
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2018-ല്‍ റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പില്‍ മൊറോക്കോയുടെ കളി കാണാന്‍ 10 വയസ്സുകാരനായ ഒരു കൊച്ച് ആരാധകന്‍ തിളങ്ങുന്ന കണ്ണുകളോടെ ഗാലറിയിലുണ്ടായിരുന്നു. ഇന്നലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ ബ്രസീലും മൊറോക്കോയും തമ്മിലുള്ള 'വ്യത്യാസ'ത്തിന്റെ പേര് അന്നത്തെ ആ ബാലന്റേതായിരുന്നു. ബ്രസീലിന്റെ ഇടിവെട്ട് മധ്യനിരയെ അവന്‍ കശക്കിയെറിഞ്ഞു. കാനറികളുടെ ബൂട്ടില്‍നിന്ന് ഈ ചുവപ്പ് ജേഴ്‌സിക്കാരന്‍ പലവട്ടമാണ് പന്ത് തട്ടിയെടുത്തത്. ആ ആറാം നമ്പറുകാരന്‍ ഇന്ന്, വെറും 18-ാം വയസ്സില്‍ ബ്രസീലിനെതിരെയുള്ള മത്സരത്തില്‍ മധ്യനിരയെ സമര്‍ത്ഥമായി നയിച്ചുകൊണ്ട് മൊറോക്കന്‍ ദേശീയ ടീമിനായി തന്റെ ലോകകപ്പ് അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുന്നു. വമ്പന്‍ ക്ലബ്ബുകള്‍ റാഞ്ചാന്‍ ഉന്നം വച്ചിരിക്കുന്ന ആ ആത്ഭുത കൗമാരത്തിന്റെ പേര് അയൂബ് ബൗദി.
ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ ലില്ലെയ്ക്കു വേണ്ടി കളിക്കുന്ന ഈ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിലാണ് ജനിച്ചതെങ്കിലും, അടുത്തിടെയാണ് മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചത്. കാസെമിറോ, ബ്രൂണോ ഗ്വിമാരസ്, ലൂക്കാസ് പാക്വെറ്റ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ അണിനിരന്ന ബ്രസീലിയന്‍ മധ്യനിരയ്‌ക്കെതിരെ അസാമാന്യമായ ആത്മവിശ്വാസത്തോടെയാണ് ഈ പയ്യന്‍ പന്തുതട്ടിയത്. ലോകകപ്പ് പോലൊരു വമ്പന്‍ വേദിയില്‍ പ്രായത്തെ വെല്ലുന്ന പക്വതയോടെ കളിച്ച അയൂബ് ബൗദി, 91 ശതമാനം പാസിംഗ് കൃത്യത പുലര്‍ത്തുകയും 13 ഗ്രൗണ്ട് ഡ്യുവലുകളില്‍ 9 എണ്ണത്തിലും വിജയം നേടുകയും ചെയ്ത് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
അഞ്ച് തവണ വേള്‍ഡ് കപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെതിരെയുള്ള 1-1 സമനില പോരാട്ടത്തില്‍, 'അറ്റ്‌ലസ് ലയണ്‍സ്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന മൊറോക്കോ ദേശീയ ടീമിന്റെ കുതിപ്പിന് അടിവരയിടുന്നതായിരുന്നു ഈ പ്രകടനം. തനിക്ക് ലഭിച്ച അവസരം വെറുതെ ആസ്വദിക്കുക മാത്രമല്ല ബൗദി ചെയ്തത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ വമ്പന്‍ താരങ്ങള്‍ക്കെതിരെ അസാമാന്യമായ ആത്മവിശ്വാസത്തോടെ കളിച്ച അദ്ദേഹം, മത്സരത്തിന്റെ വേഗത നിയന്ത്രിക്കുകയും ബ്രസീലിന്റെ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. മത്സരത്തില്‍ ബൗദി ചെയ്ത 66 പാസുകളില്‍ 60 എണ്ണവും കൃത്യമായിരുന്നു. മാത്രമല്ല, എതിര്‍ബോക്സിന് മുന്നില്‍ അദ്ദേഹം നല്‍കിയ 16 പാസുകളും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രതിരോധത്തിലും താരം ഒട്ടും പിന്നിലായിരുന്നില്ല. ആറ് ബോള്‍ റിക്കവറികളും അഞ്ച് ഇന്റര്‍സെപ്ഷനുകളും ഒന്‍പത് ഡ്യുവല്‍ വിജയങ്ങളും ബദി തന്റെ പേരില്‍ കുറിച്ചു.
പരിചയസമ്പന്നരായ കളിക്കാര്‍ നിറഞ്ഞ ടീമിലേക്ക് ഈ കൗമാര താരത്തെ കൊണ്ടുവരാനും ബ്രസീലിനെതിരെ ആദ്യ ഇലവനില്‍ തന്നെ കളിപ്പിക്കാനും കോച്ച് മുഹമ്മദ് ഔഹാബി എടുത്ത ധീരമായ തീരുമാനം പാഴായില്ല. മത്സരശേഷം തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ, ''അദ്ദേഹം എത്രത്തോളം മികച്ച കളിക്കാരനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് മൊറോക്കോയ്ക്കായി കളിക്കാന്‍ അദ്ദേഹത്തെ സമ്മതിപ്പിക്കുന്നതിനായി ഞങ്ങള്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയത്...'' ഫ്രാന്‍സിന്റെ അണ്ടര്‍-21 ടീമിന്റെ ക്യാപ്റ്റനായി ഈ കഴിഞ്ഞ മാര്‍ച്ച് വരെ കളിച്ചിരുന്ന ബൗദി, ഏറെ ആലോചനകള്‍ക്ക് ശേഷമാണ് മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചത്.
2024 ഒക്ടോബര്‍ 2-ന്, തന്റെ 17-ാം ജന്മദിനത്തില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലില്ലെ ക്ലബ്ബിനായി 90 മിനിറ്റും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഫുട്‌ബോള്‍ ലോകം ബൗദിയെ ശ്രദ്ധിച്ചുതുടങ്ങുന്നത്. അന്ന് റയലിനെ 1-0 ന് തോല്‍പ്പിച്ച ശേഷം സഹതാരങ്ങള്‍ ബൗദിയെ തോളിലേറ്റിയാണ് മൈതാനം വിട്ടത്. അന്ന് ടീമിന്റെ കോച്ചായിരുന്ന ബ്രൂണോ ജെനസിയോ പ്രവചിച്ചത്, ''അവന്‍ വളരെ ബുദ്ധിമാനായ ഒരു കളിക്കാരനാണ്...ഈ തലത്തില്‍ കളിക്കാനുള്ള എല്ലാ കഴിവുമുണ്ട്...'' എന്നാണ്.
കളിക്കളത്തിന് പുറത്തും ബൗദി ഒരു വലിയ മിടുക്കനാണ്. തന്റെ 16-ാം വയസ്സില്‍, നിശ്ചയിച്ചതിലും ഒരു വര്‍ഷം മുമ്പ് തന്നെ സയന്‍സ് ബാക്കലറിയേറ്റില്‍ ഉയര്‍ന്ന മാര്‍ക്കോടെ അദ്ദേഹം വിജയിച്ചു. കൂടാതെ, ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിന്റെ സാന്നിധ്യത്തില്‍ എലീസി കൊട്ടാരത്തില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ''രീതിയേക്കാള്‍ മികച്ചതാണോ ഫലം..?'' എന്ന വിഷയത്തില്‍ സംസാരിച്ച് ഒന്നാം സ്ഥാനവും നേടിയിരുന്നു.
ബ്രസീലിനെതിരെയുള്ള കളിയിലൂടെ, താന്‍ എന്തിനാണ് ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി മാറിയതെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ബൗദിയെ ടീമിലെത്തിക്കാന്‍ ആഴ്‌സണല്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വേനല്‍ക്കാലത്ത് കോച്ച് മിക്കല്‍ അര്‍റ്റെറ്റയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബൗദിയാണ്. എന്നാല്‍ ലില്ലെ ക്ലബ്ബ് താരത്തെ വിട്ടുകൊടുക്കാന്‍ ധൃതി കൂട്ടുന്നില്ല. അദ്ദേഹത്തിന് ഏകദേശം 70 മില്യണ്‍ യൂറോയാണ് അവര്‍ വിലയിട്ടിരിക്കുന്നത്. ആഴ്‌സണലിന് പുറമെ പാരീസ് സെന്റ് ജെര്‍മെയ്ന്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളും ബൗദിക്കായി വലവിരിച്ചിട്ടുണ്ട്.
തന്നോടുള്ള ക്ലബ്ബുകളുടെ താല്പര്യത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ പൂര്‍ണ്ണ ശ്രദ്ധ ലോകകപ്പിലാണെന്നും ബൗദി പറയുന്നു. ഗ്രൂപ്പ് സി-യില്‍ മൊറോക്കോയുടെ അടുത്ത മത്സരം വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ്. തന്റെ അരങ്ങേറ്റ മത്സരം നല്‍കുന്ന സൂചനകള്‍ ശരിയാണെങ്കില്‍, ഫുട്‌ബോള്‍ ലോകം വരുംദിവസങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ഈ യുവതാരത്തിന്റെ അവിസ്മരണീയമായ ഫുട്‌ബോള്‍ ചരിത്രത്തിന്റെ സുവര്‍ണ അധ്യായങ്ങള്‍ക്കായിരിക്കും.