Image

നടൻ സുകുമാരൻ 29-ാം ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

Published on 16 June, 2026
നടൻ സുകുമാരൻ  29-ാം ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

കഴിഞ്ഞ തലമുറയുടെ മനസ്സിൽ 'ക്ഷുഭിത യൗവ്വന'ത്തിന് നടൻ സുകുമാരൻ്റെ മുഖമായിരുന്നു! പഴയ മാമൂലുകളെ ചോദ്യം ചെയ്തുകൊണ്ട് ധിക്കാരിയെപ്പോലെയാണ് സുകുമാരൻ‍ കടന്നു വന്നത്. എഴുപതുകളിലും എൺപതുകളിലും രാഷ്ട്രീയത്തിലും കലയിലും പുതിയ ചെറുപ്പക്കാർ‍ കടന്നുവന്ന് പഴയ സങ്കല്പങ്ങളെ ചോദ്യംചെയ്ത കാലമായിരുന്നു. സിനിമയിൽ വന്ന ആ കൂട്ടത്തിൽ മുന്നാളനായിരുന്നു സുകുമാരൻ; ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ അതികേമനായിരുന്നു, ഈ നടൻ.

'നിർമാല്യ'ത്തിലെ 'അപ്പു'വിൽ‍ തുടങ്ങി 'വംശ'ത്തിലെ 'കുരിശിങ്കല്‍ വക്കച്ചൻ‍' വരെ ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരൻ വിട വാങ്ങുമ്പോൾ വെറും 49 വയസ്സു മാത്രമായിരുന്നു പ്രായം....... 

സ്മരണാഞ്ജലികൾ! 

നടനായിരുന്ന സുകുമാരൻ്റെ മുഴുവൻ പേര് 'പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ'. ആകെ 250-ഓളം സിനിമകളിൽ അഭിനയിച്ചു. 'ബന്ധനം' എന്ന എം.ടി. ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിൽക്കാലത്ത് 'കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ'ൻ്റെ  ചെയർമാൻ ആയി പ്രവർത്തിച്ചിരുന്നു.

കേരളത്തിൽ മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് 1948 മാർച്ച് 18-ന് സുകുമാരൻ ജനിച്ചു. പിതാവ് പരമേശ്വരൻ നായർ, മാതാവ് സുഭദ്രാമ്മ. (സുകുമാരൻ്റെ മുഴുവൻ പേര് 'പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ' എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ.) ഇളയ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. സേതുമാധവൻ,  ശിവദാസൻ, സതീദേവി. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. നടൻ രാമു, സുകുമാരന്റെ കസിൻ ആണ്. ഇദ്ദേഹത്തിൻ്റെ രൂപസാദൃശ്യം ഉണ്ടായിരുന്ന മറ്റൊരു കസിൻ സഹോദരൻ എടപ്പാൾ ജംഗ്ഷനിൽ നടത്തിയിരുന്ന വെജിറ്റേറിയൻ ഭക്ഷണശാല ഇപ്പോഴും എൻ്റെ ഓർമ്മകളിൽ നില്ക്കുന്നു. (അതൊരു ശരാശരി 'വെജ് റെസ്റ്റാറൊൻ്റ്' മാത്രമായിരുന്നങ്കിലും അതുപോലെ മറ്റൊന്ന് അക്കാലത്ത് (2000 കാലത്ത്) ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല.)

തൃശ്ശൂർ സി.എം.എസ്. സ്കൂളിൽ നിന്നും പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് കോളേജ് വിദ്യാഭ്യാസം തുടങ്ങിയത് ഏതു കോളേജിൽ എന്ന് വ്യക്തതമല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിത്തിൽ അദ്ദേഹം എം എ പാസായത് സ്വർണ്ണമെഡലോടെയാണ് . തുടർന്ന് കാസർഗോഡ് ഗവർണ്മെൻ്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നതിനിടയിലാണ് സുകുമാരന് 'നിർമ്മാല്യം' എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ ഒരു ക്ഷണം വന്നത്. എം. ടി. വാസുദേവൻ നായർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരൻ്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് 'സ്വർണ കമലം' കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം (മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ്- പി. ജെ. ആൻ്റണി- കൊണ്ടുവന്നതും ഈ ചിത്രം തന്നെ!) തുടർന്നുള്ള നാല് വർഷത്തിൽ പത്തു പതിനാലു സിനിമകളിൽ വന്നെങ്കിലും ഒന്നും അത്ര ശോഭിച്ചില്ല; സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം അക്കാലത്തു ആലോചിച്ചിരുന്നു.

അതിനിടയിലാണ് 1977-ൽ പുറത്തുവന്ന 'ശംഖുപുഷ്പം' ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ,  ബേബി സംവിധാനം ചെയ്ത, ‘ശംഖുപുഷ്പം' എന്ന ചിത്രത്തിലെ വേഷമാണ്. ('ശംഖുപുഷ്പ'ത്തിൽ നായികാ നായകന്മാർ സോമനും വിധുബാലയും ആയിരുന്നു.) വേണു എന്ന കഥാപത്രത്തെ അവതരിപ്പിച്ച സുകുമാരൻ ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു. 'ബന്ധനം' (1978) എന്ന എം. ടി. ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

മമ്മൂട്ടി, മോഹൻലാൽ അഭിനയ രംഗത്ത് ഉദിച്ചുയർന്നതോടെ സുകുമാരൻ നായക സ്ഥാനത്തുനിന്ന് വില്ലൻ റോളിലേക്ക് മാറിത്തുടങ്ങി... പുറമെ സിനിമാ നിർമാണവും തുടങ്ങി. സുകുമാരൻ പത്തിലധികം സിനിമകൾ നിർമ്മിച്ചു; ആദ്യ നിർമ്മാണം കെ ജി ജോർജ് സംവിധാനം ചെയ്ത് കെ.ബി. ഗണേഷ്‌കുമാർ നായകനായ 'ഇരകള്‍' (1985) ആണ്.

ആകെ 250-ഓളം സിനിമകളിൽ അഭിനയിച്ചു. സുകുമാരൻ അഭിനയിച്ച മറ്റു ചില സിനിമകളാണ് ഇവ- (ഇതിൽ ചിലവ സുകുമാരൻ നിർമ്മിച്ചതുമാണ്):

ശാലിനി എൻ്റെ കൂട്ടുകാരി (1978); വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ (1980); വാരിക്കുഴി (1982); രാധ എന്ന പെൺകുട്ടി (1979); കലിക (1980); ഇഷ്ടമാണ് പക്ഷെ (1980); അണിയാത്ത വളകൾ (1980) കുറുക്കന്റെ കല്യാണം (1980); കിന്നാരം (1983); വേനല്‍ (1981); കോളിളക്കം(1981); ആവനാഴി (1986); സർവ്വകലാശാല (1987); ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്‌ (1988);ഉത്സവപിറ്റേന്ന് (1988); ആഗസ്റ്റ് 1 (1988); ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് (1988); ജാഗ്രത (1989); ഉത്തരം (1989); ജാതകം (1989);ജാഗ്രത (1989); മുദ്ര (1989); മറുപുറം (1990 ); കോട്ടയം കുഞ്ഞച്ചൻ (1990); കൂടിക്കാഴ്ച (1991); മൂന്നാം മുറ (1998) 

മമ്മൂട്ടി നായകനായ, സി. ബി. ഐ. സിനിമകളിൽ 'സേതുരാമയ്യർ', എന്ന കഥാപത്രംപോലെ തന്നെ മികച്ച അഭിനയമാണ് നെഗറ്റീവ് റോളിൽ ഉള്ള, കേരള പോലീസ് ഡിവൈ.എസ്.പി. (DySP) ആയ സുകുമാരന്റെ 'ദേവദാസ്'.

പ്രശസ്ത ചലച്ചിത്രനടി മല്ലികയെ 1978 ഒക്ടോബർ 17-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചു. (പ്രസിദ്ധ സാഹിത്യകാരമാരുടെ സഹോദരനായ കൈനിക്കര മാധവൻ പിള്ളയാണ് മല്ലികയുടെ പിതാവ്) മല്ലികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പ്രശസ്ത ചലച്ചിത്രനടൻ ജഗതി ശ്രീകുമാറായിരുന്നു മല്ലികയുടെ ആദ്യ ഭർത്താവ്. ഇവർ തമ്മിലുള്ള വിവാഹബന്ധം പരാജയപ്പെട്ടതിനെത്തുടർന്ന് സുകുമാരനും മല്ലികയും തമ്മിൽ വിവാഹിതരായി. ഇവരുടെ രണ്ട് ആണ്മക്കൾ ഇരുവരും (ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ) ഇന്ന് ചലച്ചിത്ര നടന്മാരെന്ന നിലയിൽ പ്രശസ്തരാണല്ലോ.

1997 ജൂൺ മാസത്തിൽ മൂന്നാറിലേയ്ക്ക് കുടുംബ സമേതം ഒരു യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം ആശുപത്രിയിൽ വെച്ച് തന്നെ ഉണ്ടായ തുടർ ഹൃദയാഘാതത്താൽ, 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. അപ്പോൾ 49 വയസ്സേ അദ്ദേഹത്തിനു ഉണ്ടായിരുന്നുള്ളൂ.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക