
ഏതൊരു സ്ഥലത്തിലെത്തിയാലും ആ സ്ഥലത്തെ ഏറ്റവും നല്ല ബുക്‌ഷോപ്പ് അന്വേഷിക്കുക പതിവാണ്. കടയിലെത്തിയാൽ ആദ്യം പോകുന്നത് പോപ്പുലർ സയൻസ് സെക്ഷനിലേക്കാണ്. എൺപതുകളുടെ തുടക്കത്തിൽ കേരളത്തിൽ നല്ല പുസ്തകക്കടകൾ കുറവായിരുന്നു. മദ്രാസിലും ബാംഗ്ലൂരിലും ഹൈദെരാബാദിൽ നിന്നുമൊക്കെയാണ് പുസ്തകങ്ങൾ മേടിച്ചിരുന്നത്. വിദേശത്തു യാത്ര പോകുന്ന അടുത്ത ബന്ധുക്കളോട് പുസ്തകങ്ങളുടെ ലിസ്റ്റ് കൊടുക്കുമായിരുന്നു. ബാലനായിരിക്കെ അറിയാനുള്ള ആഗ്രഹം മൂലം അർകഡി ലിയോക്കമിന്റെ (Arkady Leokum) "Tell Me Why" ആവേശത്തോടെ വായിച്ചിരുന്നു. അറിയാനുള്ള ആഗ്രഹം കൂട്ടിയതും ആ സീരീസാണ്. ശാസ്ത്ര വിഷയങ്ങൾ നന്നായി ഗ്രഹിക്കാനുള്ള പ്രായമായപ്പോൾ ആദ്യം വായിച്ചത് കാൾ സേഗന്റെ "Cosmos" ആണ്. എന്ത് ആനന്ദമായിരുന്നു അത് വായിക്കുന്നത്! പിന്നീടാണ് പോപ്പുലർ സയൻസ് ഹരമായത്.

ഭൂമിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വ്യക്തി /എ ഐ ചിത്രങ്ങള്‍
പോൾ ഡേവിസിന്റെ "The Mind of God" ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. തെളിച്ചമുള്ള ഭാഷയും മനസ്സിനെ വശീകരിക്കുന്ന ആഖ്യാനവും ഉണ്ടാകണം എന്നത് നിർബന്ധമായിരുന്നു. ഡേവിസിന്റെ പ്രെസെന്റേഷൻ വളരെ ഇഷ്ടപ്പെട്ടു. അത് പോലെ ജോൺ ഗ്രിബിന്റെ പുസ്തകങ്ങളും ആകർഷിച്ചു. ഡേവിസും ഗ്രിബിനും ഒരുമിച്ചു ചേർന്ന് എഴുതിയ "The Matter Myth" ഇന്നും പ്രിയപ്പെട്ട പുസ്തകമാണ്. റോജർ പെൻറോസിന്റെ പുസ്തകങ്ങളിൽ കുറച്ചൊക്കെ ഗണിതം കേറി വരും. റിച്ചാർഡ് ഡോക്കിൻസ് ഇന്നത്തെപ്പോലെ അറിയപ്പെടാതെയിരുന്ന കാലത്താണ് "The Selfish Gene" വായിക്കുന്നത്. പിന്നീട് ഡോക്കിൻസിന്റെ പുസ്തകങ്ങളെ ഒന്നൊന്നായി പിന്തുടർന്നു. The Blind Watch Maker, River Out of Eden, Climbing Mount Improbable-- ഡാർവിനിസത്തെ ലളിതമായി വിശദീകരിച്ചു തന്ന പുസ്തകങ്ങൾ. അതിനു ശേഷം വിശാലമായ വായനയിലേക്ക് കടന്നു. തൊണ്ണൂറുകളിൽ എത്തിയപ്പോഴേക്കും പുസ്തകങ്ങളുടെ പുറം ചട്ടകൾ അതിമനോഹരമായി മാറി. പെയിന്റിംഗ് പോലെയുള്ള കവറുകൾ. മിക്കവയും വിദേശ എഡിഷൻസ്. മേടിക്കുന്ന പുസ്തകങ്ങൾ വീട്ടിലെത്തിയിട്ട് പ്ലാസ്റ്റിക്ക് കവർ കൊണ്ട് ഉടുപ്പിച്ച്, ഒന്ന് മണത്ത്, മണം തരുന്ന ആവേശത്തിൽ ഇരുന്നുള്ള വായന. എത്ര ആഹ്ലാദകരമായിരുന്നു അത്! നോട്ട്സ് കുറിച്ചെടുത്തില്ല എന്ന വ്യസനം ഇന്നുമുണ്ട്.

മനുഷ്യന് അഗ്നി സമ്മാനിക്കുന്ന പ്രൊമിത്യൂസ്
മുഖ്യധാരാ ശാസ്ത്രത്തിന്റെ ആശയങ്ങൾക്ക് ബദലൊരുക്കുന്ന പുസ്തകങ്ങളും വായിച്ചിരുന്നു. കാപ്രയുടെ (Fritjof Capra) പുസ്തകങ്ങൾ അത്തരത്തിലുള്ളവയാണ്-- The Turning Point, The Web of Life, The Hidden Connections. വർഷങ്ങളിലൂടെ ഓരോന്നും പല തവണ വായിച്ചു. അസാധാരണ കഴിവുള്ള എഴുത്തുകാരനാണ് കാപ്ര. Pier Luigi Luisi-യോടൊപ്പം കാപ്ര എഴുതിയ "The Systems View of Life -- A Unifying Vision" ഇന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ടെക്സ്റ്റ്ബുക്കാണ്. കാപ്ര ഇതുവരെ എഴുതിയ പുസ്തകങ്ങളിലെ ആശയങ്ങളുടെ സംഗ്രഹമാണത് എന്ന് പറയാം. എടുത്ത് പറയേണ്ട ഒരു പുസ്തകം. ഫിക്ഷനെക്കാൾ നോൺ ഫിക്ഷൻ വായിച്ചിരുന്ന കാലമായിരുന്നു അത്. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കൂട്ടുകാരുമായി ചർച്ച ചെയ്യുമായിരുന്നു. അക്കൂട്ടത്തിൽ ശാസ്ത്ര കുതുകികളും വിമർശകരും ശാസ്ത്ര വിരോധികളുമുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ചായിരുന്നു പലപ്പോഴും എന്റെ ആലോചന.

1972-ൽ ഫിസിയോളജി/ മെഡിസിൻ വിഭാഗത്തിൽ (ഇമ്മ്യുണോളജി) നോബൽ സമ്മാനം ലഭിച്ച ജറാൾഡ് എഡെൽമാന്റെ (Gerald Edelman) "Consciousness-- How Matter Becomes Imagination" എന്ന പുസ്തകത്തിൽ ഷോപ്പൻഹോവറിന്റെ ഒരു നിരീക്ഷണം കൊടുത്തിട്ടുണ്ട്: "There's in us something wiser than our heads." വിവേകം യുക്തിയെ ഉൾക്കൊള്ളുന്ന എന്നാൽ യുക്തിക്കപ്പുറത്തേക്ക് കടക്കുന്ന ഒരു മാനമാണ് (trans-rational). ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വിയെന്ന (Vienna) സർവ്വകലാശാല കേന്ദ്രീകരിച്ച് മോറിറ്റ്സ് ശ്ലിക്കിന്റെ (Moritz Schlick) നേതൃത്വത്തിൽ കുറെ ചിന്തകർ ഒത്തു ചേർന്ന് തുടങ്ങിയ ചിന്താരീതിയും കാഴ്ചപ്പാടുമാണ് 'ലോജിക്കൽ പോസിറ്റിവിസം'. പ്രത്യക്ഷതലത്തിൽ പരിശോധിച്ച് തെളിയിക്കാവുന്നത് മാത്രമേ സത്യമായി അംഗീകരിക്കാവൂ എന്നതാണ് പോസിറ്റിവിസ്റ്റ് കാഴ്ചപ്പാടിന്റെ കാതൽ. ഇങ്ങനെ നോക്കിയാൽ മെറ്റാഫിസിക്‌സും എത്തിക്‌സും എസ്‌തെറ്റിക്‌സും പുറംതള്ളപ്പെടും. ഫിലോസഫിയിൽ നിന്നും, ലോജിക്ക് ഒഴികെ, മറ്റെല്ലാ വിജ്ഞാന ശാഖകളേയും ഒഴിവാക്കുക എന്നതായിരുന്നു വിയെന്ന ഗ്രൂപ്പിന്റെ ലക്ഷ്യം. മോറിറ്റ്സ് ശ്ലിക്കിനെ മനോരോഗിയായ ഒരു പൂർവ്വവിദ്യാർത്ഥി (ജൊഹൻ നെൽബോക്ക്) വെടിവെച്ചു കൊന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളോടെ ലോജിക്കൽ പോസിറ്റിവിസ്റ്റ് പ്രസ്ഥാനം ശിഥിലമായി. പോസിറ്റിവിസ്റ്റ് ചിന്താപദ്ധതിയുടെ അനുരണനങ്ങൾ ഇന്നും സ്റ്റീഫൻ ഹോക്കിങ്ങിലും സ്റ്റീവൻ വെയ്‌ൻബെർഗിലും നീൽ ഗ്രാസ് ടൈസണിലും കാണാം. "ഫിലോസഫി ഈസ് ഡെഡ്" എന്ന് ഹോക്കിങ് പറഞ്ഞിട്ടുണ്ട്.

ആണവസ്ഫോടനത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍
യാഥാർഥ്യത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് സയൻസിലൂടെ മാത്രമേ ലഭിക്കുകയുള്ളു എന്ന കാഴ്ചപ്പാടിനെയാണ് 'സയന്റിസം' എന്ന് വിളിക്കുന്നത്. സയൻസ് കണ്ടീഷണലായ ഒരു അന്വേഷണമായിട്ടാണ് തോന്നിയിട്ടുള്ളത്. അന്തിമമായ അറിവ് അല്ലെങ്കിൽ സുനിശ്ചിതമായ അറിവ് മാത്തമാറ്റിക്സിൽ നിന്നും കിട്ടില്ല എന്ന് ഉറപ്പു വന്നതോടെ ബെർട്രൻഡ് റസ്സൽ ഫിലോസഫിയിലേക്ക് തിരിഞ്ഞു. ആയിരം വർഷം അറിഞ്ഞാലും പിന്നെയും അറിയാനുണ്ടാകും. അറിയാത്തതിനുള്ള തെരച്ചിൽ അന്തമേതുമില്ലാതെ തുടർന്ന് കൊണ്ടിരിക്കും. അറിവിൽ അറിയാത്തതിന്റെ നിഴൽ പടർന്നു കിടക്കും. ഫിലോസഫി സാദ്ധ്യതകളുടെ മഹത്തായ കലയാണ്. ഉറപ്പിനേക്കാൾ എനിക്ക് പ്രിയം സാധ്യതകളാണ്. ആധുനിക ഭൗതികശാസ്ത്രത്തിന്റെ വഴി തിരിച്ചു വിട്ട മഹാ പ്രതിഭാശാലികളിൽ പലരും ഫിലോസഫിയിലേക്ക് പ്രവേശിച്ചിരുന്നു. ക്വാണ്ടം ഫിസിക്സിലെ ഉന്നത ശീർഷനായ വെർനെർ ഹൈസെൻബെർഗിന്റെ "ഫിസിക്സ് ആൻഡ് ഫിലോസഫി" ഏറെ അറിയപ്പെടുന്ന ഒരു പുസ്തകമാണ്. ആൽബർട്ട് ഐൻസ്റ്റൈൻ, നീൽ ബോർ, ഷ്രോഡിഞ്ചർ, പോൾ ഡിറക്ക് ഇവരെല്ലാം ഫിലോസഫിയിൽ ആകൃഷ്ടരായിരുന്നു. കാലാകാലങ്ങളിൽ ദാർശനികർ അന്വേഷിച്ച വിഷയങ്ങൾ ഇന്ന് പല ശാസ്ത്രജ്ഞരും ഗൗരവത്തോടെ പരിഗണിച്ച് വരുന്നു. ഡേവിഡ് ചാമേഴ്‌സ് (David Chalmers) മുന്നോട്ടു വെക്കുന്ന "hard problem of consciousness" ഏറെ ചർച്ചകൾക്ക് ഇന്ന് വഴിയൊരുക്കുന്നുണ്ട്. യാഥാർഥ്യത്തെക്കുറിച്ച് ഇത്തിരിയെങ്കിലും അറിയാൻ സയൻസും ഫിലോസഫിയും ഒരു പോലെ ആവശ്യമാണ്.

ഏറെ കഷ്ടപ്പാടും ദുഃഖവും നിറഞ്ഞ മനുഷ്യ ജീവിതത്തിൽ ഫിലോസഫിക്ക് നല്കാനാകുന്ന സാന്ത്വനം സയൻസിനു തരാനാകില്ല. അതുകൊണ്ടാകാം ശാസ്ത്ര പ്രതിഭയായ, കോസ്മോളജിയിൽ ആഴമേറിയ അറിവുള്ള, കോളേജിൽ ഞങ്ങളുടെ സീനിയറായിരുന്ന, താണു പദ്മനാഭൻ മാണ്ഡൂക്യകാരികയും ഫിലോസഫിയും വായിച്ചിരുന്നത്. സയൻസിന്റെ അറിവ് "half of reality" മാത്രമാണ് എന്ന് ചിലർ പറയും. ശാസ്ത്രതല്പരന്റെ അറിയുന്ന ബോധത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് കൂടുതൽ ഹോളിസ്റ്റിക്ക്. അവിടെ ഫിലോസഫി സഹായിക്കുന്നു. അനന്തകാലത്തിൽ നിന്നും കോരിയെടുത്ത ഒരു റ്റീസ്‌പൂൺ സമയം മാത്രമാണ് നമ്മുടെയീ ജീവിതം. എത്ര ഹ്രസ്വമാണത്! "ദ് റോക്ക്" എന്ന കവിതയിൽ റ്റി എസ് എലിയറ്റ് മറക്കാനാകാത്ത വിധം കുറിച്ചിട്ട പോലെ, "Where is the Life we have lost in living? Where is the wisdom we have lost in knowledge? Where is the knowledge we have lost in information?" ഇൻഫർമേഷൻ ഓവർലോഡിന്റെ ഈ കാലത്ത് ഇത്തിരിയെങ്കിലും സ്വസ്ഥതക്കായി മനസ്സിലേക്ക് തിരിഞ്ഞേ പറ്റൂ. അവിടെയാണ് ഫിലോസഫിയുടെ പ്രസക്തി.
വിവേകമാണ് എന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യം. വിസ്മയങ്ങളിലെ വിസ്മയമായ മനുഷ്യ ജീവിതം എന്ന ഈ അവസരം ഭൂമിയിൽ നീതിയും സമാധാനവും സ്നേഹവും സാക്ഷാത്ക്കരിക്കാനുള്ള അവസരം കൂടിയാണ്. ഇതിൽ സയൻസ് എത്രത്തോളം ഉപകരിക്കും? വലിയ അറിവൊന്നുമില്ലാതെ ഏറെക്കുറെ സംതൃപ്തമായ ജീവിതം ജീവിച്ചു മടങ്ങിയവരെ എനിക്കറിയാം. അവരെ നയിച്ചത് വിവേകമായിരുന്നു. വാർദ്ധക്യം വരും, മരണവും ഉണ്ടാകും. വാൾട്ടർ ലാൻഡർ (Walter Lander) എഴുതിയത് പോലെ, "I strove with none, for none was worth my strife:/ Nature I loved, and, next to Nature, Art:/ I warm’d both hands before the fire of Life;/ It sinks; and I am ready to depart" എന്ന് പറഞ്ഞ് മനുഷ്യരിൽ എത്രപേർക്ക് വിട പറയാനാകും? അറിവെത്ര നേടിയെന്നതല്ല, എങ്ങനെ ജീവിച്ചു മടങ്ങി എന്നുള്ളതാണ് അന്തിമമായി പരിഗണിക്കേണ്ടത്.
മൃതശരീരത്തിലെ തണുപ്പ് ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്. ഒരു പൂവിനെ കയ്യിൽ ഞെരുക്കി ഇല്ലാതെയാക്കുമ്പോഴും ഞെരിച്ച കയ്യിൽ അത് അവശേഷിപ്പിക്കുന്ന സുഗന്ധം പോലെ എല്ലാ അറിവും ഇല്ലാതെയാകുന്ന ആ തണുപ്പിൽ അവശേഷിക്കുന്നത് ജീവിച്ചു തീർത്ത ജീവിതത്തിന്റെ സുഗന്ധം മാത്രമാണ്. സങ്കീർണമായ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും മനസ്സിനെ കലുഷിതമാക്കുന്ന ഒരു കാലത്ത് ഹൃദയനൈർമ്മല്യമാണ് അഭിലഷണീയം. അനന്തമായ ഈ പ്രപഞ്ചത്തെ ഇത്തിരിയെങ്കിലും അറിയുമ്പോൾ, എല്ലാമൊരിക്കൽ ഒടുങ്ങും എന്നുമറിയുമ്പോൾ കാലങ്ങളായി ഉപയോഗിച്ച ആ ഒരു വാക്കിലേക്ക്, ഒറ്റ വാക്കിലേക്ക്, മടങ്ങേണ്ടി വരുന്നു-- സ്നേഹം. ഇത്തിരിയെങ്കിലും.