Image

ഇത്രയും ദിവസം ഞാനിത് മറച്ചുവെച്ചു, പക്ഷേ, ഇപ്പോള്‍ എനിക്ക് ട്രീറ്റ്‌മെന്റ് എടുക്കണം: സബ്സ്‌ക്രിപ്ഷനാണ് വരുമാനമാർഗം, ചീത്ത കേട്ടിട്ടും മുന്നോട്ട് പോയത് അതുകൊണ്ടാണ്: രേണു സുധി

Published on 15 June, 2026
ഇത്രയും ദിവസം ഞാനിത് മറച്ചുവെച്ചു, പക്ഷേ, ഇപ്പോള്‍  എനിക്ക് ട്രീറ്റ്‌മെന്റ് എടുക്കണം: സബ്സ്‌ക്രിപ്ഷനാണ് വരുമാനമാർഗം, ചീത്ത കേട്ടിട്ടും മുന്നോട്ട് പോയത് അതുകൊണ്ടാണ്: രേണു സുധി

ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന രീതിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച തന്റെ രോഗവിവരം സ്ഥിരീകരിച്ച് രേണു തന്നെ രംഗത്തെത്തി.

"എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരില്‍ നിന്ന് ഞാനിത് മറച്ചുവെച്ചു. പക്ഷേ, ഇപ്പോള്‍ ഇത് പറയാന്‍ സമയമായി എന്ന് തോന്നുന്നു. പല തെറ്റിദ്ധാരണകളും ആളുകള്‍ക്കുണ്ട്. ഇത് ദുബായില്‍ വെച്ചാണ് സ്ഥിരീകരിച്ചതെന്ന് പലരും കരുതുന്നു, എന്നാല്‍ അങ്ങനെയല്ല. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്," എന്നാണ് രേണു വെളിപ്പെടുത്തിയത്.

എല്ലാവരും വിമർശിച്ചിട്ടും സബ്സ്ക്രിപ്ഷൻ വീഡിയോകളുമായി മുന്നോട്ട് പോയത് ട്രീറ്റ്മെന്റിന് പണം കണ്ടെത്താൻ വേണ്ടിയാണെന്നും രേണു പറഞ്ഞു. “അസുഖം അറിഞ്ഞപ്പോൾ ദൈവമെ എനിക്ക് ഇത് വരുത്തിയല്ലോ എന്നാണ് ആദ്യം തോന്നിയത്. അസുഖം വരാൻ പോവുകയാണെങ്കിൽ അതിന് മുന്നോടിയായി മനസിൽ പല ചിന്തവരുമെന്നത് സത്യമാണ്. എന്തോ വരാൻ പോകുന്നുവെന്ന് മനസിൽ തോന്നിയിരുന്നു. പിന്നെ എല്ലാം വിധിയാണ്. ദൈവത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. മുപ്പത്തിരണ്ടാമത്തെ വയസിൽ വിധവയാകണം, മുപ്പത്തിനാലാമത്തെ വയസിൽ കാൻസർ സ്ഥിരീകരിക്കണമെന്നും, പതിനഞ്ചാം വയസിൽ ശരീരത്തിൽ മുഴ വരണമെന്നതും എല്ലാം വിധിയാണ്. ഞാൻ വലിയ ദൈവവിശ്വാസിയാണ്.”

"ദൈവം അറിയാതെ തലയിലെ ഒരു മുടി പോലും കൊഴിയുകയില്ല എന്ന വിശ്വാസമുണ്ട്. ഡോക്ടർമാരെ വിശ്വസിക്കുന്നു. അവർ എനിക്ക് ദൈവതുല്യരാണ്. മരിക്കുന്നിടം വരെ ജീവിക്കണം. അതുകൊണ്ടാണ് അസുഖം അറിഞ്ഞിട്ടും മുന്നോട്ട് പോയത്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ട്രീറ്റ്മെന്റ് തുടങ്ങാൻ പോവുകയാണ്. ജീവിച്ച് തുടങ്ങിയതേയുള്ളു. ഇതൊരു വലിയ രോഗം തന്നെയാണ്. കുറ്റപ്പെടുത്തുന്നവരോടും വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. ശത്രുക്കളോട് പോലും ദേഷ്യമില്ല. അസുഖം എങ്ങനെ എങ്കിലും കുറയണമെന്ന ആഗ്രഹവും പ്രാർത്ഥനയും മാത്രമെയുള്ളു. ചേച്ചിയും കരിഷ്മയുമാണ് എല്ലാത്തിനേയും അതിജീവിക്കാൻ എനിക്ക് ധൈര്യം പകരുന്നത്. അസുഖം മറച്ച് വെച്ചതിന് വീട്ടുകാർ ദേഷ്യപ്പെട്ടില്ല. ജീവിക്കണം എന്ന ആഗ്രഹം മാത്രമേയുള്ളൂ," രേണു കൂട്ടിച്ചേർത്തു. 

"സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചതിന്റെ പേരിൽ എല്ലാവരും വിമർശിച്ചിട്ടും ചീത്ത പറഞ്ഞിട്ടും ഞാൻ മുന്നോട്ട് പോയത് എനിക്ക് ആവശ്യങ്ങൾ ഉള്ളതുകൊണ്ടാണ്. അസുഖം അറിഞ്ഞശേഷം തന്നെയാണ് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചതും വീഡിയോകൾ തുടരെ തുടരെ ചെയ്തതും. ട്രീറ്റ്‌മെന്റ് ചെയ്യേണ്ടി വരുമല്ലോ. വീട്ടുകാർ അറിഞ്ഞ് കഴിയുമ്പോൾ അവർ എന്നെ ചികിത്സിക്കാൻ കൊണ്ടുപോകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിന് ആരും പണം തന്ന് സഹായിക്കാനില്ല. ആരും ഒന്നും കൊണ്ടുവന്ന് തരാനുമില്ല. സബ്‌സ്ക്രി‌പ്ഷൻ എൻ്റെ വരുമാനമാർഗമാണ്. യൂട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നത് അതുകൊണ്ടാണ്. ആൽബങ്ങളിൽ അടക്കം അസുഖം തിരിച്ചറിഞ്ഞിട്ടും അഭിനയിച്ചതും അതുകൊണ്ടാണ്. എനിക്ക് ട്രീറ്റ്മെന്റ് ചെയ്യണം. എല്ലാം ദൈവത്തിന്റെ കയ്യിലാണ്," രേണുവിന്റെ വാക്കുകളിങ്ങനെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക