Image

കളിക്കളത്തിലും പുറത്തും മാതൃകകാട്ടി ജപ്പാൻ (സനിൽ പി.തോമസ്)

Published on 15 June, 2026
കളിക്കളത്തിലും പുറത്തും മാതൃകകാട്ടി ജപ്പാൻ (സനിൽ പി.തോമസ്)

ചൈനയിലെ ഹാങ് ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ സംഘാടകർ ഗ്രീൻ പാസ്പോർട്ട് വിതരണം ചെയ്തിരുന്നു. ഉപയോഗിച്ച പ്ളാസ്റ്റിക് വസ്തുക്കൾ കൗണ്ടറുകളിൽ കൊടുക്കുമ്പോൾ ഗ്രീൻ പാസ്പോർട്ടിൽ പോയിൻ്റ് ലഭിക്കും. ഒടുവിൽ പാസ്പോർട്ട് മടക്കി വാങ്ങി പോയിൻ്റ് കണക്കാക്കി സമ്മാനങ്ങൾ നൽകി.
ഫിഫ ലോക കപ്പ് 2026 ൽ ഗ്രീൻ പാസ്പോർട്ട് ഉണ്ടെങ്കിൽ സമ്മാനം ജപ്പാൻകാർ തൂത്തുവാരും.
ഇന്നു പുലർച്ചെ ഡാലസിൽ നടന്ന ജപ്പാൻ - നെതർലൻഡ്സ് മത്സരം മാതൃകയായി.

ജപ്പാൻ കാണികൾ  പതിവുപോലെ തങ്ങളുടെ മത്സരശേഷം സ്‌റ്റേഡിയത്തിലെ തങ്ങളുടെ ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിൽ തങ്ങൾ ഉപയോഗിച്ച ഭാഗങ്ങളും വൃത്തിയാക്കി.ശേഖരിച്ച വസ്തുക്കൾ  പ്ളാസ്റ്റ്  ബാഗുകളിൽ ആക്കി അവർ സ്റ്റേഡിയത്തിനു പുറത്തെത്തിച്ചു.
ജപ്പാൻ ടീമംഗങ്ങൾ ആകട്ടെ  ഡ്രസിങ് റൂം വൃത്തിയാക്കിയാണ് മടങ്ങിയത്.

കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് (2-2) ഏഷ്യൻ ഫുട്ബോളിൻ്റെ കരുത്ത് അറിയിച്ച ജപ്പാൻ കാണികളുടെ മാത്രമല്ല, ഫുട്ബോൾ ലോകത്തിൻ്റെയാകെ കൈയ്യടി വാങ്ങിയിരിക്കുകയാണ്.
ഇന്ത്യ സ്വച്ച് ഭാരത്  മിഷൻ നടപ്പിലാക്കിയത്  ജപ്പാനിലെ ശുചിത്വ മാതൃക പിൻതുടർന്നാണ് എന്നാണ് അറിയുന്നത്.
പക്ഷേ,   ജപ്പാൻകാർക്ക് ശുചിത്വം  അവരുടെ ജീവിതത്തിൻ്റെ ഭാഗമാണ്.

.ജപ്പാനിലെ ബുദ്ധ-ഷിന്റോ മതവിശ്വാസങ്ങൾ ശുചിത്വത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ശരീരത്തിലെയും പരിസരത്തെയും മാലിന്യം  ഒഴിവാക്കി ജീവിക്കുന്നത്  അവരുടെ ആത്മീയ ജീവിതത്തിൻ്റെ ഭാഗമാണത്രെ.
ഹിരോഷിമ ഏഷ്യൻ ഗെയിംസ് വേളയിൽ ഹോക്കി സ്റ്റേഡിയത്തിൽ, പുകവലിക്കുന്നവർക്ക് ഉപയോഗിച്ച സിഗററ്റിൻ്റെ ബഡ് ഇടാൻ ചെറിയ ബാഗുകൾ വിതരണം ചെയ്തത് ഓർക്കുന്നു.

ഇന്ത്യ ആദ്യം ദേശീയ ഫുട്ബോൾ ലീഗ് തുടങ്ങിയത് ജപ്പാനിലെ ജെ ലീഗിൻ്റെ മാതൃകയിലാണല്ലോ. ദേശീയ ലീഗിൽ നിന്ന് ഐ ലീഗിലേക്കും ഇന്ത്യൻ സൂപ്പർ ലീഗിലേക്കും എത്തിയിട്ടും ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 139. ജപ്പാൻ 18. എട്ടാം റാങ്കുകാരായ നെതർലൻഡ്സിനെയാണ് വിറപ്പിച്ചു വിട്ടത്.ഇത് ഏട്ടാം തവണയാണ് ജപ്പാൻ ലോക കപ്പിൽ പങ്കെടുക്കുന്നത്. പ്രീ ക്വാർട്ടർവരെ അവർ എത്തിയിട്ടുണ്ട്. ഏഷ്യൻ മേഖല ഇക്കുറി ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ടീമുകളിലൊന്നാണ് ജപ്പാൻ.

ജർമനിയോട് ഒന്നിനെതിരെ ഏഴു ഗോളിന് പരാജയപ്പെട്ടെങ്കിലും കുറസാവോ എന്ന കുഞ്ഞൻ രാജ്യവും ഫുട്ബോൾ പ്രേമികളുടെ മനം കവർന്നു. വിടവാങ്ങൽ പ്രഖ്യാപിച്ചിട്ടും ജർമനി മടക്കി വിളിച്ച് ഗോൾ വല കാക്കാൻ നിർത്തിയ മാനുവൽ ന്യൂയ റെ പരാജയപ്പെടുത്തി ഒരിക്കലെങ്കിലും ലക്ഷ്യം കാണാൻ കുറസാവോയ്ക്കു കഴിഞ്ഞു. കളിയുടെ ഇരുപത്തൊന്നാം മിനിറ്റിൽ കൊമനൻസിയ നേടിയ ഗോൾ കുറസോവയുടെ ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക