Image

കെ.പി.എ.സിയും അച്യുതമേനോനും (അച്യുതം-6: മാങ്ങാട് രത്‌നാകരൻ)

Published on 16 June, 2026
  കെ.പി.എ.സിയും അച്യുതമേനോനും (അച്യുതം-6: മാങ്ങാട് രത്‌നാകരൻ)

ദേശീയപ്രസ്ഥാനവുമായും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും ബന്ധപ്പെട്ട് സജീവമായ രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകിയപ്പോഴും സി.അച്യുതമേനോൻ കലാ-സാഹിത്യരംഗങ്ങളിലുള്ള താല്പര്യം കെടാതെ സൂക്ഷിച്ചിരുന്നു. സാഹിത്യരംഗത്ത് തകഴി ശിവശങ്കരപ്പിള്ള, പി.കേശവദേവ്, എസ്.കെ.പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി എന്നിവർ ലബ്ധപ്രതിഷ്ഠ നേടുകയും മലയാള കഥാസാഹിത്യത്തിലെ ദീപസ്തംഭങ്ങളായിത്തീരുകയും ചെയ്ത കാലഘട്ടത്തിൽ, ചെറുകഥകൾ എഴുതിക്കൊണ്ടായിരുന്നു അച്യുതമേനോന്റെ സാഹിത്യരംഗത്തേക്കുള്ള പ്രവേശനം. 'അടുക്കളക്കാരിയുടെ അഭിമാനം' എന്ന ചെറുകഥ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് വലിയൊരു അംഗീകാരമായിരുന്നു. തുടർന്നെഴുതിയ 'ബാലപ്രണയം' എന്ന കഥ മാതൃഭൂമിയിലും 'ജൂനിയർ വക്കീൽ' എന്ന കഥ മംഗളോദയത്തിലും പ്രസിദ്ധീകരിച്ചു. തകഴി, ദേവ് തുടങ്ങിയ എഴുത്തുകാരുടെ നിലവാരത്തിലേക്ക് തനിക്ക് ഉയരാൻ കഴിയുന്നില്ലെന്ന് സ്വയം വിലയിരുത്തിയ കഥാകൃത്ത് കഥയെഴുത്തിനോട് എന്നേയ്ക്കുമായി വിടപറയുകയായിരുന്നു.

അച്യുതമേനോന്റെ തുടർന്നുള്ള സാഹിത്യോദ്യമം നാടകത്തിലായിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഷേക്‌സ്പിയറുടെ സമ്പൂർണകൃതികൾ വായിച്ചാസ്വദിച്ച കാര്യം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ചില ബാഹ്യപ്രേരണകൾ കൂടി ഒത്തുചേർന്നപ്പോൾ അദ്ദേഹം സേവനത്തിന്റെ പേരിൽ എന്ന ഒരു നാടകമെഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1940-ൽ ഈ നാടകം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയുമുണ്ടായി. നിർഭാഗ്യവശാൽ അത് അരങ്ങിലെത്തുകയുണ്ടായില്ല. അതിനെത്തുടർന്ന് എഴുതിയ വിശപ്പിന്റെ വിളി എന്ന നാടകം, ഒരു സോദ്ദേശ്യ നാടകമായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിൽ നാട്ടിലുണ്ടായ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷ്യോല്പാദനം വർദ്ധിപ്പിക്കുക ദേശാഭിമാനപരമായ കടമയാണെന്ന ആശയം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചരിപ്പിച്ചിരുന്നു. ആ ആശയത്തിനു നാടകരൂപം നൽകുകയായിരുന്നു നാടകകൃത്ത്. ഈ നാടകം നിരവധി വേദികളിൽ അവതരിപ്പിക്കുകയും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ അവതാരികയോടെ ഈ നാടകം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. (അവലംബം: സി.അച്യുതമേനോൻ ജീവിതചിത്രങ്ങൾ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, സി.അച്യുതമേനോൻ ഫൗണ്ടേഷൻ, തിരുവനന്തപുരം, 2020).

കെ പി എ സി നാടക അവതരണം

സി.അച്യുതമേനോൻ കെ.പി.എ.സി. എന്ന കേരള പീപ്പിൾസ് ആർട്‌സ് ക്ലബ്ബുമായി അത്രകണ്ട് ഇഴുകിച്ചേർന്നു പ്രവർത്തിച്ച നേതാവല്ല. എന്നാൽ കേരളത്തിൽ (അവിഭക്ത) കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് രൂപം കൊണ്ട ഈ കലാ-നാടകസംഘടന, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്റെ വളർച്ചയുടെ പടവുകളിലും അച്യുതമേനോന്റെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.

കെ.പി.എ.സി. സ്വന്തം പ്രസ്ഥാനത്തിന്റെയും നാടകപ്രസ്ഥാനത്തിന്റെയും അവിഭാജ്യഘടകമാണെന്ന ബോധ്യത്തിൽ നിന്നാണ്, അച്യുതമേനോൻ 'കെ.പി.എ.സി യും മലയാളനാടകവേദിയും' എന്ന ലേഖനം എഴുതുന്നത്. (മറക്കാനാവാത്ത അനുഭവങ്ങൾ, സി.അച്യുതമേനോൻ, മാതൃഭൂമി ബുക്‌സ്, 2025) അതിനുള്ള പ്രചോദനം, അഥവാ പ്രകോപനം, പ്രശസ്ത നാടകകൃത്തും നാടകപണ്ഡിതനും സംവിധായകനുമായിരുന്ന പ്രൊഫ. ജി.ശങ്കരപ്പിള്ള മുന്നോട്ടുവച്ച (നാന, 1980 മാർച്ച് 30) അതിനിശിതമായ വിമർശനമാണ്. മലയാളനാടകവേദിക്ക് കെ.പി.എ.സി. യാതൊരു സംഭാവനയും നൽകിയിട്ടില്ലെന്നാണ് ജി.ശങ്കരപ്പിള്ള ആ അഭിമുഖത്തിൽ വിലയിരുത്തിയത്.

''നാടകസാഹിത്യത്തെക്കുറിച്ചും നാടകകലയെക്കുറിച്ചും നാടകത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും അഗാധമായ അറിവുനേടിയിട്ടുള്ള ഒരു വ്യക്തിയാണ് ജി.ശങ്കരപ്പിള്ള. എങ്കിലും അദ്ദേഹത്തിന്റെ നാടകസമീപനത്തിൽ എവിടെയോ എന്തോ ഒരു പിശകുണ്ടെന്നു തോന്നിപ്പോകുന്നു,'' എന്ന് പ്രതിപക്ഷ ബഹുമാനത്തോടെ, വിനീതനായി തന്റെ വാദങ്ങൾ അവതരിപ്പിക്കുകയാണ് അച്യുതമേനോൻ.

അച്യുതമേനോന്‍

കെ.പി.എ.സിക്ക് അനുകൂലമായ അച്യുതമേനോന്റെ വാദഗതികൾ ഇങ്ങനെ ക്രോഡീകരിക്കാം:

ഒന്ന്, 1952 മുതൽക്കുള്ള ഒരു ദശാബ്ദക്കാലം മലയാളനാടകവേദിയെ കെ.പി.എ.സി. അടക്കിഭരിച്ചു. പുതുതായി ഒന്നും സംഭാവന ചെയ്യാനില്ലാതെയിരുന്ന ഒരു നാടകസംഘത്തിന് ഇതെങ്ങനെ സാധിച്ചു?

രണ്ട്, കെ.പി.എ.സി. നാടകങ്ങൾ വിജയിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനശക്തി പ്രയോജനപ്പെട്ടിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കേണ്ട കാര്യമില്ല. എന്നാൽ നാടകം കാണാൻ തടിച്ചുകൂടിയ പ്രേക്ഷകരിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആയിരക്കണക്കിന് ആളുകളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് അങ്ങേയറ്റം വിരോധമുള്ളവരും ഉണ്ടായിരുന്നു. അവരെയെല്ലാം ആകർഷിച്ചതെന്താണ്? നാടകങ്ങളിലെ രാഷ്ട്രീയമല്ല, കലാപരമായ അംശം തന്നെയാണ്.

മൂന്ന്, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം പാർട്ടി പ്രചാരണമാണെന്ന് വേണമെങ്കിൽ സമ്മതിക്കാം. സർവ്വേക്കല്ലിലും മുടിയനായ പുത്രനിലും മറ്റും അത്തരത്തിലുള്ള പരാമർശങ്ങൾ വളരെ നേരിയ മട്ടിലേ ഉള്ളൂ. എന്നാൽ അശ്വമേധത്തിലോ തുലാഭാരത്തിലോ എന്തു പാർട്ടി പ്രചാരണമാണുള്ളത്? ഭൂതക്കണ്ണാടിവെച്ചു നോക്കിയാൽപ്പോലും പാർട്ടി രാഷ്ട്രീയം കാണുകയില്ലല്ലോ.

നാല്, ഒരു കവി അല്ലെങ്കിൽ നാടകകൃത്ത് ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും സജീവമായ സാമൂഹികപ്രശ്‌നവുമായി അയാളുടെ സാഹിത്യമോ നാടകമോ ബന്ധപ്പെട്ടുപോയാൽ അതെന്തോ വലിയ അപകടമോ പാപമോ ആണെന്നുപോലുമുള്ള ധ്വനി ശങ്കരപ്പിള്ളയുടെ വിമർശനത്തിലുണ്ട്.

പുനലൂര്‍ രാജന്‍

എന്നാൽ ശങ്കരപ്പിള്ളയുടെ ചില വാദങ്ങൾക്ക് അച്യുതമേനോൻ 'സംശയത്തിന്റെ ആനുകൂല്യം' നൽകുന്നുണ്ട്. അതിനു കാരണം തനിക്ക് ''ഈ വക വിഷയങ്ങളിൽ വലിയ പിടിപാടില്ലെന്നതുകൊണ്ടാണ്.'' അതേസമയം കെ.പി.എ.സി. ഒരു സ്ഥിരം നാടകസമിതി രൂപീകരിക്കുന്ന കാലത്ത് അവരുടെ ലക്ഷ്യം നാടകാവതരണത്തിൽ പരീക്ഷണങ്ങൾ നടത്തുകയായിരുന്നില്ലെന്നും ജീവിതഗന്ധിയായ നാടകങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നുവെന്നും അച്യുതമേനോൻ എഴുതുന്നു.

അച്യുതമേനോൻ വളരെ പ്രസക്തമായ ഒരു വിലയിരുത്തൽ നടത്തുന്നു: ''വളർന്നുകൊണ്ടിരിക്കുന്ന ഒരു കലാവേദിയായി കെ.പി.എ.സി. വർത്തിക്കേണ്ടിയിരുന്നെങ്കിൽ അവതരണവും സംവിധാനവുമെല്ലാം അനുഷണം പരിഷ്‌കരിച്ചുകൊണ്ടിരിക്കുവാൻ അവർ ശ്രദ്ധിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇതൊക്കെയാണ് കെ.പി.എ.സിക്ക് വേണ്ടത്ര വളർച്ചയുണ്ടാകാതിരിക്കാൻ കാരണമെന്ന് എനിക്ക് തോന്നുന്നു.''

കെ.പി.എ.സിയുടെ ഒരു നാടകാവതരണത്തിനു മുന്നോടിയായുള്ള അവതരണഗാനവേളയിൽ അച്യുതമേനോനും ഭാര്യ അമ്മിണിയമ്മയും അതിഥിയായി എത്തിയ മുഹൂർത്തമാണ് പുനലൂർ രാജൻ സാക്ഷാത്കരിച്ചത്. കെ.പി.എ.സി. നാടകസംഘത്തിൽ, ആ കലാസംഘടനയുടെ പേരുതന്നെ സ്വന്തം പേരിനുമുന്നിൽ ചാർത്തിയ കെ.പി.എ.സി. ലളിതയെയും കാണാം.

ഫോട്ടോ: പുനലൂർ രാജൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക