്ലാം ഉള്‍പ്പെട്ട താരനിരയുമായി ഇറങ്ങിയ സ്‌പെയിനിന് കെയ്പ് വെര്‍ദെയുടെ പ്രതിരോധം ഭേദിക്കുവാനായില്ല.
നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരാണു സ്‌പെയിന്‍. കെയ്‌പ് വെര്‍ദെയുടെ നാല്‍പതുകാരനായ ഗോളി വൊസിഞ്ഞ ഒരു ദിവസം കൊണ്ടു സൂപ്പര്‍താരമായി. ഉറപ്പായും ഗോള്‍ ആകേണ്ട അര ഡസനിലേറെ ഷോട്ടുകള്‍ ആണ് വൊസിഞ്ഞ തട്ടിയകററിയത്. അത്ഭുതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ബല്‍ജിയത്തെ ഈജിപ്ത് സമനിലയില്‍ തളച്ചു(1-1). നെതര്‍ലന്‍ഡ്‌സ് ജപ്പാനോട് സമനില വഴങ്ങി(2-2).
ജര്‍മനി കുറസാവോയ്‌ക്കെതിരെ നേടിയ 7-1 വിജയവും സ്വീഡന്‍ ടുണീഷ്യയെ തകര്‍ത്തതും(5-1) മാത്രമാണ് ലോകകപ്പില്‍ ഇതുവരെ കണ്ട ഏകപക്ഷീയ കുതിപ്പുകള്‍. ലോക റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനക്കാര്‍ തമ്മില്‍ നടന്ന ഏക മത്സരം ബ്രസീല്‍-മൊറോക്കോ പോരാട്ടമായിരുന്നു. അതും സമനിലയില്‍ കലാശിച്ചു(1-1).
പക്ഷേ, ആദ്യത്തെ ഏതാനും മത്സരങ്ങള്‍കൊണ്ട് ടീമുകളെ വിലയിരുത്താനാവില്ല. ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞ് സൂപ്പര്‍ താരങ്ങള്‍ ദേശീയ ടീമിനോടൊപ്പം ചേര്‍ന്നിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. ടീമായുള്ള ഒത്തിണക്കം കൈവന്നിട്ടില്ല. ചില ഇതിഹാസ താരങ്ങള്‍ ആകട്ടെ പരുക്കില്‍ നിന്നു മോചനം നേടി നേരിട്ട് ലോകകപ്പ് ടീമിലെത്തുകയായിരുന്നു. ഒന്നോ രണ്ടോ സന്നാഹ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതാണ് ആശ്വാസം.
ആദ്യ റൗണ്ട് നാലു ടീമുകളുടെ 12 ഗ്രൂപ്പുകളാണ്. ഓരോ ടീമും മൂന്നു മത്സരങ്ങളില്‍ വീതം പങ്കെടുക്കണം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടു ടീമുകളുമാണ് അടുത്ത റൗണ്ടില്‍ കടക്കുക. റൗണ്ട് ഓഫ് 32 ആണ് രണ്ടാം റൗണ്ട്. 2022ല്‍ പങ്കെടുത്ത രാജ്യങ്ങള്‍ 32 ആണ്.
പക്ഷേ, ഇത്തവണ അപകടം അവിടെയല്ല 2022 ല്‍ പ്രാഥമിക റൗണ്ടില്‍ 32 ടീമുകള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കടന്നാണ് മുന്നേറിയത്. ഇക്കുറി റൗണ്ട് ഓഫ് 32 മുതല്‍ നോക്കൗട്ടാണ്. ഒരു മത്സരം തോറ്റാല്‍ പുറത്തായി. 90 മിനിറ്റില്‍ സമനിലയെങ്കില്‍ 30 മിനിറ്റ് എക്‌സ്ട്രാ ടൈം. പിന്നെ ടൈ ബ്രേക്കര്‍. ഒരു ദിവസം ഫോം നഷ്ടപ്പെട്ടാല്‍ ഏതു വമ്പന്‍ ടീമിനും പുറത്തേക്കുള്ള വഴി തെളിയും. ഏതു കുഞ്ഞന്‍ രാജ്യവും കറുത്ത കുതിരകളാകും.
പ്രാഥമിക റൗണ്ടില്‍ രണ്ടാം മത്സരത്തില്‍ പ്രമുഖ ടീമുകള്‍ ഫോമിലെത്തുമെന്നാണു പ്രതീക്ഷ. കെയ്പ് വെര്‍ദെയ്‌ക്കെതിരായ മത്സരത്തില്‍ സ്‌പെയിന്‍ തങ്ങളുടെ കൗമാര താരം ലമിന്‍ യമാലിനെ ഏതാണ്ട് 70 മിനിറ്റ് കഴിഞ്ഞാണ് കളത്തിലിറക്കിയത്. ഒരു പക്ഷെ, ഇതുപോലൊരു പോരാട്ടം നവാഗതരായ എതിരാളികളില്‍ നിന്ന് സ്‌പെയിന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഫ്രാന്‍സ്, അര്‍ജന്റീന തുടങ്ങി ഏതാനും വമ്പന്‍ ടീമുകള്‍ കൂടി കളത്തിലിറങ്ങുകയാണ്. അവരുടെ പ്രകടനം എങ്ങനെയെന്നു നിരീക്ഷിക്കാം.