
മിഷിഗൺ: 7 ലക്ഷം ഡോളർ (ഏകദേശം 6 കോടി രൂപ) വിലമതിക്കുന്ന സ്വർണം കൈപ്പറ്റാനെത്തിയ യുവാവ്, പകരം ചോക്ലേറ്റ് നാണയങ്ങൾ നിറച്ച ബാഗ് ഏറ്റുവാങ്ങിയതോടെ പോലീസിന്റെ വലയിലായി. ഇല്ലിനോയിയിലുള്ള 20-കാരൻ യുഗ് ബി. ചൗഹാനെയാണ് മിഷിഗണിലെ കെന്റ് കൗണ്ടി അധികൃതർ അറസ്റ്റ് ചെയ്തത്.
മെയ് മാസത്തിൽ നടന്ന രഹസ്യ ഓപ്പറേഷനിലാണ് ചൗഹാൻ പിടിയിലായത്. രണ്ട് ഫെലണി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) വകുപ്പിന്റെ ഹോൾഡിലും ഇയാൾ തുടരുകയാണ്.
പോലീസ് അന്വേഷണത്തിൽ, ഭൗഷ് എന്നറിയപ്പെടുന്ന ഒരാളുടെ നിർദേശപ്രകാരമാണ് താൻ ഈ ജോലിയിലേർപ്പെട്ടതെന്ന് ചൗഹാൻ മൊഴി നൽകി. വാട്സ്ആപ്പിലൂടെ ഹിന്ദിയിലായിരുന്നു ആശയവിനിമയം. ആ വ്യക്തിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു. ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഊബർ ടാക്‌സിയിൽ ഡോണട്ട് ഷോപ്പിലെത്തി പാക്കേജ് കൈപ്പറ്റാനായിരുന്നു നിർദേശം ലഭിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.
സംഭവത്തിന്റെ തുടക്കം 79-കാരിയായ ഒരു വിധവയ്ക്ക് ലഭിച്ച ഫോൺകോളിലൂടെയായിരുന്നു. സോഷ്യൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ, അവരുടെ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും, സ്വത്തുക്കൾ സംരക്ഷിക്കാൻ 7 ലക്ഷം ഡോളർ സ്വർണമായി മാറ്റണമെന്ന് നിർദേശിക്കുകയും ചെയ്തു.
സ്വർണം വാങ്ങുന്നതിനായി അവർ ഗ്രാൻഡ് റാപ്പിഡ്സ് കോയിൻസ് എന്ന സ്ഥാപനത്തെ സമീപിച്ചു. എന്നാൽ സ്ഥാപനത്തിന്റെ ഉടമ ബെൻ സോൾഡാറ്റിന് ഉപഭോക്താവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. ഇത്രയും വലിയ തുകയുടെ ഇടപാടായിട്ടും നിക്ഷേപത്തെക്കുറിച്ച് യാതൊരു താൽപര്യവും കാണിക്കാതിരിക്കുകയും, വളരെ ഉത്കണ്ഠയോടെയും തിരക്കിലുമാണ് അവർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ആരോ അവരെ നിർബന്ധിക്കുന്നതായി തോന്നിയ സോൾഡാറ്റ് ഇടപാട് വൈകിപ്പിക്കുകയും പ്രാദേശിക പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് വനിതയുടെ വീട്ടിലെത്തി അന്വേഷണം നടത്തുന്നതിനിടയിൽ 'എറിക്' എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ വീണ്ടും വിളിച്ച് സ്വർണം കൈമാറുന്ന കാര്യത്തെക്കുറിച്ച് അന്വേഷിച്ചു.
തുടർന്ന് പോലീസ് പ്രത്യേക രഹസ്യ ഓപ്പറേഷൻ ആസൂത്രണം ചെയ്തു. സ്വർണത്തിന് പകരം ചോക്ലേറ്റ് നാണയങ്ങൾ നിറച്ച ബാഗ് കൈമാറിയപ്പോൾ അത് ഏറ്റുവാങ്ങാനെത്തിയ ചൗഹാനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
വയോജനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഫോൺ-തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, സർക്കാർ ഏജൻസികളോ ബാങ്കുകളോ ഒരിക്കലും സ്വർണം വാങ്ങാനോ പണം കൈമാറാനോ ആവശ്യപ്പെടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.