
വാന്‍കൂവര്‍, കാനഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വാന്‍കൂവര്‍ പ്രൊവിന്‍സ് സ്ഥാനാരോഹണ ചടങ്ങും അവാര്‍ഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂര്‍വവുമായ അന്തരീക്ഷത്തിലും നടന്നു. സമൂഹത്തിലെ പ്രമുഖര്‍, അംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ഔദ്യോഗികമായി വാന്‍കൂവര്‍ പ്രവിശ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ബ്ലെസണ്‍ മണ്ണില്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ലക്ഷ്മി പീറ്റര്‍ ആശംസപ്രസംഗം നടത്തി.

ലിറ്റി ജോര്‍ജ് പ്രസിഡന്റായും, അനി ഫിലിപ്പ് ചെയര്‍പേഴ്‌സണായും, ഉല്ലാസ് മാത്യു സെക്രട്ടറിയായും നേതൃത്വം നല്‍കുന്ന പുതിയ പ്രവിശ്യാ കമ്മിറ്റി ചടങ്ങില്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. സുനില്‍ തോമസ് (ട്രഷറര്‍), ജോജോ കുര്യന്‍ (വി.പി. ഓര്‍ഗ്), പ്രിസ്‌കില്ല ഓമ്മന്‍ (ജോയിന്റ് സെക്രട്ടറി), റോഷിന്‍ റോയ് (ജോയിന്റ് ട്രഷറര്‍), ആല്‍ബിന്‍ ജോര്‍ജ് (വി.പി. അഡ്മിന്‍), ജോര്‍ജ് വര്‍ഗീസ്, നീന ചെറിയാന്‍, സജ്ന കരീം, സനല്‍ ജോണ്‍, അനൂപ് രാജശേഖരന്‍, ജെയിംസ് തെക്കേക്കര എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളും സ്ഥാനമേറ്റു.
സാംസ്‌കാരിക പരിപാടികള്‍, അവാര്‍ഡ് വിതരണങ്ങള്‍, സമൂഹ സേവന രംഗത്ത് മികവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള ആദരവുകള്‍ എന്നിവ ചടങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. അമേരിക്ക റീജിയന്‍ നേതൃത്വവും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതൃത്വത്തിന്റെ പേരില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വലിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അമേരിക്ക ഇന്‍-ചാര്‍ജ്) ഡോ. തങ്കം അരവിന്ദ് എന്നിവര്‍ പുതുതായി സ്ഥാനമേറ്റ വാന്‍കൂവര്‍ പ്രവിശ്യാ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു.
അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഡോ. ഷിബു സാമുവല്‍, റീജിയന്‍ ജനറല്‍ സെക്രട്ടറി മഞ്ജു നീലിവീട്ടില്‍, റീജിയന്‍ ട്രഷറര്‍ മോഹന്‍ ആറുമുഖം എന്നിവരും ആശംസകള്‍ നേര്‍ന്നു.

''വാന്‍കൂവര്‍ പ്രവിശ്യയുടെ രൂപീകരണവും സ്ഥാനാരോഹണവും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള വളര്‍ച്ചയിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ്. ഉത്തര അമേരിക്കയിലെ മലയാളി സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഈ പ്രവിശ്യ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ജെയിംസ് കൂടല്‍ പറഞ്ഞു.
ചടങ്ങിന്റെ അവസാനം, മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും ഡബ്ല്യു.എം.സി യുടെ ലക്ഷ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് പുതിയ പ്രവിശ്യാ നേതൃത്വം പ്രതിജ്ഞാബദ്ധത അറിയിച്ചു.