
പലവട്ടം മടുപ്പിച്ച
പടം കാണാൻ വിധിപ്പെട്ടു
ജനലഴിക്കുള്ളിൽ ജയിൽ
തടങ്കലിലായ രാത്രി!
പകുത്തെടുത്തതിൻ പാതി
പാലിൻഗ്ലാസു നീട്ടി മാരൻ...
കുടിക്കാതെയവൾ വാങ്ങി-
യൊതുക്കത്തിൽ മാറ്റിവയ്ക്കെ!
പുതിയ കുത്തരിച്ചോറിൽ
കരിം കല്ലുകടിച്ചതിൻ
പരുവക്കേടകത്താകെ
നിറഞ്ഞൂ മണാളനപ്പോൾ!
പതിവില്ലാ വിധമെന്തേ
പെരുമാറ്റം?
നാട്ടു നടപ്പറിയില്ലേ വളർന്നിട്ടും
പുരമുറ്റി നിറഞ്ഞിട്ടും!
പറഞ്ഞവൾ, നാട്ടിലുള്ള
നടപ്പെല്ലാം നടപ്പാക്കാ-
നുടമ്പടിയെടുപ്പല്ല
പരിണയമെനിക്കോർക്ക!
ഉച്ചിഷ്‌ടമെനിക്കിഷ്ട-
മല്ല പണ്ടു മുതൽക്കാരും
ഭക്ഷിച്ച ബാക്കി ശീല-
മില്ലിനിയും മാറ്റമില്ല!
വർത്തമാനമിതിൽ രാത്രി തൻ
മടുപ്പങ്ങിറങ്ങിപ്പോയ്
നിത്യ രംഗം, പതിവ് കാഴ്ചക-
ളൊക്കെ മാറി മറിയുന്നൂ!
ആദ്യരാവിൽ, രംഗമത്ര വഷളാക്കേണ്ടെന്ന മട്ടിൽ,
ചോദ്യമൊന്നു മാറ്റിയേവം
നവവരൻ തൊടുക്കുന്നൂ...
ശീലമൊന്നും മാറ്റിടേണ്ട
മറ്റൊരു വാക്കെനിക്കേകാൻ
ലോലചിത്തം നിനക്കുണ്ടെ
ന്നാകിലോഞാൻ പൂർണ തൃപ്തൻ!
നോക്കിടേണം പൊന്നുപോലെ-
ന്നച്ഛനമ്മമാരെ സ്വന്തം
ഡ്യൂട്ടിയാണതെന്ന തോന്നൽ
നിനക്കിപ്പോൾ മുതൽ വേണം
വിട്ടുവീഴ്ചയില്ലയിക്കാ-
ര്യത്തിലൊട്ടുമത്രമാത്രം
ചിട്ടയായിട്ടടുത്ത നാൾ
മുതൽക്കതു തുടങ്ങേണം
പഴുതില്ലാ നിബന്ധന
ക്കുരുക്കിനെ മറുചോദ്യ
ക്കൊടുംമന്ത്രക്കരുത്താലേ
യറുക്കുന്നൂ വധു,വേഗം
എന്നെയും പെറ്റുയിർ പോറ്റി -
പ്പഠിപ്പിച്ചു പുലർത്തിയ
രണ്ടുപേരുണ്ടങ്ങു നാട്ടി-
ലവരെയാർ നോക്കിടുന്നൂ...?
ക്ഷമകെട്ടങ്ങിതിഹാസ
കഥാനായകൻ വിറയ്ക്കേ,
ക്ഷണം,സെൽഫോ-
ണെടുത്തവൾ 'യൂബറൊ'ന്നു
വിളിക്കുന്നു...
തുറക്കും വാതിലിലൂടെ
ജയിൽ ശിക്ഷ മതിയാക്കി-
പ്പുറത്തേക്ക് കുതിക്കെ
നിലാവവൾക്കൊപ്പം തിരിക്കുന്നൂ..
നടപ്പിൽ, തൻ കറുപ്പിന്റെ
മിഴിച്ചെപ്പൊന്നടച്ചൂർന്ന
വിളക്കൊന്നാക്കരം തന്നിൽ
പിടിപ്പിച്ചു പിരിയുന്നൂ!
****
**മാറ്റം [ ലാറ്റിൻ പദം ]