
ഓരോ
കാഴ്ചയിലും
നിശബ്ദത ഒരു ഭാഷയാകുന്നു
കണ്ടുമുട്ടാതിരിക്കാൻ
നിരന്തര ശ്രമിച്ചു കൊണ്ടിരിക്കെ
നിമിത്തങ്ങൾ
എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു.
ആവലാതികൾ
ഒന്നും പറയാനില്ല
വേവലാതികൾ
കേൾക്കാനുമില്ല
വസന്തത്തെ കുറിച്ചോ
വാസ്തവങ്ങളെ കുറിച്ചോ
തിരക്കാനുമില്ല
എന്നിട്ടും
നമ്മൾ ഇടയ്ക്കിടെ കണ്ടുമുട്ടുന്നു.
കാലമെത്ര കഴിഞ്ഞു
മൗനമെത്ര തളിർത്തു
എന്നിട്ടും
ഇന്നലെകൾ മറക്കാതെ നമ്മൾ
ഓടിയോടിയില്ലാതായ കലണ്ടറും
ഓടാൻ വേണ്ടി ഇടയ്ക്കിടെ
കടന്നുവരുന്ന
ആൻ്റീബയോട്ടിക്കും കൂട്ട്.
ഒന്നും പറയാനില്ല
ഒന്നും അറിയാനുമില്ല
ഏകാന്തത കുടിച്ച് പറ്റിച്ച പ്രണയം
ജീവിതത്തിലാക്കെ പരിമളമിങ്ങനെ
പരത്തുമെന്ന് നമുക്കറിയാം
നിശബ്‌ദതയ്ക്ക് മേൽ
മറ്റൊരു ഭാഷ വകഞ്ഞ് വകഞ്ഞ്
നമ്മെ കിഴ്പ്പെടുത്തുമെന്ന്
ഞാനിന്ന് വിശ്വസിക്കുന്നുമില്ല.