Image

ഓര്‍മയിലെ അക്കിത്തം (സാഹിത്യം : എസ് സുന്ദര്‍ദാസ്)

Published on 16 June, 2026
ഓര്‍മയിലെ അക്കിത്തം (സാഹിത്യം : എസ് സുന്ദര്‍ദാസ്)

“വിധി ഗോളടിച്ചീടുന്നു/  ചുനിഗോസാമിയെന്നപോല്‍
കാത്തുനില്‍ക്കുന്നെന്‍ വിശ്വാസം/  തങ്കരാജെന്നപോലവേ”

അക്കിത്തം “കേരളത്തപ്പന്‍” എന്നൊരു കവിത എഴുതിയിട്ടുണ്ട്. കേരളഗാന്ധി എന്നറിയപ്പെടുന്ന കേളപ്പന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മൃതദേഹം  പൊതുദര്‍ശനത്തിനായി കോഴിക്കോട്ടെ ഗാന്ധിഗൃഹത്തില്‍  സൗകര്യപ്പെടുത്തുകയുണ്ടായി. കോഴിക്കോട്ട് ചെറൂട്ടി റോഡിലുള്ള ഗാന്ധിഗൃഹം കേളപ്പന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചതാണ്.  അവിടെ യാത്രകള്‍ക്കിടയില്‍ വന്നെത്തുന്ന കേളപ്പന് വിശ്രമിക്കാന്‍ വേണ്ടി ഒരു മുറി സജ്ജമാക്കിയിരുന്നു. അദ്ദേഹം വന്നാല്‍ സഹായത്തിന് ആരെങ്കിലും  വേണമല്ലോ എന്നതുകൊണ്ട്  കോഴിക്കോട്ടെ കോളേജ് വിദ്യാഭ്യാസകാലത്ത് ഞാന്‍ ആ മുറിയിലാണ് തങ്ങിയിരുന്നത്. എന്നാല്‍ ആ മൂന്നുവര്‍ഷക്കാലത്തിനിടയ്ക്ക് നാലോ അഞ്ചോ തവണ മാത്രമേ കേളപ്പന്‍ അവിടെ വന്നിട്ടുള്ളു.  തൊട്ടടുത്ത ഒരു ചെറിയ മുറിലായിരുന്നു അക്കിത്തവും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും പത്രമാസികകളും താമസിച്ചിരുന്നത്. ഒരു ചെറിയ മേശയും കസേരയും കട്ടിലുമൊഴിച്ചാല്‍ ബാക്കി ഇടമെല്ലാം പുസ്തകങ്ങളും പത്രമാസികകളും കയ്യടക്കിയിരുന്നു.  ഞാന്‍ അദ്ദേഹത്തിന്‍റെ ’അയല്‍ക്കാരനായി’ താമസിച്ചിരുന്ന കാലത്ത്  മിക്ക രാത്രികളിലും  പാതിരാത്രിയോളം ആ കട്ടിലിന്‍റെ ഒരോരത്ത് അക്കിത്തത്തെ കേട്ടുകൊണ്ട് ഞാന്‍ ഇരിക്കുമായിരുന്നു. ആ കുടുസ്സുമുറിയിലിരുന്നാണ് കേളപ്പന്‍റെ മരണരാത്രിയില്‍ അക്കിത്തം “കേരളത്തപ്പന്‍” എഴുതിയത്.  അദ്ദേഹത്തെ സംബന്ധിച്ച് കേളപ്പന്‍ ഒരാദര്‍ശമായിരുന്നു. കേളപ്പന്‍  പാലിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത മൂല്യങ്ങള്‍ തന്നെയായിരുന്നു അക്കിത്തത്തിന്‍റേയും ജീവിതമൂല്യങ്ങള്‍. ഇരുവരുടേയും ജീവിതങ്ങള്‍ പലയിടത്തും സാമ്യപ്പെട്ടുകിടക്കുന്നത് ഇപ്പോള്‍ എനിക്ക് കാണാനാകുന്നുണ്ട്. ലളിതവും നിര്‍മലവുമായിരുന്നു ഇരുവരുടേയും ജീവിതങ്ങള്‍. ’നിത്യനിര്‍മല പൗര്‍ണമി’യാണ്  ആ രണ്ട്  ജീവിതങ്ങളും ചൊരിഞ്ഞത്.  മലപ്പുറം ജില്ലാസമരത്തിലും തളിക്ഷേത്രസമരത്തിലും കേളപ്പന്‍ ആര്‍ എസ് എസുകാരനായി മുദ്രകുത്തപ്പെട്ടപ്പോള്‍ തപസ്യയുടെ സാരഥി എന്ന നിലയിലും അതിനടിസ്ഥാനമായ മൂല്യങ്ങളുടെ  പ്രചാരകന്‍ എന്ന നിലയിലും  അക്കിത്തവും അതേ രീതിയില്‍ മുദ്രകുത്തപ്പെട്ടു. രണ്ടുപേരേയും എനിക്ക് അടുത്തറിയാമായിരുന്നതുകൊണ്ടും ഇക്കാര്യത്തെപറ്റി അവരോട് നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നതുകൊണ്ടും അവരുടെ വിശുദ്ധിയെപറ്റി എനിക്ക് ഒരിക്കലും സന്ദേഹമുണ്ടായിട്ടില്ല. കണ്ടും കേട്ടും വായിച്ചും അവരെ അറിയുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും അങ്ങനെ ഒരു സന്ദേഹമുണ്ടാകാന്‍ ഇടയില്ല.  

അക്കിത്തം ഫോട്ടോ കെ ആര്‍ വിനയന്‍

രണ്ടുപേരും വര്‍ഗീയവാദികള്‍ എന്നപോലെ കമ്യൂണിസ്റ്റ് വിരുദ്ധരായും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനമായ മാനവികത തിരിച്ചറിഞ്ഞവരായിരുന്നു ഇരുവരും. എന്നാല്‍ അതിന്‍റെ പ്രയോഗതലത്തില്‍ അവര്‍ക്ക് വിയോജിപ്പുകളുണ്ടായിരുന്നു. അപ്പോഴും പല കമ്യൂണിസ്റ്റ് നേതാക്കളോടും അവര്‍ സ്നേഹാദരങ്ങള്‍ പുലര്‍ത്തി.  ഗുരുവായൂര്‍ സത്യഗ്രഹകാലം മുതല്‍ക്ക് എ കെ ജിയുമായി നിലനിന്നിരുന്ന  സ്നേഹബന്ധം   കേളപ്പന്‍ മരണം വരേയും നിലനിര്‍ത്തി. എ കെജി കേളപ്പനെ ’കേളപ്പേട്ടന്‍” എന്നും കേളപ്പന്‍ തിരിച്ച് “കുഞ്ഞനിയന്‍” എന്നും ആണ് വിളിച്ചിരുന്നത്. ഇതിനൊരു ഇളക്കം തട്ടിയത് തളിക്ഷേത്ര സമരകാലത്തായിരുന്നു. പ്രസ്തുത സമരത്തെ വിമര്‍ശിച്ചുകൊണ്ട് എ കെ ജി കേളപ്പെനെഴുതിയ തുറന്ന കത്ത് തുടങ്ങുന്നത് “ നിങ്ങളെ കേളപ്പേട്ടാ എന്ന് വിളിച്ചുപോന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ്. എന്നാല്‍ ആ കത്തിനുള്ള കേളപ്പന്‍റെ മറുപടി “പ്രിയപ്പെട്ട കുഞ്ഞനിയാ” എന്ന സംബോധനയോടെ ആയിരുന്നു.

അക്കിത്തത്തിന് ഇ എം എസിനോടുണ്ടായിരുന്ന  സ്നേഹാദരങ്ങള്‍ പല സംഭാഷണങ്ങളിലും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. “ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസ”ത്തിന് പ്രേരകമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഞാന്‍ പല തവണ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്തി അദ്ദേഹം സംസാരിച്ചിട്ടില്ല. “നിരുപാധികമായ സ്നേഹം ബലമായി വരും ക്രമാല്‍” എന്ന് തന്‍റെ ജീവിതംകൊണ്ട് അക്കിത്തം തെളിയിച്ചു.

മേല്‍പ്പത്തൂരിന് ഭക്തിയെക്കാള്‍ വിഭക്തിയും പൂന്താനത്തിന്  വിഭക്തിയെക്കാള്‍ ഭക്തിയും എന്നാണല്ലോ. അക്കിത്തത്തില്‍ ഭക്തിയും വിഭക്തിയും സമഞ്ജസമായി സമ്മേളിച്ചു എന്ന് ഞാന്‍ കരുതുന്നു. അക്കിത്തത്തിന്‍റെ ഭക്തിയെ വര്‍ഗീയതയായി കാണുന്നവരുണ്ടാകാം.  എന്നാല്‍ ഒരു ഈശ്വരവിശ്വാസി അല്ലാതിരുന്നിട്ടും  എനിക്ക് അക്കിത്തത്തിന്‍റെ ഭക്തി സമ്മതമാണ്.  നിത്യനിര്‍മലപൗര്‍ണമിയായി വഴിഞ്ഞൊഴുകുന്ന സ്നേഹമാണ് അദ്ദേഹത്തിന്‍റെ ഭക്തി. വിധിയില്‍ അദ്ദേഹം വിശ്വസിച്ചു; എന്നാല്‍ അതിനെ ഭയപ്പെട്ടില്ല.  തന്‍റെ അചഞ്ചലമായ വിശ്വാസത്തെക്കുറിച്ച്, പഴയ തലമുറയിലെ പ്രശസ്ത ഫുട്ബോളര്‍മാരായിരുന്ന തങ്കരാജിനേയും  ചുനി ഗോചാമിയേയും പ്രതീകവല്‍ക്കരിച്ചുകൊണ്ട് അദ്ദേഹം ഒരു കവിതയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

“വിധി ഗോളടിച്ചീടുന്നു
ചുനിഗോസാമിയെന്നപോല്‍
കാത്തുനില്‍ക്കുന്നെന്‍ വിശ്വാസംതങ്കരാജെന്നപോലവേ”

ഓര്‍മയിലെ അക്കിത്തം (സാഹിത്യം : എസ് സുന്ദര്‍ദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക